ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Tuesday, January 14, 2014

ബിസിനസ്സ് ഓഫ് റിലിജിയന്‍ എന്ന ലേഖനപരമ്പര



ജോസ് തോമസ്‌ വടശ്ശേരിക്കുന്നേല്‍ വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തില്‍ അറിയപ്പെടുന്നായാളാണ്.

വിമതനായോ, സഭാവിരുദ്ധനായോ അല്ല അദ്ദേഹത്തിന്റെ ഖ്യാതി. ക്നാനായ എന്‍ഡോഗമി കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്തയൊരാള്‍ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹം പതിവുശൈലി വിട്ട്, Business of Religion എന്ന തന്റെ ലേഖനപരമ്പരയിലൂടെ സഭയുടെ ചില ദുരാചാരങ്ങള്‍ ശക്തമായ ഭാഷയില്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കുകയാണ്.

അമേരിക്കന്‍ ക്നായിലൂടെയാണ് ഈ ലേഖനപരമ്പര വെളിച്ചം കണ്ടത്. ഇതിനോടകം മൂന്ന് ഭാഗങ്ങള്‍ പുറത്തു വന്നുകഴിഞ്ഞു. (മൂന്നു ഭാഗങ്ങളും ഒരുമിച്ചു വായിക്കണമെന്നുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക).. കൂടുതല്‍ ഭാഗങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

ആവേശകരമായ പ്രതികരണമാണ് ഇതിനോടകം ഈ പരമ്പരയ്ക്ക് ലഭിച്ചത്. ഒരു ബ്രദര്‍ ബേബി മാത്രം ദുര്‍ബലസ്വരത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചുകണ്ടു. ബേബിസഹോദരന്‍ വിശുദ്ധ യൂദാ തദേവുസിന്റെ പേരിലും കൊല്ലത്ത് വേളാങ്കണ്ണി മാതാവിന്റെ (ഒറിജിനല്‍ മാതാവിന്റെയല്ല) മിനിയേച്ചര്‍ ഉണ്ടാക്കിയും കാശുവാരുന്ന കുതന്ത്രവും നേരില്‍ കണ്ടാല്‍ ഒരു പക്ഷെ താന്‍ എഴുതിയതോര്‍ത്തു ദുഃഖിച്ചെന്നിരിക്കും.

ജോസ് തോമസിന്റെ ലേഖനത്തിന്റെ ഉള്ളടക്കത്തിലെയ്ക്ക് കടക്കുന്നതിനു മുമ്പ് രണ്ടു നിരീക്ഷണങ്ങള്‍.

ഈ പരമ്പരയ്ക്ക് Business of Religion എന്ന ശീര്‍ഷകം എത്ര ഉതകുന്നു എന്ന് സംശയമുണ്ട്‌. ബിസിനസ്സ് എന്നാല്‍ തട്ടിപ്പാണ് എന്നൊരു പൊതുധാരണ ഉണ്ടെങ്കിലും വിജയിക്കുന്ന ബിസിനസ്സില്‍ മിക്കവയും സത്യസന്ധമായി ചെയ്യുന്നവയാണ്. ചില പാര്‍ട്ടികള്‍ ടാറ്റയെയും ബിര്‍ളായെയും വഞ്ചകരായി ചിത്രീകരികാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ശൈലി നിഷ്പക്ഷമായി പഠിച്ചാല്‍ അവര്‍ രാഷ്ട്രത്തിനു ചെയ്തിട്ടുള്ള സംഭാവന വ്യക്തമാകും. ബില്‍ ഗേറ്റ്സ് ഒരു ബിസിനസ്സ്കാരനാണ്; അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളോ?

അതൊക്കെ മനസ്സില്‍ വച്ചുകൊണ്ട് പറയട്ടെ – “മതം എന്ന തട്ടിപ്പ്” എന്ന പേരായിരുന്നു ഈ പരമ്പരയ്ക്ക് കൂടുതല്‍ ചേരുന്നത്. ഇതെന്റെ അഭിപ്രായം മാത്രം.

രണ്ടാമത്. ഈ ലേഖനത്തിന്റെ ഉള്ളടക്കം കൂടുതല്‍ പേരില്‍ ആവശ്യം എത്തേണ്ടതാണ്. ഇംഗ്ലീഷ് ഭാഷ അതിനു തടസമായി നില്‍ക്കുന്നു. കഴിവുള്ളവര്‍ ആരെങ്കിലും മുന്‍കൈയെടുത്ത് ഇത് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ലേഖനത്തിലെയ്ക്ക് കടക്കട്ടെ.

അല്മായന്‍ ബൈബിള്‍ വായിക്കരുത്, അവന്‍ അക്ഷരം പഠിക്കരുത് എന്നൊക്കെ സഭ മുന്‍കാലത്ത് ആഗ്രഹിച്ചതിന്റെ കാരണം ഇപ്പോള്‍ വ്യക്തമാവുകയാണ്. സഭയില്‍ കാലാകാലങ്ങളില്‍ കടന്നുകൂടിയ അനാചാരങ്ങള്‍ ആരും ചോദ്യം ചെയ്യരുത് എന്നതായിരുന്നു ആ ലക്‌ഷ്യം. സഭയുടെ നിര്‍ഭാഗ്യം എന്നുപറയട്ടെ, അതായിരുന്നില്ല ദൈവത്തിന്റെ പദ്ധതി. ദൈവം അല്‍മായരില്‍ പലരെയും വിദ്യാസമ്പന്നരും വിവേകികളുമാക്കി. അവര്‍ക്ക് തെറ്റും ശരിയും മനസിലായി. തെറ്റിന്റെ നേരെ കണ്ണടയ്ക്കാന്‍ അവര്‍ക്കാകുന്നില്ല.

എന്നാല്‍ ഈ സത്യം, സഭ ഇനിയും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. വിശ്വാസികള്‍ എത്ര ആവേശത്തോടെ ഇത്തരം ലേഖനങ്ങള്‍ ആഘോഷിച്ചാലും സഭാധികൃതര്‍ അതൊന്നും കണ്ടില്ല എന്ന് നടിക്കാന്‍ ശ്രമിക്കും. ലേഖകന്റെ വായ്‌ മൂടിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് മാത്രമേ അവര്‍ ചിന്തിക്കുകയുള്ളൂ.

കാരണം അവരുടെ ലക്‌ഷ്യം അവര്‍ക്ക് വ്യക്തമാണ്. One aim, one business, one desire –ഏതുവിധേനെയും കഴിയാവുന്നത്ര ധനം സമാഹരിക്കുക.

“നിങ്ങളുടെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.”

ജോസ് തോമസിന്റെ ലേഖനം ഇതേ തീവ്രതയില്‍ തുടരും എന്ന് പ്രതീക്ഷിക്കട്ടെ. ഒരുപാട് വിഷയങ്ങള്‍ ബാക്കിയുണ്ട്. ജ്ഞാനസ്നാനം സ്വീകരിക്കുന്നവരെല്ലാം ഒരര്‍ത്ഥത്തില്‍ അഭിഷിക്തരാണ് എന്ന സത്യം മറച്ചുവച്ചുകൊണ്ട്, അഭിഷിക്തനാകുന്ന വൈദികന്‍മാത്രം എന്തോ Diplomatic Immunity പോലുള്ള സൌകര്യങ്ങള്‍ ഉള്ളവരാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം, ഫ്രാന്‍സിസ്‌ പാപ്പ പറയുന്നതൊക്കെ അസംബന്ധമാണെന്ന അടക്കം പറച്ചിലുകള്‍.....

ലേഖകന്‍ ചെയ്യുന്നത് വലിയൊരു സാമൂഹ്യസേവനമാണ്. നമ്മുടെയിടയില്‍ ഇതുപോലുള്ള കൂടുതല്‍ ലേഖകര്‍ ഉണ്ടാകും എന്ന് പ്രത്യാശിക്കുന്നു.

അലക്സ്‌ കണിയംപറമ്പില്‍ 


1 comment:

  1. Chettaa, enthinaaannaa eee bishop maar ellaam Valiya Valiya veettiley kalyaanam nadathunnathu ennaaa. Bishop Moolakkaadan will be visiting Chicago with Meen Achaar in July 2014 with your money. What a luck man??

    ReplyDelete

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.