ആൽമീയ ഉണർവിന്റെ കാഹളവുമായി മറ്റൊരു നോയമ്പ്
കാലംകൂടി വന്നു പോകാറായി. പതിവുപോലെ പ്രാർഥനയും, പ്രബോധനങ്ങളും,
ആഹ്വാനങ്ങളുമായി ഇടയലേഖനങ്ങളും ജനങ്ങൾക്ക് ലഭിച്ചു. നോയമ്പ് കാലത്ത്
നാട്ടിലെ നമ്മുടെ പള്ളികളിൽ വായിച്ച നമ്മുടെ സഭാധ്യഷന്റെ ലേഖനം കേൾക്കുവാനിടയായി.
അതിലെ കാതൽ നമ്മൾ 'ആയിരിക്കുന്നിടത്തു നിന്നും
ആയിരിക്കേണ്ടിടത്ത്' എത്തിച്ചേരുവാൻ ശ്രമിക്കണമെന്ന ആഹ്വാനമായിരുന്നു. അതായത് നാം
ഇപ്പോൾ ആയിരിക്കുന്നിടത്തു നിന്നും, അല്ലെങ്കിൽ നാം
ഇപ്പോൾ ചരിക്കുന്ന രീതിയും കാഴ്ച്ചപ്പാടും നമ്മളെ നാം യഥാർഥത്തിൽ ആയിരിക്കേണ്ട
സ്ഥലമായ സ്വർഗരാജ്യത്ത് എത്തിച്ചേരുവാൻ ഉപകരിക്കുമോ എന്ന് അവലോകനം ചെയ്ത് നമ്മുടെ
പ്രവർത്തനങ്ങളിലും രീതികളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന്
ഉൽബോധിപ്പിക്കുന്നു.
മനുഷ്യൻ നന്നായി ജീവിക്കേണ്ടതിനെ പറ്റിയുള്ള
ആശയങ്ങൾക്കും ആഹ്വാനങ്ങൾക്കും ഈ ലോകത്തിൽ യാതൊരു പഞ്ഞവും ഉണ്ടെന്നു തോന്നുന്നില്ല.
പ്രാവർത്തികമാക്കുക അത്ര എളുപ്പമല്ല എന്നുമാത്രം. യേശുവിന്റെ ശിഷ്യന്മാർ തങ്ങളുടെ
പരിധിയിലുണ്ടായിരുന്ന (ഇടവക, ഫോറാന) ജനങ്ങൾക്ക് 'തങ്ങൾ ആയിരിക്കേണ്ടിടത്ത്' എത്തിച്ചേരുവാനുള്ള
ആഹ്വാനങ്ങളുമായി എഴുതിയ 'ഇടയലേഖനങ്ങൾ' ബൈബിളിൽ
നാം വായിക്കാറുണ്ട്. ശിഷ്യന്മാർ തങ്ങൾ ആഹ്വാനം ചെയ്യുന്ന കാര്യങ്ങൾ തങ്ങളുടെ
ജീവിതത്തിൽ പ്രാവര്ത്തികമാക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇന്നത്തെ
ഇടയന്മാരുടെ രീതി എന്താണ്? ഞങ്ങൾ പറയുന്നത് അതുപോലെ അങ്ങ് കേട്ടാൽ
മതി, ഞങ്ങളുടെ പ്രവർത്തികളെ ചോദ്യം ചെയ്യുവാൻ മറ്റാർക്കും അധികാരമോ യോഗ്യതയോ ഇല്ല
എന്ന മട്ടാണ്!
ഏറ്റവും അടുത്തകാലത്ത് മതഭ്രാന്തന്മാർ കൈ
വെട്ടിയ ന്യൂമാന്‍സ് കോളേജ് പ്രൊഫസ്സറോട് നമ്മുടെ കത്തോലിക്കാ സഭാധികാരികൾ കാണിച്ച
ക്രൂരത എത്ര കഠിനമായിരുന്നു! അതും നോയമ്പ്
കാലത്ത് തന്നെ! ഒരു ദൈവത്തിന്റെ അനുയായികൾ കുടുംബനാഥന്റെ കൈ വെട്ടിയപ്പോൾ
കത്തോലിക്കാ ദൈവത്തിന്റെ അനുയായികൾ അല്ല, മറിച്ച് കത്തോലിക്കാ ദൈവത്തിൻറെ അധികാരികൾ തന്നെ അദ്ദേഹത്തിന്റെ അന്നം കൂടി
നഷ്ട്ടപ്പെടുത്താൻ തീരുമാനിച്ചു. കണ്ണിൽ ചോര ഇല്ലാത്ത, ഭൌതിക
സമ്പത്തിനോടുള്ള അത്യാർത്തി നിമിത്തം അന്ധരായിതീർന്ന നമ്മുടെ കത്തോലിക്കാ
സഭാധികാരികൾ പ്രൊഫസറുടെ ഭാര്യയെ ആൽമഹത്യയിലേക്ക് തള്ളിയിട്ടു! ഇത്തരക്കാരുടെ
ഇടയലേഖനങ്ങൾക്ക് എന്ത് പ്രസ്ക്തിയാണ് ഉള്ളത്? കത്തോലിക്കാ
വിശ്വാസികളെ പറ്റിയും അവരുടെ അധികാരികളെ പറ്റിയും
കോടികണക്കിന് ജനഹൃദയങ്ങളിൽ പതിഞ്ഞിരിക്കുന്ന ചിത്രം എന്തായിരിക്കും?
സഭാധികാരികളുടെ തെറ്റുകൾ മൂലം എല്ലാ കത്തോലിക്കാ വൈദികരെയും
തെറ്റുകാരായ് പലരും കാണുകയില്ലേ?
അത്ഭുതങ്ങളുടെയും, അനുഗ്രഹങ്ങളുടെയും
പിറകെ പായുന്ന ഭക്തർക്ക് ഇതിൽ തെറ്റുകളൊന്നും കാണുവാൻ സാധിചെന്നിരിക്കില്ല.
നോമ്പ് കാലത്തെ സ്ലീവാപാതയിൽ 'എൻറെ പാപങ്ങൾ ആണല്ലോ യേശുവിനെ
ക്രൂശിക്കാൻ കാരണമായത്' എന്ന് പറഞ്ഞു പശ്ചാത്തപിക്കുമ്പോൾ
കൂടത്തിൽ 'എന്റെ സഭാധികാരികളുടെ തെറ്റായ പ്രവർത്തികളെ
അനുകൂലിച്ചുകൊണ്ട് പ്രതികരിക്കാതെ നിസ്സംഗരായി, നിർവികാരതയോടെ
മൌനം പാലിച്ചതുകൊണ്ടാണ് ഇത്തരം പാതകങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപെടുവാൻ
കാരണമായത്' എന്ന് കൂടി പറഞ്ഞ് പശ്ചാത്തപിക്കുന്നത് ഒരുപക്ഷെ നല്ലതായിരിക്കും.
കത്തോലിക്കാസഭ തങ്ങൾ കെട്ടിപടുക്കുന്ന ഭൌതിക
സമ്പത്തിന്റെയും സാംബ്രാജ്യത്തിന്റെയും പിന്നിൽ എത്രയോ കുടുംബങ്ങളുടെ ദാരിദ്ര്യവും,
ദുഖവും, കണ്ണീരും ഉണ്ടെന്ന് ഈ അവസരത്തിൽ ഒന്ന്
ചിന്തിക്കുന്നത് ഉചിതമായിരിക്കും. കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്നും
മോചിപ്പിക്കുമെന്ന പ്രതീക്ഷയിൽ കടങ്ങൾ വാങ്ങിയും, കിടപ്പാടം
പണയപ്പെടുത്തിയും, അഡ്മിഷനു
വേണ്ടി ലക്ഷങ്ങൾ നൽകിയും നഴ്സിംഗ് പഠിച്ചുവന്ന നേഴ്സ്മാർക്ക് നാമമാത്രമായ ശമ്പളo
നൽകി കൊഴുക്കുന്ന കത്തോലിക്കാ അധികൃതർ ഉൾപ്പെടെ ഉള്ളവരെപറ്റി
മാധ്യമങ്ങളിൽ വന്നതാണ്. അതുമൂലം കടങ്ങൾ വീട്ടുവാനാവാതെ ആൽമഹത്യയിലേക്ക്
തള്ളിയിടപ്പെട്ടവർ ധാരാളം.
മാനേജരച്ചന്റെ മേശപുറത്തിരിക്കുന്ന കുരിശിനെ
സാക്ഷ്യപ്പെടുത്തി അര്ഹിക്കുന്ന ശമ്പളo മുഴുവൻ നൽകാതെ
മുഴുവൻ ലഭിച്ചു എന്ന് ഒപ്പിട്ട് നൽകുവാൻ നിർബന്ധിതരായ ജോലിക്കാർ എത്രയാണ്.
വിദ്യാഭ്യാസത്തിനുവേണ്ടി വരുന്ന ഗതിയില്ലാത്തവരും ഗതിയുള്ളവവരിൽ നിന്നും അഡ്മിഷനു വേണ്ടി പിഴിഞ്ഞെടുക്കുന്നത്
എത്ര?
ഭക്തർക്ക് ദൈവത്തിന്റെ പേരിൽ ചെയ്യുന്ന
ചൂഷണങ്ങൾ തെറ്റായി തോന്നാറില്ല. പ്രത്യേകിച്ചും സഭാധികാരികൾ തെറ്റ് ചെയ്‌താൽ അതു
കണ്ടില്ലെന്നു നടിക്കും, അല്ലെങ്കിൽ അതിന് എന്തെങ്കിലും
ന്യായീകരണങ്ങൾ സൃഷ്ട്ടിചെടുക്കും. അഴിമതി ജീവിതഭാഗമായി തീർന്നിരിക്കുന്ന ഈ
കാലഘട്ടത്തിൽ തന്റെ പേരിൽ സഭാധികാരികളും ഭക്തരും
ചെയ്യുന്ന തെറ്റുകൾ ദൈവവും കണ്ടില്ലെന്നു നടിച്ച് അതിനെ അനുകൂലിച്ച്
അനുഗ്രഹിച്ചുകൊള്ളും എന്ന് തെറ്റിദ്ധരിച്ചു പോയെങ്കിൽ അത്ഭുതപ്പെടെണ്ടതുണ്ടോ?
സഭാധികാരികൾ ജനങ്ങളോട് ആഹ്വാനം ചെയ്യുമ്പോൾ
തങ്ങളും ആയിരിക്കുന്നത്
എവിടെയാണെന്നും ആയിരിക്കേണ്ട സ്ഥലത്തിന്റെ
പരിസരത്തെങ്കിലും എത്തിച്ചേരുവാൻ ശ്രമിക്കുകയെങ്കിലും ചെയ്യുന്നുണ്ടോ എന്ന് ഒന്ന്
തിരിഞ്ഞു നോക്കുന്നത് നല്ലതാണ്. മാധ്യമങ്ങൾ പഴയതുപോലെ ചുരുക്കം ചിലരുടെ
പിടിയിലല്ല! പോപ്പ് ഫ്രാൻസിസ് പറഞ്ഞ, 'ദൈവത്തിന്റെ ദാനമായ
ഇന്റർനെറ്റ്' വഴി നിങ്ങൾ പറയുന്നതും
പ്രവർത്തിക്കുന്നതും ലോകത്തിന്റെ എല്ലാ കോണിലും നിമിഷനേരംകൊണ്ട് എത്തിച്ചേരുന്നു!
തങ്ങളുടെ നിലയും വിലയും നഷ്ട്ടപെടുത്തി അവഹേളിതരായാൽ സഭയ്ക്കാവും നഷ്ടം
സംഭവിക്കുക.
സ്റ്റീഫന്‍ തോട്ടനാനി