കാട്ടുമൃഗങ്ങളുടെ വിളയാട്ടം.
കുടിയേറ്റക്കാര്‍ക്ക് ഒത്തിരി നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത് കാട്ടുമൃഗങ്ങളാണ്.
കാട്ടുപന്നികള്‍ ഒറ്റയായും കൂട്ടമായും പകല്‍ സമയത്തുപോലും കൃഷിയിടങ്ങളില്‍
വിഹരിക്കുന്നത് ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. കാട്ടുപന്നികളെ പിടിക്കുവാന്‍
കോളനിയില്‍ ചിലര്‍ കണ്ട വഴിയാണ് പടക്കം വയ്ക്കുക. പന്നികള്‍ വരുന്ന ചില പ്രത്യേക
വഴിചാലുകളില്‍ പൊട്ടിത്തെറിക്കുന്ന നാടന്‍ ബോംബുകളുണ്ടാക്കി തീറ്റയില്‍
പൊതിഞ്ഞുവയ്ക്കും. തീറ്റ കാണുന്ന പന്നി അതു വായിലാക്കി കടിക്കുമ്പോള്‍
പൊട്ടിത്തെറിക്കുകയും തലതെറിച്ച് ചത്തു വീഴുകയും ചെയ്യും. എന്നാല്‍ ഈ സാഹസികത
രണ്ടുതരം അപകടങ്ങള്‍ ഉണ്ടാക്കിയിരുന്നു. പടക്കം ഉണ്ടാക്കുമ്പോള്‍ അപ്രതീക്ഷതമായി
പൊട്ടിത്തെറിച്ച് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. തല്‍ഫലമായി കൈകള്‍ നഷ്ടപ്പെട്ടവരും
മരിച്ചവരും ഉണ്ട് മാത്രവുമല്ല, പടക്കം നിര്‍മ്മിക്കുക
കുറ്റകരവുമായിരുന്നു.
മറ്റൊരപകടം കൂടിയുണ്ട്. പടക്കമെടുത്ത പന്നി അവിടെത്തന്നെ ചത്തു വീഴണമെന്നു
നിര്‍ബന്ധമില്ല. ചില ഒറ്റയാന്‍ പന്നികള്‍ പെട്ടെന്ന് ചത്തു വീഴുകയുമില്ല.
അതുകൊണ്ട്, ചോരപ്പാടുകള്‍
നോക്കി പന്നിയെ അന്വേഷിച്ചു പോകും, ചാകാത്ത ചില
ഒറ്റയാന്മാര്‍ കാട്ടിലുള്ള വെള്ളച്ചാലില്‍, മുറിവേറ്റ മുഖം
പൂഴ്ത്തികിടക്കും. അങ്ങനെയുള്ളവ അന്വേഷിച്ചു ചെല്ലുന്നവരെ ആക്രമിച്ചു
മുറിവേല്പിച്ച സംഭവങ്ങളും നിരവധിയാണ്.
ചെന്നായ്കൂട്ടം മറ്റൊരു ഭീഷണിയായിരുന്നു. നട്ടുച്ചനേരങ്ങളില്‍ ചെന്നായ്കൂട്ടം കുടിയേറ്റക്കാരുടെ ആട്, പശു തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുക പതിവായിരുന്നു. പത്ത്‌നാല്പതു ചെന്നായ്കള്‍ ലൈനായി പോകുന്നത്
കണ്ടു നില്ക്കുക രസകരമായിരുന്നു. ആളുകളെക്കാണുമ്പോള്‍ അവ പിന്മാറുകയായിരുന്നു
പതിവ്.
കുടിയേറ്റക്കാരുടെ സ്ഥിരം തലവേദനയായിരുന്നു കടുവകള്‍,
പറമ്പുകളില്‍ കെട്ടി നിര്‍ത്തിയിരിക്കുന്ന പശുക്കള്‍, ആടുകള്‍ തുടങ്ങിയ കടുവകളുടെ സ്വാദിഷ്ട ഭക്ഷണമായിരുന്നു.
മൃഗങ്ങളുടെ കരച്ചില്‍ കേട്ട് ബഹളമുണ്ടാക്കി ഓടിയെത്തിയാല്‍ അവ ഇരയെ വിട്ടു പോകും.
ചെറിയ ഇനം കടുവകളായിരുന്നതിനാല്‍ അവയെ പട്ടിക്കടുവ എന്നാണ് വിളിച്ചിരുന്നത്
ലേഖകനും കൂട്ടുകാരുമൊക്കെ മുഖാമുഖം കടുവകളെ കണ്ടിട്ടുണ്ട്. വെറുതെ പിന്‍തിരിഞ്ഞു
നടന്നാല്‍ കടുവയും പിന്‍മാറിക്കൊള്ളും.
കാടുകള്‍ വെട്ടിത്തെളിക്കുകയും, കൃഷിയിടങ്ങളാവുകയും
കൂടുതല്‍ ആളുകള്‍ വന്നു താമസം തുടങ്ങുകയും ചെയ്തതോടെ വന്യമൃഗങ്ങള്‍ക്ക് താവളങ്ങള്‍
ഇല്ലാതാവുകയും അവയുടെ ശല്യം മിക്കവാറും ഇല്ലാതാവുകയും ചെയ്തു.
എന്നും ഓര്‍മ്മിക്കുന്ന ചില വേര്‍പാടുകള്‍
കുടിയേറ്റത്തിന്റെ ആദ്യഘട്ടത്തിലെ ചില മരണങ്ങള്‍ ഇന്നും
നൊമ്പരപ്പെടുത്തുന്നവയാണ്. അകാലത്തില്‍ പൊലിഞ്ഞ ആ ജീവിതങ്ങള്‍ തക്കസമയത്ത് വേണ്ട
ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ഇന്നും സ്പന്ദിക്കുന്ന ഹൃദയങ്ങളുമായി
കഴിയുമായിരുന്നു. ലേഖകന്റെ നേരെ ഇളയ സഹോദരി ത്രേസ്യ അങ്ങനെ അകാലത്തില്‍ പൊലിഞ്ഞ
ഒരു കൊച്ചുസൂനമാണ്. കേവലം രണ്ടു വയസുള്ള ആ കൊച്ചുമിടുക്കി മലബാറില്‍ എത്തി ഒരു
വര്‍ഷത്തിനകം അമ്മയുടെ കയ്യിലിരുന്ന് അന്ത്യശ്വാസം വലിച്ച് മരിക്കുന്ന ചിത്രം
ഇന്നും മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. അതുപോലെ തന്നെ പാമ്പുകടിയേറ്റു മരിച്ച കുഴിക്കാട്ട്
ഇട്ടിയേപ്പുചേട്ടന്‍, അദ്ദേഹത്തിന്റെ
മകള്‍ ഏലിക്കുട്ടി, പൂഴിക്കനടയ്ക്കല്‍
കുട്ടന്‍ ചേട്ടന്‍, കാന്‍സര്‍ മൂലം
മരിച്ച മല്ലൂര്‍ ചാണ്ടിയപ്പാപ്പന്‍, പ്രസവത്തെത്തുടര്‍ന്ന്
ജീവന്‍ പൊലിഞ്ഞ, വെട്ടിക്കല്‍ ലൂക്കാ
അപ്പാപ്പന്റെ മകള്‍ അന്നമ്മ അകാലത്തില്‍ പൊലിഞ്ഞുപോയ പുല്ലുവട്ടത്ത്
കുഞ്ഞേപ്പുചേട്ടന്റെ സീമന്തപുത്രന്‍, മാമ്പുഴയ്ക്കല്‍
ചാക്കോചേട്ടന്റെ ഭാര്യ, കൊല്ലന്തേട്ടു
ചെറിയാന്‍ അപ്പാപ്പന്‍ എന്നിവരൊക്കെ ഇന്നും സ്മരണയില്‍ നിന്നു മായാതെ
നില്ക്കുന്നു.
ആയുര്‍ദൗര്‍ഘ്യം കൊണ്ടും, നിശ്ചയദാര്‍ഢ്യം
മൂലം ദൈവാനുഗ്രഹം വഴിയും മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരുമുണ്ട്.
ലേഖകന്റെ പിതാവ് നെടുങ്ങാട്ടു തോമസ്, തേരകത്തനാടി ചാക്കോ
ചേട്ടന്റെ ഭാര്യ കുട്ടിയമ്മാമ്മ തുടങ്ങിയവര്‍ മരണത്തെ മുഖാമുഖം കണ്ട ശേഷം മടങ്ങി
വന്നവരാണ്.
റോഡുവികസനം
മണ്ണാത്തുമാക്കീലച്ചന്റെ കാലത്ത് 1953ല്‍ പയ്യാവൂര്‍ പൊടിക്കളം റോഡ്
രണ്ടിടവകയിലേയും ജനസഹകരണത്തോടെ അല്പം കൂടി വീതി കൂട്ടി വികസിപ്പിച്ചു. പയ്യാവൂര്‍
കുന്നത്തൂര്‍ ഭാഗത്തു നിന്ന് ലോറിയില്‍ തടികളും വിറകും മറ്റും പൊടിക്കളത്തിനടുത്ത്
ആറ്റില്‍ തീരത്തെത്തിക്കുവാന്‍ വേണ്ടി മരക്കച്ചവടക്കാരായ മുസ്ലിം മുതലാളിമാരുടെ
ആവശ്യപ്രകാരമാണ് പ്രസ്തുത വികസനം നടത്തിയത്. കൂട്ടുമുഖത്തുനിന്ന് പയ്യാവൂര്‍ക്കുള്ള
റോഡ് അന്ന് അതീവ ദുഷ്‌ക്കരവും കയറ്റങ്ങള്‍ ഉള്ളവയുമായിരുന്നു. റോഡ് വികസനത്തിന്
നല്ല പ്രതിഫലം ലഭിക്കുകയും അത് രണ്ടിടവകകളും വീതിച്ചെടുക്കുകയും ചെയ്തു. എന്നാല്‍, പ്രസ്തുത റോഡ് കൂടുതല്‍ വികസിപ്പിച്ച്
ഗതാഗതയോഗ്യമാക്കുവാന്‍ പിന്നീട് വലിയ ശ്രമം നടന്നില്ല. പ്രധാനകാരണം, മടമ്പം-പയ്യാവൂര്‍ ഇടവകകള്‍ തമ്മിലാരംഭിച്ച
ശീതസമരമായിരുന്നു. വിശദമാക്കാം. 1953ല്‍ തറയില്‍ മെത്രാന്‍ രണ്ടിടവകകളിലും സന്ദര്‍ശനം
നടത്തിയപ്പോള്‍ രണ്ടിടവകകളുടെയും അതിര്‍ത്തിയായി പ്ടാരിത്തോട് നിശ്ചിച്ചു.
പയ്യാവൂര്‍ വികാരി ആയിരുന്ന കാഞ്ഞിരത്തിങ്കലച്ചന്റെ അഭിപ്രായം അലക്‌സ്‌നഗര്‍
പള്ളിയുടെ അടുത്തുള്ള തോട് (അമ്പത്താറിലെതോട്) അതിര്‍ത്തിയായി നിശ്ചിയിക്കുക
എന്നതായിരുന്നു. പക്ഷേ, മടമ്പം വികാരി
ആയിരുന്ന വട്ടക്കളത്തിലച്ചന്റെ അഭിപ്രായത്തിനു പ്രാമുഖ്യം നല്കിയാണ് പിതാവ് അതിര്‍ത്തി
നിശ്ചിയിച്ചത്. മടമ്പം-പയ്യാവൂര്‍ ഇടവകകളുടെ ശീതസമരത്തിന് ബീജാവാപം കുറിച്ചത്
അന്നുമുതലാണ്.
എന്നിരുന്നാലും 1958 വരെ പ്രസ്തുത ശീതസമരം ശക്തി പ്രാപിക്കുകയോ പ്രകടമായ
എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ല. ശുദ്ധഹൃദയനായ മണ്ണാത്തുമാക്കീലച്ചന്‍
ഒരു തരത്തിലുള്ള ശീതസമരത്തിനും മുന്നിട്ടിറങ്ങിയില്ല. മാത്രമല്ല, ആ കാലഘട്ടത്തില്‍, കാഞ്ഞിരത്തിങ്കലച്ചന്‍ നടത്തിയ കമ്മ്യൂണിസ്റ്റു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്
മടമ്പം ഇടവക ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹകരിപ്പിക്കുകയും ചെയ്തു.
മടമ്പം-പയ്യാവൂര്‍ ഇടവകജനങ്ങളുടെ സംയുക്തമായ രണ്ടു ചടങ്ങുകള്‍
അന്നുണ്ടായിരുന്നു. ആദ്യത്തേത് ദുഃഖവെള്ളിയിലെ കുരിശു മലകയറ്റം. ദുഃഖവെള്ളിയാഴ്ച
മടമ്പം ഇടവകക്കാരും, പയ്യാവൂര്‍
ഇടവകക്കാരും അവരവരുടെ പള്ളികളില്‍
സംഘടിച്ച്, പാനവായിച്ച്
പയ്യാവൂരുള്ള കുരിശുമലയുടെ അടിവാരത്ത് സമ്മേളിച്ച് ഒന്നിച്ചു മലകയറുകയും മലമുകളില്‍
പ്രസംഗവും സ്ലീബാചുംബനവും നടത്തി പിരിയുകയും ചെയ്തിരുന്നു. രണ്ടാമത്തേതു ഒക്‌ടോബര്‍
മാസത്തെ ക്രിസ്തുരാജ ദിനാചരണമായിരുന്നു. പയ്യാവൂരു നിന്നും മടമ്പത്തു നിന്നും
ജനങ്ങള്‍ ഘോഷയാത്രയായി അമ്പത്താറിലുള്ള കുരിശിങ്കല്‍ സന്ധിച്ച് പിരിയുകയായിരുന്നു
പതിവ്. ക്രിസ്തുരാജദിനത്തിലെ ഘോഷയാത്രയും ഇടവകസംഗമവും പൂര്‍ണ്ണമായും നിലച്ചുപോയി.
കുരിശുമലക്കയറ്റത്തിന് മടമ്പം ഇടവകക്കാര്‍ സഹകരിക്കുന്നുണ്ടെങ്കിലും
രണ്ടിടവകകളുടെയും ഒരു സംയുക്തസംരഭമെന്ന നിലയില്‍ അതു നിലച്ചുപോയി.
വൈദികരിലൂടെ ആരംഭിച്ച ശീതസമരത്തിന്റെ ബലിയാടുകള്‍ സത്യത്തില്‍ രണ്ടിടവകയിലെയും
ജനങ്ങളായിരുന്നു. കാഞ്ഞിരത്തുങ്കലച്ചന്റെ നേതൃത്വത്തില്‍ അനവധി റോഡുകള്‍ ഉള്‍പ്രദേശങ്ങളെ
ബന്ധിപ്പിച്ച് ജനങ്ങളുടെ ശ്രമദാനത്തിലൂടെ നിര്‍മ്മിക്കുകയുണ്ടായി. എന്നാല്‍, പയ്യാവൂര്‍ മടമ്പം റോഡ് അദ്ദേഹം തീര്‍ത്തും
അവഗണിക്കുകയാണുണ്ടായത്. ഉദ്യോഗസ്ഥതലങ്ങളിലും ജനങ്ങളുടെ ഇടയിലും അത്യധികം
സ്വാധീനവും അപാരമായ നേതൃത്വപാടവുമുണ്ടായിരുന്ന കാഞ്ഞിരത്തുങ്കലച്ചന്‍
മനസ്സുവച്ചിരുന്നെങ്കില്‍ കോളനിയുടെ ഗതി മറ്റൊന്നാകുമായിരുന്നു. അന്ന്
ശ്രമിച്ചിരുന്നെങ്കില്‍, ഇന്നത്തെ പയ്യാവൂര്‍
- ശ്രീകണ്ഠപുരം റോഡിന്റെ സ്ഥാനത്ത്, ശ്രീകണ്ഠപുരം-പൊടിക്കളം-മടമ്പം-പയ്യാവൂര്‍
റോഡ് ഉണ്ടാവുകയും അതുവഴി മടമ്പം കോളനിയുടെ മുഖഛായ തന്നെ അമ്പേ മാറുകയും
ചെയ്യുമായിരുന്നു. അക്കാലത്ത് വൈദികതലത്തില്‍ ആരംഭിച്ച ശീതസമരം ജനങ്ങളിലൂടെ
രണ്ടിടവകളുടേയും വികസനത്തെ മുരടിപ്പിച്ചു കളഞ്ഞുവെന്നതാണു സത്യം.
അക്കാര്യങ്ങളെപ്പറ്റി പിന്നീട് പ്രതിപാദിക്കുവാന്‍ ശ്രമിക്കാം.
അമേരിക്കന്‍ ഭക്ഷ്യവസ്തുക്കളുടെ ആഗമനം
ഈ അവലോകനം പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് കോളനിക്കാര്‍ക്ക് ഒത്തിരി
ഉപകാരങ്ങളും അതോടൊപ്പം ഉപദ്രവങ്ങളും നല്കിയ അമേരിക്കന്‍ ഭക്ഷ്യ സഹായത്തെപ്പറ്റി
പറയേണ്ടതാവശ്യമാണ്. 1950കളില്‍ കാത്തലിക്ക് റീലീഫ് സൊസൈറ്റിയുടെ (C.R.S) ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ നിന്ന്
പാവപ്പെട്ടവര്‍ക്കു വേണ്ടി പാല്‍പ്പൊടി, ഗോതമ്പ്, നെയ്യ്, ചീസ്, മുട്ടപ്പൊടി തുടങ്ങിയ ഭക്ഷ്യ വിഭവങ്ങള്‍ സൗജന്യമായി
നല്കിത്തുടങ്ങിയിരുന്നു. കോട്ടയം രൂപതയുടെ രണ്ടിടവകളായിരുന്ന മടമ്പം, പയ്യാവൂര്‍ എന്നീ രണ്ടു സെന്ററുകള്‍ ഭക്ഷ്യ
വിതരണത്തിന് തെരഞ്ഞെടുക്കപ്പെടുകയും ഭക്ഷ്യവിഭവങ്ങള്‍ മദ്രാസില്‍ നിന്നു റെയില്‍വേ
മാര്‍ഗ്ഗം വളപട്ടണത്തേക്ക് അയയ്ക്കുകയുമായിരുന്നു പതിവ്. മടമ്പം പ്രധാന സെന്ററും
പയ്യാവൂര്‍ ഉപസെന്ററും ആയിരുന്നു. മടമ്പം വികാരി വളപട്ടണത്തു നിന്ന്
ഭക്ഷ്യവസ്തുക്കള്‍ ഏറ്റെടുത്ത് മടമ്പത്ത് എത്തിക്കുകയും പയ്യാവൂര്‍ നിന്ന്
കൈക്കാരന്മാര്‍ കാളവണ്ടിയില്‍ അങ്ങോട്ടു കൊണ്ടുപോവുകയും വിതരണം രണ്ടു സ്ഥലങ്ങളിലും
നടത്തുകയും ചെയ്തു. 1956-57 കളിലാണ് ഭക്ഷ്യവസ്തുക്കള്‍ എത്തിതുടങ്ങിയതെന്ന്
തോന്നുന്നു. ആദ്യമാദ്യം വലിയ സ്റ്റീല്‍ വീപ്പകളിലാണ് നെയ്യും പാല്‍പ്പൊടിയും
എത്തിയിരുന്നത്. വളപട്ടണത്തു നിന്ന് വള്ളത്തില്‍ അതു മടമ്പത്ത് എത്തിച്ചിരുന്നു.
അതിനുവേണ്ടി വരുന്ന ചെലവുകള്‍ താങ്ങുവാന്‍ ഉപഭോക്താക്കളില്‍ നിന്ന് ഒരു ചെറിയ തുക
ഈടാക്കിയിരുന്നു. എന്നാല്‍, പബ്ലിക്ക് മാര്‍ക്കറ്റില്‍
ഇത്തരം ഭക്ഷ്യവസ്തുക്കള്‍ക്ക് ഡിമാന്റ് വര്‍ദ്ധിച്ചപ്പോള്‍, പകുതി വിതരണം നടത്തുകയും പകുതി വളപട്ടണത്തു തന്നെ
വില്ക്കുകയും ചെയ്യുക എന്ന ഒരു നയം വികാരിമാര്‍ സ്വീകരിച്ചു. വില്ക്കുന്നതു വഴി
കിട്ടുന്ന പണം പള്ളിയുടെ വരുമാനവുമായി. ഭക്ഷ്യവസ്തുക്കളുടെയും അവയുടെ
ദുരുപയോഗങ്ങളുടെയും കഥകള്‍ വിശദമായി മറ്റൊരിടത്ത് വിവരിക്കുന്നതാണ്.
തുടരും....
(എബ്രഹാം നെടുങ്ങാട്ട് എഴുതിയ കാണാപ്പുറത്തേക്ക് ഒരു
പ്രയാണം എന്ന പുസ്തകത്തില്‍ നിന്ന്)
No comments:
Post a Comment
അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.