സ്‌കൂളുകളും വിദ്യാഭ്യാസ സൗകര്യങ്ങളും
1945 ലാണ് മടമ്പത്ത് മേരിലാന്റ് ഹയര്‍ എലമെന്ററി സ്‌കൂള്‍ ആരംഭിച്ചത്.
വിസിറ്റേഷന്‍ സഭയില്‍പ്പെട്ട സിസ്റ്റര്‍. സീയന്നയും, സിസ്റ്റര്‍. റോസേത്തായും, പടേട്ടു
ചാക്കോസാറുമായിരുന്നു ആദ്യ അധ്യാപകര്‍. കോയമ്പത്തൂര്‍ ഡിവിഷണല്‍ സ്‌കൂള്‍ ഇന്‍സ്പക്ടറുടെ
അനുവാദത്തോടെയാണ് സ്‌കൂള്‍ ആരംഭിച്ചത്. ഈ ലേഖകനും സ്‌കൂള്‍ വിദ്യാഭ്യാസം
ആരംഭിച്ചത് മടമ്പത്താണ്. മദ്രാസ് പ്രസിഡന്‍സിയിലെ അധ്യാപകര്‍ക്ക് അന്ന് രണ്ടു വര്‍ഷത്തെ
അധ്യാപകപരിശീലനം നിര്‍ബന്ധമായിരുന്നു. മടമ്പത്താരംഭിച്ച സ്‌കൂളിലെ അധ്യാപകര്‍
തിരുവിതാംകൂറിലെ ഒരു വര്‍ഷത്തെ അധ്യാപക പരിശീലനം മാത്രമുള്ളവരായിരുന്നു. പ്രൈവറ്റ്
സ്‌കൂള്‍ ആയിരുന്നതുകൊണ്ട് ആദ്യം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. എന്നാല്‍, ആറാം ക്ലാസ്സ് ആരംഭിച്ചതോടെ ഹെഡ്മാസ്റ്റര്‍
നിശ്ചിത യോഗ്യതയുള്ളവരായിരിക്കണമെന്ന നിഷ്‌ക്കര്‍ഷ വന്നു. തല്‍ഫലമായി ഷൊര്‍ണ്ണൂര്‍ക്കാരിയായ
അഗത്താടീച്ചര്‍ മടമ്പത്ത് ഹെഡ്മിസ്ട്രസ് ആയി. 1951ല്‍ ആദ്യത്തെ ബാച്ചില്‍ പെട്ട
നാല് ആണ്‍കുട്ടികളും നാലു പെണ്‍കുട്ടികളും മദ്രാസ് ഗവണ്‍മെന്റ് നടത്തുന്ന ESLC-Elementary school leaving certificate പരീക്ഷ എഴുതുകയുണ്ടായി. അക്കാലത്ത് അത് പബ്ലിക്ക്
പരീക്ഷ ആയിരുന്നു. നടക്കുഴയ്ക്കല്‍ ഏലിയാമ്മ (N.J)
മുല്ലൂര്‍ മറിയം (S.R. Alexandra) തെങ്ങുമ്പറമ്പില്‍
തേസ്യാ, (K.C) M.I. തേസ്യാ, കുഴിവേലില്‍ ചിന്നമ്മ, ജയന്തന്‍ നമ്പൂതിരി, ദാറൂട്ടി, കരുണാകരന്‍ എന്നിവരെ
ഈ ലേഖകന്‍ ഓര്‍മ്മിക്കുന്നു. അന്ന് സ്‌കൂളില്‍ പരിശോധനയ്ക്കു വന്നിരുന്ന നീലകണ്ഠന്‍
ഇന്‍സ്‌പെക്ടര്‍ക്ക് മുണ്ടും ഷര്‍ട്ടും കോട്ടുമായിരുന്നു വേഷം. ഗൗരവഭാവത്തില്‍
ചോദ്യങ്ങള്‍ ചോദിച്ചിരുന്ന നീലകണ്ഠന്‍ ഇന്‍സ്‌പെക്ടറോട് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും
ഭയവും ബഹുമാനവുമായിരുന്നു. ഇന്‍സ്‌പെക്ടറുടെ ശിപായിയുടെ വേഷമായിരുന്നു കൂടുതല്‍
ആകര്‍ഷണീയം.
ഈ ഘട്ടത്തില്‍ സി. ഡയനാ, സി. സോഫിയാ, സി. റജീനാ, സി. ക്ലാര, സി. ജത്രുദ് എന്നിവര്‍ മടമ്പത്ത് എത്തിയിരുന്നു.
സോഫിയാമ്മ ഞങ്ങള്‍ക്കൊക്കെ ഒരു പേടിസ്വപ്നമായിരുന്നു. മഠത്തിനു ചുറ്റും ഒട്ടുമാവ്, പ്ലാവ്, നാരകച്ചെടി തുടങ്ങിയ
ഫലവൃക്ഷങ്ങളും പൂന്തോട്ടവും നനച്ചു പിടിപ്പിക്കേണ്ടത് വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ
കരിക്കുലത്തിന്റെ ഭാഗമായിരുന്നു. നാലു മണി വിട്ടു കഴിഞ്ഞാല്‍ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും
നിശ്ചയിച്ചു തന്നിരിക്കുന്ന ചെടികള്‍ക്ക്, ആറ്റില്‍ നിന്ന്
വെള്ളം കോരി കൊണ്ടുവന്ന് നനയ്ക്കുവാന്‍ ഞങ്ങള്‍ ബാധ്യസ്ഥരായിരുന്നു.
മലബാറിലെ നിയമം അനുസരിച്ച് യോഗ്യതയുള്ള അധ്യാപകര്‍ വേണമെന്നു നിര്‍ബന്ധമായപ്പോള്‍
തലശ്ശേരിക്കടുത്ത് വടക്കുംപാട്ടുകാരായ സി. അച്യുതന്‍ മാസ്റ്റര്‍, കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, എന്നിവര്‍ നിയമിതരായി. സി. അച്ചുതന്‍
മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റര്‍, പുതിയ അധ്യാപകരുടെ
വരവോടെ സ്‌കൂളില്‍ എല്ലാറ്റിനും അടുക്കും ചിട്ടയുമൊക്കെ ആയി. മേല്പറഞ്ഞ അധ്യാപകര്‍
പള്ളിവക കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്. വൈകുന്നേരങ്ങളില്‍ അവര്‍
ചെറുപ്പക്കാര്‍ക്കു വേണ്ടി വോളിബോള്‍ കളി ആരംഭിച്ചത് ഒത്തിരി ചെറുപ്പക്കാരെ ആകര്‍ഷിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് വൈകിട്ട് അവര്‍ ട്യൂഷന്‍ നല്കിയിരുന്നു. പ്രൈവറ്റ് സ്‌കൂളില്‍
ശമ്പളം നന്നെ കുറവായിരുന്നതു കൊണ്ട് ട്യൂഷന്‍ ലഭിച്ചിരുന്ന കുട്ടികള്‍ അധ്യാപകര്‍ക്ക്
പച്ചക്കറികളും അരിയുമൊക്കെയാണ് പ്രതിഫലമായി കൊടുത്തിരുന്നത്. ഈ ലേഖകന്‍ 1953-ല്‍
മൂന്നാമത്തെ ബാച്ചിലാണ് ഇ.എസ്.എല്‍.സി.
പരീക്ഷ എഴുതിയത്.
1948 ലാണ് പയ്യാവൂരില്‍ സേക്രട്ട് ഹാര്‍ട്ട് എലമെന്ററി സ്‌കൂള്‍ ആരംഭിച്ചത്.
ആദ്യം അഞ്ചുക്ലാസ്സുകള്‍ മാത്രമാണുണ്ടായത്. ആറ്, ഏഴ്, എട്ടു ക്ലാസ്സുകളില്‍
പയ്യാവൂര്‍ ഭാഗത്തുള്ള പല വിദ്യാര്‍ത്ഥികളും മടമ്പത്തു വന്നാണ് പഠിച്ചിരുന്നത്. സ്‌കൂളില്‍
നാട്ടുകാരായ ഹൈന്ദവ വിദ്യാര്‍ത്ഥികളും ധാരാളമായി വന്നുതുടങ്ങി.
1953-ല്‍ കോട്ടൂര്‍വയല്‍ ഭാഗത്തു താമസിച്ചിരുന്നവര്‍, നടക്കുഴയ്ക്കല്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഒരു
പ്രൈമറി സ്‌കൂള്‍ ആരംഭിക്കുവാന്‍ മുന്നിട്ടിറങ്ങി. അദ്ദേഹത്തോടൊപ്പം എറപുറത്തു കോര, കുര്യന്‍ തുടങ്ങിയവരും തലശ്ശേരി രൂപതയില്‍പ്പെട്ട
ചില കുടുംബങ്ങളും സഹകരിച്ചു. എറപുറത്ത് കാരണവര്‍ ഒരേക്കര്‍ സ്ഥലം സ്‌കൂളിന്
ദാനമായി നല്കി. അവിടെ കെട്ടിടം പണിത് ഒരു എലമെന്ററി സ്‌കൂള്‍ ആരംഭിച്ചു. പ്രസ്തുത
സ്‌കൂള്‍ പിന്നീട് മടമ്പം പള്ളിക്ക് എഴുതികൊടുത്തു. സ്‌കൂള്‍ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്.
ഹയര്‍ എലിമെന്ററി പാസായാല്‍ മലബാറിലെ ഹൈസ്‌കൂളില്‍ IV-ാം ഫോറത്തില്‍ ചേരാമായിരുന്നു. പക്ഷേ, മടമ്പത്തു നിന്നോ പയ്യാവൂരു നിന്നോ ആര്‍ക്കും തുടര്‍ന്ന്
ഹൈസ്‌കൂള്‍ പഠനം ലഭ്യമായില്ല. ഏറ്റവും അടുത്തുണ്ടായിരുന്നത് തളിപ്പറമ്പ് മൂത്തേടത്ത്
ഹൈസ്‌കൂളും കൂടാളി ഹൈസ്‌കൂളും മാത്രം. യാത്രാസൗകര്യം കമ്മിയായിരുന്ന അക്കാലത്ത്
അവിടങ്ങളില്‍ വല്ല വീടുകളിലും താമസിച്ചു പഠിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു.
ഹൈന്ദവഗൃഹങ്ങളില്‍ കത്തോലിക്ക കുട്ടികളെ താമസിപ്പിക്കുക
ക്ഷ്രിപ്രസാധ്യമായിരുന്നില്ല. താമസത്തിനുള്ള ചെലവും സ്‌കൂളിലെ ഫീസും താങ്ങാവുന്ന
സാമ്പത്തികസ്ഥിതി ആര്‍ക്കും ഒട്ടില്ലായിരുന്നുതാനും. മാത്രവുമല്ല, അടുത്തുണ്ടായിരുന്ന കത്തോലിക്ക സ്‌കൂളുകള്‍
കോളയാട്ടും, തലശ്ശേരിയിലും, കണ്ണൂരും, അവിടെ ബോര്‍ഡിംഗുകളില്‍
താമസിച്ചു വേണം പഠിക്കുവാന്‍. അതിന്റെ ഭാരിച്ച ചെലവു താങ്ങുവാന്‍ ആര്‍ക്കും
സാധിക്കുമായിരുന്നില്ല. അതുകൊണ്ട്, അഞ്ചാം ക്ലാസ്സ്
പഠനം കൊണ്ടോ എട്ടാം ക്ലാസ്സ് പഠനം കൊണ്ടോ വിദ്യാഭ്യാസം നിര്‍ത്തുകയായിരുന്നു
പതിവും. പറമ്പില്‍ പണിയാന്‍ ആളും വേണമല്ലോ.
ലേഖകന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍, സതീര്‍ത്ഥ്യനായിരുന്ന
തെങ്ങംപറമ്പില്‍ ജോസഫ് സലേഷ്യന്‍ സഭയില്‍ ചേര്‍ന്ന് ബാംഗാളിലെ ബാന്‍ഡല്‍
മിഷനിലേക്ക് പോയത് ഓര്‍മ്മിക്കുന്നു. അതുപോലെ മുണ്ടാട്ടുചുണ്ടയില്‍ സക്കറിയാസും
വടക്കേഇന്‍ഡ്യയിലെ ഏതോ രൂപതയില്‍ ചേര്‍ന്ന കാര്യവും സ്മരണീയമാണ്. ലേഖകന്‍
എട്ടാംക്ലാസ് പഠനത്തിനുശേഷം വട്ടക്കളത്തില്‍ സിറിയക്ക് അച്ചന്റെ പ്രേരണപ്രകാരം
കോട്ടയത്തിനു പോവുകയും മെത്രാസന അരമനയില്‍ താമസിച്ചു കൊണ്ട് സേക്രട്ട്ഹാര്‍ട്ട്
മൗണ്ട് ഹൈസ്‌കൂളില്‍ പഠനം തുടരുകയും ചെയ്തു.
മടമ്പം, പയ്യാവൂര്‍
ഭാഗത്തുള്ളവര്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് അവസരമുണ്ടായത് ഇരിക്കൂറിലും
ശ്രീകണ്ട്ഠപുരത്തും ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഉണ്ടായശേഷം മാത്രമാണ്. അതാകട്ടെ
കേരളപ്പിറവിക്കു ശേഷവും.
കോളേജ് വിദ്യാഭ്യാസത്തിന്റെ കഥ വെറും കഥയാണ്. അടുത്തുണ്ടായിരുന്ന ഏക കോളജ്
തലശ്ശേരി ബ്രണ്ണന്‍ കോളേജായിരുന്നു ചുരുക്കത്തില്‍, ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും കോളേജ് പഠനവുമൊക്കെ മടമ്പം കോളനിക്കാര്‍ക്ക്
ബാലികേറാമലയായിരുന്നു. കോളനിയിലെ വളരുന്ന തലമുറയ്ക്ക് ഹൈസ്‌കുള്‍ വിദ്യാഭ്യാസം
ലഭ്യമാക്കുവാന്‍ ആരും തന്നെ - സഭാധികാരികളില്‍ നിന്നോ അല്‍മായരില്‍ നിന്നോ - മുന്നോട്ടു വന്നതായി കാണുന്നില്ല.
തിരുഹൃദയക്കുന്നിലെ അപ്പോസ്‌തോലിക്കു സ്‌കൂളില്‍ മടമ്പം. പയ്യാവൂര്‍ ഭാഗത്തുനിന്ന്
സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ ചേര്‍ത്തു പഠിപ്പിക്കുവാന്‍ അന്നത്തെ വൈദികരോ
കന്യാസ്ത്രീകളോ മുന്‍കയ്യെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഇന്നും
പിടികിട്ടുന്നില്ല.
മടമ്പത്തു നിന്ന് ആദ്യമുണ്ടായ ബിരുദധാരിയുടെ കാര്യം പരാമര്‍ശിക്കാതെ വിടുന്നത്
ശരിയല്ല. കുടിയേറ്റക്കാരോടൊപ്പം മടമ്പം കോളനിയില്‍ കുടിയേറിയതല്ലെങ്കിലും, അധികം താമസിക്കാതെ മടമ്പത്ത് എത്തിയ മരുതൂര്‍
ഉലഹന്നാന്റെ സീമന്തപുത്രന്‍ M.U കുരുവിളയാണ്
മടമ്പത്തു നിന്നുണ്ടായ ആദ്യബിരുദധാരി. പാലാ സെന്റ് തോമസ് കോളേജില്‍ നിന്നാണ്
അദ്ദേഹം ബി.എ. പാസായത്. കോളജ് വിദ്യാര്‍ത്ഥി ആയിരുന്ന സമയത്ത് അവധിക്ക് മടമ്പത്ത്
കുരുവിള വന്നിരുന്നു. വൈകുന്നേരം മടമ്പത്ത് പള്ളിപീടികയുടെ വരാന്തയില്‍
കൂടിയിരുന്ന സാധാരണ മനുഷ്യരോട് ആനുകാലിക സംഭവങ്ങളെപ്പറ്റി അദ്ദേഹം വാചാലമായി
സംസാരിക്കുകയും ദിനപത്രം വായിച്ചു കേള്‍പ്പിക്കുകയും ചെയ്തിരുന്നത് ലേഖകന്‍
സ്മരിക്കുന്നു. നല്ല വാഗ്മിയും പുരോഗമനാശയങ്ങള്‍ ഉണ്ടായിരുന്നവനും എന്ന നിലയില്‍
കുരുവിളയെ മടമ്പത്ത് ചില കാരണവന്മാര്‍ക്ക് ഇഷ്ടമല്ലായിരുന്നു. ബി.എ. പാസായ
കുരുവിളയ്ക്ക് മടമ്പം സ്‌കൂളില്‍ നിയമനത്തിന് അര്‍ഹതയുമുണ്ടായിരുന്നു. പക്ഷേ, കുരുവിളയെ ഇഷ്ടപ്പെടാതിരുന്ന ചിലര്‍, കുരുവിള കമ്മ്യൂണിസ്റ്റാശയക്കാരനാണെന്ന് മെത്രാന്
റിപ്പോര്‍ട്ട് ചെയ്തിനാല്‍ സഭാധികാരം അദ്ദേഹത്തിനു നിയമനം നല്കിയില്ല. അദ്ദേഹം
കോഴിക്കോട്ടുള്ള മലബാര്‍ എഡ്യൂക്കേഷന്‍ ബോര്‍ഡിന്റെ കീഴിലുള്ള ഹൈസ്‌കൂളില്‍
അദ്ധ്യാപക ജോലി നേടുകയും ചെയ്തു. തുടര്‍ന്ന് ബി.എഡ്. പാസായ കുരുവിള ടാന്‍സാനിയായിലേക്ക്
അധ്യാപകനായി പോവുകയാണുണ്ടായത്. കുരുവിള ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിരമായി
താമസിക്കുന്നു.
മടമ്പത്തും പയ്യാവൂരും ഉയര്‍ന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍ രണ്ടു സ്ഥലങ്ങളിലെയും
പാവപ്പെട്ട മനുഷ്യര്‍ തങ്ങളുടെ പട്ടിണിയില്‍ നിന്നും സ്വരൂപിച്ചെടുത്ത പിടിയരിയും
പിരിവുകളും നല്കി, ശ്രമദാനവും
കൂട്ടപ്പണിയും നടത്തി, തങ്ങളുടെ ചോര നീരാക്കി
പടുത്തുയര്‍ത്തിയവയാണ്. 1953ല്‍ മടമ്പത്തു വികാരിയായി വന്ന മണ്ണാത്തുമാക്കീല്‍
ജയിക്കബച്ചനാണ് മടമ്പത്ത് ആദ്യത്തെ സ്‌കൂള്‍ കെട്ടിടം പണിതുയര്‍ത്തിയത് അതിനുവേണ്ടി
അദ്ദേഹം എന്തുമാത്രം ത്യാഗം സഹിച്ചു. തനിക്കു ലഭിച്ചിരുന്ന കുര്‍ബാനധര്‍മ്മം പോലും
ആശാരിമാര്‍ക്കും മറ്റും കൂലി കൊടുക്കുവാനദ്ദേഹം വിനിയോഗിച്ചു. അദ്ദേഹത്തോടൊപ്പം
ജനങ്ങളും അക്ഷീണം യത്‌നിച്ചു. കടുത്ത പട്ടിണിയുടെ നടുവിലായിരുന്നു ജനങ്ങള്‍ എന്ന
കാര്യം മറക്കരുത്. കെട്ടിട നിര്‍മ്മാണത്തിന് കോട്ടയം അരമനയില്‍ നിന്ന് കാര്യമായ
സഹായവും ലഭിച്ചിരുന്നുമില്ല.
പയ്യാവൂര് സ്‌കൂള്‍ പണി കാഞ്ഞിരത്തുങ്കല്‍ തോമസച്ചനാണ് നടത്തിയത്
മടമ്പത്തെന്നെ പോലെ ഇടവകജനങ്ങളുടെ അക്ഷീണ പരിശ്രമങ്ങളും പിരിവുകളും, കാഞ്ഞിരത്തിങ്കലച്ചന്റെ കഴിവുറ്റ നേതൃത്വവും
സമ്മേളിച്ചപ്പോള്‍ സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയായി. പില്‍ക്കാലത്ത്, പട്ടിണി കിടന്ന് സ്‌കൂള്‍ കെട്ടിടങ്ങള്‍
പണിഞ്ഞവരുടെ മക്കള്‍ക്ക് മലബാറിലെ സ്‌കൂളുകളിലെ നിയമനങ്ങളില്‍ അര്‍ഹമായ പരിഗണന
രൂപതാധികാരം നല്കിയില്ല എന്നത് എത്രയോ ഗര്‍ഹണീയമാണ്. കേരള സംസ്ഥാന രൂപീകരണത്തോടെ
മലബാര്‍ ജില്ല കേരളത്തിന്റെ ഭാഗമായപ്പോള്‍ കോട്ടയം രൂപതയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകളും
കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലായി. കോര്‍പ്പറേറ്റ് ഏജന്‍സി
രൂപീകരിക്കുന്നതുവരെ മലബാറിലെ സ്‌കൂളുകള്‍ അതാതു പള്ളികളിലെ വികാരിമാരുടെ മാനേജ്‌മെന്റിലാണ്
നടന്നിരുന്നത്. പക്ഷേ, കോട്ടയം മെത്രാന്റെ
അറിവും സമ്മതവും കൂടാതെ നിയമനങ്ങള്‍ നടത്തുവാന്‍ വികാരിമാര്‍ക്ക്
അനുവാദമില്ലായിരുന്നു. മടമ്പത്തുണ്ടാകുന്ന വേക്കന്‍സികളിലേക്ക് കന്യാസ്ത്രീകളെ
നിയമിച്ചയയ്ക്കും. അവരുടെ നിയമനം ഒരു കാരണവശാലും അംഗീകരിക്കപ്പെടില്ലെന്ന്
അറിയാമായിരുന്നിട്ടും. അത്തരത്തിലുണ്ടായ ഒരു നിയമനവും തുടര്‍ന്ന് മടമ്പം ഇടവകയിലുണ്ടായ
ബഹളങ്ങളും ഓര്‍ത്തുപോകുന്നു.
മടമ്പത്ത് കോട്ടൂര്‍ സൈമണച്ചന്‍ (സീനിയര്‍) വികാരി ആയിരുന്ന കാലം. 1956ല്‍
കേവലം ആറു മാസത്തേക്കു മാത്രമേ അദ്ദേഹം വികാരിസ്ഥാനത്തുണ്ടായിരുന്നുള്ളൂ. ആ
സമയത്ത് മടമ്പം സ്‌കൂളില്‍ ഒരു വേക്കന്‍സി ഉണ്ടായി. തല്‍സ്ഥാനത്തേയ്ക്ക് മടമ്പം
ഇടവകക്കാരനായിരുന്ന തേക്കലക്കാട്ടില്‍ ജോണ്‍ അപേക്ഷ നല്‍കി. എസ്.എസ്.എല്‍.എസി.
പാസായി രണ്ടു വര്‍ഷത്തെ ട്രെയിനിംഗും കഴിച്ചയാളായിരുന്നു ജോണ്‍. സൈമണച്ചന്‍ നിയമനം
കൊടുക്കാമെന്നു സമ്മതിക്കുകയും നിശ്ചിത ദിവസം സ്‌കൂളില്‍ ജോലി ആരംഭിക്കുവാന്‍
ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം നിയമന വിവരവും മറ്റും കോട്ടയത്ത് അറിയിച്ചു.
നിശ്ചിത ദിവസം ജോണ്‍സാര്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ തല്‍സ്ഥാനത്തേക്ക് മെത്രാന്റെ
നിയമനക്കത്തുമായി എത്തിയ കന്യാസ്ത്രീ ചേര്‍ന്നു കഴിഞ്ഞിരുന്നു! ജോണ്‍ വികാരിയച്ചനെ
സമീപിച്ച്. സങ്കടം പറഞ്ഞു. വികാരി തന്റെ നിസ്സഹായത വെളിപ്പെടുത്തി. മെത്രാന്റെ
കല്പനക്കപ്പുറം തനിക്കൊന്നും ചെയ്യാനാവില്ലെന്ന് അറിയിച്ചു.
നിരാശനായ ജോണ്‍ സാര്‍ പിതാവ് തേക്കലക്കാട്ടില്‍ മത്തനോടൊപ്പം വീട്ടിലേക്ക്
പോകാനിറങ്ങിവന്നപ്പോള്‍ പല കാരണവന്മാരുമായി തങ്ങളുടെ അനുഭവം പങ്കുവച്ചു. തുടര്‍ന്ന്
മടമ്പത്തെ പ്രായമായ തലമുറയിലെ ആളുകള്‍ കൂട്ടമായി പള്ളിമുറിയിലെത്തി. തങ്ങള്‍
കഷ്ടപ്പെട്ടുണ്ടാക്കിയ സ്‌കൂളില്‍ തങ്ങളുടെ ഒരു മകനെ നിയമിക്കുന്നില്ലെങ്കില്‍
തങ്ങളുടെ മക്കളെ സ്‌കൂളില്‍ അയയ്ക്കുകയില്ലെന്ന് അവര്‍ അറിയിച്ചു പിറ്റേദിവസം
മുതല്‍ സ്‌കൂളിലേക്ക് കുട്ടികളെ അയച്ചതുമില്ല. ചിലര്‍ സ്‌കൂള്‍ ഇന്‍സ്പക്ടറെ വിവരം
അറിയിക്കാനും ഉദ്യമിച്ചു. കാര്യത്തിന്റെ ഗൗവരവും സ്‌ഫോടനാത്മകമായ സാഹചര്യവും
സൈമണച്ചന്‍ കോട്ടയത്ത് അറിയിച്ചു. കൂനിന്മേല്‍ കുരു എന്ന പോലെ, നിയമിക്കപ്പെട്ട കന്യാസ്ത്രീ കലശമായ രോഗം മൂലം
തിരിച്ചുപോയി. അങ്ങനെ ജോണ്‍ നിയമിതനായി.
എന്നാല്‍, 1957ല്‍ ഇ.എം.എസ്.
മന്ത്രിസഭ അധികാരത്തില്‍ വരികയും മന്ത്രി മുണ്ടശ്ശേരി പുതിയ വിദ്യാഭ്യാസനയവും, ബില്ലും നടപ്പിലാക്കുകയും ചെയ്തപ്പോള്‍ ജോണ്‍ സാര്‍
വിഭ്യാദ്യാസ ബില്ലിനെ പരസ്യമായി അനുകൂലിച്ചുസംസാരിച്ചു. പ്രകോപിതരായ അതേ
കാരണവന്മാര്‍ തന്നെ സംഘടിച്ച് ''കമ്മ്യൂണിസ്റ്റു'' കാരനായ ജോണിനെ പിരിച്ചു വിടണമെന്ന ആവശ്യവുമായി
വികാരി ആയിരുന്ന പൂഴിക്കാലായിലച്ചന്റെ അടുത്തെത്തി. ജോണ്‍സാറിനെ വിളിച്ച്
മാനേജരച്ചന്‍ വിശദീകരണം ചോദിച്ചു. ഒന്നുകില്‍ രാജി, അല്ലെങ്കില്‍ പരസ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തള്ളിപറയുക ഇതായിരുന്നു
അച്ചന്റെ ഡിമാന്റ്. ആലോചിച്ചു തീരുമാനമെടുക്കുവാന്‍ ജോണ്‍സാര്‍ രണ്ടു ദിവസത്തെ
സാവകാശം ചോദിച്ചെങ്കിലും മാനേജരച്ചന്‍ സമ്മതിച്ചില്ല എന്തിനും തയ്യറായി
നില്ക്കുന്ന ഇടവകക്കാരുടെ മുമ്പില്‍ വച്ച് ജോണ്‍സാര്‍ തന്റെ രാജി എഴുതികൊടുത്ത്
ഇറങ്ങിപ്പോയി. ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകനായി റിട്ടയര്‍ ചെയ്ത് ഒരു പ്രകൃതിസ്‌നേഹിയും
അവിവാഹിതനുമായി ജീവിച്ച ജോണ്‍ സാര്‍ അടുത്ത കാലത്താണ് ജീവിതത്തില്‍ നിന്നു തന്നെ
വിടവാങ്ങിയത്.
തുടരും....
(എബ്രഹാം നെടുങ്ങാട്ട് എഴുതിയ കാണാപ്പുറത്തേക്ക് ഒരു പ്രയാണം
എന്ന പുസ്തകത്തില്‍ നിന്ന്)
No comments:
Post a Comment
അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.