ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Friday, January 24, 2014

മൂലക്കാട്ട് പിതാവിന് ആയുരാരോഗ്യം നേരുന്നു; ഒപ്പം......



കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപോലീത്തയ്ക്ക് കണ്ണൂരില്‍ വച്ച് നെഞ്ചുവേദന അനുഭവപെട്ടുവെന്നും തുടര്‍ന്ന് അവിടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും വാര്‍ത്ത Uzhavoorbeatz.com എന്ന വെബ്സൈറ്റില്‍ കണ്ടു. അപ്നാദേശില്‍ ഇതിനെക്കുറിച്ച്‌ ഒന്നും കാണുവാന്‍ സാധിച്ചില്ല. എങ്കിലും വാര്‍ത്ത ആധികാരികമാണെന്ന് കരുതുന്നു.

കോട്ടയം അതിരൂപതയിലെ ഓരോ അംഗവും ഈയവസരത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാം മറന്ന് പിതാവിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ഥിക്കുന്നുണ്ട് എന്ന കാര്യത്തില്‍ ഈയെഴുതുന്നയാള്‍ക്ക് യാതൊരു സംശയവുമില്ല. ആ പ്രാര്‍ഥനയില്‍ ഈയുള്ളവനും പങ്കുചേരുന്നു.

ഇനി കുറെനാള്‍ പിതാവിന് വിശ്രമത്തിന്റെ ദിനങ്ങള്‍ ആയിരിക്കുമല്ലോ. ഒരു നല്ല ഇടയന്‍ ഇത്തരം വേളയില്‍ തന്റെ അജഗണങ്ങളുടെ ആരോഗ്യകാര്യത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.

വായിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെയും കണ്ടു.

കണ്ണൂരില്‍ വച്ചാണ് പിതാവിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. കാരിത്താസ്‌ ഹോസ്പിറ്റലില്‍ നിന്നുള്ള  വിദഗ്ദ ഡോക്ടര്‍മാരെക്കൂടി അവിടെ എത്തിച്ച ശേഷമാണ് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയത്.

ഈ നെഞ്ചുവേദന മാലക്കല്ലിലോ, വയനാട്ടിലോ, പടമുഖത്തോ വച്ചാണ് അനുഭവപ്പെട്ടിരുന്നതെങ്കില്‍ എന്താകുമായിരുന്നു പിതാവിന്റെ അവസ്ഥ?

ഈ പറഞ്ഞ സ്ഥലങ്ങളിലെല്ലാം പിതാവിന്റെ അജഗണങ്ങള്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടത്ര ചികിത്സാസൌകര്യങ്ങള്‍ ലഭ്യമല്ല. അവരിലോരോരുത്തരുടെയും ജീവനും വിലയുള്ളതാണ്.

രാജപുരത്ത്‌ ആശുപത്രിയ്ക്ക് വേണ്ടി സംഭാവനയായി കിട്ടിയ സ്ഥലത്താണ് കോളേജ് വന്നതെന്ന് കേട്ടിട്ടുണ്ട്. ശരിയോ എന്നറിയില്ല. അതുപോലൊരു പ്രദേശത്ത് കോളേജ് വരുന്നത് വലിയ കാര്യമാണ്; പക്ഷെ കോളേജ് ആശുപത്രിയ്ക്ക് പകരമാകുന്നില്ല. വിദ്യാഭ്യാസം കൊണ്ട് ജീവിതം മെച്ചപ്പെടും; ജീവന്‍ രക്ഷപ്പെടുകയില്ല.

കാരിത്താസ്‌ ഹോസ്പിറ്റല്‍ കൊയ്തിട്ടുള്ള നേട്ടങ്ങളെക്കുറിച്ച് സമുദായം അഭിമാനിക്കുന്നുണ്ട്. എന്നാല്‍ ബാക്കിയുള്ള, നമ്മുടെ വിരലിലെണ്ണാവുന്ന ആശുപത്രികളുടെ നില എന്താണ്? മൂന്നുവര്‍ഷത്തിനുള്ളില്‍ എഴുപതു വയസ്സ് തികയുന്ന ഒരാശുപത്രിയും നമുക്കുണ്ട് – എലൂരച്ചന്‍ സ്ഥാപിച്ച കൈപ്പുഴ ആശുപത്രി. ഇത്തരം ഒരു ഓപ്പറേഷന്‍ നടത്താനുള്ള സൗകര്യം നീണ്ട 67 വര്‍ഷങ്ങള്‍കൊണ്ട് അവിടെ ഉണ്ടായിട്ടില്ലെങ്കില്‍, നമ്മള്‍ ലജ്ജിക്കേണ്ടതല്ലേ?

സമുദായത്തിന് ഒരു മെഡിക്കല്‍ കോളേജ് ഉണ്ടാകുന്നത് നല്ല കാര്യമാണ്. പക്ഷെ അതല്ല നമ്മുടെ ഇന്നത്തെ അത്യാവശ്യം. കോട്ടയം അതിരൂപതയുടെ ഓരോ ഫൊറോനയിലും ആധുനിക സൌകര്യങ്ങളുള്ള ഒരാശുപത്രി എന്നൊരു പദ്ധതിയെക്കുറിച്ച് ചിന്തിക്കാന്‍ പിതാവിന്റെ ഈ നെഞ്ചുവേദന കാരണമാകട്ടെ.

ജനത്തിന് നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിച്ച്, ഇതുപോലൊരു പദ്ധതി പ്രഖ്യാപിച്ചാല്‍ ക്നാനയക്കാരന്റെ ഇഴയടുപ്പവും, മഹാമനസ്കതയും പിതാവിന് ബോധ്യമാകും.

പക്ഷെ ഫ്രാന്‍സിസ്‌ പാപ്പയുടെ പ്രബോധനങ്ങളുടെ അന്തസത്ത ഉള്‍ക്കൊണ്ട്, അരമനകേന്ദ്രീകൃതമല്ലത്ത പദ്ധതി ആയിരിക്കണമത്.

മൂലക്കാട്ട് പിതാവിന് ദീര്‍ഘായുസ്സും ആരോഗ്യവും, ഇതുപോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള സന്മനസ്സും സര്‍വേശ്വരന്‍ നല്‍കട്ടെ!

അലക്സ്‌ കണിയാംപറമ്പില്‍

3 comments:

  1. Once they get power, they will never think about a person like you and me. You give them dollars they will do anything for you.

    ReplyDelete
  2. മൂലക്കാട്ട് പിതാവിന് തക്ക സമയത്ത് ആവശ്യമായ ശുശ്രൂക്ഷ ലഭിക്കാൻ ഇടയായതിലും എല്ലാം ഭംഗിയായി പോകുന്നതിലും സന്തോഷിക്കുന്നു. പിതാവിൻറെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രത്യേകം പ്രാർത്തിക്കുന്നു

    പലപ്പോഴും ആപത്കരമായ സാഹചര്യങ്ങളിൽ നിന്ന് തലനാരിഴ കൊണ്ട് രക്ഷപെട്ട പലരും തങ്ങളുടെ പ്രവർത്തനങ്ങളിലും ചിന്തകളിലും പ്രകടമായ മാറ്റങ്ങൾ വരുത്തി കണ്ടിട്ടുണ്ട്. ജീവിതത്തെ മറ്റൊരു കാഴ്ച്ചപ്പാടിലൂടെ വീക്ഷിക്കുവാൻ അത് കാരണമാക്കാറുണ്ട്. നമ്മളിൽ പലരും അക്കാര്യത്തിൽ അനുഭവസ്തരാണ്. നമുക്കു ചുറ്റും ധാരാളം ഉദാഹരണങ്ങളും കണ്ടെന്നിരിക്കും. പിതാവിന്റെ വിശ്രമജീവിതത്തിന്റെ ഈ ഇടവേളയിൽ ജനങ്ങളുടെ ആവശ്യങ്ങൾക്കും സമുദായത്തിൻറെ ഉന്നമനത്തിനും പ്രാധാന്യം നൽകികൊണ്ടുള്ള ഭാവി പ്രവർത്തങ്ങളേപറ്റി ചിന്തിക്കുവാൻ ഈശ്വരൻ അദ്ദേഹത്തെ സഹായിക്കട്ടെ.

    ReplyDelete
  3. It is sad to hear that he got sick and glad to hear that He is doing well and let us all for his good health. May the good LORD protect him for many many years ahead to lead the diocese and convey the message of Jesus Christ and so help remove the darkness through his deeds. He needs prayer at this time .I don't think it is appropriate to tell him what to do now !!.He is doing the best he can to the community as well as the Christian world. .Please remember that he works under ROME,but not under Knayi Thomma and understand his limitations. Joseph Mullappallil

    ReplyDelete

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.