ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Wednesday, July 24, 2013

കാണാപ്പുറത്തേക്ക് ഒരു പ്രയാണം (അദ്ധ്യായം 12.3)



പൂഴിക്കാലായില്‍ ജോസഫച്ചനും മടമ്പവും

1958 ലാണ് പൂഴിക്കാലായിലച്ചന്‍ മടമ്പം വികാരി ആയി എത്തിയത്. യുവവൈദികനെ മടമ്പംകാര്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ വരവോടെ മടമ്പം ഇടവകകയ്ക്ക് ഒരു നവോന്‍മേഷം കൈവന്നുവെന്നു പറയുന്നതില്‍ തെറ്റില്ല. പള്ളിക്കാര്യങ്ങളില്‍ വളരെ നിഷ്ഠയും കാര്‍ക്കശ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. പള്ളിക്ക് കാര്യമായ വരുമാനമുണ്ടാക്കുവാന്‍ വേണ്ടി, അക്കാലത്ത് സുലഭമായി ലഭിച്ചിരുന്ന അമേരിക്കന്‍ ഭക്ഷ്യ-വിഭവങ്ങള്‍ നാനാജാതിമതസ്ഥര്‍ക്ക് വിതരണം ചെയ്യു ന്നതോടൊപ്പം വില്ക്കുകയും ചെയ്തു. അങ്ങനെ ലഭിച്ച പണം പള്ളിക്ക് സിമന്റിടുവാനും മറ്റു മരാമത്തുപണികള്‍ നടത്തുവാനും അദ്ദേഹം വിനിയോഗിച്ചു. മാത്രമല്ല, പള്ളിയുടെ തൊട്ടടുത്തുണ്ടായിരുന്ന റബര്‍ തോട്ടം വാങ്ങിച്ച് പള്ളിക്ക് സ്ഥിരമായ ഒരാദായ മാര്‍ഗ്ഗം അദ്ദേഹം ഉണ്ടാക്കുകയും ചെയ്തു. പള്ളിസ്ഥലം കയ്യാല വച്ച് അടവാക്കിയതും അദ്ദേഹത്തിന്റെ കാലത്താണ്. സര്‍വ്വോപരി, തുമ്പേനി എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മടമ്പം കവലയില്‍, പ്ലാക്കാട്ട് കുഞ്ഞ് സംഭാവന ചെയ്ത സ്ഥലത്ത് ഇരിക്കൂര്‍-ശ്രീകണ്ഠപുരം റോഡില്‍ ഒരു കുരിശുപള്ളിയും അദ്ദേഹം പണിയിക്കുകയുണ്ടായി.

സാമൂഹിക രംഗത്ത്, NES ബ്ലോക്കിന്റെ സഹായത്തോടെ മടമ്പത്ത് ഒരു പൊതുകിണറും, സൗജന്യ ബ്ലോക്കിലേക്കു പ്രവേശിക്കുന്ന പാലവും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് തീര്‍ത്തത്. മടമ്പത്തെ യുവതലമുറയുടെ കലാപരവും സാംസ്‌കാരികവും കായികവും, ബുദ്ധിപരവുമായ പുരോഗമനത്തിനു വേണ്ടി 1958ല്‍ അദ്ദേഹം മുന്‍കയ്യെടുത്ത് ആരംഭിച്ച ബി.സി.എം. ക്ലബ് & ലൈബ്രറി ഇന്നും വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

1959ല്‍ നടന്ന വിമോചനസമരത്തില്‍ മടമ്പം ഇടവകയിലെ ജനങ്ങളെ പൂഴിക്കാലായിലച്ചന്‍ അണിനിരത്തുകയും ക്രിസ്റ്റഫര്‍ സംഘടനയ്ക്ക് രൂപം നല്കുകയും ചെയ്തു. സമരത്തോടനുബന്ധിച്ച് നിരവധി പേര്‍ അറസ്റ്റു വരിക്കയും ജയിലില്‍ പോവുകയും ചെയ്തിട്ടുണ്ട്.

1961 ല്‍ അദ്ദേഹം മടമ്പത്ത് നിന്ന് സ്ഥലം മാറി പോകുമ്പോള്‍ പള്ളിയുടെ സാമ്പത്തിക സ്ഥിതി വളരെ ഭദ്രമാക്കിയിരുന്നു. നല്ലൊരു ബാലന്‍സും പള്ളിക്കുണ്ടായിരുന്നു.

എങ്കിലും മടമ്പം ഇടവകക്കാരുടെ സാമ്പത്തിക അഭിവൃദ്ധിക്കും സുസ്ഥിരതയ്ക്കും എന്തെങ്കിലും കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിക്കുവാന്‍ പൂഴിക്കാലായിച്ചനും കഴിഞ്ഞില്ല. അതിന് അദ്ദേഹത്തിന്റെ പിന്‍ഗാമി മുതുകാട്ടിലച്ചന്‍ മടമ്പത്തു എത്തുന്നതുവരെ കാഞ്ഞിരിക്കേണ്ടി വന്നു.

പയ്യാവൂര്‍ ഇടവകയിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. കൂപ്ലിക്കാട്ടച്ചനും പിന്നാലെ വന്ന എടത്തിപ്പറമ്പിലച്ചനും, ജനങ്ങളുടെ ആത്മീയാഭിവൃദ്ധിയിലും പള്ളിയുടെ സാമ്പത്തിക ഭദ്രതയിലും വരുമാനമാര്‍ഗ്ഗങ്ങളിലുമായിരുന്നു ശ്രദ്ധപതിപ്പിച്ചത്. ഇടവകയുടെ സ്വത്ത് ഇടവക ജനങ്ങളാണെന്നും അവരുടെ സാമ്പത്തികാഭിവൃദ്ധി ഇടവകപ്പള്ളിയുടേയും സാമ്പത്തികനില വര്‍ദ്ധിപ്പിക്കുമെന്നുമുള്ള തിരിച്ചറിവ് ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. തന്റെ പ്രബോധനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്ന ശ്രോതാക്കളുടെ വിശപ്പറിഞ്ഞ് അപ്പം വര്‍ദ്ധിപ്പിച്ചു തീറ്റിപ്പോറ്റിയ യേശുവിന്റെ മാതൃക വൈദികര്‍ അനുസരിച്ചേ മതിയാവൂ. ആത്മീയ ജീവന്റെ നിലനില്പിന് ശാരീരികജീവനും ആവശ്യമാണല്ലോ. അതുകൊണ്ട് ജനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയും ഇടവകയുടെ പ്രവര്‍ത്തനപരിപാടികളില്‍ ഒന്നായിരിക്കണമെന്നു തോന്നുന്നു. വൈദികരുടെയിടയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു തെറ്റായ പ്രവണത ഇത്തരത്തില്‍ ചൂണ്ടിക്കാട്ടുകയാണ്. ഇടവകയിലെ ജനങ്ങളുടെ സാമ്പത്തികനിലയോ സ്രോതസ്സുകളോ വിലയിരുത്താതെ, കോടികളുടെ പള്ളികളും പാരിഷ് ഹാളുകളും പണിയാന്‍ മുന്നിട്ടിറങ്ങുന്ന ഇന്നത്തെ വൈദികരുടെ പ്രവണതകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നും. നിര്‍ബന്ധ പിരിവുകളിലൂടെ ഇടവക ജനങ്ങളെ ഞെക്കിപ്പിഴിയുവാന്‍ അവര്‍ക്ക് മടിയൊട്ടില്ലതാനും. ഇടവക ജനങ്ങളുടെ ജീവിത നിലവാരത്തിന് അനുസൃതമായ പള്ളികളും പള്ളിമുറികളുമല്ലേ അഭികാമ്യം? ഇത്തരം 'കോടി'പ്പള്ളികള്‍ നിര്‍മ്മിക്കുന്നതിന് അനുവാദം നല്കുന്ന രൂപതാധികാരികളുടേയും മനോഭാവവും വ്യത്യസ്ഥമല്ലതാനും. ആഡംബരപള്ളികള്‍ ഉണ്ടാക്കുന്നതിനു പകരം ആരാധനയ്ക്കുതകുന്ന ദൈവാലയങ്ങളാണ് വേണ്ടതെന്ന് പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

വികസനം വഴിമുട്ടിയ കോളനി

മടമ്പം, പയ്യാവൂര്‍ ഇടവകകള്‍ ഉള്‍പ്പെടുന്ന അലക്‌സ്‌നഗര്‍ കോളനിയുടെ വികസനവും വളര്‍ച്ചയും പ്രഥമവും പ്രധാനവുമായി രണ്ടിടവകകളിലും നിയമിതരാകുന്ന വികാരിമാരെ ആശ്രയിച്ചാണിരുന്നത് എന്നു പറയുന്നതില്‍ അതിശയോക്തി ഒട്ടുമില്ല. കാരണം, കോളനിയില്‍ നേതൃത്വം നല്കുന്നതിന് വേറാരും ഇല്ലായിരുന്നല്ലോ. ഏതു കാര്യത്തിനും മുന്നിട്ടിറങ്ങുവാന്‍ വിദ്യാഭ്യാസം, നേതൃത്വപാടവം, സാമ്പത്തികശേഷി എന്നിവ അനിവാര്യമാണ്. ഇതെല്ലാം ഉണ്ടായിരുന്നത് ആരംഭം കാലം മുതല്‍ പള്ളികളിലെ വികാരിമാര്‍ക്ക് മാത്രവുമായിരുന്നു.

1953 മുതല്‍ 1961 വരെ പയ്യാവൂര്‍ വികാരി ആയിരുന്ന കാഞ്ഞിരത്തുങ്കലച്ചനും 1958 മുതല്‍ 1961 വരെ മടമ്പം വികാരി ആയിരുന്ന പൂഴിക്കാലായിച്ചനും പ്രാപ്തന്മാരും, ഊര്‍ജ്ജസ്വലരുമായ യുവവൈദികരായിരുന്നു. നേതൃത്വപാടവവും ഏറെയുള്ളവര്‍. ഗവണ്‍മെന്റുതലത്തിലും ജനങ്ങളുടെ ഇടയിലും സ്വാധീനം ചെലുത്താനും കടന്നുചെല്ലാനും കഴിവുള്ളവര്‍. അമേരിക്കന്‍ ഭക്ഷ്യധാന്യങ്ങള്‍ വിറ്റുണ്ടാക്കിയ പണം ഇഷ്ടം പോലെ. പക്ഷെ, തങ്ങളുടെ കഴിവുകള്‍ ജനക്ഷേമകരവും വികസനപരവുമായ ദിശകളിലേക്കു തിരിച്ചു വിടുന്നതിനു പകരം അക്ഷന്തവ്യമായ ശീതസമരത്തിലേക്ക് പോകുന്നതാണ് കണ്ടത്. അതിന്റെ ഫലമായി, രണ്ടിടവകകളിലേയും ജനങ്ങള്‍ തമ്മിലകലാനും കോളനിയുടെ വളര്‍ച്ച മുരടിക്കാനും ഇടയായി. ബാലാരിഷ്ടതകള്‍ ഒട്ടൊക്കെമാറി, ജനങ്ങള്‍ കുറച്ചൊക്കെ സ്വയം പര്യാപ്തയില്‍ എത്തിത്തുടങ്ങിയ ആ കാലഘട്ടത്തില്‍, ജനങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവും, സാമൂഹികവുമായ പുരോഗതിക്ക് ആവശ്യമായ പദ്ധതികളും പരിപാടികളും ആവിഷ്‌ക്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും വളരെയേറെ സാധ്യതകള്‍ ഉണ്ടായിരുന്നു, സംയുക്തമായി ഒത്തുശ്രമിച്ചിരുന്നെങ്കില്‍, പക്ഷേ, രണ്ടുപേരും അതിനൊന്നും വലിയ പ്രാധാന്യം കൊടുത്തുമില്ല. സാമൂഹികരംഗത്ത് രണ്ടിടവകകളിലും അല്പം പുരോഗതിയ്ക്ക് ആരംഭം കുറിച്ചു എന്നു സമ്മതിക്കാം. മടമ്പത്തും പയ്യാവൂരും റിക്രിയേഷന്‍ ക്ലബുകളും ലൈബ്രറികളും, മഹിളാ സമാജങ്ങളുമൊക്കെ ആരംഭിച്ചു. എന്നാല്‍, കോളനിയുടെ വളര്‍ച്ചയുടേയും വികസനത്തിന്റെയും നട്ടെല്ലാകേണ്ടിയിരുന്ന ശ്രീകണ്ഠപുരം മടമ്പം പയ്യാവൂര്‍ റോഡ് വികസിപ്പിക്കുവാന്‍ രണ്ടു വൈദികരും തയ്യാറായില്ല എന്നത് ഒരു ദുഃഖസത്യമായി അവശേഷീക്കുന്നു. പൊടിക്കളത്തു നിന്ന് മടമ്പം വഴി പയ്യാവൂരേക്കുള്ള റോഡ് 1953ല്‍ വെട്ടിത്തെളിച്ചതാണ്. മണ്ണാത്തുമാക്കീലച്ചന്റെ കാലത്ത് അത് കുറച്ചു കൂടി വിപുലീകരിച്ച് ലോറി ഗതാഗതം ആരംഭിച്ചതുമാണ്. പ്രസ്തുത റോഡ് വികസിപ്പിച്ച് അതിലൂടെ ബസ് സര്‍വ്വീസ് ആരംഭിച്ചിരുന്നുവെങ്കില്‍ കോളനിയുടെ സ്ഥിതി എന്താകുമായിരുന്നു!

അതുപോലെ തന്നെ കോളനിയിലെ വളരുന്ന തലമുറയുടെ ഹൈസ്‌കൂള്‍ പഠനത്തിനുപകരിക്കുന്ന ഒരു ഹൈസ്‌കൂളിനു വേണ്ടി സംയുക്തമായി യത്‌നിക്കുവാനും അവര്‍ രണ്ടുപേരും മുമ്പോട്ടു വന്നില്ലെന്നുള്ളതും നിരാശാജനകമാണ്. അതിനുവേണ്ടി രൂപതാധികാരവും വലിയ താല്പര്യം കാട്ടിയതുമില്ല.

മലബാര്‍ കോളനികളെക്കുറിച്ചു പറയുമ്പോള്‍ എടുത്തുപറയേണ്ട ഒരു വലിയ സത്യമുണ്ട്. കോട്ടയം രൂപതയിലെ വൈദികര്‍ക്കും അധ്യാപകര്‍ക്കും മലബാര്‍ കോളനികള്‍ അവരുടെ ''ആന്‍ഡമന്‍ ദ്വീപ്'' ആണ്. വ്യക്തമായി പറഞ്ഞാല്‍, കോട്ടയം മെത്രാന്‍ ശിക്ഷിച്ച് നാടുകടത്തുന്ന സ്ഥലങ്ങളായിരുന്നു രണ്ടു കോളനികളും. അങ്ങനെ വരുമ്പോള്‍, അവിടെ എത്തിപ്പെടുന്ന വൈദികരുടേയും അധ്യാപകരുടേയും ആത്മാര്‍ത്ഥയും സേവനത്തിലുള്ള പ്രതിബദ്ധതയും ഊഹിക്കാവുന്നതേയുള്ളൂ.

മലബാറിലേക്കു വികാരിമാരായി പോകുവാന്‍ വൈദികര്‍ക്ക് താല്പര്യമില്ലായിരുന്നു എന്നതും വാസ്തവമാണ് അതുകൊണ്ട്. അങ്ങോട്ട് പോകേണ്ടി വന്നാല്‍, എങ്ങിനെയെങ്കിലും കാലാവധി തികച്ച് തിരിച്ചു പോവുക എന്നതായിരുന്നു മിക്കവരുടേയും മനോഭാവം. അപവാദങ്ങള്‍ ഉണ്ടായിരുന്നു എന്നു സമ്മതിക്കുന്നു. അതിനാല്‍, പുതിയ പരിപാടികളോ പ്രസ്ഥാനങ്ങളോ ആരംഭിക്കുവാന്‍ അവര്‍ക്കു താല്പര്യവും ഉണ്ടാവില്ലല്ലോ. ഫലത്തില്‍, കോളനികളുടെ വികസനത്തേയും പുരോഗതിയേയും ആയിരുന്നു ഈ സാഹചര്യം ബാധിച്ചിരുന്നത്.

മറ്റൊന്നു കൂടിയുണ്ട്. മലബാറിലിരിക്കുന്ന വികാരിമാര്‍ക്ക് കോട്ടയത്തുള്ള മെത്രാന്റെ താല്പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ചു മാത്രമല്ലെ പ്രവര്‍ത്തിക്കുവാന്‍ കഴിയൂ. അതുകൊണ്ട് മെത്രാന് അഹിതമായതൊന്നിലും അവര്‍ ഏര്‍പ്പെടുകയുമില്ല. അതുകൊണ്ട് കോളനികളുടെ പുരോഗതിയും അധോഗതിയും മെത്രാനെ ആശ്രയിച്ചാണ് മിക്കവാറും ഉണ്ടായത്. കോട്ടയത്തുള്ള ഒരു യുവവൈദികന്‍ പറഞ്ഞത് ഇവിടെ അര്‍ത്ഥവത്താണ്. ''മലബാറിലേ ഒരു ഫോറോനാ പള്ളിയെക്കാള്‍ കോട്ടയത്ത് ഒരു കുരിശുപള്ളിയില്‍ ഇരിക്കുന്നതാണ് എനിക്ക് അഭികാമ്യം''.

മേല്പ്പറഞ്ഞ ശീതസമരങ്ങളുടെ കൂടുതല്‍ വ്യക്തമായ വിവരണം മറ്റൊരാധ്യായത്തിലുണ്ട്. 1961ല്‍ കാഞ്ഞിരത്തുങ്കലച്ചനും പൂഴിക്കാലായിലച്ചനും സ്ഥലം മാറിപ്പോയി. മടമ്പത്ത് മുതുകാട്ടില്‍ സ്റ്റീഫനച്ചനും, പയ്യാവൂര്‍പള്ളിയില്‍ കുപ്ലിക്കാട്ട് സിറിയക്കച്ചനും, വികാരിമാരായി. പുതിയ വികാരിമാരുടെ വരവോടെ രണ്ടിടവകകള്‍ തമ്മില്‍ കൂടുതല്‍ സഹകരണവും സഹവര്‍ത്തിത്തവും സംസ്ഥാപിതമാകുമെന്നും അതുവഴി കോളനിക്ക് വളര്‍ച്ചയും പുരോഗതിയും കൂടുതലുണ്ടാവുമെന്നും എല്ലാവരും  ആഗ്രഹിച്ചു, പ്രതീക്ഷിച്ചു. പക്ഷേ, അത്തരം പ്രതീക്ഷകള്‍ ഫലമണിഞ്ഞില്ലെന്ന് പില്ക്കാല ചരിത്രം സാക്ഷിക്കുന്നു. അക്കാര്യങ്ങള്‍ ഈ അധ്യായത്തിന്റെ ആരംഭത്തില്‍ കാണാം.

പൂഴിക്കാലായിലച്ചന്റെ കാലത്താണ് മടമ്പം പള്ളിക്ക് മണിയും മണിമാളികയും ഉണ്ടായത് എന്ന കാര്യം ഓര്‍മ്മിക്കുന്നു.

തുടരും....

(എബ്രഹാം നെടുങ്ങാട്ട് എഴുതിയ കാണാപ്പുറത്തേക്ക് ഒരു പ്രയാണം എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.