ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Saturday, April 19, 2014

ഞാൻ ഈ ചെയ്തതു നിങ്ങൾ --- എൻറെ ഓർമ്മക്കായി ചെയ്യുവിൻ

ഈ ലോകത്തിൽ നിന്നും വിട പറയുവാൻ സമയമായി എന്നതു മനസ്സിലാക്കിയ യേശു ശിഷ്യരുമൊരുമിച്ചു അവസാനമായി ഭഷണം കഴിക്കുന്ന വേളയിൽ അപ്പവും വീഞ്ഞും ഏവർക്കും നൽകികൊണ്ട് 'ഞാൻ ഈ ചെയ്തതു നിങ്ങൾ എൻറെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എൻറെ ഓർമ്മക്കായി ചെയ്യുവിൻ' എന്ന് അരുൾചെയ്ത വാക്കുകൾ കത്തോലിക്കാ സഭയുടെ അടിത്തറയായി തീരുകയുണ്ടായി. യേശുവിന്റെ ഓർമ്മ നിലനിർത്തുന്നതിനായി  ആചരിക്കുന്ന ആ അത്താഴവിരുന്നു പരിശുദ്ധ കുർബാനയായി കത്തോലിക്കർ ആഘോഷിക്കുവാൻ തുടങ്ങി. വിവിധ ക്രിസ്തീയ വിഭാഗക്കാർ അതിനെ തങ്ങളുടെ ആവശ്യത്തിനും അഭിരുചിക്കും അനുസരിച്ച് പല രീതിയിൽ വ്യാഖ്യാനിക്കുകയും, വിമർശിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്നു. ശരിയും തെറ്റും ഏതെന്നു മതപണ്ഡിതരും ചരിത്രകാരന്മാരും തീരുമാനിക്കട്ടെ.

യേശു അന്തിമ അത്താഴവേളയിൽ പറഞ്ഞതിനും പ്രവർത്തിച്ചതിനും (പരിശുദ്ധ കുർബാനയ്ക്ക്) ഇന്നു നാം നൽകുന്ന അർത്ഥമേ ഉള്ളോ?  അതോ അതിൽ അന്തർലീനമായിക്കിടക്കുന്ന സാരാംശം നമുക്ക് മനസ്സിലാകാതെ പോയതാണോ? സ്വാർത്ഥതയ്ക്കും സൌകര്യത്തിനും വേണ്ടി മനപൂർവം വിട്ടുകളഞ്ഞതാണോ? 'ഞാൻ ഈ ചെയ്തതു നിങ്ങൾ എൻറെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എൻറെ ഓർമ്മക്കായി ചെയ്യുവിൻ' എന്ന് യേശു പറഞ്ഞതായി കുർബാന മദ്ധ്യെ നാം പ്രാർഥിക്കുമ്പോൾ എന്നും അപ്പവും വീഞ്ഞും വാഴ്ത്തി ഒരു ചടങ്ങായി ആവർത്തിക്കണം എന്നായിരുന്നോ യേശു ഉദ്ദേശിച്ചത്? അതോ യേശു തന്റെ ജീവിതകാലം മുഴുവൻ നന്മ ചെയ്തു ജീവിച്ചതുപോലെ ദുഖിതരുടെയും, പീഡിതരുടെയും, നിന്ദിതരുടെയും, ക്ലേശിതരുടെയും ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് സഹായിക്കുവാനും, സാന്ത്വനം നൽകുവാനുമായിരിക്കില്ലേ യേശു ഉദ്ദേശിച്ചത്? ദൈവത്തിന്റെ ആലയം കച്ചവടസ്ഥലമാക്കിയവരെ ചാട്ടവാറുകൊണ്ട് അടിച്ചിറക്കുകയും, പ്രമാണിമാരുടെയും, പുരോഹിതരുടെയും അനീതികൾക്കും  തെറ്റുകൾക്കും കൂട്ടുനിൽക്കാതെ പരസ്യമായി യേശു അതിനെ വിമർശിക്കുകയും ചെയ്തതുപോലെ തെറ്റുകൾക്കെതിരെ നിലകൊള്ളുവാനുമാണോ ക്രിസ്തു  നമ്മോട് ആഹ്വാനം ചെയ്തത്?  യേശു പഠിപ്പിച്ചതിനെ തങ്ങളുടെ സൌകര്യാർത്ഥം വളച്ചൊടിച്ചു പറയുന്നവരെ  കണ്ണുമടച്ച് അനുസരിക്കുവാൻ യേശു നമ്മളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? 

അന്ത്യാത്താഴ സമയത്ത് അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യർക്ക് നൽകും മുൻപ് ശിഷ്യന്മാരുടെ കാലുകൾ കഴുകുകയാണ് യേശു ആദ്യം ചെയ്തത്. താൻ ചെയ്തതുപോലെ അന്യോന്യം പാദങ്ങൾ കഴുകുവാൻ, അഥവാ പരസ്പരം സേവനം ചെയ്യുവാനും അവരോട് ആവശ്യപ്പെടുകയുണ്ടായി. സേവനവും, ദിവ്യബലിയും  (കാലുകഴുകലും, അപ്പവും വീഞ്ഞും പങ്കുവയ്കലും) പരസ്പരം കൈ കോർത്തു പോകേണ്ട പ്രവർത്തിയാണ്. ബുദ്ധിമുട്ടുള്ള പ്രവർത്തിയായ സേവനം നാം വർഷത്തിൽ ഒരിക്കൽ മാത്രം, പെസഹാ ദിവസം, ആഘോഷമായി കൊണ്ടാടുന്നു. പരസേവനമില്ലാതുള്ള ദിവ്യബലിക്ക് ദൈവ തിരുമുൻപിൽ എത്രമാത്രം പ്രസക്തിയാണ് ഉണ്ടാവുക? ജനങ്ങൾക്ക്‌ സേവനത്തിന്റെ മാതൃക കാണിച്ചുകൊടുക്കേണ്ട ചുമതലയും അവരെ നയിക്കുന്നവർക്കില്ലെ? 

 തന്റെ ജീവിതകാലം മുഴുവൻ ചെയ്ത കാരുണ്യ പ്രവർത്തികളെക്കാൾപ്രധാനപ്പെട്ടതാണോ യേശു അവസാനത്തെ ഒരു ദിവസം, വിടപറയും മുൻപ്, ശിഷ്യരുമായി അപ്പവും വീഞ്ഞും പങ്കിട്ടത്? ചെയ്യുവാൻ എളുപ്പമുള്ള, ബുദ്ധിമുട്ടു കുറഞ്ഞ ദിവ്യബലിക്ക് മാത്രം നമ്മൾ കൂടുതൽ പ്രാധാന്യം നൽകുമ്പോൾ യേശു തൻറെ ജീവിതകാലം മുഴുവൻ കഷ്ട്ടപ്പെട്ടു ചെയ്ത സൽപ്രവർത്തികളുടെ പ്രാധാന്യത്തെ  നിഷ്പ്രഭമാക്കുകയല്ലേ യഥാർത്ഥത്തിൽ നാം ചെയ്യുന്നത്? എല്ലാവരോടും താൻ ചെയ്തതുപോലെ ചെയ്യുവാൻ യേശു ആഹ്വാനം ചെയ്തതിലെ അന്തരാർത്ഥം മനസ്സിലാക്കുവാൻ അന്നത്തെ അധികാരികൾക്ക് ഒരുപക്ഷെ  കഴിയാതെ പോയതാവാൻ സാധ്യതയില്ലേ? അല്ലെങ്കിൽ തങ്ങളുടെ സ്വാർത്ഥതമൂലം വളച്ചോടിച്ചതാവാനും സാധ്യതയില്ലേ?

കത്തോലിക്കാ സഭയിലെ പണ്ഡിതന്മാർക്കും തെറ്റാവരമുണ്ടായിരുന്നവർക്കും മനസ്സിലാക്കുവാൻ കഴിയാതെപോയ, അല്ലെങ്കിൽ അവഗണിച്ച, യേശുവിൻറെ പ്രബോധനം സംവത്സരങ്ങൾക്കു ശേഷം വന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് മനസ്സിലാക്കുവാൻ സാധിച്ചു! ദിവ്യബലി മാത്രമായിരിക്കാതെ, യേശു ചെയ്തതുപോലെ തൻറെ സ്വർഗസ്ഥനായ പിതാവിൻറെ  ആലയം കച്ചവടസ്ഥലമാക്കി കള്ളത്തരം ചെയ്യുന്നവരെ വത്തിക്കാനിൽ നിന്ന് പുറത്താക്കി. ദരിദ്രർക്കും, രോഗികൾക്കും, ക്ലേശിതർക്കും, അർഹപ്പെട്ട സഭയുടെ സമ്പത്ത് (വിശ്വാസികളുടെ നേർച്ച പണം) സ്വന്തം ആഡംബരങ്ങൽക്കും, മണിമന്ദിരങ്ങൽക്കും, സഭക്ക് ഭൗദികസമ്പത്ത് വാരികൂട്ടുന്നതിനും, വിദേശ യാത്രകൾക്കുമായി ധൂർത്തടിച്ച കർദ്ദിനാൾമാരെയും, മെത്രാന്മാരെയും, സഭാധികാരികളെയും യേശുക്രിസ്തു ചെയ്തപോലെ ശകാരിച്ച് പുറത്താക്കി. സഭാധികാരികൾ ഉൾപ്പെടെ അക്രമങ്ങളും അനീതികളും ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ എടുത്തു. നിന്ദിതരേയും ദുഖിതരേയും രോഗികളേയും ഫ്രാൻസിസ്  മാർപാപ്പ  ആശ്വസിപ്പിക്കുകയും വാരിപുണരുകയും ചെയ്തു! ഇന്നത്തെ സഭാധികാരികളിൽ നല്ലൊരു ഭാഗവും ചെയ്യുന്നതിനു വിപരീതമായി സാധാരണക്കാർക്കിടയിൽ അവരിൽ ഒരാളായി എളിമയോടെ ജീവിക്കുന്നു.  താൻ ചെയ്തതുപോലെ ചെയ്യുവാൻ യേശുക്രിസ്തു ആഹ്വാനം നൽകിയത് ഫ്രാൻസിസ് പാപ്പ അക്ഷരാർത്ഥത്തിൽ പാലിച്ച് വിശ്വാസികൾക്ക് കാണിച്ചു കൊടുത്തു. കാണിച്ചു കൊടുത്തുകൊണ്ടും ഇരിക്കുന്നു. പ്രസംഗിക്കുന്നത് സ്വന്തം പ്രവര്ത്തികളിലൂടെ കാണിച്ചുകൊടുക്കുന്നവനാണ് ശരിയായ നായകൻ.

 നമ്മുടെ പ്രാർഥനാ രീതികളെ നാം ഇനിയെങ്കിലും പുനർചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. ആർക്കിടെക്റ്റിന്റെ നൈപുണ്യവും,  സഭയുടെയും വിശ്വാസികളുടെയും സമ്പത്തിൻറെ മഹിമയും പ്രകടിപ്പിക്കുന്ന ദേവാലയം സാഹിത്യത്തിൽ പൊതിഞ്ഞ വാക്കുകളാൽ (പ്രാത്ഥനകളാൽ) മുഖരിതമാക്കപ്പെട്ടാൽ ദൈവം പ്രസാദിക്കുമൊ? ദിവ്യബലി മോടി പിടിപ്പിച്ച് ആഘോഷമായ ചടങ്ങാക്കിയതുകൊണ്ട് യേശു വിവക്ഷിച്ചതുപോലെ വിശക്കുന്നവർക്കും രോഗികൾക്കും ദുഖിതർക്കും ആശ്വാസവും സഹായമാകുന്നുണ്ടോ? പാവങ്ങളെ സഹായിക്കുവാൻ വേണ്ടി വിശ്വാസികൾ നൽകുന്ന നേര്ച്ചപണം അർഹിക്കുന്നവർക്കായി വിനിയോഗിക്കു ന്നുണ്ടോ? ഇന്ന്സഭ ചെയ്യുവാൻ തുനിയാത്ത പല കാരുണ്യ പ്രവർത്തികളും അൽമേനികളിൽ പലരും മുൻകൈ എടുത്തു ചെയ്യുന്നുണ്ട് എന്നതാണ് വാസ്ഥവം.  

അറിവ് വർദ്ധിക്കുന്നതനുസ്സരിച്ചു നമ്മുടെ പ്രാത്ഥനകളുടെ നിലവാരവും മൂല്യവും ഉയരണം. ദിവ്യബലി മദ്ധ്യേ അപ്പവും വീഞ്ഞും യേശുവിൻറെ ശരീരവും രക്തവുമായി രൂപാന്തരം (Transubstantiation) പ്രാപിക്കുന്നു എന്നു പറയപ്പെടുന്നു. വാക്കുകൊണ്ടുള്ള പ്രാത്ഥനയേക്കാളുപരി മനസ്സാ, വാചാ, കർമ്മണാ ഉള്ള നമ്മുടെ ദിനചര്യകളും, ജീവിതവും പ്രാർഥനയായി, കുർബാനയായി രൂപാന്തരം പ്രാപിക്കുമ്പോൾ ആണ് യേശുവിൻറെ ജീവിതവും പ്രവർത്തികളുമായി നമ്മളും താദാൽമ്യം പ്രാപിക്കുന്നത്.

Stephen Thottananiyil

Saturday, March 29, 2014

നാം ആയിരിക്കുന്ന ഇടവും ആയിരിക്കേണ്ട ഇടവും!

ആൽമീയ ഉണർവിന്റെ കാഹളവുമായി മറ്റൊരു നോയമ്പ് കാലംകൂടി വന്നു പോകാറായി. പതിവുപോലെ പ്രാർഥനയും, പ്രബോധനങ്ങളും, ആഹ്വാനങ്ങളുമായി ഇടയലേഖനങ്ങളും ജനങ്ങൾക്ക്‌ ലഭിച്ചു. നോയമ്പ് കാലത്ത് നാട്ടിലെ നമ്മുടെ പള്ളികളിൽ വായിച്ച നമ്മുടെ സഭാധ്യഷന്റെ ലേഖനം കേൾക്കുവാനിടയായി. അതിലെ കാതൽ നമ്മൾ 'ആയിരിക്കുന്നിടത്തു നിന്നും ആയിരിക്കേണ്ടിടത്ത്' എത്തിച്ചേരുവാൻ  ശ്രമിക്കണമെന്ന ആഹ്വാനമായിരുന്നു. അതായത് നാം ഇപ്പോൾ ആയിരിക്കുന്നിടത്തു നിന്നും, അല്ലെങ്കിൽ നാം ഇപ്പോൾ ചരിക്കുന്ന രീതിയും കാഴ്ച്ചപ്പാടും നമ്മളെ നാം യഥാർഥത്തിൽ ആയിരിക്കേണ്ട സ്ഥലമായ സ്വർഗരാജ്യത്ത് എത്തിച്ചേരുവാൻ ഉപകരിക്കുമോ എന്ന് അവലോകനം ചെയ്ത് നമ്മുടെ പ്രവർത്തനങ്ങളിലും രീതികളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് ഉൽബോധിപ്പിക്കുന്നു.

മനുഷ്യൻ നന്നായി ജീവിക്കേണ്ടതിനെ പറ്റിയുള്ള ആശയങ്ങൾക്കും ആഹ്വാനങ്ങൾക്കും ഈ ലോകത്തിൽ യാതൊരു പഞ്ഞവും ഉണ്ടെന്നു തോന്നുന്നില്ല. പ്രാവർത്തികമാക്കുക അത്ര എളുപ്പമല്ല എന്നുമാത്രം. യേശുവിന്റെ ശിഷ്യന്മാർ തങ്ങളുടെ പരിധിയിലുണ്ടായിരുന്ന (ഇടവക, ഫോറാന) ജനങ്ങൾക്ക് 'തങ്ങൾ ആയിരിക്കേണ്ടിടത്ത്' എത്തിച്ചേരുവാനുള്ള ആഹ്വാനങ്ങളുമായി എഴുതിയ 'ഇടയലേഖനങ്ങൾ' ബൈബിളിൽ നാം വായിക്കാറുണ്ട്. ശിഷ്യന്മാർ തങ്ങൾ ആഹ്വാനം ചെയ്യുന്ന കാര്യങ്ങൾ തങ്ങളുടെ ജീവിതത്തിൽ പ്രാവര്ത്തികമാക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇന്നത്തെ ഇടയന്മാരുടെ രീതി എന്താണ്? ഞങ്ങൾ പറയുന്നത് അതുപോലെ അങ്ങ് കേട്ടാൽ മതി, ഞങ്ങളുടെ പ്രവർത്തികളെ ചോദ്യം  ചെയ്യുവാൻ മറ്റാർക്കും അധികാരമോ യോഗ്യതയോ ഇല്ല എന്ന മട്ടാണ്!

ഏറ്റവും അടുത്തകാലത്ത് മതഭ്രാന്തന്മാർ കൈ വെട്ടിയ ന്യൂമാന്‍സ് കോളേജ് പ്രൊഫസ്സറോട് നമ്മുടെ കത്തോലിക്കാ സഭാധികാരികൾ കാണിച്ച ക്രൂരത എത്ര കഠിനമായിരുന്നു!  അതും നോയമ്പ് കാലത്ത് തന്നെ! ഒരു ദൈവത്തിന്റെ അനുയായികൾ കുടുംബനാഥന്റെ കൈ വെട്ടിയപ്പോൾ കത്തോലിക്കാ ദൈവത്തിന്റെ അനുയായികൾ അല്ല, മറിച്ച്  കത്തോലിക്കാ ദൈവത്തിൻറെ  അധികാരികൾ തന്നെ അദ്ദേഹത്തിന്റെ അന്നം കൂടി നഷ്ട്ടപ്പെടുത്താൻ തീരുമാനിച്ചു. കണ്ണിൽ ചോര ഇല്ലാത്ത, ഭൌതിക സമ്പത്തിനോടുള്ള അത്യാർത്തി നിമിത്തം അന്ധരായിതീർന്ന നമ്മുടെ കത്തോലിക്കാ സഭാധികാരികൾ പ്രൊഫസറുടെ ഭാര്യയെ ആൽമഹത്യയിലേക്ക് തള്ളിയിട്ടു! ഇത്തരക്കാരുടെ ഇടയലേഖനങ്ങൾക്ക് എന്ത് പ്രസ്ക്തിയാണ് ഉള്ളത്? കത്തോലിക്കാ വിശ്വാസികളെ പറ്റിയും അവരുടെ അധികാരികളെ പറ്റിയും  കോടികണക്കിന് ജനഹൃദയങ്ങളിൽ പതിഞ്ഞിരിക്കുന്ന ചിത്രം എന്തായിരിക്കും? സഭാധികാരികളുടെ തെറ്റുകൾ മൂലം എല്ലാ കത്തോലിക്കാ വൈദികരെയും തെറ്റുകാരായ് പലരും കാണുകയില്ലേ?

അത്ഭുതങ്ങളുടെയും, അനുഗ്രഹങ്ങളുടെയും പിറകെ പായുന്ന ഭക്തർക്ക്‌ ഇതിൽ തെറ്റുകളൊന്നും കാണുവാൻ സാധിചെന്നിരിക്കില്ല. നോമ്പ് കാലത്തെ സ്ലീവാപാതയിൽ 'എൻറെ പാപങ്ങൾ ആണല്ലോ യേശുവിനെ ക്രൂശിക്കാൻ കാരണമായത്‌' എന്ന് പറഞ്ഞു പശ്ചാത്തപിക്കുമ്പോൾ കൂടത്തിൽ 'എന്റെ സഭാധികാരികളുടെ തെറ്റായ പ്രവർത്തികളെ അനുകൂലിച്ചുകൊണ്ട് പ്രതികരിക്കാതെ നിസ്സംഗരായി, നിർവികാരതയോടെ മൌനം പാലിച്ചതുകൊണ്ടാണ് ഇത്തരം പാതകങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപെടുവാൻ കാരണമായത്‌' എന്ന് കൂടി പറഞ്ഞ്  പശ്ചാത്തപിക്കുന്നത് ഒരുപക്ഷെ നല്ലതായിരിക്കും.

കത്തോലിക്കാസഭ തങ്ങൾ കെട്ടിപടുക്കുന്ന ഭൌതിക സമ്പത്തിന്റെയും സാംബ്രാജ്യത്തിന്റെയും പിന്നിൽ എത്രയോ കുടുംബങ്ങളുടെ ദാരിദ്ര്യവും, ദുഖവും, കണ്ണീരും ഉണ്ടെന്ന് ഈ അവസരത്തിൽ ഒന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുമെന്ന പ്രതീക്ഷയിൽ കടങ്ങൾ വാങ്ങിയും, കിടപ്പാടം പണയപ്പെടുത്തിയുംഅഡ്മിഷനു വേണ്ടി ലക്ഷങ്ങൾ നൽകിയും നഴ്സിംഗ് പഠിച്ചുവന്ന നേഴ്സ്മാർക്ക് നാമമാത്രമായ ശമ്പളo നൽകി കൊഴുക്കുന്ന കത്തോലിക്കാ അധികൃതർ ഉൾപ്പെടെ ഉള്ളവരെപറ്റി മാധ്യമങ്ങളിൽ വന്നതാണ്. അതുമൂലം കടങ്ങൾ വീട്ടുവാനാവാതെ ആൽമഹത്യയിലേക്ക് തള്ളിയിടപ്പെട്ടവർ ധാരാളം.

മാനേജരച്ചന്റെ മേശപുറത്തിരിക്കുന്ന കുരിശിനെ സാക്ഷ്യപ്പെടുത്തി അര്ഹിക്കുന്ന ശമ്പളo മുഴുവൻ നൽകാതെ മുഴുവൻ ലഭിച്ചു എന്ന് ഒപ്പിട്ട് നൽകുവാൻ നിർബന്ധിതരായ ജോലിക്കാർ എത്രയാണ്. വിദ്യാഭ്യാസത്തിനുവേണ്ടി വരുന്ന ഗതിയില്ലാത്തവരും ഗതിയുള്ളവവരിൽ  നിന്നും അഡ്മിഷനു വേണ്ടി പിഴിഞ്ഞെടുക്കുന്നത് എത്ര?

ഭക്തർക്ക്‌ ദൈവത്തിന്റെ പേരിൽ ചെയ്യുന്ന ചൂഷണങ്ങൾ തെറ്റായി തോന്നാറില്ല. പ്രത്യേകിച്ചും സഭാധികാരികൾ തെറ്റ് ചെയ്‌താൽ അതു കണ്ടില്ലെന്നു നടിക്കും, അല്ലെങ്കിൽ അതിന് എന്തെങ്കിലും ന്യായീകരണങ്ങൾ സൃഷ്ട്ടിചെടുക്കും. അഴിമതി ജീവിതഭാഗമായി തീർന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ  തന്റെ പേരിൽ സഭാധികാരികളും ഭക്തരും ചെയ്യുന്ന തെറ്റുകൾ ദൈവവും കണ്ടില്ലെന്നു നടിച്ച് അതിനെ അനുകൂലിച്ച് അനുഗ്രഹിച്ചുകൊള്ളും എന്ന് തെറ്റിദ്ധരിച്ചു പോയെങ്കിൽ അത്ഭുതപ്പെടെണ്ടതുണ്ടോ?


സഭാധികാരികൾ ജനങ്ങളോട് ആഹ്വാനം ചെയ്യുമ്പോൾ തങ്ങളും ആയിരിക്കുന്നത് എവിടെയാണെന്നും ആയിരിക്കേണ്ട സ്ഥലത്തിന്റെ പരിസരത്തെങ്കിലും എത്തിച്ചേരുവാൻ ശ്രമിക്കുകയെങ്കിലും ചെയ്യുന്നുണ്ടോ എന്ന് ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്. മാധ്യമങ്ങൾ പഴയതുപോലെ ചുരുക്കം ചിലരുടെ പിടിയിലല്ല! പോപ്പ് ഫ്രാൻസിസ് പറഞ്ഞ, 'ദൈവത്തിന്റെ ദാനമായ ഇന്റർനെറ്റ്‌' വഴി നിങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും ലോകത്തിന്റെ എല്ലാ കോണിലും നിമിഷനേരംകൊണ്ട് എത്തിച്ചേരുന്നു! തങ്ങളുടെ നിലയും വിലയും നഷ്ട്ടപെടുത്തി അവഹേളിതരായാൽ സഭയ്ക്കാവും നഷ്ടം സംഭവിക്കുക.

സ്റ്റീഫന്‍ തോട്ടനാനി

Monday, February 10, 2014

മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളേ താന്‍ - ഡൊമിനിക്‌ സാവിയോ



2014 ജനുവരി 7 മുതല്‍ 11 വരെ കാക്കനാട്ട് സഭാകേന്ദ്രത്തില്‍ നടന്ന സീറോമലബാര്‍ മെത്രാന്മാരുടെ സിനഡ് ആസ്‌ട്രേലിയായില്‍ ഒരു സീറോമലബാര്‍ രൂപതയും മെത്രാനെയും പ്രഖ്യാപിച്ചുകൊണ്ടാണ് അവസാനിച്ചത്. ആസ്‌ട്രേലിയായില്‍ ക്‌നാനായസമുദായത്തിനുവേണ്ടി ഒരു മിഷന്‍ സ്ഥാപിച്ചിട്ട് എട്ടുമാസം കഴിഞ്ഞു. അവിടെ സീറോമലബാര്‍ രൂപത വന്നുകഴിഞ്ഞാല്‍ അമേരിക്കയിലെപോലെയുള്ള പ്രശ്‌നങ്ങള്‍ ക്‌നാനായക്കാര്‍ ആസ്‌ട്രേലിയായിലും നേരിടേണ്ടിവരികയാണ്.

അന്‍പതിലധികം പള്ളികളിലായി മലബാറില്‍ പാര്‍ക്കുന്ന ക്‌നാനായ ജനതക്ക് ഒരു രൂപത അനുവദിക്കണമെന്ന അപേക്ഷകൊടുത്തിട്ട് മുപ്പതുവര്‍ഷം കഴിഞ്ഞു. 2005-ല്‍ അതിരൂപതയാക്കുവാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ നിര്‍ദേശം വന്നതോടെ സീറോമലബാര്‍ സിനഡ് ചേര്‍ന്ന് സാമന്തരൂപത ഇല്ലാതെയാണ് കോട്ടയം രൂപത അതിരൂപതയാക്കിയത്. സാമന്തരൂപതയില്ലാത്ത അതിരൂപത സഭയില്‍ കോട്ടയം അതിരൂപതമാത്രമാണ്. ഇത് സിനഡിന്റെ ഗൂഢാലോചനയുടെ ഫലമായിരുന്നു. സിനഡില്‍ ഭൂരിപക്ഷം ഉണ്ടായാലേ ക്‌നാനായക്കാരുടെ കാര്യം പരിഗണിക്കാനാകൂ എന്നാണ് സഭാതലവന്മാര്‍ എക്കാലവും പറഞ്ഞുകൊണ്ടിരിക്കുന്നത് ഇത് ഒരിക്കലും ഉണ്ടാവില്ലെന്ന് അവര്‍ക്കറിയുകയും ചെയ്യാം. ഈ അനീതി യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷ പീഠനമാണ്.

നമ്മുടെ അല്പത്വത്തെ സംരക്ഷിക്കുന്ന കിളികൂടായി ആഗോളസഭയുടെ മടിത്തട്ടിനെ നാം ചുരുക്കരുതെന്നാണ് ഫ്രാന്‍സീസ് പാപ്പാ പറഞ്ഞിരിക്കുന്നത്.

ആകാരത്തിലും സൗന്ദര്യത്തിലും ഒത്തിണങ്ങിയ ഒരു ഗോത്ര പിതാവിനെയാണ് ക്‌നാനായസമുദായത്തിന് ലഭിച്ചത്. പക്ഷെ അദ്ദേഹത്തിന് ഗോത്രവികാരമോ വംശീയസ്‌നേഹമോ സഹോദര കാഴ്ചപ്പാടോ ഒന്നും തന്നെയില്ല. മാര്‍ മാക്കീലിന്റെ ദെക്രേത്തു പുസ്തകവും അതോടു ബന്ധപ്പെട്ട ചരിത്രരേഖകളും പഠിച്ച് ഡോക്‌ട്രേറ്റ് നേടിയ വ്യക്തിയാണ് മാര്‍ മൂലക്കാട്ട്. തന്റെ മെത്രാന്‍ സ്ഥാനത്തിന് അത് ഒരു കാരണമാകുകയും ചെയ്തു. എന്നിട്ടും മാക്കീല്‍ പിതാവിന്റെ സമുദായസ്‌നേഹം ഇദ്ദേഹത്തിന്റെ അടുത്തുകൂടെപോലും പോയിട്ടില്ല. സീറോമലബാര്‍ ഹയരാര്‍ക്കിയിലെ ഒരു പ്രധാനിയും തലവന്റെ അടുത്ത ആളും ഒക്കെയാണദ്ദേഹം. ഒരുപക്ഷെ സ്വന്തം സമുദായവിരുദ്ധ നിലപാടുകൊണ്ടാകാം അധികം സ്ഥാനമാനങ്ങള്‍ ലഭിച്ചതെന്നും ഞങ്ങള്‍ വിചാരിക്കുന്നു. അദ്ദേഹം മെത്രാനായിവന്നശേഷം ക്‌നാനായ സമുദായത്തിന് ദോഷമല്ലാതെ ഗുണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

കോട്ടയം അതിരൂപത ഒരു സ്വയാധികാര സഭയാകുവാനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്ന് ക്‌നാനായ സമുദായത്തെ സ്‌നേഹിക്കുന്ന വടക്കുംഭാഗര്‍ പറഞ്ഞിട്ടുണ്ട്. കാഞ്ഞിരപള്ളി രൂപതക്കാരനായ ഫാ: വാണിയപ്പുരയ്ക്കല്‍ ഈ വിഷയത്തില്‍ ഡോക്‌ട്രേറ്റ് എടുത്ത ആളാണ് എന്നിട്ടും ആ വഴി ഒരു നീക്കവും മാര്‍ മൂലക്കാട്ട് നടത്തുന്നില്ല.
ആദിയില്‍ ദൈവം അരുളിചെയ്തു; ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്റെ ജനവുമാണെന്ന്, ആയിരക്കണക്കിനു വര്‍ഷത്തിനുശേഷം മാര്‍ മൂലക്കാട്ട് സ്വന്തം ജനത്തോടു പറയുന്നു; ഞാന്‍ നിങ്ങളുടെ മെത്രാനല്ല നിങ്ങള്‍ എന്റെ ജനവുമല്ല എന്ന്. അമേരിക്കയിലെ ക്‌നാനായര്‍ അദ്ദേഹത്തിന്റെ അധികാരപരിധിക്കപുറത്താണെന്നതാണു കാരണമായി പറയുന്നത്. പട്ടാളത്തില്‍ പോയിരിക്കുന്ന മകനോടു അപ്പന്‍ പറയുകയാണെന്നു കരുതുക, എന്റെ അധികാരപരിധിക്കു പുറത്തായതിനാല്‍ നീ എന്റെ മകനല്ല ഞാന്‍ നിന്റെയപ്പനും അല്ല എന്ന്, അതുപോലെയാണ് മൂലക്കാട്ടു മെത്രാന്‍ അമേരിക്കയിലെ ക്‌നാനായക്കാരോട് പറഞ്ഞിരിക്കുന്നത്.
അമേരിക്കയില്‍ ക്‌നാനായ മിഷന്‍ ഉണ്ടാക്കിയതും പരിപാലിച്ചതുമൊക്കെ മൂലക്കാട്ടു പിതാവിന്റെ മുന്‍ഗാമികള്‍ തന്നെയാണെന്ന് അദ്ദേഹം മറന്നുപോയിരിക്കുന്നു. ക്‌നാനായമിഷന്റെ ചുവടുപിടിച്ചാണ് സീറോമലബാര്‍ രൂപത അമേരിക്കയില്‍ ഉണ്ടായത്. പിതാവ് സഭാചട്ടങ്ങള്‍ അനുസരിച്ചായിരിക്കാം മുന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ശരിതന്നെ, ക്‌നാനായക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചക്കെടുക്കുമ്പോള്‍ മാത്രമാണീ ചട്ടങ്ങളും നിയമങ്ങളും ഉയര്‍ന്നുവരുന്നത്. ആരാധനക്രമവിഷയത്തില്‍ മെത്രാന്മാര്‍ ചേരിതിരിഞ്ഞ് എന്തെല്ലാം പുകിലുകളാണ് ഉണ്ടാക്കിയത്. ആര്‍ച്ചുബിഷപ്പ് കാട്ടുമനയെ കാട്ടുകള്ളനെന്നൊക്കെ വിളിച്ച് വൈദികര്‍ ലഘുലേഖകള്‍ പുറത്തിറക്കുകവരെ ഉണ്ടായി. ഇതിലൊന്നും ബന്ധപ്പെട്ടവര്‍ ചട്ടലംഘനം കാണുന്നില്ല. വടക്കുംഭാഗരെയും തെക്കുംഭാഗരെയും ഒന്നിച്ചു ഭരിക്കുവാന്‍ സഭാനേതൃത്വം മാര്‍ മത്തായി മെത്രാനെ ഏല്പിച്ചതായിരുന്നു ചങ്ങനാശ്ശേരി രൂപത. പതിനഞ്ചു വര്‍ഷത്തിനു ശേഷം ആ ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറി സ്വന്തം സമുദായത്തിന്റെ രക്ഷയ്ക്കുവേണ്ടി വംശീയരൂപത അനുവദിപ്പിച്ച് അതിന്റെ മെത്രാനായത് ചട്ടലംഘനമായിരുന്നുവോ?

തെക്കുംഭാഗസമുദായത്തിന്റെ സഭാജീവിത ചരിത്രത്തില്‍ കരിമഷി പുരട്ടിയ 1599 ലെ ഉദയംപേരൂര്‍ സുനഹദോസ് തീരുമാനത്തെ എതിര്‍ത്തുകൊണ്ട് സമുദായ നേതാക്കള്‍ മുന്നിട്ടിറങ്ങി സുനഹദോസ് തീരുമാനം റദ്ദാക്കിയത് ചട്ടലംഘനമായിരുന്നില്ലേ! 

ചങ്ങനാശ്ശേരി മെത്രാനായി വന്ന മാര്‍ ചാള്‍സ് ലവീഞ്ഞു മെത്രാന് തെക്കുംഭാഗരും വടക്കുംഭാഗരും കൂടി സംയുക്ത മംഗളപത്രം കൊടുക്കാന്‍ നിശ്ചയിക്കുകയും ഇടയ്ക്കാട്ടുപള്ളിയില്‍ വെച്ചു കൊടുക്കുകയും ചെയ്തു. വളരെ ഗോപ്യമായി വടക്കുംഭാഗര്‍ തയ്യാറാക്കിയ മംഗളപത്രത്തില്‍ തെക്കുംഭാഗരെ പരാമര്‍ശിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് മാക്കീല്‍ മത്തായി അച്ചന്റെ നേതൃത്വത്തില്‍ തെക്കും ഭാഗരുടെതായി മറ്റോരു മംഗളപത്രം തയ്യാറാക്കി മാന്നാനത്തുവെച്ചു കൊടുത്തത് ചട്ടലംഘനമായിരുന്നുവോ!? അനുസരണയില്‍ ഒന്നിപ്പും അഭിപ്രായത്തില്‍ ഭിന്നിപ്പും പ്രകടിപ്പിച്ചുപോന്നവരായിരുന്നു ക്‌നാനായസമുദായ നേതൃത്വം. ഇത്തരം അവഗണന ഇന്ന് പല രംഗത്തുനിന്നും ഉണ്ടായിട്ടും കോട്ടയം അതിരൂപതാനേതൃത്വം മിണ്ടാതിരിക്കുന്നതിന്റെ കാരണം സമുദായക്കാര്‍ക്ക് അറിയണം. സഭയോടൊത്തു ചിന്തിക്കുക എന്നുപറഞ്ഞാല്‍ ഹയരാര്‍ക്കിയോടെത്തു ചിന്തിക്കുകയല്ല എന്നാണ് സംശയമില്ലാതെ പുതിയ പാപ്പ പഠിപ്പിക്കുന്നത്.   
കോട്ടയം അതിരൂപതയുടെ ഭൗതിക വളര്‍ച്ചയില്‍ വിദേശത്തുള്ള സമുദായക്കാരുടെ പങ്ക് വളരെ വലുതാണ് ആര്‍ച്ചുബിഷപ്പ് മാര്‍ കുന്നശേരിയാണ് അതെല്ലാം ഏകോപിപ്പിച്ചത്. സമുദായവികാരമാണ് അവരെ അതിനെല്ലാം പ്രേരിപ്പിച്ചത്. മൂലക്കാട്ടുപിതാവിന്റെ നിഷേധപ്രസ്ഥാവനയോടെ അദ്ദേഹത്തോട് ആരും സഹകരിക്കാതായി സമുദായത്തിന്റെ വളര്‍ച്ചതന്നെ മുരടിച്ചു. അല്പം അഹങ്കാരത്തോടെ കൊണ്ടുവരുവാന്‍ ശ്രമിച്ച കാരിത്താസ് മെഡിക്കല്‍ കോളേജ് എട്ടു നിലയില്‍ പൊട്ടിയത് മൂലക്കാട്ടുപിതാവിന്റെ സമുദായവിരുദ്ധ നിലപാടുകൊണ്ടാണ്. വിശ്വാസിസമൂഹത്തിന്റെ വികാരം അറിയുന്നതില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു.

കോട്ടയം അതിരൂപതാദ്ധ്യക്ഷനായിരുന്നിട്ടും സിനഡില്‍ സ്വന്തം ജനത്തിന്റെ ന്യായമായ അവകാശങ്ങള്‍ പറഞ്ഞു വാങ്ങുന്നതില്‍ അദ്ദേഹം താല്പര്യം കാണിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള മുഖ്യമായ പരാതി. ഇത്തരം വിഷയങ്ങള്‍ സംസാരിക്കാന്‍ അരമനയുടെ രണ്ടാംനില കയറിച്ചെല്ലുന്നവര്‍ക്കുനേരെ രോഷം കൊള്ളുകയും നേതാക്കന്മാരെ നിരാശപ്പെടുത്തുകയുമാണ് അദ്ദേഹം. സീറോമലബാര്‍ അദ്ധ്യക്ഷനോടു സംസാരിക്കുമ്പോള്‍ അദ്ദേഹം പറയുന്നത് നിങ്ങളുടെ പിതാക്കന്മാര്‍ നിങ്ങളുടെ ആവശ്യങ്ങള്‍ ഇവിടെ ഉന്നയിക്കുന്നില്ല എന്നാണ്. സമുദായത്തിനെതിരു നില്ക്കുന്ന സമുദായനേതാവായി മാര്‍ മൂലക്കാട്ട് മാറിയിരിക്കുന്നു.

അജപാലകരെയാണ് ദൈവജനത്തിനാവശ്യമെന്നും അല്ലാതെ സര്‍ക്കാരുദ്യോഗസ്ഥരെപോലെ പെരുമാറുന്ന പുരോഹിതരെ അല്ലന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

60 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ക്‌നാനായക്കാരുടെ ഗോത്രപിതാവായി ചുറ്റിയടിക്കുന്ന മാര്‍ മൂലക്കാട്ട് സഭാചട്ടം അനുസരിച്ച് കേരളത്തിനു പുറത്ത് അധികാരമില്ലാത്ത മെത്രാനാണ്. എന്നാലും ആണ്ടില്‍ മുന്നൂറു ദിവസവും വിദേശത്താണ്. ബന്ധുക്കളുടെയും സ്വന്തക്കാരുടെയും ഇടയില്‍ കറങ്ങുന്നു. നാട്ടിലെ കുഞ്ഞാടുകളുടെ കാര്യം നോക്കാന്‍ നേരവുമില്ല.

ക്‌നാനായക്കാര്‍ എന്ന വംശീയ സമൂഹത്തെ നിലനിര്‍ത്തുന്നതിനുവേണ്ടി സഭ സ്ഥാപിച്ച കോട്ടയം അതിരൂപതയെ തനിമ നിലനിര്‍ത്തി വളര്‍ത്തുവാനും താന്‍ ഏറ്റെടുത്ത ഉത്തരവാദിത്വത്തോടു നീതിപുലര്‍ത്തുവാനും ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് വിജയിച്ചിട്ടില്ല. അതിന് അദ്ദേഹത്തിന് താല്പര്യവുമില്ല. ക്‌നാനായക്കാരല്ലാത്ത മെത്രാന്മാരുടെ കീഴില്‍ ഉണ്ടായ ചില്ലറ പ്രശ്‌നങ്ങള്‍ അതിജീവിച്ച് നൂറ്റാണ്ടുകള്‍ കഴിഞ്ഞുവന്ന വിശ്വാസിസമൂഹമാണിത്. വിശ്വാസത്തിലും അനുസരണത്തിലും പരസ്‌നേഹത്തിലും മുന്നിട്ടു നില്ക്കുന്ന തെക്കുംഭാഗസമൂഹം സമുദായ മെത്രാന്റെ നേതൃത്വത്തിന്‍ കീഴില്‍ ശത്രുക്കളാല്‍ വേട്ടയാടപ്പെടുകയാണ്. പിതാവിന്റെ ഈ നിലപാടുമൂലം ശത്രുക്കളെ എതിര്‍ക്കുവാന്‍ ചരിത്രം അറിയാവുന്ന വൈദികരാരും മുന്നോട്ട് വരുന്നില്ല. സിംഹകൂട്ടത്തെ നയിക്കുന്ന വെറും കുഞ്ഞാടായി മാറിയിരിക്കുന്നു അദ്ദേഹം.

വിദേശ രാജ്യങ്ങളില്‍ വംശീയ തനിമയിലും ദൃഢവിശ്വാസത്തിലും ഒരുമിച്ചുകൂടുന്ന ക്‌നാനായസമുദായത്തിന്റെ നടുവിലേക്കാണ് സീറോമലബാര്‍ രൂപത സ്ഥാപിക്കപ്പെടുന്നത്. ആസ്‌ട്രേലിയായില്‍ നിയമിതനായിരിക്കുന്ന പുതിയ മെത്രാന്‍ ക്‌നാനായ സമുദായത്തിന്റെ രക്ഷകനായി അഭിനയിക്കുകയും അവരില്‍നിന്നും പണം പിരിച്ചുവേരിറക്കുകയും മറ്റ് സീറോമലബാറുകാരെ സംഘടിപ്പിച്ചതിനുശേഷം സമുദായത്തിനെതിരു നില്ക്കുകയും ചെയ്യും.

ക്‌നാനായസമുദായ ചരിത്രവും സീറോമലബാര്‍ ചരിത്രവും ന്യൂ ജനറേഷന്‍ മെത്രാന്മാര്‍ക്ക് അറിയില്ലന്നാണ് തോന്നുന്നത്. മര്‍ത്തോമ്മാ ക്രിസ്ത്യാനികളായിരുന്ന ഇവിടുത്തെ പുരാതന ക്രൈസ്തവരെ സുറിയാനി ക്രിസ്ത്യാനികളാക്കിയത് ക്‌നാനായ കുടിയേറ്റ ക്രൈസ്തവരാണ്. ഈ കുടിയേറ്റചരിത്രം നിഷേധിക്കുന്നവര്‍ സീറോമലബാര്‍ സഭയുടെ ചരിത്രത്തിന്റെ ആണിക്കല്ലാണിളക്കുന്നതെന്നറിയുന്നുണ്ടോ?
ദൈവശാസ്ത്രം ആദ്ധ്യാത്മികത മുതലായവയില്‍ സീറോമലബാര്‍ സഭയ്ക്ക് പ്രത്യേകമായി ഒന്നും അവകാശപ്പെടാനില്ലന്ന് സഭാതലവനായിരുന്ന കര്‍ദ്ദിനാര്‍ മാര്‍ വര്‍ക്കി വിതയത്തില്‍ തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഭയപ്പെടുത്തുന്നു എന്നും അദ്ദേഹം എഴുതിയിട്ട് അടുത്തപേജില്‍ ക്‌നായിതൊമ്മനും കൂട്ടരും കൊണ്ടുവന്ന സുറിയാനി പാരമ്പര്യത്തെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. (തുറന്നമനസ്സോടെ പേജ് 97, 98).

ക്‌നാനായസമുദായത്തെ എങ്ങനെ ഇല്ലാതാക്കാം എന്നു ചിന്തിച്ചു നടക്കുന്നവര്‍ക്ക് ഭാരതീയ ദൈവശാസ്ത്രം ഉണ്ടാക്കാനോ ആദ്ധ്യാത്മികതയില്‍ വളരാനോ എങ്ങനെ സമയം ലഭിക്കും?

ഫ്രാന്‍സീസ് മാര്‍പാപ്പയെപോലെ എങ്ങനെ ജനകീയനാകാം എന്ന് ആലോചിക്കാന്‍ കേരളത്തില്‍ മെത്രാന്മാര്‍ സമ്മേളിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് ന്യായവും നീതിയും നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. രണ്ടാമത് വിശ്വാസിസമൂഹത്തെ കരുതുകയും അംഗീകരിക്കുകയും ചെയ്യുക. സഭയിലെ അഴുക്കുകള്‍ തുടച്ചു നീക്കുന്നവന്റെ മാതൃക മാത്രമാണ് ഫ്രാന്‍സീസ് മാര്‍പാപ്പ. മറ്റുകാര്യങ്ങളിലെല്ലാം യേശുക്രിസ്തുവാണ് മാതൃകയാകേണ്ടത്.

ഇല്ലാത്ത ചട്ടങ്ങള്‍ പറഞ്ഞ് ക്‌നാനായ സമുദായത്തെ ഇല്ലാതാകാന്‍ ശ്രമിക്കുന്ന ഹയരാര്‍ക്കിയോടു കൂട്ടുനില്കുന്ന മാര്‍മൂലക്കാട്ട് ഓര്‍ക്കുക സഭയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് കോട്ടയം അതിരൂപതസ്ഥാപിതമായിരിക്കുന്നത്. ഈ വംശീയ സമൂഹത്തെ തനിമയോടെ നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വം അങ്ങില്‍ ഭാരമേല്പിക്കപ്പെട്ടിരിക്കുന്നു അതു നിര്‍വ്വഹിക്കാത്ത അങ്ങ് ചട്ടലംഘനമാണ് നടത്തുന്നത്. സീറോ മലബാര്‍ ഹയരാര്‍ക്കി സമുദായത്തിനെതിരെ കൊണ്ടുവരുന്ന അന്യായമായ ചട്ടങ്ങളോടു ചേര്‍ന്നുനില്കുകയാണെങ്കില്‍ അതേ ചട്ടങ്ങള്‍ ഉപയോഗിച്ചു സമുദായം അങ്ങയെ തിരസ്‌കരിക്കുകതന്നെ ചെയ്യും.

“ചരിത്രം രചിക്കുന്നവരുണ്ട് ചരിത്രം കരിക്കുന്നവരുണ്ട്” - ആര്‍ച്ചു ബിഷപ്പ് മാര്‍ കുന്നശ്ശേരി.

ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റ്
ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍ - 944 614 0026

Tuesday, February 4, 2014

ആരായിരുന്നു ക്നായി തോമ? - Talk by Alexander Jacob IPS

ഡി.ജി.പി. അലക്സാണ്ടര്‍ ജേക്കബ്‌ IPS (ഇദ്ദേഹം മുമ്പ് ജയില്‍ ഡി.ജി.പി. ആയിരുന്നു) ഷാലോം ടിവിയില്‍ വിശുദ്ധരെക്കുറിച്ച് ഒരു പ്രഭാഷണപരമ്പര നടത്തിവരുന്നുണ്ട്. ആ പരമ്പരയില്‍ ക്നാനായ യാക്കോബായ സഭ വിശുദ്ധനായി അംഗീകരിച്ചിട്ടുള്ള ക്നായി തോമായെക്കുറിച്ചും ഒരു പ്രഭാഷണം നടത്തുകയുണ്ടായി. ഡൊമിനിക്‌ സാവിയോ വാച്ചാച്ചിറ മുന്കൈദയെടുത്ത് അത് യു-ട്യുബിലാക്കിയിട്ടുണ്ട്. പ്രഭാഷണം ചുവടെ കൊടുക്കുന്നു.

Monday, January 27, 2014

പള്ളിക്കെന്തിനാ പൊന്കുതരിശ് - പയസ്‌ പൂഴിക്കാല.


'കര്‍ത്താവിനെ തൂക്കിയത് മരക്കുരിശിലല്ലേ പിന്നെ പള്ളിക്കെന്തിനാ പൊന്‍കുരിശ്?' വലിയ പള്ളിയിലെ പൊന്‍കുരിശ്  മോഷ്ട്ടിച്ച തോമ്മായെ കൊണ്ട് പണ്ട് ബഷീറ് ചോദിപ്പിച്ച ചോദ്യമാണ്.

സമീപകാലത്തായി വടശ്ശേരികുന്നനെ പോലുള്ള അഭിനവ ഉപദേശിമാരുടെ സുവിശേഷപ്രസംഗങ്ങള്‍ കേട്ടപ്പോള്‍ ബഷീറിന്റെ പഴയ കഥ ഓര്മ്മ വന്നുവെന്നു മാത്രം. 

അല്ല, ഇതിനു സമാനമായ ഒരു ചോദ്യം തന്നെ ആണല്ലോ രണ്ടായിരം വര്ഷം മുന്പ് യേശുദേവനും തന്റെ പിതാവിന്റെ ആലയം കച്ചവടസ്ഥലമക്കിയ പ്രമാണിമാരോട് ചോദിച്ചത്. ആ ഒരു ദിവസം മാത്രമല്ലെ പരസ്യജീവിതത്തില് അദ്ദേഹം ചാട്ടവാറും കയ്യിലേന്തി രൂക്ഷമായി പ്രതികരിച്ചിട്ടുള്ളൂ. അതൊക്കെ പക്ഷെ പഴയ കഥ. ഇന്നിപ്പോള്‍ നമ്മള്‍ കുരിശിന്റെ ആകൃതിയെ കുറിച്ച് പോലും ചര്‍ച്ചകള്‍ നടത്തുന്നു, പ്രബന്ധങ്ങള്‍ രചിക്കുന്നു, ഗവേഷണങ്ങള്‍ നടത്തുന്നു. സ്വര്‍ണ്ണത്തിന്റെ കാലം ഒക്കെ പോയി. രത്നങ്ങള്‍ പതിച്ച കുരിശുകളുടെ കാലം ഇനി അതിവിദൂരമല്ല!

എഴുപതുകളുടെ ഏതാണ്ട് മധ്യകാലം. അക്കാലത്താണ് പള്ളികളിലൊക്കെ ഉച്ചഭാഷിണികള്‍ സര്‍വസാധാരണമായി തുടങ്ങിയത്. ഞങ്ങളുടെ പുന്നത്തുറ പള്ളിയില്‍ നിന്നും എല്ലാ ഞായറാഴ്ചയും സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ഒരു ഗാനം ഉണ്ട്.  കലാഭവന്‍ ആബേലച്ചന്റെ “ഈശ്വരനെ തേടി ഞാന്‍ നടന്നു” എന്ന ഗാനം. അച്ചന്റെ ഏറ്റവും പ്രശസ്തമായ ഗാനവും അതുതന്നെ. എല്ലാ ക്രിസ്തീയ ദേവാലയങ്ങളില്‍ നിന്നും കുറെ നാളത്തേക്ക് ഈ ഗാനം സ്ഥിരമായി കേള്ക്കാമായിരുന്നു.

ആ ഗാനം ഒന്നു ശരിക്ക് വിശകലനം ചെയ്തപ്പോള്‍ ഒരു കാര്യം മനസ്സിലായി. അവിടെയും ഇവിടെയും ഒന്നും ഈശ്വരനെ അന്വേഷിച്ചിട്ട് കാര്യമില്ല, ഈശ്വരന്‍ അവനവന്റെ ഉള്ളില്‍ തന്നെയാണ്. ഇവിടുത്തെ ഏറ്റവും വലിയ വിരോധാഭാസം ഗാനരൂപത്തിലുള്ള ഈ ഉപദേശങ്ങള്‍ അന്ന് വന്നു കൊണ്ടിരുന്നത് ദേവാലയങ്ങളില്‍ നിന്ന് തന്നെ ആയിരുന്നു എന്നുള്ളതാണ്.

വളരെ ലളിതമായ ഭാഷയില്‍ ഉദാഹരണസഹിതം കുറെ ഉപദേശങ്ങള്‍ സാധാരണക്കാരനുവേണ്ടി യേശു നല്കി. അന്ന് യേശുവിന്റെ ശ്രോതാക്കള്‍ ആരും തന്നെ ഉയര്ന്ന വിദ്യാഭ്യാസം ഉള്ളവരോ പണ്ഡിതരോ ആയിരുന്നില്ല. കാലാന്തരത്തില്‍ കുറെ പേര്‍ അതിനെ ഗവേഷണങ്ങള്‍ നടത്തി നടത്തി പരമാവധി വളച്ചൊടിച്ചു ഒരു പരുവത്തില്‍ ആക്കിതന്നു. ഇല്ലാത്ത അര്‍ഥങ്ങള്‍ അതിനു നല്കി. വരുമാനം കൂട്ടാനും സമ്പത്ത് കുന്നുകൂട്ടാനും ഉള്ള ഒരു ഉപകരണം ആക്കി അതിനെ മാറ്റി. ചുരുക്കത്തില്‍ ലക്ഷ്യം മാറിയതോട് കൂടി മാര്‍ഗവും മാറി.

പണ്ടൊക്കെ രാജാക്കന്മാര്‍ അശ്വമേധയജ്ഞങ്ങള്‍ നടത്തുമായിരുന്നു. പ്രധാനമായും തന്റെ മേല്‌ക്കോയ്മ സ്ഥാപിക്കാനും അധികാരം ഉറപ്പിക്കാനും വേണ്ടിയാണു ഇങ്ങിനെ യജ്ഞങ്ങള്‍ നടത്തിയിരുന്നത്. ഇതിനായി സന്ദര്‍ഭത്തിനു യോജിച്ച ഒരു അശ്വത്തെ തിരഞ്ഞെടുത്തു സൈന്യത്തിന്റെ അകമ്പടിയോടെ അന്യരാജ്യങ്ങളിലേക്ക് കയറ്റിവിടും. എതിര്പ്പുകളെ അതിജീവിച്ചു അശ്വം തിരിച്ചു വന്നാല്‍ അതു കടന്നുപോയ രാജ്യങ്ങളെല്ലാം തന്റെ അധികാരത്തിന്‍ കീഴില്‍ വന്നു എന്നു രാജാവിനു ന്യായമായും ഉറപ്പിക്കാം. മുന്‍പില്‍ പോകുന്ന കുതിരയുടെ വിചാരം തന്റെ ഒരാളുടെ കഴിവ്‌കൊണ്ടാണ് ഇതെല്ലം സാധിക്കുന്നത് എന്നാണ്. അതുപോലെ അകമ്പടി സേവിക്കുന്ന സേനയുടെ ചിന്ത അവരുടെ കഴിവ് കൊണ്ടാണ് ഇതെല്ലം സാധിക്കുന്നത് എന്നും. എന്നാല്‍ ഇതെല്ലാം നിയന്ത്രിച്ചുകൊണ്ട് സുഖമായി കൊട്ടാരത്തില്‍ രാജാവ് ഇരിപ്പുള്ള കാര്യം ഇവരുടെ ചിന്താമണ്ഡലത്തിലേക്ക് കടന്നുകയറത്തേയില്ല. ഇത് മാത്രമല്ല, ഈ യജ്ഞങ്ങളുടെ അവസാനം അതിന്റെ വിജയകരമായ പരിസമാപ്തിക്കു നന്ദിസൂചകമായി രാജാവ് ഒരു യാഗം നടത്തും. ആ യാഗത്തില്‍ വച്ച് വിജയശ്രീലാളിതനായി തിരിച്ചുവന്ന അശ്വത്തെ യാഗബലിയായി കുരുതികൊടുക്കുകയും ചെയ്യും.

പക്ഷെ ഇത് ഒരു അധ്യായത്തിന്റെ അവസാനം മാത്രം. ഇതേ സമയത്തു തന്നെ മറ്റൊരു കുതിരയെ തയാറാക്കിയിട്ടുണ്ടാകും പുതിയൊരു യജ്ഞം തുടങ്ങാന്‍. സാധാരണഗതിയില്‍ കുതിരകളുടെയെല്ലാം ഗതി ഒന്ന് തന്നെ. എങ്കിലും പ്രധീക്ഷ ആണല്ലോ മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. അതിനാല്‍ തന്നെ പുതിയൊരു യജ്ഞം ഏറ്റുഎടുക്കാന്‍ ധാരാളം അശ്വങ്ങള്‍ എപ്പോഴും മുന്നോട്ടു വന്നുകൊണ്ടിരിക്കും. കാലം മാറിയപ്പോള്‍ കുതിരകളുടെ സ്ഥാനത്ത് മനുഷ്യന്‍ വന്നു. വടക്കേ അമേരിക്കയിലും സീറോമലബാര്‍ ഭരണം വന്നു. അശ്വമേധം ഒന്നാം ഘട്ടം പൂര്ത്തിയായി. യാഗവും കുരുതിയും ഏതാണ്ട് തീരാറായി. പുതിയൊരു യന്ജത്തിനു തയാറെടുപ്പുകളും തുടങ്ങി.

'രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍'
'സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലര്‍
കോലകങ്ങളില്‍ സേവകരായിട്ടു
കോലം കെട്ടി ഞെളിയുന്നിതു ചിലര്‍'

(പൂന്താനം: ജ്ഞാനപ്പാന)

നന്ദി

പയസ് പൂഴിക്കാല


Friday, January 24, 2014

മൂലക്കാട്ട് പിതാവിന് ആയുരാരോഗ്യം നേരുന്നു; ഒപ്പം......



കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപോലീത്തയ്ക്ക് കണ്ണൂരില്‍ വച്ച് നെഞ്ചുവേദന അനുഭവപെട്ടുവെന്നും തുടര്‍ന്ന് അവിടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും വാര്‍ത്ത Uzhavoorbeatz.com എന്ന വെബ്സൈറ്റില്‍ കണ്ടു. അപ്നാദേശില്‍ ഇതിനെക്കുറിച്ച്‌ ഒന്നും കാണുവാന്‍ സാധിച്ചില്ല. എങ്കിലും വാര്‍ത്ത ആധികാരികമാണെന്ന് കരുതുന്നു.

കോട്ടയം അതിരൂപതയിലെ ഓരോ അംഗവും ഈയവസരത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാം മറന്ന് പിതാവിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ഥിക്കുന്നുണ്ട് എന്ന കാര്യത്തില്‍ ഈയെഴുതുന്നയാള്‍ക്ക് യാതൊരു സംശയവുമില്ല. ആ പ്രാര്‍ഥനയില്‍ ഈയുള്ളവനും പങ്കുചേരുന്നു.

ഇനി കുറെനാള്‍ പിതാവിന് വിശ്രമത്തിന്റെ ദിനങ്ങള്‍ ആയിരിക്കുമല്ലോ. ഒരു നല്ല ഇടയന്‍ ഇത്തരം വേളയില്‍ തന്റെ അജഗണങ്ങളുടെ ആരോഗ്യകാര്യത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.

വായിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെയും കണ്ടു.

കണ്ണൂരില്‍ വച്ചാണ് പിതാവിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. കാരിത്താസ്‌ ഹോസ്പിറ്റലില്‍ നിന്നുള്ള  വിദഗ്ദ ഡോക്ടര്‍മാരെക്കൂടി അവിടെ എത്തിച്ച ശേഷമാണ് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയത്.

ഈ നെഞ്ചുവേദന മാലക്കല്ലിലോ, വയനാട്ടിലോ, പടമുഖത്തോ വച്ചാണ് അനുഭവപ്പെട്ടിരുന്നതെങ്കില്‍ എന്താകുമായിരുന്നു പിതാവിന്റെ അവസ്ഥ?

ഈ പറഞ്ഞ സ്ഥലങ്ങളിലെല്ലാം പിതാവിന്റെ അജഗണങ്ങള്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടത്ര ചികിത്സാസൌകര്യങ്ങള്‍ ലഭ്യമല്ല. അവരിലോരോരുത്തരുടെയും ജീവനും വിലയുള്ളതാണ്.

രാജപുരത്ത്‌ ആശുപത്രിയ്ക്ക് വേണ്ടി സംഭാവനയായി കിട്ടിയ സ്ഥലത്താണ് കോളേജ് വന്നതെന്ന് കേട്ടിട്ടുണ്ട്. ശരിയോ എന്നറിയില്ല. അതുപോലൊരു പ്രദേശത്ത് കോളേജ് വരുന്നത് വലിയ കാര്യമാണ്; പക്ഷെ കോളേജ് ആശുപത്രിയ്ക്ക് പകരമാകുന്നില്ല. വിദ്യാഭ്യാസം കൊണ്ട് ജീവിതം മെച്ചപ്പെടും; ജീവന്‍ രക്ഷപ്പെടുകയില്ല.

കാരിത്താസ്‌ ഹോസ്പിറ്റല്‍ കൊയ്തിട്ടുള്ള നേട്ടങ്ങളെക്കുറിച്ച് സമുദായം അഭിമാനിക്കുന്നുണ്ട്. എന്നാല്‍ ബാക്കിയുള്ള, നമ്മുടെ വിരലിലെണ്ണാവുന്ന ആശുപത്രികളുടെ നില എന്താണ്? മൂന്നുവര്‍ഷത്തിനുള്ളില്‍ എഴുപതു വയസ്സ് തികയുന്ന ഒരാശുപത്രിയും നമുക്കുണ്ട് – എലൂരച്ചന്‍ സ്ഥാപിച്ച കൈപ്പുഴ ആശുപത്രി. ഇത്തരം ഒരു ഓപ്പറേഷന്‍ നടത്താനുള്ള സൗകര്യം നീണ്ട 67 വര്‍ഷങ്ങള്‍കൊണ്ട് അവിടെ ഉണ്ടായിട്ടില്ലെങ്കില്‍, നമ്മള്‍ ലജ്ജിക്കേണ്ടതല്ലേ?

സമുദായത്തിന് ഒരു മെഡിക്കല്‍ കോളേജ് ഉണ്ടാകുന്നത് നല്ല കാര്യമാണ്. പക്ഷെ അതല്ല നമ്മുടെ ഇന്നത്തെ അത്യാവശ്യം. കോട്ടയം അതിരൂപതയുടെ ഓരോ ഫൊറോനയിലും ആധുനിക സൌകര്യങ്ങളുള്ള ഒരാശുപത്രി എന്നൊരു പദ്ധതിയെക്കുറിച്ച് ചിന്തിക്കാന്‍ പിതാവിന്റെ ഈ നെഞ്ചുവേദന കാരണമാകട്ടെ.

ജനത്തിന് നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിച്ച്, ഇതുപോലൊരു പദ്ധതി പ്രഖ്യാപിച്ചാല്‍ ക്നാനയക്കാരന്റെ ഇഴയടുപ്പവും, മഹാമനസ്കതയും പിതാവിന് ബോധ്യമാകും.

പക്ഷെ ഫ്രാന്‍സിസ്‌ പാപ്പയുടെ പ്രബോധനങ്ങളുടെ അന്തസത്ത ഉള്‍ക്കൊണ്ട്, അരമനകേന്ദ്രീകൃതമല്ലത്ത പദ്ധതി ആയിരിക്കണമത്.

മൂലക്കാട്ട് പിതാവിന് ദീര്‍ഘായുസ്സും ആരോഗ്യവും, ഇതുപോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള സന്മനസ്സും സര്‍വേശ്വരന്‍ നല്‍കട്ടെ!

അലക്സ്‌ കണിയാംപറമ്പില്‍