ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Monday, January 27, 2014

പള്ളിക്കെന്തിനാ പൊന്കുതരിശ് - പയസ്‌ പൂഴിക്കാല.


'കര്‍ത്താവിനെ തൂക്കിയത് മരക്കുരിശിലല്ലേ പിന്നെ പള്ളിക്കെന്തിനാ പൊന്‍കുരിശ്?' വലിയ പള്ളിയിലെ പൊന്‍കുരിശ്  മോഷ്ട്ടിച്ച തോമ്മായെ കൊണ്ട് പണ്ട് ബഷീറ് ചോദിപ്പിച്ച ചോദ്യമാണ്.

സമീപകാലത്തായി വടശ്ശേരികുന്നനെ പോലുള്ള അഭിനവ ഉപദേശിമാരുടെ സുവിശേഷപ്രസംഗങ്ങള്‍ കേട്ടപ്പോള്‍ ബഷീറിന്റെ പഴയ കഥ ഓര്മ്മ വന്നുവെന്നു മാത്രം. 

അല്ല, ഇതിനു സമാനമായ ഒരു ചോദ്യം തന്നെ ആണല്ലോ രണ്ടായിരം വര്ഷം മുന്പ് യേശുദേവനും തന്റെ പിതാവിന്റെ ആലയം കച്ചവടസ്ഥലമക്കിയ പ്രമാണിമാരോട് ചോദിച്ചത്. ആ ഒരു ദിവസം മാത്രമല്ലെ പരസ്യജീവിതത്തില് അദ്ദേഹം ചാട്ടവാറും കയ്യിലേന്തി രൂക്ഷമായി പ്രതികരിച്ചിട്ടുള്ളൂ. അതൊക്കെ പക്ഷെ പഴയ കഥ. ഇന്നിപ്പോള്‍ നമ്മള്‍ കുരിശിന്റെ ആകൃതിയെ കുറിച്ച് പോലും ചര്‍ച്ചകള്‍ നടത്തുന്നു, പ്രബന്ധങ്ങള്‍ രചിക്കുന്നു, ഗവേഷണങ്ങള്‍ നടത്തുന്നു. സ്വര്‍ണ്ണത്തിന്റെ കാലം ഒക്കെ പോയി. രത്നങ്ങള്‍ പതിച്ച കുരിശുകളുടെ കാലം ഇനി അതിവിദൂരമല്ല!

എഴുപതുകളുടെ ഏതാണ്ട് മധ്യകാലം. അക്കാലത്താണ് പള്ളികളിലൊക്കെ ഉച്ചഭാഷിണികള്‍ സര്‍വസാധാരണമായി തുടങ്ങിയത്. ഞങ്ങളുടെ പുന്നത്തുറ പള്ളിയില്‍ നിന്നും എല്ലാ ഞായറാഴ്ചയും സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ഒരു ഗാനം ഉണ്ട്.  കലാഭവന്‍ ആബേലച്ചന്റെ “ഈശ്വരനെ തേടി ഞാന്‍ നടന്നു” എന്ന ഗാനം. അച്ചന്റെ ഏറ്റവും പ്രശസ്തമായ ഗാനവും അതുതന്നെ. എല്ലാ ക്രിസ്തീയ ദേവാലയങ്ങളില്‍ നിന്നും കുറെ നാളത്തേക്ക് ഈ ഗാനം സ്ഥിരമായി കേള്ക്കാമായിരുന്നു.

ആ ഗാനം ഒന്നു ശരിക്ക് വിശകലനം ചെയ്തപ്പോള്‍ ഒരു കാര്യം മനസ്സിലായി. അവിടെയും ഇവിടെയും ഒന്നും ഈശ്വരനെ അന്വേഷിച്ചിട്ട് കാര്യമില്ല, ഈശ്വരന്‍ അവനവന്റെ ഉള്ളില്‍ തന്നെയാണ്. ഇവിടുത്തെ ഏറ്റവും വലിയ വിരോധാഭാസം ഗാനരൂപത്തിലുള്ള ഈ ഉപദേശങ്ങള്‍ അന്ന് വന്നു കൊണ്ടിരുന്നത് ദേവാലയങ്ങളില്‍ നിന്ന് തന്നെ ആയിരുന്നു എന്നുള്ളതാണ്.

വളരെ ലളിതമായ ഭാഷയില്‍ ഉദാഹരണസഹിതം കുറെ ഉപദേശങ്ങള്‍ സാധാരണക്കാരനുവേണ്ടി യേശു നല്കി. അന്ന് യേശുവിന്റെ ശ്രോതാക്കള്‍ ആരും തന്നെ ഉയര്ന്ന വിദ്യാഭ്യാസം ഉള്ളവരോ പണ്ഡിതരോ ആയിരുന്നില്ല. കാലാന്തരത്തില്‍ കുറെ പേര്‍ അതിനെ ഗവേഷണങ്ങള്‍ നടത്തി നടത്തി പരമാവധി വളച്ചൊടിച്ചു ഒരു പരുവത്തില്‍ ആക്കിതന്നു. ഇല്ലാത്ത അര്‍ഥങ്ങള്‍ അതിനു നല്കി. വരുമാനം കൂട്ടാനും സമ്പത്ത് കുന്നുകൂട്ടാനും ഉള്ള ഒരു ഉപകരണം ആക്കി അതിനെ മാറ്റി. ചുരുക്കത്തില്‍ ലക്ഷ്യം മാറിയതോട് കൂടി മാര്‍ഗവും മാറി.

പണ്ടൊക്കെ രാജാക്കന്മാര്‍ അശ്വമേധയജ്ഞങ്ങള്‍ നടത്തുമായിരുന്നു. പ്രധാനമായും തന്റെ മേല്‌ക്കോയ്മ സ്ഥാപിക്കാനും അധികാരം ഉറപ്പിക്കാനും വേണ്ടിയാണു ഇങ്ങിനെ യജ്ഞങ്ങള്‍ നടത്തിയിരുന്നത്. ഇതിനായി സന്ദര്‍ഭത്തിനു യോജിച്ച ഒരു അശ്വത്തെ തിരഞ്ഞെടുത്തു സൈന്യത്തിന്റെ അകമ്പടിയോടെ അന്യരാജ്യങ്ങളിലേക്ക് കയറ്റിവിടും. എതിര്പ്പുകളെ അതിജീവിച്ചു അശ്വം തിരിച്ചു വന്നാല്‍ അതു കടന്നുപോയ രാജ്യങ്ങളെല്ലാം തന്റെ അധികാരത്തിന്‍ കീഴില്‍ വന്നു എന്നു രാജാവിനു ന്യായമായും ഉറപ്പിക്കാം. മുന്‍പില്‍ പോകുന്ന കുതിരയുടെ വിചാരം തന്റെ ഒരാളുടെ കഴിവ്‌കൊണ്ടാണ് ഇതെല്ലം സാധിക്കുന്നത് എന്നാണ്. അതുപോലെ അകമ്പടി സേവിക്കുന്ന സേനയുടെ ചിന്ത അവരുടെ കഴിവ് കൊണ്ടാണ് ഇതെല്ലം സാധിക്കുന്നത് എന്നും. എന്നാല്‍ ഇതെല്ലാം നിയന്ത്രിച്ചുകൊണ്ട് സുഖമായി കൊട്ടാരത്തില്‍ രാജാവ് ഇരിപ്പുള്ള കാര്യം ഇവരുടെ ചിന്താമണ്ഡലത്തിലേക്ക് കടന്നുകയറത്തേയില്ല. ഇത് മാത്രമല്ല, ഈ യജ്ഞങ്ങളുടെ അവസാനം അതിന്റെ വിജയകരമായ പരിസമാപ്തിക്കു നന്ദിസൂചകമായി രാജാവ് ഒരു യാഗം നടത്തും. ആ യാഗത്തില്‍ വച്ച് വിജയശ്രീലാളിതനായി തിരിച്ചുവന്ന അശ്വത്തെ യാഗബലിയായി കുരുതികൊടുക്കുകയും ചെയ്യും.

പക്ഷെ ഇത് ഒരു അധ്യായത്തിന്റെ അവസാനം മാത്രം. ഇതേ സമയത്തു തന്നെ മറ്റൊരു കുതിരയെ തയാറാക്കിയിട്ടുണ്ടാകും പുതിയൊരു യജ്ഞം തുടങ്ങാന്‍. സാധാരണഗതിയില്‍ കുതിരകളുടെയെല്ലാം ഗതി ഒന്ന് തന്നെ. എങ്കിലും പ്രധീക്ഷ ആണല്ലോ മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. അതിനാല്‍ തന്നെ പുതിയൊരു യജ്ഞം ഏറ്റുഎടുക്കാന്‍ ധാരാളം അശ്വങ്ങള്‍ എപ്പോഴും മുന്നോട്ടു വന്നുകൊണ്ടിരിക്കും. കാലം മാറിയപ്പോള്‍ കുതിരകളുടെ സ്ഥാനത്ത് മനുഷ്യന്‍ വന്നു. വടക്കേ അമേരിക്കയിലും സീറോമലബാര്‍ ഭരണം വന്നു. അശ്വമേധം ഒന്നാം ഘട്ടം പൂര്ത്തിയായി. യാഗവും കുരുതിയും ഏതാണ്ട് തീരാറായി. പുതിയൊരു യന്ജത്തിനു തയാറെടുപ്പുകളും തുടങ്ങി.

'രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍'
'സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലര്‍
കോലകങ്ങളില്‍ സേവകരായിട്ടു
കോലം കെട്ടി ഞെളിയുന്നിതു ചിലര്‍'

(പൂന്താനം: ജ്ഞാനപ്പാന)

നന്ദി

പയസ് പൂഴിക്കാല


Friday, January 24, 2014

മൂലക്കാട്ട് പിതാവിന് ആയുരാരോഗ്യം നേരുന്നു; ഒപ്പം......



കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപോലീത്തയ്ക്ക് കണ്ണൂരില്‍ വച്ച് നെഞ്ചുവേദന അനുഭവപെട്ടുവെന്നും തുടര്‍ന്ന് അവിടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും വാര്‍ത്ത Uzhavoorbeatz.com എന്ന വെബ്സൈറ്റില്‍ കണ്ടു. അപ്നാദേശില്‍ ഇതിനെക്കുറിച്ച്‌ ഒന്നും കാണുവാന്‍ സാധിച്ചില്ല. എങ്കിലും വാര്‍ത്ത ആധികാരികമാണെന്ന് കരുതുന്നു.

കോട്ടയം അതിരൂപതയിലെ ഓരോ അംഗവും ഈയവസരത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാം മറന്ന് പിതാവിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ഥിക്കുന്നുണ്ട് എന്ന കാര്യത്തില്‍ ഈയെഴുതുന്നയാള്‍ക്ക് യാതൊരു സംശയവുമില്ല. ആ പ്രാര്‍ഥനയില്‍ ഈയുള്ളവനും പങ്കുചേരുന്നു.

ഇനി കുറെനാള്‍ പിതാവിന് വിശ്രമത്തിന്റെ ദിനങ്ങള്‍ ആയിരിക്കുമല്ലോ. ഒരു നല്ല ഇടയന്‍ ഇത്തരം വേളയില്‍ തന്റെ അജഗണങ്ങളുടെ ആരോഗ്യകാര്യത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.

വായിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെയും കണ്ടു.

കണ്ണൂരില്‍ വച്ചാണ് പിതാവിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. കാരിത്താസ്‌ ഹോസ്പിറ്റലില്‍ നിന്നുള്ള  വിദഗ്ദ ഡോക്ടര്‍മാരെക്കൂടി അവിടെ എത്തിച്ച ശേഷമാണ് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയത്.

ഈ നെഞ്ചുവേദന മാലക്കല്ലിലോ, വയനാട്ടിലോ, പടമുഖത്തോ വച്ചാണ് അനുഭവപ്പെട്ടിരുന്നതെങ്കില്‍ എന്താകുമായിരുന്നു പിതാവിന്റെ അവസ്ഥ?

ഈ പറഞ്ഞ സ്ഥലങ്ങളിലെല്ലാം പിതാവിന്റെ അജഗണങ്ങള്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടത്ര ചികിത്സാസൌകര്യങ്ങള്‍ ലഭ്യമല്ല. അവരിലോരോരുത്തരുടെയും ജീവനും വിലയുള്ളതാണ്.

രാജപുരത്ത്‌ ആശുപത്രിയ്ക്ക് വേണ്ടി സംഭാവനയായി കിട്ടിയ സ്ഥലത്താണ് കോളേജ് വന്നതെന്ന് കേട്ടിട്ടുണ്ട്. ശരിയോ എന്നറിയില്ല. അതുപോലൊരു പ്രദേശത്ത് കോളേജ് വരുന്നത് വലിയ കാര്യമാണ്; പക്ഷെ കോളേജ് ആശുപത്രിയ്ക്ക് പകരമാകുന്നില്ല. വിദ്യാഭ്യാസം കൊണ്ട് ജീവിതം മെച്ചപ്പെടും; ജീവന്‍ രക്ഷപ്പെടുകയില്ല.

കാരിത്താസ്‌ ഹോസ്പിറ്റല്‍ കൊയ്തിട്ടുള്ള നേട്ടങ്ങളെക്കുറിച്ച് സമുദായം അഭിമാനിക്കുന്നുണ്ട്. എന്നാല്‍ ബാക്കിയുള്ള, നമ്മുടെ വിരലിലെണ്ണാവുന്ന ആശുപത്രികളുടെ നില എന്താണ്? മൂന്നുവര്‍ഷത്തിനുള്ളില്‍ എഴുപതു വയസ്സ് തികയുന്ന ഒരാശുപത്രിയും നമുക്കുണ്ട് – എലൂരച്ചന്‍ സ്ഥാപിച്ച കൈപ്പുഴ ആശുപത്രി. ഇത്തരം ഒരു ഓപ്പറേഷന്‍ നടത്താനുള്ള സൗകര്യം നീണ്ട 67 വര്‍ഷങ്ങള്‍കൊണ്ട് അവിടെ ഉണ്ടായിട്ടില്ലെങ്കില്‍, നമ്മള്‍ ലജ്ജിക്കേണ്ടതല്ലേ?

സമുദായത്തിന് ഒരു മെഡിക്കല്‍ കോളേജ് ഉണ്ടാകുന്നത് നല്ല കാര്യമാണ്. പക്ഷെ അതല്ല നമ്മുടെ ഇന്നത്തെ അത്യാവശ്യം. കോട്ടയം അതിരൂപതയുടെ ഓരോ ഫൊറോനയിലും ആധുനിക സൌകര്യങ്ങളുള്ള ഒരാശുപത്രി എന്നൊരു പദ്ധതിയെക്കുറിച്ച് ചിന്തിക്കാന്‍ പിതാവിന്റെ ഈ നെഞ്ചുവേദന കാരണമാകട്ടെ.

ജനത്തിന് നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിച്ച്, ഇതുപോലൊരു പദ്ധതി പ്രഖ്യാപിച്ചാല്‍ ക്നാനയക്കാരന്റെ ഇഴയടുപ്പവും, മഹാമനസ്കതയും പിതാവിന് ബോധ്യമാകും.

പക്ഷെ ഫ്രാന്‍സിസ്‌ പാപ്പയുടെ പ്രബോധനങ്ങളുടെ അന്തസത്ത ഉള്‍ക്കൊണ്ട്, അരമനകേന്ദ്രീകൃതമല്ലത്ത പദ്ധതി ആയിരിക്കണമത്.

മൂലക്കാട്ട് പിതാവിന് ദീര്‍ഘായുസ്സും ആരോഗ്യവും, ഇതുപോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള സന്മനസ്സും സര്‍വേശ്വരന്‍ നല്‍കട്ടെ!

അലക്സ്‌ കണിയാംപറമ്പില്‍

Monday, January 20, 2014

കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ - സരസന്‍



കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ എന്നതുപോലെയാണ് തറയ്ക്കലച്ചന്റെ കണ്ണ് എപ്പോഴും ക്രീഡ്മോര്‍ ഫെയ്ത്ത് ചാപ്പലിലെയ്ക്കാണ്. കാരണം, അവിടെ കോട്ടയം രൂപതയെ മാത്രം അംഗീകരിക്കുന്ന നല്ല ശതമാനം കറതീര്‍ന്ന ക്നാനായക്കാര്‍ ഒത്തുകൂടി എല്ലാ മാസത്തിന്റെ ആദ്യ ഞായറാഴ്‌ച IKCCയുടെ കീഴില്‍ Kids Club-ന്റെ പേരില്‍ നടത്തുന്ന വിശുദ്ധ കുര്‍ബ്ബാന ഒരുവിധത്തിലും ഉള്‍ക്കൊള്ളുവാന്‍ തറയ്ക്കനും ശിങ്കിടികള്‍ക്കും സാധിക്കുന്നില്ല.

BQLI പ്രദേശത്തെ ക്നാനായക്കാര്‍ മൂലക്കാട്ട് പിതാവിനെയും തറയ്ക്കലച്ചനെയും നേരില്‍കണ്ട് 2012 October-ല്‍ അപേക്ഷിച്ചു –ഞങ്ങള്‍ക്കുവേണ്ടി, ഇവിടെ ജനിച്ചുവളര്‍ന്ന യുവജനങ്ങള്‍ക്ക് വേണ്ടി, മലയാള പ്രാര്‍ത്ഥന ശരിയ്ക്കു മനസിലാകാത്ത ക്നാനായമക്കള്‍ക്ക് വേണ്ടി, മാസത്തില്‍ ഒരു ഞായറാഴ്‌ച ക്രീഡ്മോര്‍ ചാപ്പലില്‍ വന്ന് ഇംഗ്ലീഷില്‍ കുര്‍ബാന ചൊല്ലിത്തരണം. സമുദായത്തെ നശിപ്പിക്കുവാന്‍ ഇറങ്ങിപുറപ്പെട്ടിരിക്കുന്ന മൂലക്കാടനും മുത്തോലവും തറയ്ക്കനുംമറ്റും അപേക്ഷ നിഷ്ക്കരുണം പറ്റുകയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു. അതിന്റെ പരിണിതഫലമായി 2012 ഡിസംബര്‍ ആദ്യ ഞായറാഴ്ച കല്ലറ കുടിലിലച്ചന്റെ കാര്മ്മികത്തില്‍ ഇംഗ്ലീഷ് കുര്‍ബാന ആരംഭിച്ചു.

അതിനുശേഷം എല്ലാ മാസത്തിന്റെയും ആദ്യ ഞായറാഴ്ചകളില്‍ മലയാളി അച്ചന്മാര്‍ വന്ന് കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. അതില്‍ പല അച്ചന്മാരെയും മുത്തോലവും തറയ്ക്കനും പുരോഹിതവര്‍ഗത്തിന് യോജിക്കാത്ത പലതരത്തിലുള്ള പാരകള്‍ പണിത് കുര്‍ബാന മുടക്കുവാന്‍ നോക്കി. എന്നിരുന്നാലും എല്ലാ മാസത്തിന്റെ ആദ്യ ഞായറാഴ്ചകളില്‍ മുടങ്ങാതെ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു.

അങ്ങിനെ 2014 ജനുവരി അഞ്ചാം തിയതി IKCCയുടെ നേതൃത്വത്തില്‍ Kids Club-ന്റെ ആനിവേഴ്സറിയും ദൈവത്തിന് നന്ദിപ്രകടനവും നടത്തുകയുണ്ടായി. അതിനു കത്തോലിക്കാസഭയിലെ അച്ചന്മാരും പ്രത്യേകിച്ച് ഞങ്ങള്‍ ക്നാനയക്കാരുടെ എല്ലാമെല്ലാമായ തോമസ്‌ മുതുകാട്ടിലച്ചനും ക്നാനായ സമുദായത്തിന്റെ മെത്രാപ്പോലീത്തായും സന്നിഹിതരായിരുന്നു.

അമേരിക്കയിലെ ക്നാനായക്കാരുടെ പിതാവ് മൂലക്കാടനല്ലെന്നു മൂലക്കാടന്‍തന്നെ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ!

ആനിവേഴ്സറിയുടെ മുഖ്യാതിഥിയായിരുന്ന ക്നാനായ യാക്കോബായസഭയുടെ മെത്രാപ്പോലീത്ത അയൂബ് മാര്‍ സില്‍വാനോസ്‌ തിരുമേനി അമേരിക്കയിലെ ക്നാനയക്കാര്‍ക്ക് സമുദായപ്രകാരമുള്ള എന്താവശ്യങ്ങളും എപ്പോള്‍ വേണമെങ്കിലും ചെയ്തുതന്നുകൊള്ളാമെന്നു പലപ്രാവശ്യം വാഗ്ദാനം ചെയ്തുപറയുകയുണ്ടായി എന്നതാണ് സത്യം.

ഒരുകാലത്ത് “ക്നാനായക്കാരുടെ പോപ്പ്‌ ഞാനാടാ” എന്ന് ധൈര്യസമേതം പറയുവാന്‍ കഴിവുണ്ടായിരുന്ന പിതാക്കന്മാരുടെ പിന്‍ഗാമിയായി വന്ന മൂലക്കാടന്‍ പറയുന്നത് “ഞാനല്ല നിങ്ങളുടെ പിതാവ്, അത് അങ്ങാടിയത്താണ്” എന്ന്!

ക്നാനായരക്തം അല്പമെങ്കിലും ഉണ്ടെങ്കില്‍ അങ്ങനെ പറയുമോ?

ആ മൂലക്കാടാണ് അമേരിക്കയിലെ ക്നാനയമക്കളെ വേണ്ട, ഡോളര്‍ മാത്രം മതി. ഇനി അമേരിക്കക്കാരില്‍നിന്നും പത്തുപൈസ കിട്ടുകയില്ലെന്നു ബോധ്യമായപ്പോള്‍ കാരിത്താസ് ഹോസ്പിറ്റല്‍ മെഡിക്കല്‍കോളേജാക്കണമെന്ന അത്യാഗ്രഹം വേണ്ടെന്നുവച്ചു. ദൈവത്തിന് നന്ദി!

ഇനിയെന്തെങ്കിലും പിരിവിനായി മൂലക്കാടന്‍ അമേരിക്കയില്‍ കാലുകുത്തിയാല്‍ പുത്തന്‍ ഡോളറല്ല പുളിച്ച തെറി കിട്ടും എന്നാണു ജനസംസാരം. ഇനി മൂലക്കാടന്റെ ഫോര്‍മുല – അതായത് ക്നാനായ അപ്പനില്‍നിന്നും അമ്മയില്‍നിന്നും ജനിച്ചവര്‍ ക്നാനായപള്ളിയില്‍ മെമ്പറും വേറെ സമുദായത്തില്‍ നിന്നും കെട്ടിവന്ന ഭാര്യ, അല്ലെങ്കില്‍ ഭര്‍ത്താവും കുട്ടികളും വേറെ പള്ളിയില്‍ പോയി മെമ്പര്‍ ആകണമെന്ന മൂലക്കാടന്‍ ഫോര്‍മുല – അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍മതി!

ആ മൂലക്കാടന്‍ ഫോര്‍മുല വരുത്തിവച്ച വിന എത്ര കഠിനമായിപ്പോയെന്നു വിവരിയ്ക്കാം..

2010 വരെയുള്ള കണ്‍വെന്‍ഷനുകളില്‍ നമ്മുടെ എല്ലാ പിതാക്കന്മാര്‍ക്കും നാട്ടില്‍ നിന്ന് ഫസ്റ്റ്ക്ലാസ്‌ ടിക്കറ്റും ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസവും തിരിച്ചുപോകുമ്പോള്‍ നല്ല പണക്കിഴിയും വാങ്ങിപ്പോയിരുന്ന കാലം ഇനി സ്വപ്നം കണ്ടാല്‍മതി. അതല്ല, ഇനി പിതാക്കന്മാര്‍ക്ക് സ്വന്തം ചെലവില്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന് വല്ല അതിമോഹവും ഉണ്ടെങ്കില്‍ ഒന്നോര്‍ക്കുക – 2012 ഏപ്രില്‍ ഒന്നാം തിയതി ചൈതന്യയില്‍ വെറും ആയിരത്തോളം ആള്‍ക്കാര്‍ മാത്രമേ മൂലക്കാടനെ കൂവുകയും ഉന്തുകയും (അടി കിട്ടിയെന്നും അടക്കിപ്പിടിച്ചസംസാരം കേട്ടിരുന്നു) ചെയ്തു. എന്നാല്‍ ഇവിടെ അമേരിക്കയില്‍, ചിക്കാഗോയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ വരുന്ന 8000 ആള്‍ക്കാരില്‍ അവിടത്തെ ലൂസിഫറിന്റെ ശിങ്കിടികളും കുറെ സ്ത്രീജനങ്ങളും ഒഴിച്ച് ബാക്കിയെല്ലാവരുംകൂടി കൂവി വിളിച്ച് ഓടിക്കുമെന്ന് ഓര്‍ത്തിരിക്കുന്നത് നന്ന്. അമേരിക്കയില്‍ കൂവുന്നത് നാട്ടിലെ Cheers വിളി പോലെയായിരിക്കും എന്ന് വിചാരിക്കുന്നെങ്കില്‍ തെറ്റി! നാട്ടില്‍ നിന്നും അമേരിക്കയിലെയ്ക്ക് കുടിയേറിയ ക്നാനായ തന്തയ്ക്കും തള്ളയ്ക്കും ജനിച്ച ക്നാനായമക്കള്‍ തനി കേരളസ്റ്റൈലില്‍ ആയിരിക്കും കൂവി വിളിയ്ക്കുന്നത് എന്ന് ചിന്തിച്ചാല്‍ നന്ന്! അമേരിക്കയില്‍ ചീമുട്ടയില്ലാത്തത് ഭാഗ്യം!

കഴിഞ്ഞ പ്രാവശ്യം ഫ്ലോറിഡയില്‍ വച്ച് നടന്ന കണ്‍വെന്‍ഷനില്‍ സീറോമലബാര്‍ ക്നാനായ കത്തോലിക്ക്ക ബിഷപ്പുമാര്‍ വരാതെ ക്നാനായ സമുദായ തിരുമേനിമാര്‍ (ക്നാനായ യാക്കോബായ) പന്കെടുതതുകൊണ്ട് കണ്‍വെന്‍ഷന്‍ അതിഗംഭീരമായിരുന്നു. വളരെ വിജയപ്രദവുമായിരുന്നു.

ഇനി കോട്ടയം രൂപതയുടെ എല്ലാവിധ അജപാലനാധികാരം അമേരിക്കയില്‍ (കേരളത്തിന്‌ വെളിയില്‍) കിട്ടുന്നതുവരെ ലുസിഫറിനെയും സങ്കരപിതാക്കന്മാരെയും ഇനിയുള്ള കണ്‍വെന്‍ഷനുകളില്‍ പങ്കെടുപ്പിക്കരുതേയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുകായും നമ്മുടെ എല്ലാമെല്ലാമായ പത്താം പീയുസ്‌ പുണ്യവാളനോട് അപേക്ഷിക്കുകയും ചെയ്യുന്നു.

2014 തുടങ്ങിയപ്പോഴേ അമേരിക്കയിലെ ക്നാനയക്കാരുടെ നല്ലകാലം തുടങ്ങിയിരിക്കുകയാണ്. ക്വീന്‍സ് ഭാഗത്ത്‌ ആനിവേഴ്സറി ഭംഗിയായി നടന്ന അതേദിവസംതന്നെ Rockland County ക്നാനായ മിഷന്‍ പൊതുയോഗത്തില്‍ വച്ച് വീരശൂരപ്രാക്രമിയും തന്ത്രശാലിയും എത്ര അപവാദങ്ങളിലും വിവാദങ്ങളിലും പെട്ടാലും നാണമില്ലാതെ പുഞ്ചിരിയില്‍ ആളുകളെ മയക്കാന്‍ ശ്രമിക്കുന്നവനുമായ കട്ടയിലച്ചനെ കൊമ്പുകുത്തിച്ചു. പാവം പ്രാണരക്ഷയ്ക്കായി അന്നുതന്നെ കേരളത്തിലേയ്ക്ക് നാടുകടന്നു. ഇനി ന്യൂയോര്‍ക്കിനു വരുമെന്ന് തോന്നുന്നില്ല. Rockland Countyക്കാരോട് കളിച്ചാല്‍ അങ്ങിനെയിരിക്കും.

വാല്‍ക്കക്ഷണം:

സൂര്യചന്ദ്രന്മാരുള്ളിടത്തോളം കാലം നമ്മുടെ ക്നാനായസമുദായം നിലനില്‍ക്കുമെങ്കില്‍ അന്നുവരെ ക്രീഡ്മോര്‍ ചാപ്പലില്‍ മാസത്തിന്റെ ആദ്യ ഞായറാഴ്ചകളില്‍ Kids Club പ്രവര്‍ത്തനവും അതിനോടനുബന്ധിച്ച് പരിശുദ്ധ കുര്‍ബാനയും നടന്നിരിക്കും.

പോ മോനെ ദിനേശാ....

ന്യൂയോര്‍ക്ക് സരസന്‍

(കടപ്പാട്: അമേരിക്കന്‍ ക്നാ)

Thursday, January 16, 2014

A Short Film (911 Ghost) Directed by Toms Mathew Kizhakkekattil of Detroit...



ആലഞ്ചേരിപിതാവിനൊരു തുറന്ന കത്ത്..... ഡൊമിനിക്ക് സാവിയോ വാച്ചാച്ചിറ

സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കര്‍ദ്ദിനാളുമായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പാതാവിന്, കോട്ടയം അതിരൂപതാംഗവും ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റുമായ ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍ എഴുതുന്നത്.

അങ്ങയുടെ പൗരോഹിത്യത്തിന്റെ ആരംഭംമുതല്‍ അങ്ങ് പാവങ്ങളോടും നിരാലംമ്പരോടും കാണിക്കുന്ന കരുണയും സ്‌നേഹവും ഞാന്‍ വളരെ നേരത്തെതന്നെ അറിഞ്ഞിട്ടുള്ളതാണ്. സഭയുടെ ഉന്നത ഉത്തരവാദിത്വത്തില്‍ ഇരിക്കുമ്പോള്‍ തുടര്‍ന്നുവന്ന പഴയ കാരുണ്യ പ്രവര്‍ത്തികള്‍ അതുപടി തുടരാനാവാത്ത സാഹചര്യം ഉണ്ടെന്നറിയാം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗമനത്തോടെ എല്ലാ തടസങ്ങളും മാറി പരിത്യക്തരോട് നേരിട്ട് ഇടപെടുന്നതിനുള്ള വഴി തെളിയുകയും അങ്ങ് ഈ ക്രിസ്തുമസ് ദിനത്തില്‍ അത് നടപ്പിലാക്കുകയും ചെയ്തത് ഞാന്‍ അറിഞ്ഞു. അങ്ങേക്ക് എന്റേയും ക്‌നാനായ ഫെലോഷിപ്പ് എന്ന സംഘടനയുടെയും എല്ലാ പിന്തുണയും പ്രാര്‍ത്ഥനയും.
    
ഫ്രാന്‍സീസ് മാര്‍പാപ്പ സഭയിലെ അധികാരികള്‍ക്കെല്ലാം മാതൃകയും പ്രചോദനവും ആയിരിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. മുന്‍പരിചയം ഇല്ലാത്തതിനാല്‍ അങ്ങയെപോലെ പാവങ്ങളോടൊത്തു ഇടപെടുന്നതിന് പെട്ടെന്ന് ഇറങ്ങിപുറപ്പെടുവാന്‍ കഴിയാതെ വിഷമിക്കുന്ന പിതാക്കന്മാര്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
    
അങ്ങയുടെ ക്രിസ്തുമസ് സന്ദേശയാത്രയില്‍ അച്ചന്മാരാരും കൂടെ ഇല്ലാതിരുന്നതും ശ്രദ്ധേയമായി.  അങ്ങയെ സംബന്ധിച്ചിടത്തോളം ഒരാമുഖവും ആരവവും കൂടാതെ പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരാന്‍ കഴിയും. മാത്രമല്ല ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള കാര്യം അങ്ങ് പങ്കെടുക്കുന്ന പല അല്മായ യോഗങ്ങളിലും അവസാനംവരെ പങ്കെടുക്കുകയും യോഗാനന്തരം ആളുകളുമായി സംവാദത്തിനു തയ്യാറാകുകയും ചെയ്യുന്ന രീതി വളരെ നല്ലതാണ് വിശ്വാസികളുടെ പല സംശയങ്ങള്‍ ദൂരികരിക്കുന്നതിനും,ഹയരാര്‍ക്കിയുമായുള്ള അകലം കുറയുന്നതിനും, സഭയില്‍ താനൊരു പ്രധാന വ്യക്തിയാണെന്ന തിരിച്ചറിവിനും അങ്ങയുടെ സംവാദം ഉപകാരപെടുന്നുണ്ട്. മീറ്റിംഗിനിടെ ഇറങ്ങിപോകുന്ന പിതാക്കന്മാരെ ആ യോഗത്തില്‍ തന്നെ വിമര്‍ശിച്ചിട്ടുള്ള വ്യക്തികൂടിയാണ് ഞാന്‍.
   
ഫ്രാന്‍സിസ് പാപ്പ ഇതുവരെ നടത്തിയ പ്രസംഗങ്ങളിലൊക്കെ സഭാതനയരെകുറിച്ചാണ് ഏറെ പറഞ്ഞിട്ടുള്ളതെന്നും ശ്രദ്ധേയമാണ്. റോമന്‍ കുരിയ അഴിച്ചുപണിയാന്‍ പാപ്പ തയ്യാറിയിരിക്കുന്നതുപോലെ നമ്മുടെ ഇവിടുത്തെ രൂപതാ കൂരിയാകളും അഴിച്ചുപണിയാന്‍ മെത്രാന്മാര്‍ തയ്യാറാകണം. അതുപോലെ ഒരിക്കലും എതിരഭിപ്രായം പറയില്ലന്ന് ഉത്തമബോധ്യം ഉള്ളവരെകൊണ്ട് പാസ്റ്ററല്‍ കൗണ്‍സിലുകളും മറ്റ് ആലോചനാ സമിതികളും നിറയ്ക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.
   
അഭിവന്ദ്യ പിതാവിനോട് ക്‌നാനായ സമുദായത്തിന്റെ ചില സ്വകാര്യകാര്യങ്ങളും ഇക്കൂടെ ഉണര്‍ത്തിക്കുകയാണ്. കോട്ടയം അതിരൂപതയ്ക്ക് സാമന്തരൂപത അനുവദിക്കുന്നതു സംബന്ധിച്ച് പടിയറപിതാവ് കോട്ടയത്തുവന്നു പറഞ്ഞത് എല്ലാം ശരിയായി ഇനി സ്വിച്ചിട്ടാല്‍ മതിയെന്നാണ്.  ഞങ്ങളുടെ ഗുണഗണങ്ങള്‍ പറഞ്ഞുപറഞ്ഞ് വര്‍ക്കിപാതാവ് ഒന്നും തരാതെ കടന്നുപോയി. ആലഞ്ചേരിപിതാവിന് ഞങ്ങളോട് അനുകൂല നിലപാട് ആണെന്നാണ് ഞങ്ങളുടെ വിശ്വാസം. KCCNA പ്രസിഡന്റായിരുന്ന ഷീന്‍സ് ആകശാലയുമായി റോമില്‍ പോയി എല്ലാം ശരിയാക്കിതരാമെന്ന് ഉറപ്പ് തന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു.
   
പിതാവ് ചങ്ങനാശ്ശരിയില്‍ NSS ന്റെ യോഗത്തില്‍ പറയുകയുണ്ടായി സുറിയാനി ക്രിസ്ത്യാനികള്‍ക്കും ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന്. മര്‍ത്തോമ്മാ ക്രിസ്ത്യാനികളെ സുറിയാനി ക്രിസ്ത്യാനികളാക്കിയത് പ്രേഷിതപ്രവര്‍ത്തനത്തിനുവന്ന ക്‌നായിതൊമ്മനും കൂട്ടരുമാണ് ഇവര്‍ ഇല്ലാതായാല്‍ സീറോമലബാര്‍ സഭയുടെ ചരിത്രത്തിന്റെ ആണികല്ലാണ് ഇല്ലാതാകുന്നത്. ക്‌നാനായസമുദായത്തിന്റെ നിലനില്‍പ് സീറോമലബാര്‍സഭയുടെ നിലനില്‍പ്പാണെന്ന് കണ്ട് ഞങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ സാധിച്ചുതരണമെന്ന് അങ്ങയോട്  ആഭ്യര്‍ത്ഥിക്കുന്നു. പിതാവിന് സ്വന്തം അധികാരം ഉപയോഗിച്ചു ചെയ്യാവുന്ന കാര്യമാണ് ഡല്‍ഹിയിലെ ക്‌നാനായക്കാരുടെ പ്രശ്‌നങ്ങള്‍ അവര്‍ക്കവിടെ ഇടവകകള്‍ അനുവദിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് നീതിയാണ്. പിതാവിന് താല്പര്യമുണ്ടെങ്കില്‍ ഇപ്പോള്‍ നടക്കുന്ന സിനഡില്‍ തീരുമാനിക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റ്
ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍,
കുഴിമറ്റം പി ഒ, പനച്ചിക്കാട്-686533