ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Monday, July 22, 2013

മെത്രാന്മാര്ക്ക് ഇരിപ്പുറയ്ക്കുന്നില്ല...



ശ്രീ ജോസഫ് മറ്റപ്പള്ളി അല്മയശബ്ദം ബ്ലോഗില് പ്രസിദ്ധീകരിച്ച ലേഖനം ചുവടെ ചേര്ക്കുന്നു.


ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ വാര്‍ത്താചാനലായ ഇന്ത്യാവിഷനില്‍ വന്ന ഒരു വാര്‍ത്താവലോകനം കേട്ട് വാസ്തവത്തില്‍ ഞെട്ടിപ്പോയി. ചിന്തിക്കുന്ന അത്മായരുടെ വിചാരങ്ങളും വികാരങ്ങളും പങ്കുവെയ്ക്കാനുള്ള ഒരു വേദിയായതുകൊണ്ട് അത്മായാശബ്ദം വായനക്കാരുമായി ഈ അവലോകനം ഞാന്‍ പങ്കുവെയ്ക്കട്ടെ. 

പാലായുടെ പ്രിയ മെത്രാന്‍ മാര്‍ കല്ലറങ്ങാട്ടിന്‍റെ നേതൃത്വത്തിലുള്ള സീറോമലബാര്‍ ഡോക്ട്രൈനല്‍ കമ്മിഷന്‍ പുറത്തിറക്കിയ വിശ്വാസസംരക്ഷണ രേഖയുടെ വിശദാംശങ്ങളാണ് ചാനല്‍ പുറത്തു വിട്ടത്. വിശ്വാസജീവിതത്തിലെ വ്യതിചലനങ്ങളും പരിഹാരമാര്ഗ്ഗങ്ങളുമാണ് രേഖയുടെ കാതല്‍. വിശ്വാസ ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളെ സമഗ്രമായി പരാമര്‍ശിക്കുന്ന, മെത്രാന്‍സിനഡില്‍ അവതരിപ്പിച്ച പ്രസ്തുത രേഖയിലുളള, ക്രിസ്തുവിനെ ഭാരതീയനാക്കുകയല്ല പകരം ഭാരതത്തെ ക്രിസ്തീയമാക്കുകയാണ് നമ്മുടെ വലിയ ലക്ഷ്യമെന്നുള്ള പ്രഖ്യാപനമാണ് ചാനല്‍ ഹൈലൈറ്റ് ചെയ്തത്. അതിനനുകൂലമായിരിക്കണം നാം ചെയ്യുന്നതെല്ലാമെന്നും രേഖ ആവശ്യപ്പെടുന്നുവെന്ന് ചാനല്‍ പറഞ്ഞു.

കത്തോലിക്കാ പ്രസ്ഥാനങ്ങളില്‍ നിന്നും വിശ്വാസികളെ വ്യതിചലിപ്പിക്കുന്ന പ്രസ്ഥാനങ്ങളെ പേരെടുത്തു പരാമര്‍ശിച്ചിരിക്കുന്ന ഈ രേഖയുടെ പശ്ചാത്തലത്തില്‍ ലഭിച്ച സീറോമലബാര്‍ സഭാവക്താവ് ഫാ. പോള്‍ തേലക്കാട്ടിന്‍റെ വിശദീകരണവും ലൈവായി ചാനല്‍ പ്രദര്‍ശിപ്പിച്ചു. അതില് അദ്ദേഹം പറയുന്നു, ‘സമയങ്ങള്‍ ശരിയാണോ, സാഹചര്യം നല്ലതാണോ, കല്യാണം എപ്പോ നടത്താന്‍ പറ്റും തുടങ്ങിയ വളരെ അന്ധവിശ്വാസപരമായ കാര്യങ്ങളില്‍ വിശ്വാസികള്‍ വ്യാപകമായി ഏര്‍പ്പെടുന്നു.ഇടവകകളിലെ അജപാലന കാര്യങ്ങളില്‍ സംഭവിക്കുന്ന നിര്‍ജ്ജീവത്വമാണ് വിഘടന ചിന്തകളിലേക്ക് വിശ്വാസികളെ നയിക്കുന്ന പ്രധാന കാരണം എന്ന് രേഖ വിലയിരുത്തുന്നു. ഇതൊഴിവാക്കാന്‍ മുതിര്‍ന്നവരുടെ മതബോധനം കാര്യക്ഷമമാക്കണമെന്നും രേഖ ശുപാര്‍ശ ചെയ്യുന്നു. സഭയുടെ സ്വത്തുക്കള്‍ മുഴുവന്‍ സ്ഥാവരസ്വത്തുക്കള്‍ രൂപീകരിക്കുന്നതിന് വിനിയോഗിക്കാതെ ഇരുപത്തഞ്ചു ശതമാനം എങ്കിലും വിശ്വാസ സംരക്ഷണത്തിനു വേണ്ടി ഉപയോഗിക്കണമെന്നും രേഖ ശുപാര്‍ശ ചെയ്യുന്നുണ്ട്. ആദ്ധ്യാത്മികത അന്വേഷിച്ചു വിശ്വാസികള്‍ ധ്യാനകേന്ദ്രങ്ങളെ സമീപിക്കുന്നതും രേഖ ഗൌരവമായി കാണുന്നു.

ഇന്ത്യാവിഷന്‍റെ ഈ വാര്‍ത്താക്കുറിപ്പിന്‍റെ ക്ലിപ്പ് ഫെയ്സ്ബുക്കില്‍ വന്നതും കാണാന്‍ ഇടയായി. ഞങ്ങളുടെ ലക്‌ഷ്യം ഭാരതീയരെ മുഴുവന്‍ ക്രിസ്ത്യാനികളാക്കുകയാണെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച ഈ കുറിപ്പിനെ വിമര്‍ശിച്ചുകൊണ്ട് അനേകരാണ് കുറിപ്പെഴുതിയത്. അതില്‍ സഭ്യമായ വാക്കുകള്‍ മാത്രം ഉള്ള ഏതാനും കുറിപ്പുകള്‍ ഇതാ:

"കത്തോലിക്ക സഭയുടെ പ്രഖ്യാപിത ലക്ഷ്യം ഭാരതത്തിന്‍റെ ക്രിസ്തീയവത്കരണം. മറ്റുമതവിശ്വാസികളെ വഗ്ഗീയവാദിക എന്ന് മുദ്രചാത്തി ആട്ടിതോലണിഞ്ഞ് നടക്കുന്ന വഗ്ഗത്തിന്‍റെ തനിനിറം കാണുക!!!

"വര്ഗ്ഗീയതയില്ലാത്ത നമ്മുടെ നാട്ടില്‍ വര്ഗ്ഗീയത വളര്‍ത്തുന്ന ഇത്തരം തെമ്മാടികളെ തല്ലിക്കൊല്ലണം

"നാളെ തന്നെ ഭാരതം ക്രിസ്തുവിനെ ഏല്‍പ്പിക്കാം.... എന്നിട്ട് അങ്ങേര്‍ക്കു പകരം നമ്മള്‍ ഹിന്ദുക്കള്‍ എല്ലാവര്ക്കും കുരിശില്‍ കയറിക്കിടക്കാം.

“People who are obsessed with such Utopian Dreams would need to understand that Bharat Dharma is Sanatana – meaning eternal. We sympathize those men born in this great land who insisted of upholding its culture and tradition have fallen prey to crooked intentions of the propagators of Semitic Religion.”

ഒരു വലിയ വര്ഗ്ഗീയ വിപ്ലവത്തിന് വഴിമരുന്നിട്ടിട്ട് മാറി നിന്ന് ചിരിക്കുന്ന പിതാക്കന്മാരും കമ്മിഷനംഗങ്ങളും ഈ വാര്‍ത്ത കേള്‍ക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിവൈദികരുടെ ദയനീയ സ്ഥിതികൂടി കണക്കിലെടുത്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. 79 വയസ്സുള്ള എന്‍റെ സ്വന്തം ജേഷ്ഠസഹോദരന്‍ ഒറിസ്സായിലെ യാതൊരു സൌകര്യങ്ങളുമില്ലാത്ത ഒരു ഉള്ഗ്രാമത്തില്‍ പ്രവൃത്തിക്കുന്ന SVD വൈദികനാണ്. ഫോണ്‍, വൈദ്യുതി, പോസ്റ്റോഫീസ് മുതലായ യാതൊരു സൌകര്യങ്ങളും അവിടില്ല. ഊണും ഉറക്കവും ഉപേക്ഷിച്ച് അവിടെ പാവങ്ങളുടെ ഉന്നമനത്തിനു വേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പാ പറഞ്ഞതുപോലെ അവര്‍ യേശുവിനു സാക്ഷ്യം വഹിക്കുകയാണ് ചെയ്യുന്നത്, അല്ലാതെ മത പരിവര്‍ത്തനം നടത്തുകയല്ല. മറ്റു മതസ്ഥര്‍ക്ക് രക്ഷയില്ലെന്നു കരുതരുത് എന്ന് മാര്‍പ്പാപ്പാ തന്നെ അടുത്തയിടെ നടത്തിയ പ്രസ്ഥാവനയെങ്കിലും കല്ലറങ്ങാട്ട് കേട്ടിരിക്കേണ്ടതായിരുന്നു. മാത്രമല്ല, യേശു പഠിപ്പിച്ച മൂല്യങ്ങള്‍ അതിന്‍റെ തനിമയില്‍ പ്രഘോഷിക്കുന്നത് തന്നെയാണ് ഭാരതീയ ആദ്ധ്യാത്മികത. ഒരു രാജ്യം പോയിട്ട് ഒരു ഇടവക പോലും ഈ രീതിയില്‍ പരിവര്‍ത്തനം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കില്ലെന്നത് മറ്റൊരു വസ്തുത. ഇവിടെ നാലുനേരവും മൂക്കുമുട്ടെ ആഹാരവും കഴിച്ചു കാറിലും വിമാനത്തിലും കറങ്ങി നടക്കുന്ന മേലാളന്മാര്‍ ദരിദ്രരുടെയിടയില്‍ പ്രവൃത്തിക്കുന്ന അനേകം പേര്‍ വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവൃത്തിക്കുന്നുണ്ടെന്ന് ഓര്‍ത്തിരുന്നെങ്കില്‍ ഇത് പറയില്ലായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കാണ്ടമാലില്‍ ക്രിസ്ത്യാനികളുടെ നേരെ അക്രമം അരങ്ങേറിയപ്പോഴും ഇതേപോലുള്ള ചില പ്രസ്താവനകളാണ് അക്രമികള്‍ക്ക് പ്രചോദനമായത്. കേരളത്തില്‍ തന്നെ  നിലക്കല്‍ പ്രശ്നം ഉരുത്തിരിഞ്ഞപ്പോള്‍ അതെങ്ങിനെയാണ് പരിഹരിച്ചതെന്നും  ഇവര്‍ ഓര്‍മ്മിക്കേണ്ടതായിരുന്നു.

വിശ്വാസവര്‍ഷത്തിന്‍റെ മറവില്‍ ഇപ്പോള്‍ കേരളാ രൂപതകളില്‍ വ്യാപകമായി മാതാപിതാക്കന്മാര്‍ക്കു പ്രത്യേക ക്ലാസ്സുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഫലം മോശമായതിന് പൂവില്‍ മരുന്നു കുത്തിവെയ്ക്കുന്ന സമ്പ്രദായം ആദ്യം കേള്‍ക്കുകയാണ്. വിശ്വാസ ജീവിതത്തില്‍ വന്‍തകര്‍ച്ച അനുഭവപ്പെടുന്നുവെന്നതും, വിശ്വാസികള്‍ വ്യാപകമായി മറ്റു മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നുവെന്നതും, ഇടവകകളിലെ അജപാലന പ്രവൃത്തികള്‍ തൃപ്തികരമല്ലെന്നുമുള്ള നിഗമനങ്ങള്‍ ശരിയാണ്. അതിനു വിശ്വാസികളെയാണോ വിശ്വാസികള്‍ക്ക് ദുര്‍മാതൃക കാട്ടുന്ന മെത്രാന്മാരെയാണോ ചികിത്സിക്കേണ്ടത്? എത്രയോ കാലങ്ങളായി അത്മായര്‍ പറയുന്നു, ഇടവകയുടെ വരുമാനം ഇടവകയിലെ വിശ്വാസികളുടെ ഉന്നമനത്തിനായി ചിലവഴിക്കണമെന്ന്. ഇരുപത്തഞ്ചു ശതമാനം മാറ്റി വെച്ചാല്‍ അതിനു പരിഹാരമാകുമോ?

കേരളത്തിലെ സീറോമലബാര്‍ സഭയെ നയിക്കുന്ന പിതാക്കന്മാര്‍ ഇവിടെ ഒരു വലിയ ധ്രുവീകരണത്തിന് വഴിമരുന്നിട്ടു കഴിഞ്ഞു. ചങ്ങനാശ്ശേരിയില്‍ പ്രകടനം നടത്താന്‍ എത്തിയ അത്മായരെ രൂപതയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് തടഞ്ഞുവെന്ന് അന്ന് പലരും എഴുതി. അത് തന്നെയാണ് NSS ഉം SNDP യുമൊക്കെ ഇപ്പോള്‍ പറയുന്നത്. ന്യൂനപക്ഷം ഭരണം കൈയ്യടക്കിയിരിക്കുന്നു. ഇതിന്‍റെയൊക്കെ പ്രത്യഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ബുള്ളറ്റ്പ്രൂഫ്‌ കാറില്‍ പായുന്ന മെത്രാന്മാരല്ല, സാധാരണക്കാരായ ആടുകളാണ്. ഇത്തരം ഒരു പ്രസ്താവന ലോകത്ത് ഒരിടത്ത് നടത്താന്‍ മെത്രാന്മാര്‍  തുനിയുന്നുവെങ്കില്‍ അത്  കേരളത്തില്‍ മാത്രമായിരിക്കും. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും കേരളിയര്‍ക്ക് ഇവിടെ ഒരു സംസ്കാരമുണ്ട്. അതിനും ഒരു പരിധി കാണുമെന്നു കരുതിയാല്‍ നന്ന്.

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.