കാഞ്ഞിരത്തുങ്കലച്ചനും പയ്യാവൂരും
കാഞ്ഞിരത്തുങ്കലച്ചന്‍ പയ്യാവൂര്‍ ഇടവകയില്‍ 1953 മുതല്‍ 1961 വരെ എട്ടു വര്‍ഷം
വികാരി ആയി സേവനം അനുഷ്ഠിച്ചു. അദ്ദേഹം പയ്യാവൂരിനു വേണ്ടി ചെയ്ത സേവനങ്ങളും നല്ല
കാര്യങ്ങളുമൊക്കെ മുമ്പ് വിശദമാക്കിയിട്ടുണ്ട്. പയ്യാവൂരിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍, പള്ളി, പയ്യാവൂര്‍ ടൗണിലെ
പീടികകെട്ടിടം, സ്ഥലം, തുടങ്ങിയവയൊക്കെ അദ്ദേഹം നേതൃത്വം കൊടുത്ത്
ഉണ്ടാക്കിയവയാണ്. പയ്യാവൂരിനെ ഉള്‍പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പല റോഡുകളും
കാഞ്ഞിരത്തിങ്കലച്ചന്റെ നേതൃത്വത്തിലാണ് വെട്ടിത്തുറന്നത്. 1959ല്‍ പയ്യാവൂരില്‍
വിസിറ്റേഷന്‍ മഠം സ്ഥാപിച്ച്, സ്‌കൂളില്‍ കന്യാസ്ത്രീകളുടെ
സേവനം ലഭ്യമാക്കിയതും കാഞ്ഞിരത്തുങ്കലച്ചനാണ്. കണ്ടകശ്ശേരില്‍ ഒരാശുപത്രി ഉണ്ടാകണമെന്ന് ആഗ്രഹിച്ച് അവിടെ
തറക്കില്ലിടുന്നതിനും കാഞ്ഞിരത്തുങ്കലച്ചന്‍ മുന്‍കയ്യെടുത്തു. പയ്യാവൂരിന്റെ
സാമൂഹിക പുരോഗതിക്ക് വളരെയധികം അധ്വാനിച്ചയാളാണ് അദ്ദേഹം.
കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനെതിരെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍
പ്രസിദ്ധമാണ്. കേരള നിയമസഭയില്‍ പോലും കാഞ്ഞിരത്തുങ്കലച്ചന്റെ കമ്മ്യൂണിസ്റ്റു
വിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി പരാമര്‍ശനമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ
കാലത്ത് പയ്യാവൂരില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായിരുന്നു. പയ്യാവൂര്‍
ഇടവകക്കാരില്‍ കുറേപ്പേര്‍ അതിന്റെ സഹകാരികളുമായിരുന്നു. അവരോട് അതികര്‍ശനവും
വിട്ടുവീഴ്ചയില്ലാത്തതുമായ ഒരു നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
ന്യൂനപക്ഷമായിരുന്ന പ്രസ്തുത കുടംബക്കാര്‍ക്കെതിരെ ഭൂരിപക്ഷം ഇടവകക്കാരേയും
അദ്ദേഹം അണിനിരത്തി. അവര്‍ക്കെതിരെ പള്ളിയില്‍ അതിനിശിതമായ ഭാഷയില്‍ അദ്ദേഹം
പ്രസംഗിച്ചു. കമ്മ്യൂണിസ്റ്റുകാരായ ഇടവകക്കാര്‍ക്ക് അദ്ദേഹം കൂദാശകള്‍ നിഷേധിച്ചു.
ബലപ്രയോഗത്തിനും ചിലപ്പോള്‍ അദ്ദേഹവും കൂടെനിന്നവരും മടിച്ചില്ല. കമ്മ്യൂണിസ്റ്റ്
നേതാക്കന്മാര്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുവാനും കരിങ്കൊടികാട്ടുവാനും അദ്ദേഹത്തിനും
മടിയില്ലായിരുന്നു. കമ്മ്യൂണിസ്റ്റ് സഹയാത്രികരായിരുന്ന ഇടവകക്കാര്‍ക്കെതിരെ
അദ്ദേഹമെടുത്ത നടപടികള്‍ പലതും ക്രൈസ്തവസ്‌നേഹത്തിനു പൊരുത്തപ്പെടാത്തവയായിരുന്നു
എന്നു പറയാതിരിക്കാന്‍ വയ്യ. ക്രൈസ്തവ വിശ്വാസത്തിനും, സഭയുടെ പഠനങ്ങള്‍ക്കും നിരക്കാത്തതെന്ന് അദ്ദേഹം
സുദൃഢമായി വിശ്വസിച്ച കമ്മ്യൂണിസ്റ്റ് തത്വസംഹിതയുടെ സഹയാത്രികര്‍ എന്നു
മുദ്രകുത്തി, ഇടവക സമൂഹത്തിന്റെ
പിന്തുണയോടെ ഒറ്റപ്പെടുത്തിയതിന്റെ ഫലമായി പതിനെട്ടോളം കുടുംബങ്ങള്‍ നാടുവിട്ട്
മൈസൂറിലേക്കു പോകേണ്ടി വന്നു. നല്ല സംഘാടകനും, വാഗ്മിയുമൊക്കെ
ആയിരുന്ന കാഞ്ഞിരത്തുങ്കലച്ചന്‍, ക്രിസ്തുവിന്റെ
ശാന്തവും ശാലീനവുമായ സ്‌നേഹത്തിലൂടെ പ്രസ്തുത കുടുംബങ്ങളെ ക്രൈസ്തവ സമൂഹത്തിന്റെ
പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ല എന്നത് ഈ ലേഖകനുള്‍പ്പെടെ
അദ്ദേഹത്തോട് വളരെ അടുപ്പമുണ്ടായിരുന്ന വളരെപ്പേര്‍ക്ക് അജ്ഞാതമാണ്. പില്ക്കാലത്ത്, കുമരകം, കരിങ്കുന്നം വികാരി
ആയിരുന്നപ്പോള്‍ പലപ്പോഴും അദ്ദേഹത്തിന്റെ ആഥിത്യം സ്വീകരിച്ച് ഒപ്പം
താമസിക്കുകയും ഇടവക പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും ചെയ്തപ്പോള്‍, ഈ ലേഖകന്‍ പയ്യാവൂര്‍ കാലഘട്ടത്തെപ്പറ്റി സംസാരിക്കുക
പതിവായിരുന്നു. അപ്പോഴൊക്കെ അദ്ദേഹം പറഞ്ഞത്. ''ഇന്നായിരുന്നുവെങ്കില്‍
സമീപനം അന്നത്തേത് ആയിരിക്കില്ല'' എന്നാണ്. ഒരു പക്ഷേ, അദ്ദേഹത്തിന്റെ പയ്യാവൂര്‍ ഭരണകാലത്ത്
അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും
എതിരുനില്ക്കുവാന്‍ തക്ക പ്രാഗത്ഭ്യമോ വിദ്യാഭ്യാസമോ ചിന്താശക്തിയോ ഉള്ളവര്‍ ആരും
അന്നു കോളനിയില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. കാഞ്ഞിരത്തിങ്കലച്ചന്‍ തന്റെ
സമീപനത്തിലൂടെ ശത്രുക്കളേയും അതിലുപരി അനേകം സ്‌നേഹിതരേയും സമ്പാദിച്ചു.
കമ്മ്യൂണിസത്തിനെതിരായ അദ്ദേഹത്തിന്റെ ശക്തമായ നിലപാടിലൂടെ അദ്ദേഹത്തിന്റെ ജീവനു
പോലും ഭീഷണി ഉണ്ടായിട്ടുണ്ട്. അക്കാലത്ത് ഒരു രാത്രിയില്‍ ഇടവകക്കാരനായ ഒരാള്‍, കാഞ്ഞിരത്തിങ്കലച്ചനെ ഉപദ്രവിക്കാന്‍
പള്ളിമുറിയില്‍ വന്നുവെന്നും, തിരിച്ചുപോയ അയാള്‍
ഭാര്യയെ മാരകമായി മുറിവേല്പിക്കുകയും രണ്ടു വയസ്സുള്ള സ്വന്തം കുഞ്ഞിനെ കാലില്‍
പിടിച്ച് നിലത്തടിച്ചു കൊലപ്പെടുത്തുകയും ചെയ്ത ഒരു സംഭവം ഉണ്ടായതായി കേട്ടിട്ടുണ്ട്
സംഭവത്തിന്റെ അടിസ്ഥാനകാരണം ഇന്നും അജ്ഞാതമാണ്.
പയ്യാവൂര്‍ ഇടവക മുന്നോട്ട്
കാഞ്ഞിരത്തുങ്കലച്ചന്റെ കാലത്ത് 1959ല്‍ പയ്യാവൂരില്‍ വിസിറ്റേഷന്‍ മഠം
ആരംഭിക്കുകയുണ്ടായി. പയ്യാവൂര്‍ ഇടവകയില്‍ നിന്നുണ്ടായ ആദ്യത്തെ അധ്യാപിക
കുഴിവേലില്‍ ചിന്നമ്മ ആയിരുന്നു. ചിന്നമ്മ മടമ്പം സ്‌കൂളില്‍ നിന്ന് ആദ്യ ബാച്ചില്‍
ഇ.എസ്.എല്‍.സി പാസായ ശേഷം 2 വര്‍ഷത്തെ അധ്യാപന പരിശീലനം നേടിയ ശേഷമാണ് പയ്യാവൂര്‍
സ്‌കൂളില്‍ നിയമനം ലഭിച്ചത്. ഏതാണ്ട് ആ കാലയളവില്‍ തന്നെ ചമതച്ചാലില്‍
താമസിച്ചിരുന്ന പടിയാനിക്കല്‍ അന്നമ്മ റ്റീച്ചറും പയ്യാവൂര്‍ സ്‌കൂളില്‍
നിയമിക്കപ്പെട്ടിരുന്നു.. കാഞ്ഞിരത്തിങ്കലച്ചന്റെ കാലത്തു തന്നെ പയ്യാവൂര്‍ ഹയര്‍
എലിമെന്ററി സ്‌കൂള്‍ ആയി ഉയര്‍ത്തിയിരുന്നു.
വികസനത്തില്‍ വളര്‍ച്ച, ആധ്യാത്മികതയില്‍
തളര്‍ച്ച
കാഞ്ഞിരത്തിങ്കലച്ചന്‍ പയ്യാവൂര്‍ ഇടവകയുടെ നാനാവിധ വികസനത്തിന് വളരെയേറെ
സംഭാവനകള്‍ നല്കിയ വ്യക്തിയാണ്. പള്ളി, മഠം, സ്‌കൂള്‍, കുരിശുപള്ളികള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, റോഡുകള്‍, തുടങ്ങിയ ഒട്ടേറെ
നേട്ടങ്ങള്‍ പയ്യാവൂരിന് ഉണ്ടാക്കിയത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാരായി
പുലിക്കൂട്ടില്‍ അബ്രഹാം അച്ചന്‍, കരിപ്പറമ്പില്‍
ലൂക്കാച്ചന്‍, എന്നിവര്‍
കുറഞ്ഞൊരു കാലഘട്ടത്തില്‍ പയ്യാവൂര്‍ ഇടവകയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോളനിയുടെ പുരോഗതിയില്‍, ഇടവക വികാരിമാര്‍
ആദ്യകാലങ്ങളില്‍ അവിഭാജ്യഘടകങ്ങള്‍ ആയിരുന്നുവെന്നതില്‍ ഒരു തര്‍ക്കവുമില്ല. അത്
അത്യാവശ്യവുമായിരുന്നു. എന്നാല്‍, സാമൂഹിക-സാമ്പത്തിക
പുരോഗതിക്കു വേണ്ടി ഇടവക വികാരിമാര്‍ അഹോരാത്രം പരിശ്രമിക്കുമ്പോള്‍ തന്നെ ഇടവക
ജനങ്ങളുടെ ആധ്യാത്മികവും സാന്മാര്‍ഗികവുമായ തലങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടത് വളരെ
ആവശ്യകമാണ്. ഇടവകയിലെ മതപഠനക്ലാസ്സുകള്‍, കുട്ടികള്‍ക്കു
വേണ്ടിയുള്ള ഭക്തസംഘടനകള്‍, വാര്‍ഷികധ്യാനങ്ങള്‍, ഭവന സന്ദര്‍നങ്ങള്‍, ജനങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കം എന്നിവയിലൂടെയാണല്ലോ വികാരിമാര്‍
ഇടവകയുടെ ആധ്യാത്മിക-സാന്മാര്‍ഗീക തലങ്ങളെ സ്വാധീനിക്കുകയും വളര്‍ത്തുകയും
ചെയ്യുന്നത്. പയ്യാവൂരിന്റെ സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ നിരന്തര ശ്രദ്ധയും
അതീവ താല്പര്യവും പ്രകടിപ്പിച്ചപ്പോള്‍ കാഞ്ഞിരത്തുങ്കലച്ചന്റെ ശ്രദ്ധ ഇടവക
ജനങ്ങളുടെ ആധ്യാത്മിക സാന്മാര്‍ഗിക രംഗങ്ങളില്‍ വേണ്ട വിധം പതിഞ്ഞില്ല. തല്‍ഫലമായി
പ്രസ്തുത രംഗങ്ങളില്‍ പോരായ്മകള്‍ വളരെയുണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് യുവതലമുറയില്‍.
എങ്കിലും, അദ്ദേഹത്തിന്റെ പിന്‍ഗാമികളായി
വന്ന കൂപ്ലിക്കാട്ടച്ചനും, എടത്തിപ്പറമ്പില്‍
സൈമണച്ചനും പയ്യാവൂര്‍ ഇടവകയുടെ ആധ്യാത്മിക-സന്‍മാര്‍ഗിക-സാമൂഹ്യ രംഗങ്ങളില്‍
വിലപ്പെട്ട സംഭാവനകള്‍ നല്കിയവരാണ്. ശരിയായ ദിശയിലേക്ക് വളരുന്ന തലമുറയെ
നയിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. ലേഖകന്‍ ആലുവാ സെമിനാരിയില്‍ പഠിക്കുന്ന കാലത്ത്
അവധിക്കാലങ്ങളില്‍ പയ്യാവൂര്‍ പള്ളിയില്‍ പത്തു ദിവസത്തെ മതപഠനക്ലാസ്സുകള്‍
എടുക്കുവാന്‍ രണ്ടു വൈദികരും ആവശ്യപ്പെട്ടതനുസരിച്ച് അവിടെ പോയിരുന്നത് ഓര്‍മ്മിക്കുന്നു.
കാരാപ്പള്ളിലച്ചന്‍ ചമതച്ചാലില്‍ നിര്‍മ്മിച്ച ഷെഡ് കാറ്റില്‍ തകര്‍ന്നെങ്കിലും
1953ല്‍ കാഞ്ഞിരത്തിങ്കലച്ചന്റെ കാലത്ത് കുരിശുപള്ളി വീണ്ടും പണിയിച്ചു.
മാസത്തിലൊരിക്കല്‍ അവിടെ കുര്‍ബാനയും ആരംഭിച്ചു. കൂപ്ലിക്കാട്ടച്ചന്‍ കുരിശുപള്ളി
വിപുലീകരിക്കുകയും മാസത്തിലൊരിക്കലും വിശേഷദിവസങ്ങളിലും ചമതച്ചാലില്‍ കുര്‍ബാന
ചൊല്ലുകയും ചെയ്തിരുന്നു.
എടത്തിപ്പറമ്പില്‍ സൈമണച്ചന്റെ കാലത്ത് 1967 നവംബര്‍ 1-ാം തീയതി ചമതച്ചാല്‍
ഒരു സ്വതന്ത്ര ഇടവകയായി ഉയര്‍ത്തുകയുണ്ടായി. 1968 മാര്‍ച്ച് ഒന്നാം തീയതി മുതല്‍
കോളനിയില്‍ പഠിച്ച് ആദ്യം വൈദികനായ അബ്രഹാം നെടുങ്ങാട്ട് ചമതച്ചാലില്‍ വികാരിയായി
നിയമിതനാവുകയും അവിടെ സ്ഥിരതാമസം തുടങ്ങുകയും ചെയ്തു എന്ന കാര്യം സന്ദര്‍ഭവശാല്‍
ഓര്‍മ്മിച്ചു പോവുന്നു.
തുടരും....
(എബ്രഹാം നെടുങ്ങാട്ട് എഴുതിയ കാണാപ്പുറത്തേക്ക് ഒരു പ്രയാണം
എന്ന പുസ്തകത്തില്‍ നിന്ന്)
No comments:
Post a Comment
അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.