ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Monday, July 29, 2013

കാണാപ്പുറത്തേക്ക് ഒരു പ്രയാണം (അദ്ധ്യായം 13.2)



ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

മുതുകാട്ടിലച്ചന്‍ ഭാവനാസമ്പന്നനും ദീര്‍ഘവീക്ഷണവുമുള്ളവനും ക്രാന്തദര്‍ശിയുമായ ഒരു നല്ല കര്‍ഷകനായിരുന്നു. കാര്‍ഷികവൃത്തി പ്രധാനമായും വരുമാനമാര്‍ഗ്ഗമായിരുന്ന കോളനിക്കാര്‍ക്ക് ക്രിയാത്മകമായ രീതിയിലുള്ള കൃഷിയിലൂടെ മാത്രമേ പുരോഗതി ഉണ്ടാവുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. മടമ്പം പുഴയിലൂടെ ഒഴുകി നഷ്ടപ്പെടുന്ന വെള്ളവും പുഴയുടെ ഇരുകരകളിലുമുള്ള കരിസ്ഥലങ്ങളും ആണ് ഒട്ടനവധി കുടുംബങ്ങളുടെ ഭാവി സമ്പത്ത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഒരു ചെറിയ ഇറിഗേഷന്‍ പ്രോജക്ട് അദ്ദേഹം K. S. S..വഴി മിസരയോറിനു സമര്‍പ്പിക്കുകയും പദ്ധതി അംഗീകരിക്കപ്പെടുകയും ചെയ്തു.

അഞ്ച് മോട്ടോറുകളാണ് ആദ്യം വാങ്ങിയത്. മോട്ടോറുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഇലക്ട്രിക് ലൈനുകള്‍ ലഭ്യമാക്കുന്നതിനും അലക്‌സ്നഗര്‍ വരെ ലൈന്‍ വലിക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതും മുതുകാട്ടിലച്ചന്‍ തന്നെ ആയിരുന്നു.

കൃഷിക്കാരുടെ ചെറുവികസന സമിതികള്‍ രൂപീകരിച്ച് അവയുടെ മേല്‍നോട്ടത്തില്‍ അഞ്ചു മോട്ടോറുകളും പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു. മടമ്പം മുതല്‍ പയ്യാവൂര്‍ വരെ റോഡിനിരുവശത്തും പുഴയോരങ്ങളിലും കാണാവുന്ന തെങ്ങുകളും കമുകിന്‍ തോട്ടങ്ങളും വാഴത്തോട്ടങ്ങളുമെല്ലാം മുതുകാട്ടിലച്ചന്റെ ആശയസന്താനങ്ങളാണ്. ആദ്യത്തെ അഞ്ചുമോട്ടോറുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ ശേഷം അവയുടെ ചുവടു പിടിച്ച് കാര്‍ഷിക വികസന സമിതികളുടെയും വ്യക്തികളുടെയും ആഭിമുഖ്യത്തില്‍ കൂടുതല്‍ പമ്പുസെറ്റുകള്‍ ഉണ്ടായി. വേനല്‍കാലങ്ങളില്‍ പുഴയിലെ വെള്ളം വറ്റിത്തുടങ്ങിയത് വലിയ ഒരു പ്രശ്‌നമായി. എന്നാല്‍ മുതുകാട്ടിലച്ചന്‍ വിഭാവനം ചെയ്ത ഇരുഡ് പദ്ധതിയുടെ ചുവടുപിടിച്ച് അടുത്ത കാലത്ത് മടമ്പത്ത് നിര്‍മ്മിതമായ ഷട്ടര്‍ കം ബ്രിഡ്ജ്, ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ തുടര്‍ച്ചയും വിജയത്തിന്റെ പര്യവസാനവുമാണ്.

മടമ്പത്ത് പുതിയ പള്ളി

മുതുകാട്ടിലച്ചന്റെ കാലത്ത് കോളനിയുടെ വളര്‍ച്ചയിലുണ്ടായ സുപ്രധാന നാഴികകല്ലാണ് മടമ്പത്തെ മനോഹരമായ ദൈവാലയം. പ്രസ്തുത പള്ളി ഇന്ന് സ്ഥിതി ചെയ്യുന്ന കുന്നിന്‍ മുകളില്‍ നിന്ന് കുറേക്കൂടി താഴേക്ക് ഇറക്കിവയ്ക്കണമെന്നായിരുന്നു മുതുകാട്ടിലച്ചന്റെ ആഗ്രഹം. മലമുകളില്‍ എത്തിപെടാന്‍ പ്രായമേറിയവര്‍ക്കുണ്ടായിരുന്ന ബുദ്ധിമുട്ട് പരിഗണിച്ചായിരുന്നു പ്രസ്തുത നിര്‍ദ്ദേശം അദ്ദേഹം വച്ചത്. എന്നാല്‍ പ്രായമായവരുടെ തലമുറ അതിനെ എതിര്‍ത്തു. എല്ലാവര്‍ക്കും എല്ലായിടത്തുനിന്നും ദര്‍ശിക്കാവുന്ന ഉയര്‍ന്ന സ്ഥലത്താകണം പള്ളിയെന്നുള്ള പഴയസിദ്ധാന്തമാണ് അവരെ നയിച്ചതും. അവസാനം തീരുമാനം ഔദ്യോഗിക സന്ദര്‍ശനത്തിന് മടമ്പത്ത് എത്തിയ തറയില്‍ പിതാവിന്റെ മുമ്പിലെത്തി. അദ്ദേഹം തീരുമാനമെടുക്കുവാന്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. കമ്മിറ്റിയിലെ ഭൂരിഭാഗം പേരും പള്ളി മാറ്റരുത് എന്ന ആശയക്കാരായിരുന്നു എന്നത് വേറെ കാര്യം. ഏതായാലും, കമ്മിറ്റി ഭൂരിപക്ഷാഭിപ്രായപ്രകാരം പള്ളിയുടെ സ്ഥാനം മാറ്റേണ്ടതില്ല എന്നു തീരുമാനിച്ചു!

തുടര്‍ന്ന് തറയില്‍ മെത്രാന്‍ പള്ളിക്ക് ശിലാസ്ഥാപനം നടത്തി. പള്ളി പണി ഊര്‍ജ്ജിതമായി മുമ്പോട്ടു പോയി. 1965 ഡിസംബര്‍ 13 ന് പള്ളി തറയില്‍ മെത്രാന്‍ കൂദാശ ചെയ്തു. ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനില്‍ നിന്ന് തറയില്‍ പിതാവ് ലഭ്യമാക്കിയ പണം പള്ളി പണിക്ക് സഹായകമായിരുന്നു.

സ്‌കൂള്‍ കെട്ടിടങ്ങളുടെ വികസനം

പഴയ പള്ളി പൊളിച്ചപ്പോള്‍ ലഭിച്ച മരം, കല്ല്, ഓട് എന്നിവ ഉപയോഗിച്ച് സ്‌കൂളിനുവേണ്ടി ഒരു പുതിയ കെട്ടിടം മുതുകാട്ടിലച്ചന്‍ പണിയുകയുണ്ടായി. കൂടാതെ മടമ്പത്തുണ്ടായിരുന്ന പഴയ പീടിക കെട്ടിടം സ്‌കൂള്‍ കെട്ടിടമായി വികസിപ്പിച്ചു. അതോടൊപ്പം, കോട്ടൂര്‍ വയല്‍ സ്‌കൂളും മുതുകാട്ടിലച്ചന്‍ അറ്റകുറ്റപണികള്‍ ചെയ്യിച്ച് വിപുലീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തു.

വിസിറ്റേഷന്‍ മഠം, മഹിളാസമാജം, ക്ലബ്ബ്

മുതുകാട്ടിലച്ചന്റെ കാലത്തുതന്നെ വിസിറ്റേഷന്‍ മഠം പൊളിച്ച് ഇന്നു നിലവിലുള്ള പുതിയ മഠം പണിയുകയുണ്ടായി.

തുടര്‍ന്ന്  N. E. S. ബ്ലോക്കിന്റെ സഹായത്തോടെ മടമ്പം ബി.സി.എം. ക്ലബ് - ലൈബ്രറിയുടെ കെട്ടിടവും മഹിളാസമാജത്തിന്റെ കെട്ടിടവും മുതുകാട്ടിലച്ചനാണ് പണിയിച്ചത്.

മടമ്പം കോളനിയിലെ ആദ്യകാല ദൈവവിളികള്‍

ഇക്കാലയളവില്‍ മടമ്പത്തുനിന്നുണ്ടായ ദൈവവിളികളെകുറിച്ച് സൂചിപ്പിക്കേണ്ടിയിരിക്കുന്നു. കോളനിയുടെ വളര്‍ച്ചയുടെ ഭാഗമാണല്ലോ ദൈവവിളികള്‍.

കോളനി ആരംഭിച്ചശേഷം കോളനിക്കാരുടെയിടയില്‍ നിന്ന് ആദ്യം പൗരോഹിത്യത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത് പരേതനായ മുല്ലൂര്‍ ജയിക്കബച്ചനാണ്. മുല്ലൂര്‍ ചാണ്ടിയപ്പാപ്പന്‍ മടമ്പത്ത് കുടിയേറിയ 1943 ല്‍ മുല്ലൂരച്ചന്‍ മദ്രാസ് രൂപതയ്ക്ക് വേണ്ടി പൂനമല്ലി സെമിനാരിയില്‍ വിദ്യാര്‍ത്ഥി ആയിരുന്നു. 1950 ലാണ് അദ്ദേഹം വൈദികനായത്. തുടര്‍ന്ന് അദ്ദേഹം റോമില്‍ നിന്ന് ബൈബിള്‍ തിയോളജിയില്‍ ഡോക്ടറേറ്റ് എടുത്തശേഷം  മദ്രാസിലുള്ള പൂനമല്ലി സെമിനാരിയില്‍ ദീര്‍ഘകാലം പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ബൈബിള്‍ തമിഴിലേയ്ക്ക് ഭാഷാന്തരം ചെയ്തവരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു. 1990ല്‍ അദ്ദേഹം നിര്യാതനായി.

പയ്യാവൂര്‍ ഇടവകയില്‍ നിന്നുള്ള കാക്കനാട്ട് മാത്യു അച്ചനാണ് രണ്ടാമത്തെ വൈദികന്‍. അദ്ദേഹവും പഠിച്ചത് കിടങ്ങൂരിലായിരുന്നു. തുടര്‍ന്ന് മംഗലപ്പുഴ സെമിനാരിയില്‍ വൈദികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1958 മാര്‍ച്ചില്‍ വൈദികനായി. രൂപതയില്‍ ഉത്തരവാദിത്വമുള്ള പല സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

മടമ്പത്ത് നിര്‍മ്മിച്ച തൂക്കുപാലത്തിന്റെ നിര്‍മാണത്തിന് നേതൃത്വം കൊടുത്തതും പൂര്‍ത്തീകരിച്ചതും കാക്കനാട്ടച്ചനായിരുന്നു. പാലത്തിന്റെ ആശയവും, പ്ലാനും, പണിയുടെ സാങ്കേതിക മേല്‍നോട്ടവും മള്ളൂശ്ശേരി ഇടവക്കാരനായിരുന്ന പൊക്കന്താനത്ത് പി.റ്റി മാത്യുവിന്റെതായിരുന്നു. പാലത്തിന്റെ പണിക്കാലത്ത് മാത്തുക്കുട്ടി സാര്‍ തളിപ്പറമ്പില്‍ എന്‍ജീനീയറായിരുന്നു. മടമ്പം തൂക്കുപാലം ഒരു പരിധി വരെ മടമ്പത്തിന്റെ നട്ടെല്ലാണെന്നു പറയാം. കുട്ടികള്‍ക്ക് സ്‌കൂളിലേക്കു വരുവാനും ബസ് കയറാന്‍ തുമ്പേനിയിലേക്കു പോകുന്നവര്‍ക്കുമൊക്കെ തൂക്കുപാലം വലിയ അനുഗ്രഹമായിരുന്നു.

ഒരു പ്രാവശ്യം മലബാറിലെ എപ്പിസ്‌കോപ്പല്‍ വികാരിയും രണ്ടു പ്രാവശ്യം മേഴ്‌സി ആശുപത്രി ഡയറക്ടറായും സേവനമനുഷ്ഠിച്ച കാക്കനാട്ടച്ചന്‍ ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു.

കുടിയേറിയവരോടൊപ്പം കോളനിയിലെത്തി, അവിടുത്തെ സ്‌കൂളില്‍ പഠനം ആരംഭിച്ച്, പഠനം തുടരുകയും പിന്നീട് വൈദികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി വൈദികനായ എബ്രഹാം നെടുങ്ങാട്ട് ആണ് നിഷ്‌കൃഷ്ടാര്‍ത്ഥത്തില്‍ കോളനിയില്‍ നിന്നുള്ള ആദ്യ വൈദികന്‍ എന്നു പറയാം. 1967 മാര്‍ച്ച് 12 ന് തറയില്‍ മെത്രാനില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മാര്‍ച്ച് 13-ാം തീയതി പുതിയ മടമ്പം പള്ളിയില്‍ പ്രഥമ ബലിയര്‍പ്പിച്ചു. തുടര്‍ന്ന് മെയ് മാസം 1 മുതല്‍ മടമ്പത്ത് മുതുകാട്ടിലച്ചന്റെ അസിസ്റ്റന്റ് ആയി നിയമിതനായി. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം ചമതച്ചാല്‍ പള്ളി വികാരി ആയി നിയമിക്കപ്പെടുകയും അവിടെ ആദ്യമായി താമസം തുടങ്ങുകയും ചെയ്തു. ഒന്നര വര്‍ഷത്തിനുശേഷം അദ്ദേഹം എടക്കാട്ട് പള്ളിയില്‍ അസേന്തിയായി. തുടര്‍ന്ന് മള്ളൂശ്ശേരി പള്ളിയില്‍ താമസം തുടങ്ങി. 1970ല്‍ കുറ്റൂര്‍ പള്ളി വികാരിയായി നിയമിക്കപ്പെട്ടു. കോട്ടയം രൂപതയുടെ ചരിത്രത്തില്‍ ഒരു മിഷന്‍ പള്ളിയില്‍ തുടര്‍ച്ചയായി എട്ടുവര്‍ഷം സേവനം നടത്തിയ രൂപതാ വൈദികന്‍ അദ്ദേഹമായിരുന്നു. എന്തുകൊണ്ട് അങ്ങനെ  സംഭവിച്ചു എന്നത് ഇന്നും ഒരു സമസ്യ ആയി അവശേഷിക്കുന്നു!

എന്നാല്‍ ഈ കാലയളവില്‍ത്തന്നെ രൂപതയുടെ മതപഠനം, ലിറ്റര്‍ജി, യുവജനസംഘടനകള്‍, ഭക്തസംഘടനകള്‍ എന്നീ രംഗങ്ങളില്‍ കുപ്ലിക്കാട്ട് സിറിയക്കച്ചന്‍, കളപ്പുരയില്‍ ജയിക്കബച്ചന്‍ എന്നിവരോടൊപ്പം വിലപ്പെട്ട സംഭാവനകളും സേവനങ്ങളും നെടുങ്ങാട്ടച്ചന്‍ രൂപതയ്ക്കായി നല്കിയെന്നുള്ളത് ആരും സമ്മതിക്കും. ഇടവകകളില്‍ ആദ്യമായി പൊതുയോഗം അംഗീകരിച്ച ലിഖിതമായ ബജറ്റ് ആവിഷ്‌കരിച്ചു നടപ്പിലാക്കി മാതൃക കാട്ടിക്കൊടുത്തത് അദ്ദേഹമാണ്. ഇടവകയില്‍ മിച്ചം വരുന്ന പണം കുറേയെങ്കിലും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരുടെയും ഇടവകയുടെ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ വികസനങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കണമെന്നും വിനിയോഗിക്കാമെന്നും പ്രായോഗികമായി അദ്ദേഹം കാണിച്ചുകൊടുത്തു.

1981 ല്‍ അദ്ദേഹം മടമ്പം വികാരി ആയി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഉദ്യമങ്ങളുടെ മൂര്‍ത്തഫലമാണ് മടമ്പം ഹൈസ്‌കൂള്‍. മടമ്പം ഹൈസ്‌കൂള്‍ ലഭിക്കുന്നതില്‍ നെടുങ്ങാട്ടച്ചനെ സഹായിച്ച രണ്ടു വ്യക്തികളാണ് കുറ്റൂര്‍ ഇടവകയിലെ വടക്കേടത്ത് വി. പി. അബ്രഹാമും മന്ത്രി പി. ജെ. ജോസഫും.

മടമ്പത്ത് ഒരു ഹൈസ്‌കൂള്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ മരണക്കിടക്കവരെ പോകേണ്ടിവന്നു അദ്ദേഹത്തിന്. 1986ല്‍ ഹൈസ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയായി. അംഗീകാരവും ലഭിച്ചു.

പക്ഷേ, മടമ്പം നെടുങ്ങാട്ടച്ചന്റെ വാട്ടര്‍ലൂ ആയിരുന്നു. പയ്യാവൂര്‍ ഇടവക വിഭജനം, മടമ്പം മേഴ്‌സി ആശുപത്രി, മലബാറിലെ സ്‌കൂളുകളില്‍ മലബാറുകാര്‍ക്ക് നിയമനങ്ങളില്‍ മുന്‍ഗണന തുടങ്ങിയ ചില പ്രശ്‌നങ്ങളില്‍ കുന്നശ്ശേരിമെത്രാനുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് 1987 മുതല്‍ 1993 വരെ ഇടവക ഭരണത്തില്‍ നിന്ന് പിന്മാറി സ്വന്തം ഭവനത്തില്‍ താമസിക്കുകയും, മെത്രാനുമായി അനുരജ്ഞനപ്പെടാതെ മറ്റൊരു ഇടവകഭരണം ഏറ്റെടുക്കില്ലെന്ന് മെത്രാനെ അറിയിക്കുകയും ചെയ്തു. എന്നാല്‍, തമ്മില്‍ കാണാനും സംസാരിക്കുവാനും മെത്രാന്‍ തയ്യാറായില്ല. മറ്റൊരു രൂപതയില്‍ ചേര്‍ന്നു പൗരോഹിത്യത്തില്‍ തുടരാനുള്ള അഭ്യര്‍ത്ഥനയും നിഷേധിക്കപ്പെട്ടു.

അതുകൊണ്ട് 1993ല്‍ പൗരോഹിത്യം ഉപേക്ഷിച്ച് നെടുങ്ങാട്ടച്ചന്‍ വിവാഹം കഴിക്കുകയും ഔദ്യോഗിക പൗരോഹിത്യത്തില്‍ നിന്ന് വിടുതല്‍ റോമില്‍ നിന്നു വാങ്ങുകയും ചെയ്തു. അമേരിക്കയിലെ ഇല്ലിനോയി സ്റ്റേറ്റിന്റെ ചൈല്‍ഡ് വെല്‍ഫയര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ 17 വര്‍ഷം ജോലി ചെയ്ത ശേഷം റിട്ടയര്‍ ചെയ്ത് ഇപ്പോള്‍ അദ്ദേഹം അമേരിക്കയില്‍ താമസിക്കുന്നു.

മടമ്പം കോളനിയില്‍ നിന്ന് ആദ്യമായി വിസിറ്റേഷന്‍ മഠത്തില്‍ ചേര്‍ന്നു കന്യാസ്ത്രീ ആയത് പാറത്തോട്ടുംകര കുടുംബത്തിലെ സി. മരിയറ്റാ ആണ്. 1959 ല്‍ മഠത്തില്‍ ചേര്‍ന്ന മരിയറ്റാ ചമതച്ചാല്‍ മഠത്തിലാണിപ്പോള്‍. അതേവര്‍ഷം വിസിറ്റേഷന്‍ മഠത്തില്‍ അംഗമായ സി. അലക്‌സാണ്ട്രാ മുല്ലൂര്‍ നിര്യാതയായി. സി. ജനവീവ് നടക്കുഴയ്ക്കല്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സലേഷ്യന്‍ സഭയില്‍ അംഗങ്ങളായ സി. ത്രേസ്യാമ്മ തേരകത്തനാടിയില്‍, കടുതോടില്‍ നയ്‌തോമ്മ, ബഥനി സഭാംഗമായ ആക്കക്കുന്നേല്‍ മേരി എന്നിവരും മടമ്പത്തു നിന്ന് ആദ്യകാലത്ത് ദൈവവിളി സ്വീകരിച്ചവരാണ്. മേലേടത്ത് സി. കുസുമോസ്, രാമച്ചനാട്ട് സി. ബൈലോണ്‍, ബി.സി.എം. കോളേജില്‍ പ്രൊഫസരായിരുന്ന ത്രേസ്യാ നെടുങ്ങാട്ട് എന്നിവര്‍ 1963ല്‍ വിസിറ്റേഷന്‍ സഭാംഗങ്ങളായി.

തുടര്‍ന്ന് പൗരോഹിത്യത്തിലേയ്ക്ക് ധാരാളം പേര്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ധാരാളം യുവതികള്‍ വിവിധ സഭകളില്‍ ചേര്‍ന്ന് കേരളത്തിലും പുറത്തും സേവനമനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്.

അമേരിക്കന്‍ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗ-ദുരുപയോഗങ്ങള്‍

കോളനി നിവാസികള്‍ക്കുവേണ്ടി C.R.S ന്റെ അമേരിക്കന്‍ ഭക്ഷ്യവിഭവങ്ങള്‍ അനുവദിക്കുകയും മടമ്പം, പയ്യാവൂര്‍ സെന്ററുകള്‍ക്കായി അവ ട്രെയിന്‍ മാര്‍ഗ്ഗം വളപട്ടണത്ത് എത്തുകയും ചെയ്തിരുന്ന കാര്യം നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ.

കാഞ്ഞിരത്തിങ്കലച്ചന്റെ കാലത്ത് പയ്യാവൂര്‍ സെന്റര്‍ C.R.S നിര്‍ത്തലാക്കി. തുടര്‍ന്ന് മടമ്പത്ത് ലഭിച്ചിരുന്നതിന്റെ പകുതിയായിരുന്നു പയ്യാവൂര്‍ക്കു നല്കിയിരുന്നത്. മുതുകാട്ടിലച്ചന്‍ മടമ്പത്ത് വന്നശേഷം പാല്‍പ്പൊടി കലക്കി പാലായിട്ടാണ് ആദ്യമാദ്യം നല്കിയിരുന്നത്. ഭക്ഷ്യവസ്തുക്കള്‍ വില്ക്കുന്നതിന് അദ്ദേഹം ഒരിക്കലും അനുകൂലവുമല്ലായിരുന്നു. എന്നാല്‍, സാമ്പത്തിക സാമൂഹിക വളര്‍ച്ച ലക്ഷ്യമാക്കിയ ഇരുഡ് പദ്ധതി, എലക്ട്രിസിറ്റി ലൈന്‍, പള്ളി പണി, സ്‌കൂള്‍ പണി തുടങ്ങിയവയ്ക്ക് ഭാരിച്ച ചെലവുകള്‍ ഉണ്ടായി. ജനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുക എന്നു വിചാരിച്ചാല്‍ അവരുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരവുമായിരുന്നു. സ്ഥലത്തെ ചുരുക്കം ചില അദ്ധ്യാപകര്‍ ഒഴികെ സ്ഥിരവരുമാനക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസം ലഭിക്കാതെ ജോലി ലഭിക്കുക സാധ്യമല്ലല്ലോ. അതിന് ഹൈസ്‌കൂളോ കോളജുകളോ ഒക്കെ അപ്രാപ്യമായിരുന്നു താനും. അതുകൊണ്ട് കൂലിപ്പണിയും, കൃഷിപ്പണിയും മാത്രമായിരുന്നു പ്രധാന വരുമാനമാര്‍ഗ്ഗം. സ്ഥിരവരുമാനം നല്കുന്ന നാണ്യവിളകള്‍ കശുവണ്ടി ഒഴികെ മറ്റൊന്നും ഉണ്ടായിരുന്നുമില്ല. അങ്ങനെ  ഒരു വിഷമവൃത്തത്തിലായിരുന്നു അച്ചനും ജനങ്ങളും. പിന്നെ പണം ലഭിക്കുവാനുള്ള വഴി മെത്രാനോട് ചോദിക്കുക എന്നതാണ്.  ബി.സി.എം. കോളേജ്, കാരിത്താസ് ആശുപത്രി, ഉഴവൂര്‍ കോളേജ് തുടങ്ങിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ മുന്‍ഗണനയും പ്രാധാന്യവും കൊടുത്തിരുന്ന രൂപതാധികാരികള്‍ക്കും അല്‍മായ പ്രമുഖര്‍ക്കും മലബാറില്‍ ചെന്നുപെട്ട മനുഷ്യരുടെ കാര്യത്തില്‍ ശ്രദ്ധചെലുത്താന്‍ പണവും സമയവും ഉണ്ടാവുകയില്ലല്ലോ.

ഏതായാലും ഇറങ്ങിത്തിരിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം ലഭിക്കാന്‍ മുതുകാട്ടിലച്ചന്‍ കണ്ട വഴി അമേരിക്കന്‍ ഭക്ഷ്യധാന്യങ്ങളുടെ വില്പനയാണ്. അവയ്ക്ക് പൊതുമാര്‍ക്കറ്റില്‍ നല്ല വിലയും ലഭിച്ചിരുന്നു. വളപട്ടണം റെയില്‍വേ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ വിറ്റ് പണമാക്കി തുടങ്ങി.

അമേരിക്കന്‍ ഭക്ഷ്യസാധനങ്ങളുടെ വില്പന മടമ്പത്തു മാത്രമല്ല ഉണ്ടായിരുന്നത്. രൂപതാസ്ഥാനമായ കോട്ടയത്തും അതു നടന്നിരുന്നു. കോട്ടയം ഭാഗത്തു പല പള്ളികളും സ്ഥാപനങ്ങളും പടുത്തുയര്‍ത്തുന്നതില്‍ അമേരിക്കന്‍ ഭക്ഷ്യവസ്തുക്കള്‍ വിറ്റുണ്ടായ പണം നിര്‍ലോഭം ഉപയോഗിച്ചിട്ടുണ്ട്. അതിന് രൂപതയുടെ തലപ്പത്ത് ഉത്തരവാദപ്പെട്ടവര്‍ മൗനാനുവാദം നല്കിയിട്ടുമുണ്ട്.

മടമ്പം പള്ളിയുടെ പണിക്കും മടമ്പത്തും മുതുകാട്ടിലച്ചന്‍ ആരംഭം കുറിച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്കും അമേരിക്കന്‍ ഭക്ഷ്യവസ്തുക്കള്‍ വിറ്റു കിട്ടിയ പണം നിര്‍ലോഭം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നുള്ള വസ്തുത നിഷേധിക്കേണ്ടതില്ല. ആ പണം ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ, മടമ്പം കോളനി ഒരു പുരോഗമനവും കാണാതെ വികസനം മുട്ടിയ ഒരവികസിത പ്രദേശമായിത്തന്നെ കോട്ടയം രൂപതയില്‍ അവശേഷിക്കുമായിരുന്നു. കോട്ടയം രൂപതാദ്ധ്യക്ഷന്മാരും സമുദായ പ്രമുഖരും സംഘടിത കുടിയേറ്റത്തിലൂടെ മലബാറിലേയ്ക്ക് ചെന്നുപെട്ട ആളുകളേയും മലബാര്‍ മേഖലയേയും പുരോഗതിയിലേയ്ക്ക് എത്തിക്കുന്നതിന് രൂപത നടത്തിയ സാഹസികയത്‌നത്തേയും  ഉണ്ടാക്കിക്കൊടുത്ത അത്ഭുതകരമായ പുരോഗതിയേയുംകുറിച്ച് വായ്തോരാതെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ സത്യത്തില്‍ അത്ഭുതവും അവജ്ഞയുമാണ് മനസ്സില്‍ വരിക. അതേക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യുവാന്‍ ഒരു പ്രത്യേക അദ്ധ്യായം തന്നെ വേണ്ടിയിരിക്കുന്നു. 1943ല്‍ മടമ്പത്ത് കുടിയേറിയ ഒരു ജനതയ്ക്ക് വികസനത്തിന്റെ നുറുങ്ങുവെട്ടം കാണുവാന്‍ ഏതാണ്ട് കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പുവേണ്ടി വന്നു എന്നു പറയുന്നതാവും ശരി. ആ നുറുങ്ങുവെട്ടം തെളിയിച്ചതാകട്ടെ മുതുകാട്ടിലച്ചന്‍ എന്ന വൈദീകനും.

തുടരും....

(എബ്രഹാം നെടുങ്ങാട്ട് എഴുതിയ കാണാപ്പുറത്തേക്ക് ഒരു പ്രയാണം എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.