ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Wednesday, July 17, 2013

കാണാപ്പുറത്തേക്ക് ഒരു പ്രയാണം (അദ്ധ്യായം 11.2)



കൃഷിയും, കൃഷിരീതികളും

തിരുവിതാംകൂറില്‍ മീനച്ചില്‍ താലൂക്കില്‍ പെട്ടവരായിരുന്നു കുടിയേറിയവരില്‍ ഭൂരിപക്ഷവും അവിടത്തെപ്പോലെ നെല്ല്, കപ്പ, നടുതലകള്‍ തുടങ്ങിയവ ആയിരുന്നു പ്രധാന കൃഷികള്‍. മിക്കവരുംതന്നെ കുരുമുളക് വള്ളിയും കൃഷിചെയ്തു. എന്നാല്‍ നാണ്യവിളകളായ റബര്‍, കമുക്, തെങ്ങ്, കശുമാവ്, എന്നിവ കൃഷി ചെയ്യുന്നതില്‍ വലിയ മുന്‍ഗണന നല്കിയിരുന്നില്ല. പലരും, പുരയ്ക്കു ചുറ്റും ഏതാനും തെങ്ങുകളും കമുകുകളും കുഴിച്ചുവയ്ക്കുകയും കുരുമുളകുവള്ളികള്‍ നടുകയും ചെയ്തു. കശുമാവിന്‍ തൈകള്‍ ഒട്ടുമിക്ക പേരും നട്ടു. എന്നാല്‍, കുഴിച്ചുവച്ചതല്ലാതെ തുടര്‍ന്നുള്ള അവയുടെ സംരക്ഷണത്തിന് ആരും അധികം മെനക്കിട്ടില്ല എന്നതാണ് സത്യം. അവ സ്വയം വളരട്ടെ എന്ന ചിന്താഗതി ആണ് അന്നുണ്ടായിരുന്നത്.

നാട്ടിലെ കൃഷിരീതികള്‍ അവലംബിക്കുവാനും ആളുകള്‍ നിഷ്‌കര്‍ഷ കാണിച്ചില്ല. മണ്ണൊലിപ്പു തടയുന്നതിന് വേണ്ടി ഇടക്കയ്യാലകള്‍ തീര്‍ക്കുകയും മണ്ണുമാടുമറിക്കുകയും മണ്ണു വലിച്ച് പുരയിടങ്ങള്‍ ലവലാക്കുകയും ചെയ്യേണ്ടത് ആവശ്യമായിരുന്നു. ചിട്ടയായും പരമ്പരാഗത രീതിയിലും അധ്വാനിക്കുവാന്‍ ആദ്യമാദ്യം ആളുകള്‍ വിമുഖരായിരുന്നു. മിക്കപുരയിടങ്ങളിലും കയ്യാല വയ്ക്കുവാന്‍ കല്ല് ഉണ്ടായിരുന്നുതാനും. അതാതു വര്‍ഷത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുക അതായിരുന്നു മിക്കവരും ചെയ്തിരുന്നതും.

ചിട്ടയായി കൃഷിയിറക്കാനും, പുരയിടങ്ങള്‍ സജ്ജമാക്കാനും ഉതകിയ സാമ്പത്തികസ്ഥിതി അല്ലായിരുന്നു അന്നത്തേത് എന്ന് ന്യായീകരിക്കാം. ഗവണ്‍മെന്റില്‍ നിന്ന് ഒരുവിധ പ്രോത്സാഹനവും സാമ്പത്തിക സഹായവും ലഭിച്ചിരുന്നില്ലതാനും. എങ്കിലും സ്വന്തം അദ്ധ്വാനത്തിലൂടെ സ്വന്തം പുരയിടം മെച്ചപ്പെടുത്താനും അധികംപേര് ഉത്സാഹം കാണിച്ചില്ലെന്നുള്ളതും സത്യമാണ്.


വിലമുറിയും കടബാധ്യതയും

അന്നത്തെ സാമ്പത്തിക സ്ഥിതിവിശേഷത്തില്‍ നിന്നുയിര്‍കൊണ്ട ഒരു ദുര്‍ഗുണമായിരുന്നു വിലമുറിക്കല്‍. വിളവെടുക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പ് മാപ്പിളമാര്‍ എത്തും. നെല്ലോ, കശുവണ്ടിയോ, അടയ്ക്കയോ കപ്പയോ നല്കണമെന്ന വ്യവസ്ഥയില്‍ പണം നല്കും പക്ഷേ, വിളവെടുക്കുന്ന സമയത്ത് ലഭിക്കുന്ന വിലയുടെ പകുതിയോ മൂന്നിലൊന്നോ വില മാത്രം ലഭിക്കും. അതിനാണ് വിലമുറിക്കല്‍ എന്നു പറയുന്നത്. അതുവഴി വില മാത്രമല്ല കര്‍ഷകനേയും മുറിക്കുകയാണ് ചെയ്യുന്നത്. വിളവു കൊടുക്കാനാകാതെ കടബാധ്യതയില്‍ മുങ്ങിയവര്‍ ഏറെയാണ്.

ഗതാഗതത്തിന്റെ അപര്യാപ്തത

1953 വരെ മടമ്പത്ത് ഒരു ജീപ്പുപോലും എത്താന്‍ വഴിയില്ലായിരുന്നു. അതുകൊണ്ട്, വില്ക്കാന്‍ ഉല്പന്നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അവ മാര്‍ക്കറ്റിലെത്തിക്കുക അസാധ്യമായിരുന്നു. തലച്ചുമടായി മാര്‍ക്കറ്റില്‍ എത്തിച്ചാലും ലഭിക്കുന്ന വില തുച്ഛമായിരുന്നുതാനും.

ആരോഗ്യം.

കഠിനമായ അദ്ധ്വാനവും, പോഷകാഹാരക്കുറവും മലമ്പനിയും ഒട്ടേറെപ്പേരെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളെ, രോഗാവസ്ഥയിലാക്കി. ഗതാഗതത്തിന്റെ അഭാവം മൂലം രോഗികളെ വിദൂരമായ കണ്ണൂര്‍ ആസ്പത്രിയിലെത്തിക്കുക വിഷമകരമായിരുന്നു. തന്മൂലം ഒട്ടേറെ മരണങ്ങള്‍ ഉണ്ടായി. പ്രസവത്തോടെ മരിക്കുന്ന ഗര്‍ഭിണികള്‍, കുട്ടികള്‍, പാമ്പുകടിയേറ്റു മരിച്ചവര്‍, മഞ്ഞപ്പിത്തം, മലമ്പനിമൂലം മരിച്ചവര്‍ - ലിസ്റ്റ് ഇനിയും നീട്ടേണ്ടതില്ല.

നേതൃത്വത്തിന്റെ അഭാവം

ഇത്തരം സാഹചര്യങ്ങളില്‍ ക്രിയാത്മകമായ, ശക്തമായ, ബുദ്ധിപരമായ നേതൃത്വത്തിന്റെ ആവശ്യകതയും എടുത്തു പറയേണ്ടതുണ്ട്. വിദ്യാഭ്യാസവും സാമ്പത്തികശേഷിയും നേതൃത്വത്തിന് അത്യന്താപേക്ഷിതമാണല്ലോ നിര്‍ഭാഗ്യവശാല്‍ കോളനിക്കാരുടെയിടയില്‍ അങ്ങനെ ആരും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. കോളനിയുടെ നേതൃത്വം പ്രഥമവും പ്രധാനവുമായി വൈദികരിലാണ് നിക്ഷിപ്തമായിരുന്നത്. അതിനുള്ള വിദ്യാഭ്യാസം അവര്‍ക്കേ ഉണ്ടായിരുന്നുള്ളു അതോടൊപ്പം അധികാരവും നിയന്ത്രണവും. വൈദികരുടെ പ്രധാന ചുമതല ജനങ്ങളുടെ ആധ്യാത്മിക പുരോഗതിയാണ്. അതിനു സഹായകമായ പ്രവര്‍ത്തനങ്ങളായിരുന്നു. അവരുടെ ലക്ഷ്യവും. അതുകൊണ്ട് അവര്‍ ലക്ഷ്യം വച്ചത് പള്ളി, പള്ളിക്കൂടം, മഠം, പള്ളിമുറി, ശവക്കോട്ട തുടങ്ങിയവയുടെ നിര്‍മ്മാണത്തിലാണ്. ജനങ്ങളുടെ ഭൗതിക പുരോഗതി, ആരോഗ്യം, ഗതാഗതം എന്നിതൊക്കെ വൈദികരെ സംബന്ധിച്ചിടത്തോളം ഉപപ്രധാനമാണല്ലോ. നിര്‍ഭാഗ്യവശാല്‍ മടമ്പം കോളനിയില്‍ നിന്ന് നേതൃത്വത്തിലെക്ക് കടന്നവര്‍ - ആധ്യാത്മിക രംഗത്തോ ഭൗതികരംഗത്തോ എത്തിപെട്ടവര്‍ - വളരെ വിരളമാണ്. നേതൃത്വത്തിലേക്ക് കോളനിക്കാര്‍ ആരേയും വളര്‍ത്തിക്കൊണ്ടുവരാന്‍ ഔത്സുക്യം കാണിച്ചില്ലെന്നു മാത്രമല്ല, സ്വന്തം കഴിവിലൂടെ വളര്‍ന്നു വന്നവരെ തകര്‍ക്കുന്നതില്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നുമില്ല. സാന്ദര്‍ഭികമായി പറയട്ടെ, രാഷ്ട്രീയ-സാമൂഹിക രംഗത്ത് ഉയര്‍ന്നു വന്ന മുല്ലൂര്‍ ജോസും, സഭാസമൂഹത്തില്‍ ശ്രദ്ധിക്കപ്പെട്ട ഫാ. എബ്രഹാം നെടുങ്ങാട്ടും പ്രധാന ഉദാഹരണങ്ങള്‍. അസൂയാലുക്കളായ രാഷ്ട്രീയ നേതാക്കന്മാര്‍ മുല്ലൂര്‍ ജോസിനെ തേജോവധം ചെയ്തപ്പോള്‍ സ്വന്തം നാട്ടുകാര്‍ നിശബ്ദത അവലംബിച്ച് അവര്‍ക്ക് പിന്‍തുണ നല്കി. അങ്ങനെ മടമ്പം കോളനിയില്‍ നിന്ന് ഉണ്ടാകാമായിരുന്ന ഒരു എം.എല്‍.എ. അഥവാ മന്ത്രി അവിടെ നഷ്ടമായി. മലബാര്‍ മേഖലകളിലെ സ്‌കൂളുകളില്‍ മലബാറില്‍ നിന്നുള്ള അദ്ധ്യാപകരെ നിയമിക്കുക, മലബാറിലെ ഇടവകകളുടെ ഏതാണ്ടു മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന മേഴ്‌സി ആശുപത്രി വികസിപ്പികുക തുടങ്ങിയ ചില ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാറിന്റെ വികസനത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ കുന്നശ്ശേരി മെത്രാന്റെ പ്രതികാരനടപടികളും അതിനു കൂട്ടുനിന്ന അസൂയാലുക്കളായ സഹവൈദികരുടെ ബഹിഷ്‌ക്കരണവും അതിനു മൗനാനുവാദം നല്കിയ മടമ്പംകാരുടെ നിസ്സംഗതയും പൗരോഹിത്യം തന്നെ ഉപേക്ഷിക്കുവാന്‍ നെടുങ്ങാട്ടച്ചനെ പ്രേരിപ്പിച്ചു. മറ്റൊരു രൂപതയില്‍ ചേര്‍ന്ന് പുരോഹിത ശ്രുശ്രൂഷ തുടരുവാനുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പോലും കുന്നശേരി മെത്രാന്‍ തള്ളുകയാണ് ചെയ്തത്.

തുടരും....

(എബ്രഹാം നെടുങ്ങാട്ട് എഴുതിയ കാണാപ്പുറത്തേക്ക് ഒരു പ്രയാണം എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.