ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Friday, July 26, 2013

കാണാപ്പുറത്തേക്ക് ഒരു പ്രയാണം (അദ്ധ്യായം 13.1)



മുതുകാട്ടില്‍ സ്റ്റീഫനച്ചനും മടമ്പവും

1961ലാണ് മുതുകാട്ടിലച്ചന്‍ മടമ്പത്ത് വികാരി ആയി നിയമിക്കപ്പെട്ടത്. 1957ല്‍ പൗരോഹിത്യം സ്വീകരിച്ച മുതുകാട്ടിലച്ചന്‍, അപ്നാദേശിന്റെയും പ്രസ്സിന്റേയും മാനേജരായി നിയമിതനായ കാലം മുതല്‍ ലേഖകനടുത്തിടപെട്ടിരുന്നു. തുടര്‍ന്ന് 1958ല്‍ അദ്ദേഹം രൂപതയുടെ മൈനര്‍ സെമിനാരിയില്‍ റെക്ടറായപ്പോള്‍ ലേഖകന്‍ സെമിനാരിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു. അതുകൊണ്ട് മുതുകാട്ടിലച്ചനുമായി വളരെ അടുത്തിടപഴകുവാനും അദ്ദേഹത്തിന്റെ മടമ്പത്തെ എട്ടുവര്‍ഷം ദീര്‍ഘിച്ച പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുവാനും സഹകരിക്കുവാനും ലേഖകന് അവസരമുണ്ടായിട്ടുണ്ട്.

ഇടവകയുടെ വളര്‍ച്ചയെന്നാല്‍ ജനങ്ങളുടെ നാനാവിധ വളര്‍ച്ചയാണ് എന്നതായിരുന്നു മുതുകാട്ടിലച്ചന്റെ ഫിലോസഫി. അതുകൊണ്ട് അതനുസരിച്ചുള്ള ഒരു പ്രവര്‍ത്തനപരിപാടിയാണ് അദ്ദേഹം ആവിഷ്‌കരിച്ചത്. അദ്ധ്വാനിയായ നല്ലൊരു കൃഷിക്കാരനായിരുന്നു. മുതുകാട്ടിലച്ചന്‍. മടമ്പത്തെ കോളനിക്കാരുടെ കൃഷിരീതികള്‍ അദ്ദേഹത്തിന് പിടിച്ചില്ല. പള്ളിപ്പറമ്പില്‍ തന്നെ കൃഷിരീതികള്‍ അദ്ദേഹം പ്രായോഗികമായി കാണിച്ചുകൊടുത്തു. മണ്ണൊലിപ്പു തടയാന്‍ ഇടക്കയ്യാലകള്‍ വച്ച് തെങ്ങും കമുകുമൊക്കെ കൃഷി ചെയ്ത് അദ്ദേഹം കാണിച്ചു. അങ്ങനെ ആളുകള്‍ക്ക് ചിട്ടയായി അദ്ധ്വാനിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടു.

തരിശുകിടക്കുന്ന മലകളില്‍ റബ്ബറും കശുമാവും കൃഷിചെയ്ത് സ്ഥിരമായ വരുമാനമാര്‍ഗ്ഗം ഉണ്ടാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പക്ഷേ, അതിനു മുടക്കുമുതല്‍ വേണം. കോളനിയുടെ നടുവിലൂടെ ഒഴുകുന്ന പുഴയുടെ ഇരുവശങ്ങളിലെ കരിസ്ഥലങ്ങള്‍ ഒന്നാംതരം നെല്‍വയലുകള്‍ ആയി രൂപപ്പെടുത്തി ഒരു കൃഷിയുടെ സ്ഥാനത്ത് കുറഞ്ഞത് രണ്ടു കൃഷി നടത്താമെന്ന് അദ്ദേഹം കണ്ടു. അതിനു പുഴയില്‍ നിന്നു മോട്ടര്‍ കൊണ്ട് വെള്ളമടിക്കണം. മോട്ടറുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇലക്ട്രിസിറ്റി വേണം. കൂടാതെ പുഴയിലൂടെ ആണ്ടുവട്ടം ഒഴുകിപോകുന്ന വെള്ളം തടഞ്ഞുനിര്‍ത്തി ഒരു ജലസേചന പദ്ധതി സമാരംഭിച്ചാല്‍ കൃഷിഭൂമികള്‍ വര്‍ദ്ധിപ്പിക്കാനും വരള്‍ച്ചയെ നേരിടാനും സാധിക്കുമെന്ന് അദ്ദേഹം കണ്ടു. അതിന് കോളനിയില്‍ പറ്റിയ സ്ഥലത്ത് ഒരു ഡാം നിര്‍മ്മിക്കണം. പ്രൊജക്ട് ഉണ്ടാക്കണം. വിലമുറിക്കല്‍ നടത്തിയും അമിതപലിശയ്ക്ക് കടം വാങ്ങിയും കടബാദ്ധ്യതയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഇടവകക്കാരെ അത്തരം ബാദ്ധ്യതകളില്‍ എടുത്തു ചാടാതെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം മനസ്സിലാക്കി. ഇതിനൊക്കെ പുറമെ കോളനിയില്‍ ഒരു ആശുപത്രി അത്യന്താപേക്ഷിതമാണെന്നുള്ള ബോദ്ധ്യവും ഉണ്ടായി. പുതിയ പള്ളി, സ്‌കൂള്‍ കെട്ടിടങ്ങളുടെ വിപുലീകരണം എന്നിങ്ങനെയുള്ള അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങള്‍ വേറെയും.

ഇരുഡ് പദ്ധതി

തളിപ്പറമ്പില്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന കോതമംഗലം സ്വദേശി ജോസ് പീറ്ററെയും അദ്ദേഹത്തിലൂടെ എന്‍ജിനിയര്‍ ബാലാജിയേയും മുതുകാട്ടിലച്ചന്‍ പരിചയപ്പെട്ടു. അവരുടെ മുമ്പില്‍ അദ്ദേഹം ഉന്നയിച്ചതാണ് ഇരുഡ് പദ്ധതി. ഇരുഡില്‍ ഉച്ചത്തു കയത്തിനുമുകളില്‍ ഉണ്ടായിരുന്ന ഇടുങ്ങിയ പുഴഭാഗത്ത് ഒരു ഡാം നിര്‍മ്മിക്കുക. അവിടെ നിന്ന് കനാല്‍ മാര്‍ഗ്ഗം വെള്ളം, കാഞ്ഞിലേരി, വയക്കര, ചുണ്ടപ്പറമ്പ്, മുണ്ടകംവയല്‍, മടമ്പം, കൈതപ്രം, കൂട്ടുമുഖം മുതലായ പ്രദേശങ്ങളിലെ വയലുകളില്‍ എത്തിക്കുക. അവിടങ്ങളിലെ വയലുകളില്‍ കുറഞ്ഞത് രണ്ടു കൃഷിയിറക്കുക - ഒരു മൈനര്‍ ഇറിഗേഷന്‍ പദ്ധതി. എന്‍ജിനിയര്‍മാര്‍ ഒരു പ്രോജക്ട് റിപ്പോര്‍ട്ടുണ്ടാക്കാമെന്ന് സമ്മതിച്ചു. അങ്ങനെ എന്‍ജിനീയര്‍മാര്‍ മടമ്പത്തുവരികയും ഇരുഡില്‍ പാറതുരന്ന് പദ്ധതിയുടെ സാദ്ധ്യതാപഠനം ആരംഭിക്കുകയും ചെയ്തു. അധികം വൈകാതെ അവര്‍ പദ്ധതിയുടെയും കനാലിന്റേയുംപ്രോജക്ട് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുകയും പദ്ധതിക്കുവേണ്ടി ഒരു തുക അനുവദിക്കുകയും ചെയ്തു.

പക്ഷേ ഈ പദ്ധതി പൂര്‍ത്തി ആയാല്‍ പയ്യാവൂര്‍ ഇടവകക്കാരായ ഒട്ടേറെ മനുഷ്യരുടെ സ്ഥലം വെള്ളത്തിലാവുമെന്നും മറ്റുമുള്ള പ്രചരണങ്ങള്‍ ശക്തമായി. ആ ഭാഗത്തുള്ളവര്‍ ഇരുഡ് പദ്ധതിയെ എതിര്‍ത്തു. അവരെ അനുനയിപ്പിക്കുവാനും, പദ്ധതി മൂലമുണ്ടാകാവുന്ന നേട്ടങ്ങളെ വിശദീകരിക്കുവാനും കുപ്ലിക്കാട്ടച്ചന്‍ തയ്യാറായതുമില്ല. മുതുകാട്ടിലച്ചനുമായി അത്ര നല്ല ബന്ധത്തില്‍ അല്ലായിരുന്നു അദ്ദേഹം. അതുകൊണ്ട് കുപ്ലിക്കാട്ടച്ചന്‍ ഒരു ബദല്‍ നിര്‍ദ്ദേശം കൊണ്ടുവന്നു. അതായത് ഡാമിന്റെ സൈറ്റ് ചമതച്ചാലിനടുത്ത് നീരൊലിപ്പിലേയ്ക്ക് മാറ്റുക. അദ്ദേഹത്തിന്റെ സ്വന്തക്കാരനായിരുന്ന ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറിന്റെ ഇടപെടല്‍ വഴി ഡാമിന്റെ സൈറ്റ് അങ്ങോട്ടുമാറ്റുകയും ചെയ്തു. അങ്ങനെ സര്‍വ്വേയും പ്ലാനും എല്ലാം പൂര്‍ത്തിയായ ''ഇരുഡ് പദ്ധതി'' അന്ത്യശ്വാസം വലിച്ചു. വളരെയധികം അദ്ധ്വാനവും, സമയവും, പണവും പ്രസ്തുത പദ്ധതിയ്ക്കുവേണ്ടി മുതുകാട്ടിലച്ചന്‍ ചെലവഴിച്ചെങ്കിലും അത് ലക്ഷ്യം കണ്ടില്ല. അതിന്റെ പേരില്‍ മുതുകാട്ടിലച്ചന് ഇടവകക്കാരില്‍ നിന്നും വളരെയധികം വിമര്‍ശനം ഏല്‍ക്കേണ്ടിവന്നിട്ടുമുണ്ട്. പക്ഷേ, മുതുകാട്ടിലച്ചന്‍ സ്വപ്നം കണ്ട ഇരുഡ് പദ്ധതി ലക്ഷ്യത്തിലെത്തിയിരുന്നുവെങ്കില്‍ മടമ്പം കോളനിയുടെ മുഖഛായയും പ്രതിഛായയും മറ്റൊന്നാകുമായിരുന്നു. പക്ഷേ, കുടിയേറിയ ആദ്യകാലത്തെ ഒരുമയും സഹകരണമനോഭാവവും നിലനിര്‍ത്തുവാനും വരുംതലമുറയുടെ ഭാവി സമ്മോഹനമാക്കുവാനും മടമ്പം, പയ്യാവൂര്‍ നിവാസികളും അവരുടെ വികാരിമാരും തങ്ങളുടെ വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളും ഈഗോയും മാറ്റിവച്ച് ഉത്തരവാദിത്വവും വിശാലവീക്ഷണവും പ്രകടിപ്പിക്കുവാന്‍ വൈമുഖ്യം കാട്ടിയതിന്റെ അനന്തരഫലം മടമ്പം കോളനിയുടെ വളര്‍ച്ച മുരടിച്ചുനിന്നു എന്നതാണ്. ബോധപൂര്‍വ്വമോ അല്ലാതെയോ ചിലര്‍ ആരംഭം കുറിക്കുന്ന പ്രാദേശിക സങ്കുചിതത്വത്തിന്റെ അനന്തരഫലങ്ങള്‍ ഭാവി തലമുറയേയും സാഹചര്യങ്ങളെയും വളര്‍ച്ചയേയും എങ്ങനെ ബാധിക്കുമെന്നതിന്റെ ഉത്തമോദ്ദാഹരണമാണ് മടമ്പം കോളനി. അത്തരം പ്രാദേശിക സങ്കുചിതത്തെപ്പറ്റി മറ്റൊരദ്ധ്യായത്തില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതായിട്ടുണ്ട്. 2012 ല്‍ മടമ്പത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ''ഷട്ടര്‍ കം ബ്രിഡ്ജ്'' ഇരുഡ് പദ്ധതിയുടെ സാക്ഷാത്ക്കരണമാണെന്ന കാര്യം വഴിയെ നമുക്ക് കാണാം.

മുതുകാട്ടിലച്ചന്റെ കാര്‍ഷിക പദ്ധതികള്‍

തന്റെ സ്വപ്നപദ്ധതിയായ 'ഇരുഡ് പദ്ധതി' യുടെ അകാലവിയോഗത്തില്‍ മുതുകാട്ടിലച്ചന് വളരെ ദുഃഖവും നിരാശയും ഉണ്ടായെങ്കിലും, കോളനിയുടെ സാമ്പത്തിക സ്ഥിതിയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി മറ്റു ചില പ്രോജക്റ്റുകള്‍  അദ്ദേഹം ആവിഷ്‌കരിച്ചു.

ലഘു നിക്ഷേപപദ്ധതി

വിലമുറിക്കല്‍ വഴി കടം വര്‍ദ്ധിപ്പിക്കുന്ന ആളുകളെ സമ്പാദ്യശീലം പഠിപ്പിക്കുവാനും അതുവഴി സ്വയം പര്യാപ്തമാക്കുവാനും വേണ്ടി ഒരു ''ലഘു നിക്ഷേപപദ്ധതി'' അദ്ദേഹം ആരംഭിച്ചു. ഏതു ചെറിയ തുകയും പദ്ധതിയില്‍ നിക്ഷേപിക്കാം, ആര്‍ക്കും. പാസ്ബുക്കും ഉണ്ട്. പദ്ധതിയിലെ തുക ന്യായപലിശയ്ക്ക് കടം കൊടുക്കും. അത്യാവശ്യം വരുമ്പോള്‍ വിലമുറിക്കാതെ, അന്യായ പലിശ കൊടുക്കാതെ ലഘു നിക്ഷേപപദ്ധതിയില്‍ നിന്നും കടമെടുക്കാം. ഈ പദ്ധതി വലിയ വിജയമായിരുന്നു.

മിസരയോറിന്റെ സഹായത്തോടെ കേരളത്തിലെ പല രൂപതകളും ജനക്ഷേമകരമായ പലപദ്ധതികളും പ്രൊജക്ടുകളും നടപ്പിലാക്കുന്നത് മുതുകാട്ടിലച്ചന്റെ ശ്രദ്ധയില്‍പ്പെട്ടു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (KSS) അന്ന് കോട്ടയം രൂപതയില്‍ നിലവില്‍ ഉണ്ടായിരുന്നു. പക്ഷേ, പോളിയോ ബാധിച്ച അവസ്ഥ ആയിരുന്നു അതിന്റേത്. കോട്ടയത്തു നിന്ന് ഒരു നന്മയും തല്ക്കാലം കോളനിയില്‍ ലഭിക്കുകയില്ലെന്ന് മനസ്സിലാക്കിയ മുതുകാട്ടിലച്ചന്‍ കോളനിയ്ക്കുവേണ്ടി സ്വന്തമായ രീതിയില്‍ പ്രൊജക്റ്റുകള്‍ ഉണ്ടാക്കി തറയില്‍ പിതാവിന്റെ അനുമതിയോടെ മിസരയോറിനു സമര്‍പ്പിക്കുവാന്‍ ഉദ്യമിച്ചു. അതിനുവേണ്ടി ആദ്യം വേണ്ടിയിരുന്നത് ഒരു സോഷ്യോ ഇക്കണോമിക്ക് സര്‍വ്വേ ആയിരുന്നു. മേജര്‍ സെമിനാരിയില്‍ മൂന്നാം വര്‍ഷം തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയശേഷം അവധിക്കാലം ചെലവഴിക്കാന്‍ വീട്ടിലെത്തിയ ഈ ലേഖകനോട് പ്രസ്തുത സര്‍വ്വേ നടത്തുന്ന കാര്യം മുതുക്കാട്ടിലച്ചന്‍ സൂചിപ്പിച്ചു. ലേഖകന്‍ സന്തോഷപൂര്‍വ്വം ആ കടമ ഏറ്റെടുത്തു. ളോഹ ഇട്ടകാലം. ഒരിക്കല്‍ ളോഹ ധരിച്ചാല്‍ അതെപ്പോഴും ധരിക്കണമെന്നാണ് അന്നത്തെ നിയമം. ചുട്ടുപഴുക്കുന്ന മെയ്മാസ വെയില്‍. ളോഹയുമിട്ട്, മുതുകാട്ടിലച്ചന്റെ വക കറുത്ത ഹാറ്റും ധരിച്ച് ലേഖകന്‍ ഇടവകയിലെ എല്ലാ വീടുകളും കയറിയിറങ്ങി. കൂട്ടിന് മിക്കപ്പോഴും അന്ന് പെറ്റിസെമിനാരി വിദ്യാര്‍ത്ഥി ആയിരുന്ന പൂവത്തുമ്മൂട്ടില്‍ ജോസഫും ഉണ്ടാകും. മുതുകാട്ടിലച്ചനും ലേഖകനും കൂടി തയ്യാറാക്കി അച്ചടിപ്പിച്ച സര്‍വ്വേ ഫോറത്തില്‍ എല്ലാ വിവരങ്ങളും ശേഖരിച്ചു. പൊള്ളുന്ന മെയ്മാസത്തെ വെയിലില്‍ കാല്‍നടയായി മലകളും കുന്നുകളും കയറിയിറങ്ങി രണ്ടാഴ്ച കൊണ്ട് സര്‍വ്വേ പൂര്‍ത്തിയാക്കി. തുടര്‍ന്ന് സര്‍വ്വേ ഫലങ്ങള്‍ ക്രോഡീകരിച്ച് ഒരു റിപ്പോര്‍ട്ടും തയ്യാറാക്കി മുതുകാട്ടിലച്ചനെ ഏല്പിച്ചാണ് മെയ് അവസാനം ലേഖകന്‍ തിരിയെ ആലുവാ മംഗലപ്പുഴ സെമിനാരിയിലേയ്ക്ക് പോയത്.

സാന്ദര്‍ഭികമായി പറയട്ടെ, മുതുകാട്ടിലച്ചന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സെമിനാരി വിദ്യാര്‍ത്ഥി എന്ന നിലയിലും, പിന്നീട് മടമ്പം പള്ളിയിലെ സഹവികാരി എന്ന നിലയിലും സമ്പൂര്‍ണ്ണ സഹകരണവും സഹായവും നല്കാന്‍ ഈ ലേഖകന്‍ എപ്പോഴും ഉണ്ടായിരുന്നു. മുതുകാട്ടിലച്ചനില്‍ നിന്നാണ് ഇടവക ഭരണത്തിന്റെ ബാലപാഠങ്ങള്‍ ലേഖകന് ലഭിച്ചതും. മടമ്പം ഇടവകയിലെയും പയ്യാവൂര്‍ ഇടവകയിലെയും വികാരിമാരോട് അടുത്ത് പ്രവര്‍ത്തിക്കുകയും സഹായിക്കുകയും ചെയ്യുവാന്‍ ഈ ലേഖകന് സാധിച്ചിട്ടുണ്ട്. മാത്രമല്ല, പ്രസ്തുത വികാരിമാരുടെ ആശയ സംഘടനങ്ങള്‍ക്കും അഭിപ്രായഭിന്നതകള്‍ക്കും പലപ്പോഴും ഈ ലേഖകന്‍ മൂകസാക്ഷി ആയിരുന്നു. ഒരു സെമിനാരി വിദ്യാര്‍ത്ഥി എന്ന നിലയില്‍ അതിനപ്പുറമൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

മേഴ്‌സി ആശുപത്രി, റബര്‍ പ്ലാന്റേഷന്‍, ലിഫ്റ്റ് ഇറിഗേഷന്‍

സോഷ്യോ-ഇക്കണോമിക് സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ മുതകാട്ടിലച്ചന്‍ പ്രൊജക്ടുകള്‍ തയ്യാറാക്കി തറയില്‍ പിതാവിന്റെ അംഗീകാരത്തോടെ, K.S.S ന്റേതായി മിസരയോറിനു സമര്‍പ്പിച്ച പദ്ധതികള്‍ അവര്‍ അംഗീകരിച്ചു. അങ്ങനെയുണ്ടായ മൂന്നു പദ്ധതികളാണ്  മടമ്പം റബ്ബര്‍ പ്ലാന്റേഷന്‍, ലിഫ്റ്റ് ഇറിഗേഷന്‍, മേഴ്‌സി ആശുപത്രി. 1966 ലാണ് അംഗീകരിച്ചതെന്നാണ് ഓര്‍മ്മ.

റബ്ബര്‍ സ്‌കീം.

ഒരേക്കര്‍ സ്ഥലത്ത് റബ്ബര്‍കൃഷി നടത്തുന്നതിന് അഞ്ഞൂറു രൂപാ പലിശയില്ലാതെ കടം കൊടുക്കും. പരമാവധി മൂന്നേക്കര്‍ റബ്ബര്‍ കൃഷിക്കു മാത്രമേ ഒരു കര്‍ഷകനു സഹായം ലഭിക്കൂ. ആറാം വര്‍ഷം റബ്ബര്‍ വെട്ടാന്‍ കഴിയും എന്ന സങ്കല്പത്തില്‍ കടം പത്തു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. ഇതായിരുന്നു പ്രധാന വ്യവസ്ഥകള്‍.

ലേഖകന്‍ 1967 മെയ് 1 മുതല്‍ മുതുകാട്ടിലച്ചന്റെ അസിസ്റ്റന്റ്‌റായി മടമ്പം പള്ളിയില്‍ സേവനമനുഷ്ടിക്കുന്ന കാലത്താണ് റബ്ബര്‍ സ്‌കീം നടപ്പിലാക്കിയത്. കടം വാങ്ങുന്നയാള്‍ റബ്ബര്‍ വയ്ക്കുന്ന സ്ഥലം രൂപതയ്ക്ക് രജിസ്റ്റര്‍ ചെയ്തു നല്‌കേണ്ടിയിരുന്നു. തവണകളായിട്ടാണ് പണം നല്കിയിരുന്നത്. സ്‌കീമിന് വളരെ സഹായം നല്കിയ ആളായിരുന്നു കെ. എം. വര്‍ഗ്ഗീസ്. അദ്ദേഹമാണ് നല്ലയിനം റബ്ബര്‍ക്കുരു വരുത്തി തന്നത്. സ്‌കീമിന്റെ നടത്തിപ്പിന് സെക്രട്ടറിയായി ചിറ്റേട്ട് തോമസ് മാസ്റ്റര്‍ നിയമിതനായി.

സ്ഥലം ലവല്‍ സര്‍വ്വേയിലൂടെ പ്ലാറ്റ്‌ഫോറം വെട്ടി കുഴികള്‍ കുത്തി ശരിയാക്കണം. കുരുപ്പിച്ച തൈകളാണ് വയ്ക്കുന്നത്. സ്ഥലം ശരിയാക്കാനും കുഴികുത്തുവാനും ആദ്യഗഡു നല്കി. ഒപ്പം റബ്ബര്‍ കുരുക്കളും. നൂറോളം വീട്ടുകാര്‍ ഏതാണ്ട് 214 ഏക്കറോളം സ്ഥലത്ത് റബ്ബര്‍ വച്ചുവെന്നാണ് ലേഖകന്റെ ഓര്‍മ്മ. മൂന്നാം ഗഡു കൊടുക്കുന്നതിനു മുമ്പ് ലേഖകന്‍ മടമ്പത്തു നിന്ന് സ്ഥലം മാറിപ്പോയി, ചമതച്ചാലിലേക്ക്. അധികം താമസിയാതെ മുതുകാട്ടിലച്ചന്‍ രാജപുരത്തേക്ക് മാറ്റപ്പെട്ടു.

മുതുകാട്ടിലച്ചന്റെ പിന്‍ഗാമിയായി വന്ന കാക്കനാട്ടച്ചന്റെ കാലത്താണ് റബ്ബര്‍ സ്‌കീമിന്റെ അവസാനഘട്ടം പൂര്‍ത്തിയാക്കിയത്.

പത്തു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കടം വാങ്ങിയ പണം പൂര്‍ണ്ണമായും K.S.S ലേയ്ക്ക് തിരിച്ചടയ്ക്കണമെന്നതായിരുന്നു ധാരണ. പദ്ധതി പൊതുവേ വന്‍ വിജയമായിരുന്നു എന്നു പറയുന്നത് തീര്‍ത്തും ശരിയാണ്. ഏതാണ്ട് നൂറു കുടുംബങ്ങളെങ്കിലും റബ്ബര്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആയിരുന്നു.

കടം വാങ്ങിയ പണം ഗുണഭോക്താക്കളില്‍ നിന്ന് ഭാവിയില്‍ മടമ്പം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലേയ്ക്ക് പിരിച്ചെടുത്തശേഷം പ്രസ്തുത സംഖ്യ, കോളനിയില്‍ തന്നെ മറ്റേതെങ്കിലും പ്രോജക്ടുണ്ടാക്കി, മിസരയോറിന്റെ അംഗീകാരത്തോടെ പ്രസ്തുത പ്രോജക്ടില്‍ നിക്ഷേപിക്കുക എന്നതായിരുന്നു മുതുകാട്ടിലച്ചന്‍ വിഭാവനം ചെയ്തത്. റബ്ബറിനോട് ബന്ധപ്പെട്ട ചെറിയ കുടില്‍വ്യവസായം, കോളനിയില്‍ സുലഭമായിരുന്ന കശുമാങ്ങാ, കശുവണ്ടി തുടങ്ങിയവ ഉപയോഗപ്പെടുത്തിയുള്ള എന്തെങ്കിലും പ്രോജക്ടായിരുന്നു ലക്ഷ്യം. അതിനു വേണ്ടി മുതുകാട്ടിലച്ചനും ഈ ലേഖകനുമൊക്കെ ചില അന്വേക്ഷണങ്ങളും ശ്രമങ്ങളും നടത്തിയെങ്കിലും പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. കാരണം രണ്ടുപേരും മടമ്പത്തുനിന്നും അകലെ ആയിരുന്നു.

മാത്രവുമല്ല, അത്തരം പ്രോജക്ടുകള്‍ ഉണ്ടാക്കേണ്ടതും മിസരയോറിനു സമര്‍പ്പിക്കേണ്ടതും K. S. S. ആയിരുന്നു. കോട്ടയത്ത് K. S. S. ന്റ തലപ്പത്തുണ്ടായിരുന്നവര്‍ക്ക് മടമ്പം കോളനിയെപ്പറ്റി വലിയ താല്പര്യം ഉണ്ടായില്ലെങ്കില്‍ അത്ഭുതപ്പെടേണ്ടതുമില്ല.

തൊള്ളായിരത്തി എഴുപതുകളില്‍ കടം തിരിയെ അടയ്‌ക്കേണ്ട സമയം വന്നപ്പോള്‍ KSS ന്റെ പ്രധാനികളും രൂപതാധികാരവും നിര്‍ബന്ധം തുടങ്ങി. പണം കൊടുത്തപ്പോഴത്തെ ധാരണയനുസരിച്ച്, പദ്ധതിയിലെ അംഗങ്ങള്‍ ലഘുനിക്ഷേപ പദ്ധതിയില്‍ തുടരുകയും, ആ നിക്ഷേപ തുകയില്‍ നിന്നും കടം വാങ്ങിയ തുക ഗഡുക്കളായി തിരിച്ചടക്കുകയും ആയിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍, ലഘുനിക്ഷേപ പദ്ധതി നിന്നു പോയി. തുടരുവാന്‍ ആരും നിര്‍ബന്ധിച്ചുമില്ല. കടം തിരിയെ കൊടുക്കുവാന്‍ റബ്ബര്‍ വെട്ടി ആദായമെടുത്തിരുന്നവരോ, തിരിയെ വാങ്ങുന്നതിന് പ്രേരിപ്പിക്കുവാന്‍ വികാരിയോ താല്പര്യം കാട്ടിയതുമില്ല.  അതൊന്നും വികാരിയുടെ ചുമതലകളില്‍പ്പെട്ടതല്ലെന്ന വാദവും വന്നു. ഒരു വികാരി ആരംഭിച്ചത് തെറ്റാണെന്നു വരുത്തുവാനും, തന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുവാന്‍ പുതിയതെന്തെങ്കിലും തുടങ്ങുവാനുമുള്ള ഒരു പ്രവണത ചില വൈദീകരിലെ ഒരു ''വൈദീകമനോഭാവ''മാണ് എന്നു പറയുന്നത് തെറ്റല്ല. അതുകൊണ്ട്, മടമ്പം റബ്ബര്‍ പദ്ധതി ഒരു പരാജയമാണെന്നു വരുത്തുവാനാണ് ഉത്തരവാദപ്പെട്ട ചിലര്‍ ശ്രമിച്ചത്.

ചെള്ളക്കണ്ടത്തിലച്ചന്റെ കാലത്ത് കടം തിരികെ അടയ്ക്കുവാന്‍ KSS ഉം മെത്രാനും നിര്‍ബന്ധം ശക്തമാക്കി. അദ്ദേഹം അല്പമൊക്കെ ശ്രമം നടത്തി കുറച്ചു തുക തിരികെ കൊടുത്തു.

1981 മുതല്‍ 87 വരെ ലേഖകന്‍ മടമ്പം പള്ളിവികാരി ആയിരുന്നപ്പോള്‍ പ്രസ്തുത കടം ഏതാണ്ട് മുഴുവനും തന്നെ K. S. S. ലേയ്ക്ക് തിരിച്ചു നല്കുകയുണ്ടായി.


തുടരും....

(എബ്രഹാം നെടുങ്ങാട്ട് എഴുതിയ കാണാപ്പുറത്തേക്ക് ഒരു പ്രയാണം എന്ന പുസ്തകത്തില്‍ നിന്ന്)
 

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.