ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Thursday, July 25, 2013

കാണാപ്പുറത്തേക്ക് ഒരു പ്രയാണം (അദ്ധ്യായം 12.4)




മടമ്പം-പയ്യാവൂര്‍ അനൈക്യത്തിന്റെ പാത തുടരുന്നു

മടമ്പം-പയ്യാവൂര്‍ ഇടവകകള്‍ തമ്മില്‍ കാഞ്ഞിരത്തുങ്കലച്ചന്റെ കാലത്ത് ആരംഭംകുറിച്ച ശീതസമരം അവസാനിക്കുകയോ, രണ്ടിടവകകളിലെയും ജനങ്ങള്‍ കോളനിയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഒരു വേദിയോ സംരംഭമോ ഒരിക്കലും പിന്നീട് സംജാതമായില്ല. അതോടെ രണ്ടിടവകകളും രണ്ടു ദിശകളിലേക്കുള്ള പ്രയാണം തുടരുകയാണുണ്ടായത്.

മുതുകാട്ടില്‍-കുപ്ലിക്കാട്ട് ശീതസമരത്തിന്റെ തുടര്‍ക്കഥ

പൂഴിക്കാലായിലച്ചന്റെ കാലത്ത് പയ്യാവൂര്‍ക്കുള്ള അമേരിക്കന്‍ ഭക്ഷ്യവസ്തുക്കള്‍ നിര്‍ത്തിലാക്കിയ കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ. കാഞ്ഞിരത്തിങ്കലച്ചന്റെ ഭാഗത്തുണ്ടായ അനധികൃത ക്രിയവിക്രയങ്ങള്‍ CRS ന്റെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് വിതരണ സെന്റര്‍ നിര്‍ത്തലാക്കിയതും. പക്ഷേ, മോണ്‍ മറ്റത്തില്‍ ഇടപെടുകയും മടമ്പത്തിനുള്ള അലോട്ട്‌മെന്റിന്റെ പകുതി പയ്യാവൂരേക്കു നല്‍കുവാന്‍ ഒരു കത്തിലൂടെ നിര്‍ദ്ദേശിക്കുകയും ചെയ്തു. അങ്ങനെ വിതരണം തുടര്‍ന്നു. മുതുകാട്ടിലച്ചന്‍ മടമ്പത്തു വന്നശേഷം, മേല്പറഞ്ഞ കത്ത് തനിക്കുള്ളതല്ലെന്നുള്ള കാരണം പറഞ്ഞ് അലോട്ട്‌മെന്റ് പയ്യാവൂരേക്ക് നല്കിയില്ല. മാത്രവുമല്ല, ഭക്ഷ്യവസ്തുക്കള്‍ വില്ക്കുന്നതിന് കടുത്ത എതിര്‍പ്പുണ്ടായിരുന്ന മുതുകാട്ടിലച്ചന്‍ മടമ്പത്ത് പാല്‍പ്പൊടി കലക്കി പാലായിട്ടാണ് വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വിതരണം പിന്നീട് പൊടിയായിത്തന്നെ തുടരുകയും ചെയ്തു. മടമ്പത്ത് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുകയും തങ്ങള്‍ക്ക് അത് ലഭിക്കാതെ വരികയും ചെയ്തത് പയ്യാവൂര്‍ ഇടവകക്കാരെ അസംതൃപ്തരാക്കി. കുപ്ലിക്കാട്ടച്ചന്‍ മടമ്പത്തു വന്ന് മുതുക്കാട്ടിലച്ചനുമായി സംസാരിച്ചെങ്കിലും നിര്‍ത്തലാക്കിയ സെന്ററിലേക്ക് വിതരണത്തിന് ഭക്ഷ്യവസ്തുക്കള്‍ നല്കില്ല എന്ന നിലപാടില്‍ മുതുകാട്ടിലച്ചന്‍ ഉറച്ചുനിന്നു. അതോടെ അവര്‍ തമ്മിലും ഇടവകക്കാര്‍ തമ്മിലുമുള്ള അകല്‍ച്ച വര്‍ദ്ധമാനമായി. തുടര്‍ന്ന് വീണ്ടും മറ്റത്തിലച്ചന്‍ ഇടപെട്ട് പഴയതു പോലെ തന്നെ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും പ്രശ്‌നം അങ്ങനെ പരിഹൃതമാവുകയും ചെയ്തു.

എന്തായാലും, പയ്യാവൂര്‍ വിടുന്നതിനു മുമ്പ് കൂപ്ലിക്കാട്ടച്ചന്‍ തന്റെ മധുരപ്രതികാരം ചെയ്തു. മുതുകാട്ടിലച്ചന്റെ സ്വപ്നപദ്ധതിയായിരുന്ന "ഇരുഡ് പദ്ധതതി"ക്കു തുരങ്കം വച്ചാണ് കൂപ്ലിക്കാട്ടച്ചന്‍ പകരം വീട്ടിയത്. കോളനിക്കാര്‍ക്ക് മുഴുവന്‍ ഗുണകരമാകുമായിരുന്ന പ്രസ്തുത പദ്ധതിയെപ്പറ്റി മറ്റൊരധ്യായത്തില്‍ വിവരിക്കുന്നതാണ്.

ഒരു ഹൈസ്‌കൂള്‍ ഉണ്ടാക്കുന്നതിനെപ്പറ്റി ആയിരുന്നു മറ്റൊരു തര്‍ക്കം. മുതുകാട്ടിലച്ചനും കൂപ്ലിക്കാട്ടച്ചനും സ്വന്തം പരിശ്രമത്തിലൂടെ മടമ്പത്തും പയ്യാവൂരും ഹൈസ്‌കൂള്‍ അനുവദിപ്പിക്കുവാന്‍ ശ്രമിച്ചു. രണ്ടുപേരും ശരിക്കും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. സംയുക്തമായി ശ്രമിച്ചിരുന്നെങ്കില്‍ ഒരിടത്ത് ഹൈസ്‌കൂള്‍ ലഭിക്കുമായിരുന്നു. ഫലമോ? ശ്രീകണ്ടഠാപുരത്ത് ഒരു ഗവണ്‍മെന്റ് സ്‌കൂള്‍ ഉണ്ടായി.

കുപ്ലിക്കാട്ടച്ചന്റെ പരിശ്രമഫലമായി 1962ല്‍ പയ്യാവൂരില്‍ ഹൈസ്‌കൂള്‍ അനുവദിക്കപ്പെട്ടുവെന്നുള്ള വസ്തുത അനുസ്മരിക്കട്ടെ. പയ്യാവൂരു നിന്നും മാത്രമല്ല, പൈസക്കരി, നുച്ചിയാട്, ചമതച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുപോലും വിദ്യര്‍ത്ഥികള്‍ കാല്‍നടയായി വന്ന് പയ്യാവൂര്‍ സ്‌കൂളില്‍ പഠിച്ചിരുന്നു. മടമ്പത്തു നിന്നുള്ള വിദ്യാര്‍ത്ഥികളും അവിടെ പഠിക്കാനെത്തിയിരുന്നു എന്നു പറയേണ്ടതില്ലല്ലോ.

1943ല്‍ കുടിയേറ്റത്തിന് ഇറങ്ങിപ്പുറപ്പെട്ട് മടമ്പം അലക്‌സ് നഗര്‍ കോളനിയില്‍ എത്തി കഷ്ടപ്പാടുകളിലും കടുത്ത ദാരിദ്ര്യത്തിലും പ്രതികൂല സാഹചര്യങ്ങളിലും ഒത്തൊരുമയോടെ എല്ലാ പ്രതിസന്ധികളേയും നേരിട്ട കുടിയേറ്റക്കാര്‍, രണ്ടിടവകളിലായി പൊതുവായ ലക്ഷ്യം മറന്ന് വ്യത്യസ്ഥ ദിശകളിലേക്ക് നീങ്ങിത്തുടങ്ങിയ കാലഘട്ടമായിരുന്നു ആയിരത്തിതൊള്ളായിരത്തി അറുപതുകള്‍ എന്നു പറയുന്നതില്‍ അതിശയോക്തി ഇല്ല.

തുടരും....

(എബ്രഹാം നെടുങ്ങാട്ട് എഴുതിയ കാണാപ്പുറത്തേക്ക് ഒരു പ്രയാണം എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.