ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Monday, September 9, 2013

കാരിത്താസ്‌ മെഡിക്കല്കോളേജിനൊരു ചരമഗീതം....



കാരിത്താസ്‌ ആശുപത്രി ആരംഭിക്കുന്നത് 1962 മെയ്‌ മാസം ഇരുപത്തൊന്‍പതാം തിയതിയാണ്. നീണ്ട അന്‍പത്തിയൊന്നു വര്‍ഷങ്ങള്‍ പിന്നിട്ടു. സഭാരേഖകളും പ്രസിദ്ധീകരണങ്ങളും ഈ സ്ഥാപനം സമുദായത്തിന്റെ അഭിമാനമാണ് എന്ന് കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും ശരാശരി ക്നാനായക്കാരന് ഈ ആശുപത്രിയുടെ കാര്യത്തില്‍ വലിയ അഭിമാനം ഒന്നും ഉള്ളതായി തോന്നുന്നില്ല. ജര്‍മ്മന്‍ സംഘടനകളുടെ  ഔദാര്യമോ, നാട്ടിലും വിദേശത്തുമുള്ള സമുദായാംഗങ്ങളില്‍ നിന്ന് കാലാകാലങ്ങളില്‍ കിട്ടിയ സംഭാവനയോ ഇല്ലാതെയാരംഭിച്ച, കാരിത്താസിന്റെ മൂക്കിനു താഴെയുള്ള, മാതാ ഹോസ്പിറ്റലില്‍ നിന്ന് ലഭിക്കുന്ന സേവനത്തില്‍  കൂടുതലെന്തെങ്കിലും ആ പാവത്തിന് കാരിത്താസില്‍ നിന്ന് ലഭിക്കുന്നു എന്ന് വിചാരിക്കാന്‍ കാരണമൊന്നും ഇല്ല. ളോഹയുടെ പിന്‍ബലം ഇല്ലായിരുന്നുവെങ്കില്‍ ഒരു വാര്‍ഡ്‌ബോയിയുടെ ജോലിപോലും കിട്ടാന്‍ യോഗ്യതയില്ലാത്ത, അഹങ്കാരം മാത്രം കൈമുതലായുള്ള ചിലര്‍ അതിന്റെ സാരഥ്യം വഹിച്ച് അതിനെ അര നൂറ്റാണ്ടുകാലംകൊണ്ട് ഒരു മാതിരി കുട്ടിചോറാക്കിയിരിക്കുന്നു.

കുറെ കെട്ടിടങ്ങള്‍ കാരിത്താസ്‌ പരിസരത്ത് ഉയര്‍ന്നു വരുന്നുണ്ട്. അതിനെ ദുര്മ്മേദസ് എന്നല്ലാതെ വികസനം എന്ന് വിളിക്കാനാവില്ല. കോട്ടയം അതിരൂപതയുടെ സഭാനേതൃത്വത്തിന്റെ കെടുകാര്യസ്ഥതയുടെ മികച്ച ഉദാഹരണമായാണ് ആ സ്ഥാപനം പരിലസിക്കുന്നത്.

പരാതിയുമായി ചെന്നവരുടെ കഥകള്‍ നിരവധി കേട്ടിട്ടുണ്ട്. “നിങ്ങളോട് ഇങ്ങോട്ട് വരാന്‍ ആരെങ്കിലും ക്ഷണിച്ചോ, നിര്‍ബന്ധിച്ചോ?” “അമേരിക്കയില്‍ നിന്ന് വരുന്നവരുടെ വിചാരം ഇതെല്ലം അവരുടെ സ്വന്തമാണെന്നാണ്” ശ്രദ്ധക്കുറവുമൂലം മരണം വരെ സംഭവിച്ചപ്പോള്‍പോലും ഇത്തരത്തിലുള്ള പ്രതികരണമാണ് ആശുപത്രി അധികൃതരില്‍ നിന്നുമുണ്ടായത്.

എന്നിട്ടും, കാരിത്താസിനു മെഡിക്കല്‍ കോളേജാകാനുള്ള അനുമതി സര്‍ക്കാരില്‍ നിന്നും ലഭിച്ചു എന്നറിഞ്ഞപ്പോള്‍, ഇതെഴുതുന്നയാള്‍ ഉള്‍പ്പടെ പലരും സന്തോഷിച്ചു. തലപ്പത്ത് വൈദ്യശാസ്ത്രം എന്താണെന്ന് അറിയാവുന്ന ഒരു പ്രിന്‍സിപ്പാള്‍ ഉണ്ടാകുമല്ലോ, ആ നിലയ്ക്ക് അല്പം കൂടി പ്രൊഫഷണലിസം ഉണ്ടാകും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് സമുദായത്തിന് മുതല്‍ക്കൂട്ട് തന്നെ ആയിരിക്കും എന്നൊക്കെ മോഹിച്ചുപോയി. മെഡിക്കല്‍കോളേജ് എന്ന ആശയത്തെ നഖശിഖാന്തം എതിര്‍ത്തവര്‍ വിവരദോഷികളായിരുന്നില്ല. അവര്‍ പറഞ്ഞ കാര്യങ്ങളിലും കഴമ്പ് ഏറെയുണ്ടായിരുന്നു. ഇരുകൂട്ടരും പറഞ്ഞത്, പക്ഷെ ചെവിക്കൊള്ളാന്‍ ആരുമുണ്ടായില്ല. ഇത്രയും സങ്കീര്‍ണമായ, ഇത്രയും മുതല്‍മുടക്കുള്ള ഒരു സ്ഥാപനം തുടങ്ങുന്നതിനെക്കുറിച്ച് ഒരു പ്രൊഫഷണല്‍ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ പോലും നേരാംവണ്ണം ഉണ്ടാക്കിയതായി അറിഞ്ഞിട്ടില്ല.

“മൂലക്കാട്ട് പിതാവ് ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയിരിക്കും....” ഒരു ക്നാനായ വൈദികന്റെ വാക്കുകളാണ്. ഈ വാക്കുകളില്‍ നിറഞ്ഞുതുളുമ്പുന്നത് കറകളഞ്ഞ അഹങ്കാരമാണ്, ധാര്‍ഷ്ട്യമാണ്, അതിനേക്കാള്‍ മാറിവരുന്ന സാഹചര്യം മനസിലാക്കാനുള്ള കഴിവുകേടാണ്.

ഇന്ത്യന്‍ രൂപയുടെ വില എത്രകണ്ടിടിഞ്ഞാലും, 230 കോടി രൂപ എന്നത്, നമ്മുടെപോലുള്ള ഒരു ചെറിയ സമുദായത്തെ സംബന്ധിച്ചിടത്തോളം വളരെ വലിയ തുകയാണ്. ആ തുക, പകരമൊന്നും നല്‍കാതെ, ഭിത്തിയേല്‍ പേരെഴുതി വയ്ക്കാമെന്നും, ഉപദേശകസമിതിയില്‍ (Directors’ Bord-ല്‍ അല്ല) ഉള്‍പ്പെടുത്തി, വര്‍ഷത്തിലൊരിക്കല്‍ ചായയും ഉഴുന്നുവടയും നല്‍കാമെന്നു പറഞ്ഞാല്‍ അത്രയും തുക സംഭരിക്കാനാകും എന്ന് ചിലര്‍ക്ക് തോന്നിയെങ്കില്‍, അവരെ അവഹേളിക്കാന്‍ ശത്രുക്കള്‍ ആരും വേണ്ടതില്ല, അവര്‍ അവരെ സ്വയം അവഹേളിക്കുകയാണ്.

നമ്മുടെ സഭാനേതൃത്വത്തിന് വളരെ ലളിതമായ, ഒരു കാര്യം മനസിലാകുന്നില്ല. ജന്തുലോകത്തില്‍ പുരോഹിതനെ ചുമക്കേണ്ട ബാധ്യതയുള്ള ഏക ജീവി (ചെറിയ തോതില്‍ തേനീച്ചകള്‍ക്കും ആ ഗതികേടുണ്ട്) മനുഷ്യനാണ്. എന്നിരുന്നാലും, പുരോഹിതന്‍ എന്ന വര്‍ഗം  ഇല്ലെങ്കിലും അല്മായന്‍ ഉണ്ടെന്നും, പക്ഷെ വിശ്വാസി ഇല്ലെങ്കില്‍ പുരോഹിതന്‍ ഇല്ലെന്നുമുള്ള ലോജിക്കാണ് അവര്‍ക്ക് ഇനിയും പിടി കിട്ടാതെ പോകുന്നത്.

കുറെ ഭീകരപ്രവര്‍ത്തകരെ വെള്ളകുപ്പായവും ഇടീച്ച് ലോകത്തിന്റെ പല ഭാഗത്തേയ്ക്കും വിട്ട്, അവരുടെ കൈയില്‍ നിന്ന് കപ്പം വാങ്ങി, ആര്‍ഭാടമായി ജീവിക്കുകയെന്നതാണ് സഭാസേവനം എന്ന് ധരിക്കുന്നവര്‍ക്ക് ഇതൊന്നും മനസിലാകുകയില്ല. കത്തോലിക്കാസഭയുടെ തലവന്‍ പുരോഹിതവര്‍ഗ്ഗത്തിന്റെ സകല കൊള്ളരുതായ്മകളുടെയും ന്യായീകരണമായി പറയപ്പെടുന്ന ചട്ടക്കൂടുകള്‍ ഭേദിച്ച് നന്മ പ്രവര്‍ത്തിക്കുന്നു. അതിവര്‍ കാണുന്നില്ല; ജനം ഇവരെ പഴിക്കുന്നു, വെറുക്കുന്നു. അതും ഇവര്‍ അറിയുന്നില്ല.

വിവരമില്ലാതെ, നാണമില്ലാതെ, സമുദായത്തെ ഇവര്‍ നാശത്തിലേയ്ക്ക് നയിക്കുന്നു. പ്രതികരണശേഷി ഇല്ലാത്തവരും, എന്തുകണ്ടാലും ഹോശാന പാടാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു പറ്റം സ്തുതിപാഠകരും നാശത്തിലേയ്ക്കുള്ള സമുദായത്തിന്റെ കൂപ്പുകുത്തലിന്റെ വേഗത കൂട്ടുന്നു.

ഇല്ല, അതു പൂര്‍ണ്ണമായുംസംഭവിക്കുന്നതിനു മുമ്പ് സമുദായത്തിന്റെ രക്ഷകന്‍ എവിടെ നിന്നെങ്കിലും അവതരിക്കും. ആരൊക്കെ കൈയൊഴിഞ്ഞാലും ക്നാനായസമുദായത്തെ ദൈവം കൈയൊഴിയുകയില്ല.

ആ രക്ഷകനായി നമുക്ക് കാത്തിരിക്കാം.

അലക്സ്‌ കണിയാംപറമ്പില്‍

2 comments:

  1. This article really help to open the eyes of each and every knanaya community.

    ReplyDelete
  2. Wasted time and energy. It proves that the Diocese leadership is a waste too!!

    ReplyDelete

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.