ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Monday, September 23, 2013

സത്യം ക്രൂശിക്കപ്പെടുമ്പോള്‍



നസ്രത്തില്‍ ജനിച്ച യേശുക്രിസ്തുവിനെ ജൂതന്മാരും റോമാക്കാരും കൂടി കുരിശിലേറ്റി; ഒരിക്കല്‍ മാത്രം.

യേശു മുറുകെപ്പിടിച്ചിരുന്ന രണ്ടു കാര്യങ്ങളുണ്ട് – സത്യവും സ്നേഹവും.

സഭ ഇന്നും സ്നേഹത്തെ മുറുകെപ്പിടിക്കുന്നു. സഹജീവികളോടുള്ള സ്നേഹമല്ല; മാമോനോടുള്ള സ്നേഹം, സമ്പത്തിനോടുള്ള ആര്‍ത്തി. അത്യാഡംബരത്തോടുള്ള അമിതപ്രിയം.

സത്യത്തിന്റെ കാര്യമാണ് കൂടുതല്‍ കഷ്ടം. അത് നിത്യമെന്നോണം ക്രൂശിക്കപ്പെടുകയാണ്.

*    *    *    *
കുമരകം സ്വദേശി, ഒറവണക്കുളം കുടുംബാംഗം, ഉതുപ്പ്‌സാര്‍ നിര്യാതനായി. ഈ മരണത്തോടെ മറ്റൊരു സത്യം കുഴിച്ചുമൂടപ്പെടുകയാണ്. ക്നാനായ സമുദായത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരദ്ധ്യായം.

ബിജു ഉതുപ്പ് എന്ന ചെറുപ്പക്കാരന്റെ വിവാഹവുമായി ബന്ധപ്പെട്ടു കേരളത്തില്‍ നിയമയുദ്ധം നടക്കുമ്പോള്‍ ഈയുള്ളവന്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപോളിയിലാണ്. ഇന്ത്യാടുഡേയുടെ താളുകളില്‍ നിന്നാണ് ഇങ്ങനെ ഒരു കേസിനെക്കുറിച്ച് അറിയുന്നത്. അതുകഴിഞ്ഞ് നാട്ടില്‍ ചെന്നാപ്പോഴൊക്കെ വിശദവിവരം അറിയാന്‍ ശ്രമിച്ചു. പത്തു പേരോട് ചോദിച്ചാല്‍ ഇരുപതു ഭാഷ്യം കിട്ടും – അതായിരുന്നു സ്ഥിതി. എത്ര പെട്ടെന്നാണ് സത്യം ക്രൂശിക്കപ്പെടുന്നത്!

ഏതാണ്ട് നാല് വര്ഷം മുമ്പ് ഉതുപ്പ്സാറിനെ നേരില്‍ കണ്ടു. വിശദമായി സംസാരിച്ചു. സംഭവിച്ചത് എന്താണെന്ന് ഏതാണ്ട് മനസിലായി.

ഉതുപ്പ്സാറിന്റെ ഭാര്യയുടെ മാതാപിതാക്കളില്‍ ഒരാള്‍ മാത്രമായിരുന്നു ക്നാനായ സമുദായാംഗം. വിവാഹാലോചന വന്നപ്പോള്‍ താന്‍ പുറത്താക്കപ്പെടുമെന്നു സാര്‍ ഭയന്നു. അതൊന്നും സാരമില്ല, കുമരകം ഇടവകയില്‍ തന്നെ തുടരാം എന്ന് “അത്യുന്നതങ്ങളില്‍ നിന്ന്” വാക്കാല്‍ ഉറപ്പു ലഭിച്ചതിനെതുടര്‍ന്ന് വിവാഹം നടന്നു. അതിനുശേഷം ഏതോ ആഫ്രിക്കന്‍ രാജ്യത്ത് അധ്യാപകജോലി ചെയ്ത്, നാട്ടില്‍ തിരിച്ചെത്തി. കുടുംബം ക്നാനായ സമുദായത്തില്‍ തന്നെ തുടര്‍ന്നു. ചില മക്കളുടെ വിവാഹവും നടന്നു. എല്ലാം ഭദ്രം.

ബിജു എന്ന മകന്റെ വിവാഹം ആയപ്പോള്‍ എവിടെനിന്നോ പരാതി ഉയര്‍ന്നു. വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ഉതുപ്പ്സാര്‍ സത്യം എഴുതിക്കൊടുത്തു. തീരുമാനം ഉണ്ടായി – ക്നാനായ പള്ളിയില്‍ വച്ച് വിവാഹം നടത്താന്‍ സാധ്യമല്ല; കാരണം ബിജു ക്നാനായ സമുദായാംഗം അല്ല. അവിടംകൊണ്ട് തീര്‍ന്നില്ല. ബിജുവിന്റെ സഹോദരിമാരെ വിവാഹം കഴിച്ചവരും സമുദായത്തിന് പുറത്ത്! അവര്‍ തന്റെ ഭാര്യമാര്‍ ക്നാനായ സമുദായാംഗങ്ങള്‍ ആണെന്ന ഉറപ്പില്‍, ക്നാനായപള്ളിയില്‍ നിന്ന് ലഭിച്ച കുറിയുടെ ബലത്തിലാണ് വിവാഹം കഴിച്ചത്. ആ വാദത്തിനൊന്നും സഭാധികൃതര്‍ പുല്ലുവില പോലും കല്പ്പിച്ചില്ല.

ആ കുടുംബം നിയമയുദ്ധത്തിന് മുതിരുന്നു. ഇന്നത്തെപോലെ ഇലക്ട്രോണിക് മാധ്യമങ്ങളോ, ഫേസ്ബുക്കോ ഇല്ലാത്ത കാലം. എന്നിട്ടും യുദ്ധത്തില്‍ ഒറവണക്കുളം കുടുംബം ജയിച്ചുവത്രേ.

ക്നാനായപള്ളിയില്‍ വച്ച് വിവാഹം നടത്തികൊടുക്കാന്‍ കോടതി കല്‍പ്പിച്ചു. ആ ഉത്തരവിനെയും സഭ അവഗണിച്ചു. രൂപതാമേലധ്യക്ഷനെ കോടതിയലക്ഷ്യത്തിന് അറസ്റ്റ്‌ചെയ്യുമെന്ന ഘട്ടം വരെ കാര്യങ്ങള്‍ എത്തി. ഇടവകകളില്‍ ജാഗ്രതാസമതികള്‍ രൂപീകരിച്ചു (അതെ, ഈയടുത്ത കാലത്ത് മൂപ്പന്മാരുടെ സമതി ആ ജാഗ്രതാസമതിയുടെ പ്രേതത്തെ കാട്ടിയാണ് വിമതരെ പേടിപ്പിക്കാന്‍ ശ്രമിച്ചത്!). ഒപ്പം ആ കുടുംബാംഗങ്ങളെ ഭയപ്പെടുത്തി. വീട്ടിന് കല്ലേറ് വരെ ഉണ്ടായി എന്ന് കേള്‍ക്കുന്നു. ജീവന് വരെ അപായം ഉണ്ടായേക്കാം എന്ന സ്ഥിതിയില്‍ എത്തിയപ്പോള്‍ അവര്‍ പിന്‍വലിഞ്ഞു. വിവാഹം മറ്റൊരു പള്ളിയില്‍ വച്ച് നടന്നു. നിയമയുദ്ധത്തിനു പൂര്‍ണ്ണവിരാമം ആയിട്ടില്ല. എങ്കിലും വിശ്വാസികളുടെ മുമ്പില്‍, അത്യാവശ്യം നുണകളുടെ സഹായത്തോടെ, സഭ മുഖം മിനുക്കി.

ഇതിന്റെ വിസ്താരത്തിന്റെ ഇടയില്‍ “യേശു ക്രിസ്തു പറഞ്ഞിരിക്കുന്നതെല്ലാം നിയമമല്ല” എന്ന കുപ്രസിദ്ധമായ ഒരു മറുപടി ഉത്തരവാദിത്വപ്പെട്ട ആളില്‍ നിന്നും ഉണ്ടായി എന്നും കേള്‍ക്കാന്‍ ഇടയായി.

ഇന്ന് ഉതുപ്പ്സാര്‍ ഓര്‍മ്മയായി. ഇനി, താമസിയാതെ നുണയുടെ ഘോഷയാത്ര പ്രതീക്ഷിക്കാം.

ക്നാനായ സമുദായത്തിന്റെ സ്വവംശവിവാഹനിഷ്ഠ ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ബാക്കിപത്രമാണെന്നും, അനാചാരമാണെന്നും, നിന്നനില്‍പ്പില്‍ മലക്കംമറഞ്ഞ് പറഞ്ഞുനടക്കുന്നവര്‍ ഒരിക്കലും മാനസികമായി പീഡിപ്പിക്കപ്പെട്ട ഉതുപ്പ് സാറിനോടോ, ആ കുടുംബത്തോടോ ക്ഷമ ചോദിച്ചിട്ടില്ല. മാപ്പ് പറയുക എന്നതൊക്കെ മാര്‍പാപ്പ തുടങ്ങിയ നിസാരന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. വൈദികര്‍, മെത്രാന്മാര്‍ തുടങ്ങിയ വലിയവരുടെ അന്തസിന് ചേര്‍ന്നതാണോ മാപ്പ്പറച്ചില്‍?

ഇനിയിപ്പോള്‍ സൌകര്യമായി. എന്തുവേണമെങ്കിലും പറയാം. പുതിയ ചരിത്രം എഴുതാം.

സത്യം പറയണം, പക്ഷേ മറ്റുള്ളവര്‍ക്ക് പ്രിയകരമായ സത്യമേ പറയാവൂ (“സത്യം ബ്രൂയാല്‍ പ്രിയം ബ്രൂയാല്‍, നബ്രൂയാല്‍ സത്യമപ്രിയം”) എന്ന് കേട്ടിട്ടുണ്ട്. പ്രിയമുള്ള നുണകള്‍ പറയാം എന്നു ആരാണോ പറഞ്ഞിട്ടുള്ളത്?

ഉതുപ്പ്സാറിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

അലക്സ്‌ കണിയാംപറമ്പില്‍ 

2 comments:

  1. Alex:
    This is a real tribute to Uthup Sir. Thank you.

    ReplyDelete
  2. Dear Alex:

    Thank you very much for your tribute to my Father.

    Yes My Father & our entire Family had suffered a lot for standing up to the truth & fighting against the falsehood being propagated by those who persecuted us for standing for what was right.

    Our Family intends to register a charitable trust named ORCHART : ORavanakalam CHARitable Trust in honor of my Father.

    The main objective of the trust is to continue the good work that he stood for in his life & to support all those who are persecuted by the church & Knanaya society in future for standing for truth and exposing the evil ways of the practice of endogamy within the church which is against the teaching of Jesus Christ.

    Biju Uthup

    ReplyDelete

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.