ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Monday, July 22, 2013

കാണാപ്പുറത്തേക്ക് ഒരു പ്രയാണം (അദ്ധ്യായം 12.1)



കാഞ്ഞിരത്തിങ്കലച്ചനും പൂഴിക്കാലായിലച്ചനും - കുടിയേറ്റക്കാര്‍ എതിര്‍ ദിശകളിലെക്ക്.

1953ല്‍ മടമ്പം, പയ്യാവൂര്‍ ഇടവകകളുടെ അതിര്‍ത്തി തറയില്‍ മെത്രാന്‍ നിശ്ചയിച്ച കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. അതില്‍ കാഞ്ഞിരത്തിങ്കല്‍ അച്ചന്‍ അസംതൃപ്തനായിരുന്നെങ്കിലും മടമ്പം വികാരി ആയിരുന്ന മണ്ണാത്തുമാക്കീലച്ചന്റെ കാലത്ത് രണ്ടിടവകകളും കഴിയുന്നതും ധാരണയില്‍ മുമ്പോട്ടു പോയി. 1958ല്‍ പൂഴിക്കാലായില്‍ ജോസഫച്ചന്‍ മടമ്പം വികാരി ആയി ചാര്‍ജ്ജെടുത്തു. പയ്യാവൂരും മടമ്പത്തും ചെറുപ്പക്കാരും ഊര്‍ജ്ജസ്വലരുമായ രണ്ടു വൈദികര്‍. രണ്ടിടവകയിലെയും ജനങ്ങള്‍ അവരില്‍ ഏറെ പ്രതീക്ഷകള്‍ അര്‍പ്പിച്ചു. പക്ഷേ, രണ്ടു വൈദികരും പുലര്‍ത്തിയ ഈഗോ രണ്ടിടവകളേയും എതിര്‍ ദിശകളിലേക്കാണ് നയിച്ചത്.

പാല്‍പ്പൊടി വിതരണ പ്രശ്‌നമാണ് ആദ്യം ഉണ്ടായത്. നേരത്തെ പറഞ്ഞതുപോലെ അമേരിക്കന്‍ ഭക്ഷ്യവസ്തുക്കള്‍ വളപട്ടണത്തു നിന്ന് മടമ്പത്ത് വള്ളത്തിലെത്തിച്ച്, അവിടെ നിന്നും പയ്യാവൂരേയ്ക്കു കൊണ്ടുപോകുകയായിരുന്നു പതിവ്. എന്നാല്‍, ഭക്ഷ്യവസ്തുക്കള്‍ ധാരാളമായി വന്നുതുടങ്ങിയപ്പോള്‍ കടത്തുകൂലിയും ബുദ്ധിമുട്ടുകളും വര്‍ദ്ധിച്ചു. അതുകൊണ്ട്, ഭക്ഷ്യവസ്തുക്കള്‍ എടുക്കുവാന്‍ പയ്യാവൂരു നിന്നു കൈക്കാരന്മാര്‍ എത്തണമെന്ന് പൂഴിക്കാലായിലച്ചന്‍ നിഷ്‌കര്‍ഷിച്ചത് കാഞ്ഞിരത്തിങ്കലച്ചന് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട്, പയ്യാവൂരേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ നേരിട്ട് അവിടേയ്ക്ക് അലോട്ടു ചെയ്യണമെന്ന് കാഞ്ഞിരത്തുങ്കലച്ചന്‍ കോട്ടയത്ത് ഉത്തരവാദപ്പെട്ടവരോട് ആവശ്യപ്പെട്ടു. ആവശ്യം സ്വീകരിക്കപ്പെട്ടില്ല. പയ്യാവൂര്‍ സബ്സെന്റര്‍ ആണെന്നും പുതിയ സെന്റര്‍ അനുവദിക്കാന്‍ പറ്റില്ലെന്നുമായിരുന്നു C.R.S ന്റെ നിലപാട്.

ഏതായാലും മോണ്‍സിഞ്ഞോര്‍ മറ്റത്തില്‍ ഇടപെട്ട് ഒരു ഒത്തുതീര്‍പ്പുണ്ടാക്കി. പയ്യാവൂര്‍ സബ്‌സെന്ററിനുള്ള പാല്‍പ്പൊടിയും ഗോതമ്പും പയ്യാവൂര്‍ കൈക്കാരന്മാര്‍ വളപട്ടണത്തു നിന്നു തന്നെ നേരിട്ട് ഡലിവറി എടുത്തുകൊണ്ട് പോവുക എന്നതായിരുന്നു ഒത്തുതീര്‍പ്പ്. രണ്ടു വൈദികര്‍ക്കും അതില്‍ സന്തോഷമായി. കാരണമുണ്ട്. പാല്‍പ്പൊടിയും ഗോതമ്പും ഭാഗികമായി വിതരണം ചെയ്തിട്ട് ബാക്കി വില്ക്കാനും പള്ളിക്ക് വരുമാനമാക്കാനുമുള്ള രഹസ്യ അജണ്ട രണ്ടു പേര്‍ക്കുമുണ്ടായിരുന്നു! കാഞ്ഞിരത്തുങ്കലച്ചന്‍, തളിപ്പറമ്പില്‍ കച്ചവടക്കാരനായിരുന്ന ഒരു മുസ്ലീം മുതലാളി വഴിയാണ് ഭക്ഷ്യവസ്തുക്കള്‍ വിറ്റഴിച്ചിരുന്നത്. അത്തരം ഇടപാടുകള്‍ CRS ന്റെ ശ്രദ്ധയില്‍ പെടുകയും പയ്യാവൂര്‍ സെന്റര്‍, CRS നിര്‍ത്തലാക്കുകയും അങ്ങോട്ടു അലോട്ടു ചെയ്തിരുന്ന ഭക്ഷ്യവസ്തുക്കള്‍ നിന്നു പോവുകയും ചെയ്തു. മടമ്പത്ത് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുകയും പയ്യാവൂര് ഇല്ലാതെ വരികയും ചെയ്തപ്പോള്‍ ജനങ്ങള്‍ പരാതിപ്പെട്ടു. വീണ്ടും മറ്റത്തിലച്ചന്‍ ഇടപെട്ട് മടമ്പത്തു ലഭിക്കുന്ന അലോട്ടുമെന്റില്‍ പകുതി പയ്യാവൂരേക്ക് കൊടുക്കാന്‍ നിര്‍ദ്ദേശിച്ച് പ്രശ്‌നം പരിഹരിച്ചു.

പൂഴിക്കാലായിലച്ചന്‍ ഭക്ഷ്യവസ്തുക്കള്‍ മുഴുവന്‍ മടമ്പത്ത് എത്തിച്ചു വിതരണം ചെയ്തിരുന്നു. പാല്‍പ്പൊടിക്ക് നല്ല ഡിമാന്റുണ്ടായിരുന്നതിനാല്‍ കച്ചവടക്കാരായ മാപ്പിളമാര്‍ പൈസയുമായി വിതരണദിവസം മടമ്പത്തു വരികയും ഉപഭോക്താക്കള്‍ തങ്ങളുടെ വീതം നിശ്ചിത സംഖ്യകൊടുത്തു വാങ്ങി മാപ്പിളമാര്‍ക്ക് മറിച്ചു വില്ക്കുകയുമായിരുന്നു പതിവ്. അഞ്ചു പൗണ്ട് തൂക്കമുള്ള ഒരു പാക്കറ്റ് പാല്‍പ്പൊടിക്ക് ചിലപ്പോള്‍ ഇരുപത്തഞ്ചു രൂപവരെ ലഭിച്ചിരുന്നു. വിതരണം നടക്കുന്ന ദിവസം രാത്രിയില്‍ ബാക്കിയുള്ളത് പള്ളിയില്‍ നിന്നു വില്ക്കുകയും ചെയ്യും. വില്പന അനധികൃതവും കുറ്റകരവുമായിരുന്നതുകൊണ്ട് പോലീസ് പിടിച്ചാലും വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ ആണെന്നു പറഞ്ഞ് തടിതപ്പാമല്ലൊ.

ഗാഗുല്‍ത്തായും കുരിശു മലകയറ്റവും

മടമ്പത്തും പയ്യാവൂരും പൊതു ആവശ്യങ്ങള്‍ക്ക് പണം സമാഹരിക്കുവാന്‍ വിവിധ ഭാഗങ്ങളില്‍ ''ആത്മചിട്ടി'' നടത്തുക പതിവായിരുന്നു. അവിടെ പിരിക്കുന്ന തുക അംഗങ്ങള്‍ പലിശയ്ക്കു വാങ്ങുകയും അതുവഴി ഫണ്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. മടമ്പത്ത് പൊയ്യായി ഭാഗത്തുള്ള ആത്മചിട്ടിക്കാര്‍ക്ക് ഒരാഗ്രഹം. കോട്ടയത്ത് തിരുഹൃദയക്കുന്നിലെ ഗാഗുല്‍ത്താമല മാതിരി ഒരെണ്ണം മടമ്പത്ത് ഉണ്ടാക്കണം. പൂഴിക്കാലായിലച്ചന് ആശയം ഇഷ്ടപ്പെട്ടു. അങ്ങനെ മംഗലാപുരത്തു നിന്ന് 14 സ്ഥലങ്ങളുടെയും രൂപങ്ങള്‍ വാങ്ങി മടമ്പത്ത് ഗാഗുല്‍ത്താമല നിര്‍മ്മിച്ചു 1959ല്‍ ദുഃഖവെള്ളിയാഴ്ച അതിന്റെ ഉല്‍ഘാടനവും നിശ്ചയിച്ചു. പയ്യാവൂര്-മടമ്പം ഇടവകക്കാര്‍ പരമ്പരാഗതമായും സംയുക്തമായും ആചരിച്ചിരുന്ന കുരിശു മലകയറ്റത്തില്‍ നിന്ന് മടമ്പം ഇടവക്കാര്‍ പിന്മാറിയതില്‍ കാഞ്ഞിരത്തുങ്കലച്ചന്‍ കുപിതനായി. അതുകൊണ്ട് അക്കൊല്ലത്തെ കുരിശുമലകയറ്റം ആഘോഷമാക്കുവാന്‍ അദ്ദേഹവും ഇടവകക്കാരും തീരുമാനിച്ചു. മലകയറുമ്പോള്‍ സ്ലീബാപാത നടത്തിയിരുന്നു. അക്കൊല്ലം അതിനായി മൈക്ക്‌സെറ്റും അദ്ദേഹം ഏര്‍പ്പാടു ചെയ്തു. മൈക്കിനുള്ള ബാറ്ററി, സ്പീക്കറുകള്‍, ആംപ്ലിഫയര്‍ എന്നിവയൊക്കെ ഓരോ മനുഷ്യന്റേയും തലയില്‍ ചുമന്നാണ് മല കയറിയത്. അഞ്ചാം സ്ഥലത്തെപ്പറ്റി അന്ന് ഒരു രസികന്റെ കമന്റ് ഓര്‍മ്മിക്കുന്നു ''മൈക്കു ചുമക്കുന്ന ചേട്ടനെ മറ്റൊരുചേട്ടന്‍ സഹായിക്കുന്നു!'' അന്നു മുതല്‍ സംയുക്ത മലകയറ്റം നിലച്ചു പോയി.

തിരച്ചടിയായി, ഒക്‌ടോബറില്‍ സംയുക്തമായി നടത്തിയിരുന്ന ക്രിസ്തു രാജ ദിനറാലിയിലേ പയ്യാവൂരു നിന്നുള്ള പങ്കാളിത്തവും കാഞ്ഞിരത്തിങ്കലച്ചന്‍ നിര്‍ത്തലാക്കി.

വെള്ളി-പൊന്‍ കുരിശുകള്‍ പ്രശ്‌നം സൃഷ്ടിക്കുന്നു.
മടമ്പത്ത് തൃക്കടമ്പുകാര്‍ നടത്തിയിരുന്ന ആത്മച്ചിട്ടിയില്‍ ചിലര്‍ക്ക് ഒരാഗ്രഹം തോന്നി. അടുത്ത വരുന്ന ലൂര്‍ദ്ദുമാതാവിന്റെ വലിയ തിരുനാളിന് രണ്ടു മുത്തുക്കുടയും ഒരു വെള്ളിക്കുരിശും വാങ്ങി പള്ളിക്കു നല്‍കുക. ആത്മചിട്ടി ആരംഭിച്ചതു തന്നെ പള്ളിക്ക് ഒരു മണിവാങ്ങുക എന്ന ഉദ്ദേശത്തിലും. തര്‍ക്കം മൂത്തപ്പോള്‍ വികാരി വട്ടക്കളത്തിന്റെ തീരുമാനത്തിനു വിട്ടു. അദ്ദേഹം ഒരു പൊന്നിന്‍ കുരിശുവാങ്ങാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ, 1953ലെ വലിയ പെരുനാളിന് മടമ്പത്ത് പൊന്നിന്‍ കുരിശിറങ്ങി.

പ്രസ്തുത പൊന്നിന്‍കുരിശ് വളരെ ഭദ്രമായാണ് സൂക്ഷിച്ചിരുന്നതും കൊണ്ടു നടന്നിരുന്നതും. പയ്യാവൂരെ ആവശ്യങ്ങള്‍ക്കും അതു കൊണ്ടു പോയിരുന്നു. പൂഴിക്കാലായിലച്ചന്റെ കാലത്ത് പൊന്‍കുരിശ് പയ്യാവൂര്‍ക്കു കൊണ്ടു പോയി തിരിയെ കൊണ്ടു വന്നപ്പോള്‍ എന്തോ കേടുപാടു സംഭവിച്ചിരുന്നു. തന്മൂലം അടുത്തപ്രാവശ്യം പൊന്നിന്‍ കുരിശിന് കത്തുമായി പയ്യാവൂരില്‍ നിന്ന് ആള്‍ വന്നപ്പോള്‍ കുരിശു കൊടുത്തുവിട്ടില്ല. പ്രകോപിതനായ കാഞ്ഞിരത്തുങ്കലച്ചന്‍ അടുത്ത ദിവസം തന്നെ എറണാകുളത്തു പോയി ഒരു പൊന്നുംകുരിശു മാത്രമല്ല, വെള്ളിക്കുരിശും കൂടി വാങ്ങികൊണ്ടു വന്ന് തിരുനാള്‍ നടത്തി. പൂഴിക്കാലായും വിട്ടില്ല. അദ്ദേഹവും എറണാകുളത്തു ചെന്ന് ഒരു വെള്ളിക്കുരിശ് വാങ്ങിക്കൊണ്ടു വന്നു. രണ്ടു വൈദികര്‍ക്കും പണത്തിനു ക്ഷാമമില്ലായിരുന്നു. കാരണം പാല്‍പ്പൊടി വിറ്റ പൈസയുണ്ടായിരുന്നല്ലോ. ''കുരിശ് തര്‍ക്കത്തിന്റെ, ഭിന്നതയുടെ അടയാളമാണ്'' എന്ന് പറഞ്ഞത് എത്രയോ പ്രസക്തമാണ്!

സ്വന്തം ഈഗോയുടെ പേരിലും, റീത്തിന്റേയും, കുരിശിന്റേയും എന്‍ഡോഗമിയുടെയും, തനിമയുടേയും, ലിറ്റര്‍ജിയുടെയുമൊക്കെ പേരിലും കേരളത്തില്‍ വൈദികരും, ഇടവകകളും രൂപതകളും വൈദിക മേലധ്യക്ഷന്മാരും തമ്മില്‍ അരങ്ങേറുന്ന കിടമത്സരങ്ങളും, കാലുവാരലുകളും എത്രയോ ജുഗുപ്‌സാവഹമാണ്. എല്ലാം കര്‍ത്താവിനു വേണ്ടിയാണെന്ന് അവര്‍ ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു. ജനം അതു വിശ്വസിക്കുന്നു!


തുടരും....
(എബ്രഹാം നെടുങ്ങാട്ട് എഴുതിയ കാണാപ്പുറത്തേക്ക് ഒരു പ്രയാണം എന്ന പുസ്തകത്തില്‍ നിന്ന്)


No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.