ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Monday, September 9, 2013

കാരിത്താസ് മെഡിക്കല്‍ കോളേജ് ചവറുകൊട്ടയിലേക്ക്



കാരിത്താസില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊടുത്ത അപേക്ഷ അനുവദിച്ചുകിട്ടിയത് 2012 അവസാനമാണ്. അനുവദിച്ച മെഡിക്കല്‍ കോളേജിന്റെ സാദ്ധ്യതകളും പരിമിതികളും മനസിലാക്കിയ കോട്ടയം അതിരൂപതയിലെ വൈദികരും, തലയില്‍ ആള്‍താമസം ഉള്ള മറ്റുചിലരും മെഡിക്കല്‍ കോളേജ് നമുക്ക് ബാദ്ധ്യത ആകുമെന്നും അതുമായി മുന്നോട്ട് പോകുന്നത് മഠയത്തരമാകുമെന്നും ആദ്യമേ പറഞ്ഞിരുന്നു. പാസ്റ്ററല്‍ കൗണ്‍സിലിലും പ്രസ്ബിറ്ററല്‍ കൗണ്‍സിലിലും വൈദികസെനറ്റിലും വിഷയം ചര്‍ച്ചയ്ക്കുവന്നപ്പോള്‍ അരുതേയെന്ന് അതിരൂപതാ നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. ഇതൊന്നും ചെവിക്കൊള്ളാതെ ഞാന്‍ തീരുമാനിച്ചാല്‍ അത് നടപ്പിലാക്കിയിരിക്കും എന്ന മിഥ്യാധാരണയില്‍ അജഗണങ്ങളുടെ മനസറിയാതെ നീങ്ങിയതിന്റെ ഫലമായി മെഡിക്കല്‍ കോളേജിനു വെച്ച വെള്ളം വാങ്ങിവെയ്‌ക്കേണ്ട നാണക്കേടിലായിരിക്കുകയാണ് കോട്ടയം അതിരൂപതാനേതൃത്വം.

പിരിവു തരുവാന്‍ സമുദായക്കാരും അതു കൈകാര്യം ചെയ്യാന്‍ മറ്റേതാനുംപേരും എന്ന കീഴ്‌വഴക്കം പഴങ്കഥയായി എന്ന് ഇനിയെങ്കിലും മനസിലാക്കിയാല്‍ നന്നായിരുന്നു. അതിരൂപതയിലെ ഇന്നത്തെ നേതൃത്വം അധികാരം ഏറ്റിട്ട് പുതുതായി ഒരു പരിപാടിയും നടപ്പിലാക്കിയിട്ടില്ല, നടപ്പിലാകാന്‍ ആഞ്ഞതെല്ലാം തലകീഴായി മറിഞ്ഞെന്ന ആക്ഷേപത്തെ മറികടക്കാനാണ് കാരിത്താസ് മെഡിക്കല്‍ കോളേജിലൂടെ ലക്ഷ്യമിട്ടത്. ശതാബ്ദിയോടനുബന്ധിച്ചു പ്രഖ്യാപിച്ച സ്‌നേഹവീടുപദ്ധതിയും വിദ്യാഭ്യാസവായ്പാ നിധിയും പരാജയപ്പെട്ടിടത്തു നിന്നാണ് നേരെ മെഡിക്കല്‍ കോളേജിലേക്ക് വന്നത്.
    
കോളേജിന്റെ സാദ്ധ്യതാപഠനത്തിനും പ്രചരണത്തിനും മറ്റുമായി അരക്കോടിയോളം രൂപ ഇതുവരെ ചിലവാക്കിയതായി അറിയുന്നു. അരമനയിലെ തന്റെ സഹപ്രവര്‍ത്തകരുടെയെങ്കിലും ഉപദേശം സ്വീകരിച്ചിരുന്നെങ്കില്‍ ഇത്രയും തുക നഷ്ടമാകില്ലായിരുന്നു. മെഡിക്കല്‍ കോളേജ് തുടങ്ങരുതെന്ന് അധികാരികളെ ഉണര്‍ത്തിക്കാന്‍ ക്‌നാനായ ഫെലോഷിപ്പ് രണ്ടു തവണയായി ലഘുലേഖ പുറത്തിറക്കി പ്രചരണം നടത്തിയതിന് ഇരുപതിനായിരം രൂപയോളം ചിലവഴിച്ചു എന്നും ഓര്‍ത്തുപോകുന്നു.

അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് സഹവൈദികരുടെയും സമുദായക്കാരുടെയും മനസറിഞ്ഞ് സ്‌നേഹത്തോടെ സംസാരിച്ചും ചര്‍ച്ചചെയ്തും  ഏകമനസോടെ മുന്നോട്ടു പോകുവാന്‍ ഇനിയും സമയം ഉണ്ട്. മെഡിക്കല്‍ കോളേജ് വേണ്ടെന്നുവെച്ച സ്ഥിതിക്ക് മലബാറില്‍ ഒരു ആശുപത്രി തുടങ്ങി അവിടുത്തെ സഹോദരങ്ങളുടെ പ്രയാസങ്ങള്‍ മാറ്റിക്കൊടുക്കാന്‍ തയ്യാറാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ദ്ധിക്കുകയാണ്.
   
തീരുമാനങ്ങള്‍ എല്ലാം എടുത്തശേഷം നാടുമുഴുവന്‍ ഇളക്കി അഭിപ്രായവും സംഭാവനയും ആരാഞ്ഞ അതിരൂപതാനേതൃത്വം ജൂലൈ അവസാനം മെഡിക്കല്‍ കോളേജിന്റെ പ്രഖ്യാപനം നടത്തുമെന്നാണ് പറഞ്ഞിരുന്നത്. ഒരു മാസത്തിനു ശേഷം ഇക്കഴിഞ്ഞ ആറാം തീയതി മലയാള മനോരമ ലേഖകനിലൂടെയാണ് കോളേജ് വേണ്ടെന്നുവെച്ച വാര്‍ത്ത പുറത്തുവന്നത്. കാരിത്താസ് മെഡിക്കല്‍ കോളേജ് തുടങ്ങുന്നില്ല എന്ന വിവരം ധൈര്യപൂര്‍വ്വം പത്രക്കുറുപ്പിലൂടെയെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കാതിരുന്നതില്‍ നിന്നും അല്പം കുറ്റബോധം ഉണ്ടെന്ന് കരുതാം അത്രയ്ക്കും ആശ്വാസം. നന്മയുടെ ഇത്തിരിവെട്ടം അവശേഷിക്കുന്നുണ്ട്.
  
ഇന്നത്തെ നായകന്മാരില്‍ നിന്നും സമൂദായം കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവിലുള്ള സ്ഥാപനങ്ങളും, തനിമയും ഒരുമയും നിലനിര്‍ത്തയാല്‍ മതിയാകും. ശത്രുക്കളില്‍ നിന്നും സമുദായത്തെ കാത്തുകൊണ്ടാല്‍ വലിയ സന്തോഷം. ഇപ്പോള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് അവിവേകമാണെന്നു സമുദായം തിരിച്ചറിഞ്ഞുകഴിഞ്ഞു.

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
പ്രസിഡന്റ്‌ ക്‌നാനായ ഫെലോഷിപ്പ്
ഫോണ്‍ - 944 614 0026

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.