2014 ജനുവരി 7 മുതല്‍ 11 വരെ കാക്കനാട്ട് സഭാകേന്ദ്രത്തില്‍ നടന്ന സീറോമലബാര്‍ മെത്രാന്മാരുടെ സിനഡ്
ആസ്‌ട്രേലിയായില്‍ ഒരു സീറോമലബാര്‍ രൂപതയും മെത്രാനെയും പ്രഖ്യാപിച്ചുകൊണ്ടാണ്
അവസാനിച്ചത്. ആസ്‌ട്രേലിയായില്‍ ക്‌നാനായസമുദായത്തിനുവേണ്ടി ഒരു മിഷന്‍
സ്ഥാപിച്ചിട്ട് എട്ടുമാസം കഴിഞ്ഞു. അവിടെ സീറോമലബാര്‍ രൂപത വന്നുകഴിഞ്ഞാല്‍
അമേരിക്കയിലെപോലെയുള്ള പ്രശ്‌നങ്ങള്‍ ക്‌നാനായക്കാര്‍ ആസ്‌ട്രേലിയായിലും
നേരിടേണ്ടിവരികയാണ്.
അന്‍പതിലധികം പള്ളികളിലായി മലബാറില്‍ പാര്‍ക്കുന്ന
ക്‌നാനായ ജനതക്ക് ഒരു രൂപത അനുവദിക്കണമെന്ന അപേക്ഷകൊടുത്തിട്ട് മുപ്പതുവര്‍ഷം
കഴിഞ്ഞു. 2005-ല്‍ അതിരൂപതയാക്കുവാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ
നിര്‍ദേശം വന്നതോടെ സീറോമലബാര്‍ സിനഡ് ചേര്‍ന്ന് സാമന്തരൂപത ഇല്ലാതെയാണ് കോട്ടയം
രൂപത അതിരൂപതയാക്കിയത്. സാമന്തരൂപതയില്ലാത്ത അതിരൂപത സഭയില്‍ കോട്ടയം
അതിരൂപതമാത്രമാണ്. ഇത് സിനഡിന്റെ ഗൂഢാലോചനയുടെ ഫലമായിരുന്നു. സിനഡില്‍ ഭൂരിപക്ഷം
ഉണ്ടായാലേ ക്‌നാനായക്കാരുടെ കാര്യം പരിഗണിക്കാനാകൂ എന്നാണ് സഭാതലവന്മാര്‍
എക്കാലവും പറഞ്ഞുകൊണ്ടിരിക്കുന്നത് ഇത് ഒരിക്കലും ഉണ്ടാവില്ലെന്ന് അവര്‍ക്കറിയുകയും
ചെയ്യാം. ഈ അനീതി യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷ പീഠനമാണ്.
നമ്മുടെ അല്പത്വത്തെ സംരക്ഷിക്കുന്ന കിളികൂടായി
ആഗോളസഭയുടെ മടിത്തട്ടിനെ നാം ചുരുക്കരുതെന്നാണ് ഫ്രാന്‍സീസ് പാപ്പാ
പറഞ്ഞിരിക്കുന്നത്.
ആകാരത്തിലും സൗന്ദര്യത്തിലും ഒത്തിണങ്ങിയ ഒരു ഗോത്ര
പിതാവിനെയാണ് ക്‌നാനായസമുദായത്തിന് ലഭിച്ചത്. പക്ഷെ അദ്ദേഹത്തിന് ഗോത്രവികാരമോ
വംശീയസ്‌നേഹമോ സഹോദര കാഴ്ചപ്പാടോ ഒന്നും തന്നെയില്ല. മാര്‍ മാക്കീലിന്റെ
ദെക്രേത്തു പുസ്തകവും അതോടു ബന്ധപ്പെട്ട ചരിത്രരേഖകളും പഠിച്ച് ഡോക്‌ട്രേറ്റ്
നേടിയ വ്യക്തിയാണ് മാര്‍ മൂലക്കാട്ട്. തന്റെ മെത്രാന്‍ സ്ഥാനത്തിന് അത് ഒരു
കാരണമാകുകയും ചെയ്തു. എന്നിട്ടും മാക്കീല്‍ പിതാവിന്റെ സമുദായസ്‌നേഹം
ഇദ്ദേഹത്തിന്റെ അടുത്തുകൂടെപോലും പോയിട്ടില്ല. സീറോമലബാര്‍ ഹയരാര്‍ക്കിയിലെ ഒരു
പ്രധാനിയും തലവന്റെ അടുത്ത ആളും ഒക്കെയാണദ്ദേഹം. ഒരുപക്ഷെ സ്വന്തം സമുദായവിരുദ്ധ
നിലപാടുകൊണ്ടാകാം അധികം സ്ഥാനമാനങ്ങള്‍ ലഭിച്ചതെന്നും ഞങ്ങള്‍ വിചാരിക്കുന്നു.
അദ്ദേഹം മെത്രാനായിവന്നശേഷം ക്‌നാനായ സമുദായത്തിന് ദോഷമല്ലാതെ ഗുണമൊന്നും ഇതുവരെ
ലഭിച്ചിട്ടില്ല.
കോട്ടയം അതിരൂപത ഒരു സ്വയാധികാര സഭയാകുവാനുള്ള
എല്ലാ യോഗ്യതകളും ഉണ്ടെന്ന് ക്‌നാനായ സമുദായത്തെ സ്‌നേഹിക്കുന്ന വടക്കുംഭാഗര്‍
പറഞ്ഞിട്ടുണ്ട്. കാഞ്ഞിരപള്ളി രൂപതക്കാരനായ ഫാ: വാണിയപ്പുരയ്ക്കല്‍ ഈ വിഷയത്തില്‍
ഡോക്‌ട്രേറ്റ് എടുത്ത ആളാണ് എന്നിട്ടും ആ വഴി ഒരു നീക്കവും മാര്‍ മൂലക്കാട്ട്
നടത്തുന്നില്ല.
ആദിയില്‍ ദൈവം അരുളിചെയ്തു; ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്റെ ജനവുമാണെന്ന്, ആയിരക്കണക്കിനു വര്‍ഷത്തിനുശേഷം മാര്‍ മൂലക്കാട്ട് സ്വന്തം ജനത്തോടു പറയുന്നു;
ഞാന്‍ നിങ്ങളുടെ മെത്രാനല്ല നിങ്ങള്‍ എന്റെ ജനവുമല്ല എന്ന്.
അമേരിക്കയിലെ ക്‌നാനായര്‍ അദ്ദേഹത്തിന്റെ അധികാരപരിധിക്കപുറത്താണെന്നതാണു കാരണമായി
പറയുന്നത്. പട്ടാളത്തില്‍ പോയിരിക്കുന്ന മകനോടു അപ്പന്‍ പറയുകയാണെന്നു കരുതുക,
എന്റെ അധികാരപരിധിക്കു പുറത്തായതിനാല്‍ നീ എന്റെ മകനല്ല
ഞാന്‍ നിന്റെയപ്പനും അല്ല എന്ന്, അതുപോലെയാണ്
മൂലക്കാട്ടു മെത്രാന്‍ അമേരിക്കയിലെ ക്‌നാനായക്കാരോട് പറഞ്ഞിരിക്കുന്നത്.
അമേരിക്കയില്‍ ക്‌നാനായ മിഷന്‍ ഉണ്ടാക്കിയതും
പരിപാലിച്ചതുമൊക്കെ മൂലക്കാട്ടു പിതാവിന്റെ മുന്‍ഗാമികള്‍ തന്നെയാണെന്ന് അദ്ദേഹം
മറന്നുപോയിരിക്കുന്നു. ക്‌നാനായമിഷന്റെ ചുവടുപിടിച്ചാണ് സീറോമലബാര്‍ രൂപത അമേരിക്കയില്‍
ഉണ്ടായത്. പിതാവ് സഭാചട്ടങ്ങള്‍ അനുസരിച്ചായിരിക്കാം മുന്‍ പ്രഖ്യാപനം
നടത്തിയിരിക്കുന്നത്. ശരിതന്നെ, ക്‌നാനായക്കാരുടെ
പ്രശ്‌നങ്ങള്‍ ചര്‍ച്ചക്കെടുക്കുമ്പോള്‍ മാത്രമാണീ ചട്ടങ്ങളും നിയമങ്ങളും ഉയര്‍ന്നുവരുന്നത്.
ആരാധനക്രമവിഷയത്തില്‍ മെത്രാന്മാര്‍ ചേരിതിരിഞ്ഞ് എന്തെല്ലാം പുകിലുകളാണ്
ഉണ്ടാക്കിയത്. ആര്‍ച്ചുബിഷപ്പ് കാട്ടുമനയെ കാട്ടുകള്ളനെന്നൊക്കെ വിളിച്ച് വൈദികര്‍
ലഘുലേഖകള്‍ പുറത്തിറക്കുകവരെ ഉണ്ടായി. ഇതിലൊന്നും ബന്ധപ്പെട്ടവര്‍ ചട്ടലംഘനം
കാണുന്നില്ല. വടക്കുംഭാഗരെയും തെക്കുംഭാഗരെയും ഒന്നിച്ചു ഭരിക്കുവാന്‍ സഭാനേതൃത്വം
മാര്‍ മത്തായി മെത്രാനെ ഏല്പിച്ചതായിരുന്നു ചങ്ങനാശ്ശേരി രൂപത. പതിനഞ്ചു വര്‍ഷത്തിനു
ശേഷം ആ ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറി സ്വന്തം സമുദായത്തിന്റെ
രക്ഷയ്ക്കുവേണ്ടി വംശീയരൂപത അനുവദിപ്പിച്ച് അതിന്റെ മെത്രാനായത്
ചട്ടലംഘനമായിരുന്നുവോ?
തെക്കുംഭാഗസമുദായത്തിന്റെ സഭാജീവിത ചരിത്രത്തില്‍
കരിമഷി പുരട്ടിയ 1599 ലെ ഉദയംപേരൂര്‍ സുനഹദോസ് തീരുമാനത്തെ എതിര്‍ത്തുകൊണ്ട്
സമുദായ നേതാക്കള്‍ മുന്നിട്ടിറങ്ങി സുനഹദോസ് തീരുമാനം റദ്ദാക്കിയത്
ചട്ടലംഘനമായിരുന്നില്ലേ!
ചങ്ങനാശ്ശേരി മെത്രാനായി വന്ന മാര്‍ ചാള്‍സ്
ലവീഞ്ഞു മെത്രാന് തെക്കുംഭാഗരും വടക്കുംഭാഗരും കൂടി സംയുക്ത മംഗളപത്രം കൊടുക്കാന്‍
നിശ്ചയിക്കുകയും ഇടയ്ക്കാട്ടുപള്ളിയില്‍ വെച്ചു കൊടുക്കുകയും ചെയ്തു. വളരെ
ഗോപ്യമായി വടക്കുംഭാഗര്‍ തയ്യാറാക്കിയ മംഗളപത്രത്തില്‍ തെക്കുംഭാഗരെ പരാമര്‍ശിക്കാതിരുന്നതില്‍
പ്രതിഷേധിച്ച് മാക്കീല്‍ മത്തായി അച്ചന്റെ നേതൃത്വത്തില്‍ തെക്കും ഭാഗരുടെതായി
മറ്റോരു മംഗളപത്രം തയ്യാറാക്കി മാന്നാനത്തുവെച്ചു കൊടുത്തത് ചട്ടലംഘനമായിരുന്നുവോ!?
അനുസരണയില്‍ ഒന്നിപ്പും അഭിപ്രായത്തില്‍ ഭിന്നിപ്പും
പ്രകടിപ്പിച്ചുപോന്നവരായിരുന്നു ക്‌നാനായസമുദായ നേതൃത്വം. ഇത്തരം അവഗണന ഇന്ന് പല
രംഗത്തുനിന്നും ഉണ്ടായിട്ടും കോട്ടയം അതിരൂപതാനേതൃത്വം മിണ്ടാതിരിക്കുന്നതിന്റെ
കാരണം സമുദായക്കാര്‍ക്ക് അറിയണം. സഭയോടൊത്തു ചിന്തിക്കുക എന്നുപറഞ്ഞാല്‍ ഹയരാര്‍ക്കിയോടെത്തു
ചിന്തിക്കുകയല്ല എന്നാണ് സംശയമില്ലാതെ പുതിയ പാപ്പ പഠിപ്പിക്കുന്നത്.
കോട്ടയം അതിരൂപതയുടെ ഭൗതിക വളര്‍ച്ചയില്‍
വിദേശത്തുള്ള സമുദായക്കാരുടെ പങ്ക് വളരെ വലുതാണ് ആര്‍ച്ചുബിഷപ്പ് മാര്‍ കുന്നശേരിയാണ്
അതെല്ലാം ഏകോപിപ്പിച്ചത്. സമുദായവികാരമാണ് അവരെ അതിനെല്ലാം പ്രേരിപ്പിച്ചത്.
മൂലക്കാട്ടുപിതാവിന്റെ നിഷേധപ്രസ്ഥാവനയോടെ അദ്ദേഹത്തോട് ആരും സഹകരിക്കാതായി
സമുദായത്തിന്റെ വളര്‍ച്ചതന്നെ മുരടിച്ചു. അല്പം അഹങ്കാരത്തോടെ കൊണ്ടുവരുവാന്‍
ശ്രമിച്ച കാരിത്താസ് മെഡിക്കല്‍ കോളേജ് എട്ടു നിലയില്‍ പൊട്ടിയത്
മൂലക്കാട്ടുപിതാവിന്റെ സമുദായവിരുദ്ധ നിലപാടുകൊണ്ടാണ്. വിശ്വാസിസമൂഹത്തിന്റെ
വികാരം അറിയുന്നതില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു.
കോട്ടയം അതിരൂപതാദ്ധ്യക്ഷനായിരുന്നിട്ടും സിനഡില്‍
സ്വന്തം ജനത്തിന്റെ ന്യായമായ അവകാശങ്ങള്‍ പറഞ്ഞു വാങ്ങുന്നതില്‍ അദ്ദേഹം താല്പര്യം
കാണിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള മുഖ്യമായ പരാതി. ഇത്തരം വിഷയങ്ങള്‍
സംസാരിക്കാന്‍ അരമനയുടെ രണ്ടാംനില കയറിച്ചെല്ലുന്നവര്‍ക്കുനേരെ രോഷം കൊള്ളുകയും
നേതാക്കന്മാരെ നിരാശപ്പെടുത്തുകയുമാണ് അദ്ദേഹം. സീറോമലബാര്‍ അദ്ധ്യക്ഷനോടു
സംസാരിക്കുമ്പോള്‍ അദ്ദേഹം പറയുന്നത് നിങ്ങളുടെ പിതാക്കന്മാര്‍ നിങ്ങളുടെ
ആവശ്യങ്ങള്‍ ഇവിടെ ഉന്നയിക്കുന്നില്ല എന്നാണ്. സമുദായത്തിനെതിരു നില്ക്കുന്ന
സമുദായനേതാവായി മാര്‍ മൂലക്കാട്ട് മാറിയിരിക്കുന്നു.
അജപാലകരെയാണ് ദൈവജനത്തിനാവശ്യമെന്നും അല്ലാതെ സര്‍ക്കാരുദ്യോഗസ്ഥരെപോലെ
പെരുമാറുന്ന പുരോഹിതരെ അല്ലന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്പോഴും
പറഞ്ഞിട്ടുണ്ട്.
60 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ക്‌നാനായക്കാരുടെ
ഗോത്രപിതാവായി ചുറ്റിയടിക്കുന്ന മാര്‍ മൂലക്കാട്ട് സഭാചട്ടം അനുസരിച്ച് കേരളത്തിനു
പുറത്ത് അധികാരമില്ലാത്ത മെത്രാനാണ്. എന്നാലും ആണ്ടില്‍ മുന്നൂറു ദിവസവും
വിദേശത്താണ്. ബന്ധുക്കളുടെയും സ്വന്തക്കാരുടെയും ഇടയില്‍ കറങ്ങുന്നു. നാട്ടിലെ
കുഞ്ഞാടുകളുടെ കാര്യം നോക്കാന്‍ നേരവുമില്ല.
ക്‌നാനായക്കാര്‍ എന്ന വംശീയ സമൂഹത്തെ നിലനിര്‍ത്തുന്നതിനുവേണ്ടി
സഭ സ്ഥാപിച്ച കോട്ടയം അതിരൂപതയെ തനിമ നിലനിര്‍ത്തി വളര്‍ത്തുവാനും താന്‍
ഏറ്റെടുത്ത ഉത്തരവാദിത്വത്തോടു നീതിപുലര്‍ത്തുവാനും ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു
മൂലക്കാട്ട് വിജയിച്ചിട്ടില്ല. അതിന് അദ്ദേഹത്തിന് താല്പര്യവുമില്ല. ക്‌നാനായക്കാരല്ലാത്ത
മെത്രാന്മാരുടെ കീഴില്‍ ഉണ്ടായ ചില്ലറ പ്രശ്‌നങ്ങള്‍ അതിജീവിച്ച് നൂറ്റാണ്ടുകള്‍
കഴിഞ്ഞുവന്ന വിശ്വാസിസമൂഹമാണിത്. വിശ്വാസത്തിലും അനുസരണത്തിലും പരസ്‌നേഹത്തിലും
മുന്നിട്ടു നില്ക്കുന്ന തെക്കുംഭാഗസമൂഹം സമുദായ മെത്രാന്റെ നേതൃത്വത്തിന്‍ കീഴില്‍
ശത്രുക്കളാല്‍ വേട്ടയാടപ്പെടുകയാണ്. പിതാവിന്റെ ഈ നിലപാടുമൂലം ശത്രുക്കളെ എതിര്‍ക്കുവാന്‍
ചരിത്രം അറിയാവുന്ന വൈദികരാരും മുന്നോട്ട് വരുന്നില്ല. സിംഹകൂട്ടത്തെ നയിക്കുന്ന
വെറും കുഞ്ഞാടായി മാറിയിരിക്കുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങളില്‍ വംശീയ തനിമയിലും
ദൃഢവിശ്വാസത്തിലും ഒരുമിച്ചുകൂടുന്ന ക്‌നാനായസമുദായത്തിന്റെ നടുവിലേക്കാണ്
സീറോമലബാര്‍ രൂപത സ്ഥാപിക്കപ്പെടുന്നത്. ആസ്‌ട്രേലിയായില്‍ നിയമിതനായിരിക്കുന്ന
പുതിയ മെത്രാന്‍ ക്‌നാനായ സമുദായത്തിന്റെ രക്ഷകനായി അഭിനയിക്കുകയും അവരില്‍നിന്നും
പണം പിരിച്ചുവേരിറക്കുകയും മറ്റ് സീറോമലബാറുകാരെ സംഘടിപ്പിച്ചതിനുശേഷം
സമുദായത്തിനെതിരു നില്ക്കുകയും ചെയ്യും.
ക്‌നാനായസമുദായ ചരിത്രവും സീറോമലബാര്‍ ചരിത്രവും
ന്യൂ ജനറേഷന്‍ മെത്രാന്മാര്‍ക്ക് അറിയില്ലന്നാണ് തോന്നുന്നത്. മര്‍ത്തോമ്മാ ക്രിസ്ത്യാനികളായിരുന്ന
ഇവിടുത്തെ പുരാതന ക്രൈസ്തവരെ സുറിയാനി ക്രിസ്ത്യാനികളാക്കിയത് ക്‌നാനായ കുടിയേറ്റ
ക്രൈസ്തവരാണ്. ഈ കുടിയേറ്റചരിത്രം നിഷേധിക്കുന്നവര്‍ സീറോമലബാര്‍ സഭയുടെ
ചരിത്രത്തിന്റെ ആണിക്കല്ലാണിളക്കുന്നതെന്നറിയുന്നുണ്ടോ?
ദൈവശാസ്ത്രം ആദ്ധ്യാത്മികത മുതലായവയില്‍ സീറോമലബാര്‍
സഭയ്ക്ക് പ്രത്യേകമായി ഒന്നും അവകാശപ്പെടാനില്ലന്ന് സഭാതലവനായിരുന്ന കര്‍ദ്ദിനാര്‍
മാര്‍ വര്‍ക്കി വിതയത്തില്‍ തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഇത് അദ്ദേഹത്തെ
ഭയപ്പെടുത്തുന്നു എന്നും അദ്ദേഹം എഴുതിയിട്ട് അടുത്തപേജില്‍ ക്‌നായിതൊമ്മനും
കൂട്ടരും കൊണ്ടുവന്ന സുറിയാനി പാരമ്പര്യത്തെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും
ചെയ്യുന്നു. (തുറന്നമനസ്സോടെ പേജ് 97, 98).
ക്‌നാനായസമുദായത്തെ എങ്ങനെ ഇല്ലാതാക്കാം എന്നു
ചിന്തിച്ചു നടക്കുന്നവര്‍ക്ക് ഭാരതീയ ദൈവശാസ്ത്രം ഉണ്ടാക്കാനോ ആദ്ധ്യാത്മികതയില്‍
വളരാനോ എങ്ങനെ സമയം ലഭിക്കും?
ഫ്രാന്‍സീസ് മാര്‍പാപ്പയെപോലെ എങ്ങനെ ജനകീയനാകാം
എന്ന് ആലോചിക്കാന്‍ കേരളത്തില്‍ മെത്രാന്മാര്‍ സമ്മേളിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു.
അര്‍ഹതപ്പെട്ടവര്‍ക്ക് ന്യായവും നീതിയും നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. രണ്ടാമത്
വിശ്വാസിസമൂഹത്തെ കരുതുകയും അംഗീകരിക്കുകയും ചെയ്യുക. സഭയിലെ അഴുക്കുകള്‍ തുടച്ചു
നീക്കുന്നവന്റെ മാതൃക മാത്രമാണ് ഫ്രാന്‍സീസ് മാര്‍പാപ്പ. മറ്റുകാര്യങ്ങളിലെല്ലാം
യേശുക്രിസ്തുവാണ് മാതൃകയാകേണ്ടത്.
ഇല്ലാത്ത ചട്ടങ്ങള്‍ പറഞ്ഞ് ക്‌നാനായ സമുദായത്തെ
ഇല്ലാതാകാന്‍ ശ്രമിക്കുന്ന ഹയരാര്‍ക്കിയോടു കൂട്ടുനില്കുന്ന മാര്‍മൂലക്കാട്ട് ഓര്‍ക്കുക
സഭയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് കോട്ടയം
അതിരൂപതസ്ഥാപിതമായിരിക്കുന്നത്. ഈ വംശീയ സമൂഹത്തെ തനിമയോടെ നിലനിര്‍ത്തുവാനുള്ള
ഉത്തരവാദിത്വം അങ്ങില്‍ ഭാരമേല്പിക്കപ്പെട്ടിരിക്കുന്നു അതു നിര്‍വ്വഹിക്കാത്ത
അങ്ങ് ചട്ടലംഘനമാണ് നടത്തുന്നത്. സീറോ മലബാര്‍ ഹയരാര്‍ക്കി സമുദായത്തിനെതിരെ
കൊണ്ടുവരുന്ന അന്യായമായ ചട്ടങ്ങളോടു ചേര്‍ന്നുനില്കുകയാണെങ്കില്‍ അതേ ചട്ടങ്ങള്‍
ഉപയോഗിച്ചു സമുദായം അങ്ങയെ തിരസ്‌കരിക്കുകതന്നെ ചെയ്യും.
“ചരിത്രം രചിക്കുന്നവരുണ്ട് ചരിത്രം
കരിക്കുന്നവരുണ്ട്” - ആര്‍ച്ചു ബിഷപ്പ് മാര്‍ കുന്നശ്ശേരി.
ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റ്
ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍ - 944 614 0026