1980-കളില്‍ ആരംഭിച്ചതാണ് വടക്കേ
അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ സംഘടനയായ കെസിസിഎന്‍എ. തുടക്കംമുതലേ ഈ
സംഘടനയുടെ മുഖ്യകാര്യപരിപാടി രണ്ടു വര്‍ഷത്തിലൊരിക്കല്‍ മൂന്നു-നാല് ദിവസങ്ങള്‍
നീളുന്ന കണ്‍വെന്‍ഷന്‍ നടത്തുകയെന്നതാണ്. ഇത്രയുംകാലം മേല്പറഞ്ഞ കണ്‍വെന്‍ഷന്‍
മുടക്കമില്ലാതെ നടന്നിട്ടുണ്ട്. അത് ഒരു നിസാരകാര്യമല്ല. വളരെ പ്രൊഫഷണല്‍ രീതിയിലാണ്
അത് സംഘടിപ്പിക്കപ്പെടുന്നത്. “കേരളത്തിന് വെളിയില്‍ നടക്കുന്ന ഏറ്റവും വലിയ
മലയാളികൂട്ടായ്മ” എന്നും ഇതിനെ വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്. ഓരോ വര്ഷം
കഴിയുംതോറും ഇതില്‍ പങ്കെടുക്കാനുള്ള സമുദായംഗങ്ങളുടെ ആവേശം കൂടുന്നതല്ലാതെ
കുറയുന്നില്ല. ക്നാനായ സമുദായാംഗങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധവും ഇഴയടുപ്പവും, സംഘാടകരുടെ
കാര്യക്ഷമത എന്നപോലെതന്നെ ഇതിനെ വിജയിപ്പിക്കുന്ന ഘടകങ്ങളാണ്.
2010 വരെ ഒരു അലിഖിത നിയമം
ഉണ്ടായിരുന്നു – ഇത്തരത്തിലുള്ള ക്നാനായ കണ്‍വെന്‍ഷന്‍ നടക്കണമെങ്കില്‍ കോട്ടയം
പിതാക്കന്മാരുടെ സാന്നിദ്ധ്യം അനിവാര്യമാണ്. അവരില്‍ ആരെങ്കിലും ഇല്ലാതെ ഒരു കണ്‍വെന്‍ഷന്‍
നടക്കുകയെന്നത് അചിന്തനീയമായിരുന്നു.
എന്നാല്‍ 2012-ല്‍ ചരിത്രം
തിരുത്തിക്കുറിച്ചു. കത്തോലിക്കാസഭയിലെ അരപ്പട്ടകെട്ടിയ ഒറ്റയാള്‍ പോലും ഇല്ലാതെ ആ
കണ്‍വെന്‍ഷന്‍ ഭംഗിയായി, വിജയകരമായി നടന്നു.
എല്ലാ നേതാക്കന്മാരുടെയും വിജയരഹസ്യമാണ് പൊതുജനത്തിന്റെ ഓര്‍മ്മ ഹൃസ്വമാണെന്നത്.
എന്നിരുന്നാലും രണ്ടു വര്ഷം മുമ്പ് നടന്ന കാര്യങ്ങള്‍ പലരും മറന്നിട്ടുണ്ടാവില്ല.
പ്രസ്തുത കണ്‍വെന്‍ഷനില്‍ പിതാക്കന്മാര്‍ പങ്കെടുക്കാത്തതിന്റെ പിന്നിലെ
ചേതോവികാരം അന്നും ഇന്നും രഹസ്യമാണ്. പക്ഷെ അതിന്റെ പേരില്‍ അവര്‍ കളിച്ച കളികള്‍ പുറത്തായി.
കോട്ടയം പിതാക്കന്മാര്‍ ആരും പങ്കെടുത്തില്ല എന്നുമാത്രമല്ല, അങ്ങാടിയത്ത്
പിതാവോ, ക്നാനായക്കാരുടെ ചുമതലയുള്ള വികാരി ജനറാളോ അതില്‍ പങ്കെടുത്തില്ല. ആ
സമയത്ത് അമേരിക്കയില്‍ ഉണ്ടായിരുന്ന മറ്റു ചില മെത്രാന്മാരെയും ഇതില്‍
പങ്കെടുക്കുന്നതില്‍ നിന്നും അവര്‍ വിലക്കുകയും പിന്തിരിപ്പിക്കുകയും ചെയ്തു. “തിരുമേനി
ഇല്ലെങ്കില്‍ കണ്‍വെന്‍ഷന്‍ നടക്കുകയില്ല” എന്ന് വിശ്വസിച്ചുപോയ സംഘാടകരുടെ
അവസാനത്തെ ആശ്രയമായിരുന്നു, ചിങ്ങവനം അരമനയില്‍ നിന്നുള്ള ക്നാനായ യാക്കോബായ തിരുമേനി.
അദ്ദേഹത്തെയും പിന്തിരിപ്പിക്കാന്‍ കോട്ടയം അരമനയില്‍ നിന്ന് ആള്‍ ചെന്നതും, ആ
ശ്രമം പരാജയപ്പെട്ടതും അമേരിക്കയിലുള്ള കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം.
പിതാക്കന്മാര്‍ക്ക് മക്കളോട് ഇത്രയും വൈരാഗ്യം തോന്നാനുള്ള കാര്യം എന്താണെന്ന്
ഇന്നുവരെയും ആരോടും പറഞ്ഞിട്ടില്ല; ആര്‍ക്കും മനസിലായിട്ടുമില്ല.
All is well that ends well എന്നാണല്ലോ. കണ്‍വെന്‍ഷന്‍
വന്‍വിജയമായിരുന്നു എന്ന് സംഘാടകരുടെ ശത്രുക്കള്‍ക്ക് പോലും സമ്മതിക്കേണ്ടിവന്നു.
ക്നാനായകാര്‍ക്ക് സ്വന്തമായി രൂപത ലഭിച്ച നാള്‍ മുതല്‍ തങ്ങളുടെയും
സമുദായത്തിന്റെയും രക്ഷകരായി കണ്ടിരുന്ന പിതാക്കന്മാര്‍ തങ്ങളുടെ പ്രിയപ്പെട്ട സമുദായത്തെ
ഒറ്റുകൊടുക്കുന്നു എന്നത് ക്നാനായക്കാരുടെ പൊതുവികാരമായിരുന്ന കാലത്താണ് ഇത്
സംഭവിച്ചതെന്നും കൂട്ടിവായിക്കുക. ഇതിന്റെ പ്രത്യക്ഷമായ പ്രത്യാഘാതമായിരുന്നു
കാരിത്താസ് മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സമുദായം പിന്തിരിഞ്ഞു നിന്നത്. കണ്‍വെന്‍ഷണില്‍
പങ്കെടുക്കാതിരുന്ന തെറ്റായിപോയി എന്ന് അരമനവാസികള്‍ക്ക് ഇതിനോടകം ബോദ്ധ്യമായി
എന്നത് വ്യക്തം. ഒരിക്കല്‍കൂടി ഇതാവര്‍ത്തിച്ചാല്‍ കണ്‍വെന്‍ഷന്‍ സമയത്ത് ആരും കോട്ടയം
പിതാക്കന്മാരുടെ കാര്യം ഓര്‍ക്കുകപോലുമില്ല എന്നവര്‍ തിരിച്ചറിഞ്ഞു.
അതിനുശേഷമാണ് ഈ വര്ഷം യു.കെ.യിലെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ
പണ്ടാരശേരി പിതാവിനെ ഇരുത്തിക്കൊണ്ട് “ക്നാനായ സമുദായത്തെ നശിപ്പിക്കുന്ന
ദുഷ്ടശക്തികളെ”ക്കുറിച്ച് വെള്ളം ചേര്‍ക്കാത്ത, ശക്തമായ ഭാഷയില്‍ കെസിസിഎന്‍എയുടെ വൈസ്പ്രസിഡന്റ്
പ്രസംഗിച്ചത്. പ്രസംഗത്തിനിടയില്‍ വൈദികന്‍ വീശുന്നതും കൊച്ചുപിതാവ്
അസ്വസ്തനാകുന്നതും എല്ലാവരും കണ്ടതാണ്.
ചിക്കാഗോയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകളനുസരിച്ച് അടുത്ത കണ്‍വെന്‍ഷനില്‍
പിതാക്കന്മാരുടെ സാന്നിദ്ധ്യം ഉണ്ടാകും എന്നാണു മനസിലാകുന്നത്. നല്ലത്, വളരെ
നല്ലത്. എന്നിരുന്നാലും ഇത് ചില പ്രസക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
1. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ എന്ത് മാറ്റം ഉണ്ടായതുമൂലമാണ് പിതാക്കന്മാരുടെ നിലപാട് മാറിയത്?2. അവര്‍ എന്തെങ്കിലും വിട്ടുവീഴ്ചകള്‍ നടത്തുകയോ, കഴിഞ്ഞ പ്രാവശ്യം പങ്കെടുക്കാത്തതില്‍ സംഘടനാഭാരവാഹികളോട് ഖേദപ്രകടനം നടത്തുകയോ ചെയ്തിട്ടുണ്ടോ?3. അതോ, ഇന്നത്തെ സംഘടനാഭാരവാഹികളാണോ വിട്ടുവീഴ്ചകള്‍ നടത്തിയത്? എങ്കില്‍, അതെന്തിനുവേണ്ടി ആയിരുന്നു? ഇവരുടെ സാന്നിദ്ധ്യം കൊണ്ട് വടക്കേ അമേരിക്കയിലെ ശരാശരി ക്നാനായക്കാരന് എന്ത് നേട്ടമാണ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കേണ്ടത്?4. യു.കെ. കണ്‍വെന്‍ഷന്‍ സമയത്ത് നടത്തിയപോലുള്ള പ്രസംഗങ്ങള്‍ വീണ്ടും ഉണ്ടായിക്കൂടെന്നില്ല. കാരണം, സാഹചര്യങ്ങളില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. അങ്ങിനെ സംഭവിച്ചാല്‍, പിതാക്കന്മാര്‍ക്ക് അതൊരു പ്രശ്നമല്ലെങ്കില്‍ കൂടി, സമുദായത്തിന് അതൊരു നാണക്കേടല്ലേ?
കത്തോലിക്കാ സഭയില്‍ നിന്നും വിഭിന്നമായി ജനാധിപത്യ സംഘടന എന്ന നിലയില്‍
സമുദായംഗങ്ങളുടെ ഇത്തരം ആശങ്കകള്‍ ദൂരീകരിക്കാന്‍ കെസിസിഎന്‍എ നേതൃത്വം
കടപ്പെട്ടവരാണ് എന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു.
അലക്സ് കണിയാംപറമ്പില്‍