1945 മുതല്‍ 1955 വരെയുള്ള
കോളനിയുടെ സ്ഥിതിയെപ്പറ്റി ഒരവലോകനം
കുടിയേറ്റത്തിന്റെ ആരംഭം
കുറിച്ച 1943 മുതലുള്ള കോളനിയുടെ ചരിത്രവും,
പുരോഗതിയും, വളര്‍ച്ചയും തളര്‍ച്ചയുമൊക്കെ പല ഘട്ടങ്ങളിലായി ചിതറിക്കിടക്കുന്നതു കാണാം.
ചിലതിന്റെ തുടക്കവും ചിലതിന്റെ ഒടുക്കവും അന്വേഷിച്ചാല്‍ എങ്ങുമെത്തില്ല.
തുടക്കമില്ലാതെ അവസാനിച്ചതും ഒടുക്കമില്ലാതെ തുടരുന്നതും അവിടവിടെ കാണാം. മടമ്പം
കുടിയേറ്റത്തിന് തുടക്കമിട്ട പ്രൊഫസറും പിന്തുണച്ച മെത്രാന്മാരും, മുന്‍പന്തിയില്‍ നിന്നു നയിച്ച വൈദികരും കന്യാസ്ത്രീകളും കാലയവനികക്കുള്ളില്‍
മറഞ്ഞു. അതിസാഹസികമായ കുടിയേറ്റയാത്രയ്ക്ക് പുത്രകളത്രാദികളോടൊപ്പം ഇറങ്ങിത്തിരിച്ച
ആദ്യതലമുറയും മണ്‍മറഞ്ഞു. അന്നു കുടിയേറിയവരുടെ മക്കളായി മടമ്പത്തു വന്ന ഈ
ലേഖകനുള്‍പ്പെട്ട രണ്ടാം തലമുറയാണ് ഗതകാലസ്മരണകള്‍ കുറച്ചെങ്കിലും അയവിറക്കാന്‍
കഴിയുന്നവര്‍. അവരിലെ ആദ്യാഗതര്‍ വിടപറയാന്‍ തുടങ്ങിക്കഴിഞ്ഞു. ഇന്നുള്ള മൂന്നാം
തലമുറയ്ക്ക് തങ്ങളുടെ പൂര്‍വ്വീകര്‍ കടന്നുപോന്ന വഴികളും നേരിട്ട വൈതരണികളും
സഹിച്ച കഷ്ടപ്പാടും തികച്ചും അജ്ഞാതമാണ്. ഇത്രയും സ്ഥലം ഉണ്ടായിരുന്നിട്ടും അവിടെ
ദേഹണ്ഡങ്ങളും നാണ്യവിളകളും പിടിപ്പിക്കാതിരുന്ന ആദ്യതലമുറയെ ബുദ്ധിശൂന്യരെന്ന്
ഇന്ന് അവര്‍ മുദ്ര കുത്താന്‍ ശ്രമിക്കുന്നു.
ആദ്യ കുടിയേറ്റക്കാരോടൊപ്പം
മടമ്പത്ത് എത്തുകയും അവിടെ ആരംഭിച്ച ആദ്യസ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ചേര്‍ന്നു
പഠിക്കുകയും ആദ്യം കുടിയേറിയവരുടെ ഇടയില്‍ നിന്ന് പഠിച്ച് പൗരോഹിത്യം
സ്വീകരിക്കുകയും ചെയ്ത ഒരാളാണ് ഈ ലേഖകന്‍. പിന്നീട് മടമ്പത്ത് വികാരിയെന്ന നിലയില്‍
തന്റെ മാതൃവിദ്യാലയത്തെ ഒരു ഹൈസ്‌കൂളാക്കി ഉയര്‍ത്തി പണിതീര്‍ത്തശേഷം 1993-ല്‍
പൗരോഹിത്യ ജീവിതത്തില്‍ നിന്നു വിടവാങ്ങുകയും വിവാഹിതനാവുകയും ചെയ്ത ലേഖകന്‍
കോളണിയും കോളനിക്കാരും പിന്നിട്ട വിവിധ ഘട്ടങ്ങളെ നിഷ്പക്ഷമായും വിമര്‍ശനപരമായും
സ്വതന്ത്രമായും ഒന്നവലോകനം ചെയ്യുവാന്‍ മുതിരുകയാണിവിടെ. ഇന്നുള്ള പലരും
വാമൊഴിയായും വരമൊഴിയായും കോളനിചരിത്രം കേട്ടവരാണ്. ലേഖകനാകട്ടെ കുടിയേറ്റത്തിനും
പില്ക്കാല സംഭവങ്ങള്‍ക്കും ഒരു ജൈവസാക്ഷിയും.
മധ്യതിരുവിതാംകൂറില്‍
രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യദൗര്‍ലഭ്യം, തൊഴിലില്ലായ്മ, കൃഷിഭൂമിയുടെ അഭാവം എന്നിവയാണ് കൃഷിഭൂമികള്‍
തേടിയുള്ള പ്രയാണത്തിനു ചോദനമായത്. അക്കാലത്ത് ഹൈറേഞ്ചിലേക്കും മലബാറിലേക്കുമൊക്കെ
ഒറ്റപ്പെട്ട കുടിയേറ്റങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ സംഘടിത കുടിയേറ്റം എന്ന മഹാപ്രസ്ഥാനം
കേരളത്തില്‍ ആദ്യമായി പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നത് കോട്ടയം രൂപതയുടെ
ചൂളപ്പറമ്പില്‍ മെത്രാനാണ്. ആശയവും പ്രചോദനവും പ്രൊഫസര്‍ കണ്ടോത്തിന്റെയും.
കുടിയേറ്റം നടന്ന
1940-കളിലെ രാഷ്ട്രീയ-സാമൂഹിക മാനങ്ങളെപ്പറ്റി നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്.
1943-ല്‍ കുടിയേറ്റം നടന്ന ശേഷം വന്നുഭവിച്ച അവസ്ഥാന്തരങ്ങള്‍ അവലോകനം
ചെയ്യുവാനാണ് ശ്രമം. മടമ്പം അലക്‌സ് നഗര്‍ കോളനിയിലേ കുടിയേറ്റത്തെപ്പറ്റി
മാത്രമാണിവിടെ പ്രതിപാദിക്കുന്നത്.
കുടിയേറ്റ ജനത
മലബാറിലേക്ക് സംഘടിതമായി
കുടിയേറിയവര്‍ എല്ലാവരും കോട്ടയം രൂപതയില്‍പെട്ട തെക്കുംഭാഗക്കാരായ
കത്തോലിക്കരായിരുന്നു. കുടിയേറ്റം നടന്ന രാജപുരത്തും മടമ്പത്തും തെക്കുംഭാഗരല്ലാത്തവര്‍
ആരും ആരംഭദശയില്‍ ഉണ്ടായിരുന്നില്ല. മധ്യതിരുവിതാംകൂറില്‍ നിന്ന് കുടിയേറിയ
വടക്കുംഭാഗരായ കത്തോലിക്കര്‍ ഇരിട്ടി, നെല്ലിക്കാമ്പോയില്‍, ചെമ്പേരി, ചെമ്പന്തൊട്ടി, പൈസക്കരി, കോട്ടൂര്‍ എന്നിവിടങ്ങളില്‍ ഉണ്ടായിരുന്നു പക്ഷേ, അവര്‍ ഒരു ഇടവകാടിസ്ഥാനത്തില്‍ അന്നു സംഘടിതരായിരുന്നില്ല. മടമ്പത്തും, പയ്യാവൂരും, പള്ളികള്‍ ഉണ്ടായപ്പോള്‍ മേല്‍പ്പറഞ്ഞ
സ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ ആധ്യാത്മികാവശ്യങ്ങള്‍ക്ക് മടമ്പത്തും പയ്യാവൂരും
എത്തിയിരുന്നു. തെക്കുവടക്കു വിഭാഗീയതയോ, എന്‍ഡോഗമിക്കു വേണ്ടിയുള്ള മുറവിളികളോ
ഒന്നുമില്ലാതെ സഹോദരങ്ങളെപ്പോലെ പരസ്പരം സഹായിച്ചും സ്‌നേഹിച്ചും ഒരു നല്ല ഭാവിയെ
ലക്ഷ്യം വച്ച് അവര്‍ മുന്നോട്ടു നീങ്ങിയിരുന്നു. പള്ളിയും പട്ടക്കാരും
എല്ലായിടത്തും എത്തി ജനങ്ങളുടെ മേല്‍ അധികാരവും നിയന്ത്രണവും പ്രയോഗിച്ചു
തുടങ്ങിയപ്പോഴാണ് വിഭാഗീയതയും ശക്തി പ്രാപിച്ചത്. ജനങ്ങളുടെ നിലനില്പിനേക്കാള്‍
സഭയുടെയും സഭാധികാരികളുടെയും നിലനില്പിനായി പ്രധാന്യം. അവരെ നിലനിര്‍ത്തേണ്ടതും
വളര്‍ത്തേണ്ടതും വിശ്വാസികളുടെ ചുമതലയായിത്തീര്‍ന്നിരിക്കുന്നു. '' ദൈവജനമാണ് സഭ'' എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ എഴുതി
വച്ചതൊക്കെ ഇന്ന് തിരുത്തപ്പെട്ടിരിക്കുന്നു. കര്‍ദ്ദീനാള്‍ ഹീനന്‍ രണ്ടാം
വത്തിക്കാന്‍ കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍, പറഞ്ഞു, ''ഇന്ന് സഭാംഗങ്ങള്‍ക്ക് മൂന്നു കര്‍ത്തവ്യങ്ങളാണ് സഭാധികാരം നല്കിയിരക്കുന്നത്, ''കൊടുക്കുക, പ്രാര്‍ത്ഥിക്കുക, അനുസരിക്കുക (to pay, to pray, to obey)'' അതു മാറണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു പക്ഷേ, ഇന്ന് വിശ്വാസികളുടെ
പ്രസ്തുത മൂന്നു കര്‍ത്തവ്യങ്ങള്‍ക്കും ഒരു മാറ്റവുമില്ലാതെ തുടരുന്നു. അതു
ലംഘിക്കുന്നവര്‍ക്ക് പലിശ സഹിതം കുടിശിക നല്‌കേണ്ടി വരുന്നു, നല്കാത്തവന്റെ ശവസംസ്‌ക്കാരം പോലും നിഷേധിക്കുവാന്‍ സഭാധികാരികള്‍ക്ക്
മടിയില്ലതാനും.
വിദ്യാഭ്യാസ നിലവാരം
കുടിയേറിയവരില്‍
ഭൂരിഭാഗത്തിനും പ്രാഥമികതലത്തിലുള്ള വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആശാന്‍കളരിയിലെ എഴുത്തും വായനയുമാണല്ലൊ അക്കാലത്തെ പ്രാഥമിക വിദ്യാഭ്യാസം. അതു
കഴിഞ്ഞാല്‍ മലയാളം സ്‌കൂള്‍. അടുത്തുണ്ടെങ്കില്‍ അവിടെ പോയെന്നിരിക്കും.
കൃഷിപ്പണിക്ക് പ്രാധാന്യം കൊടുത്തിരുന്ന അന്നത്തെ സമൂഹത്തില്‍ മക്കള്‍ ഒരുവിധം
പ്രാപ്തി ആയാല്‍ പറമ്പില്‍ പണിയിലേക്കു നിയോഗിക്കുകയായിരുന്നു പതിവ്. അല്പം
ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചവര്‍ കുടിയേറ്റക്കാരുടെ ഇടയില്‍ വിരലില്‍ എണ്ണാനേ
ഉണ്ടായിരുന്നുള്ളു. അധ്യാപക പരിശീലനം ലഭിച്ചവര്‍ മടമ്പത്ത് പടേട്ട് ചാക്കോസാറും
പയ്യാവൂരില്‍ എലവുങ്കല്‍ എസ്തപ്പാന്‍സാറും മാത്രമാണുണ്ടായിരുന്നത് എന്നാണ്
ലേഖകന്റെ ഓര്‍മ്മ. 1945ല്‍ ആദ്യം മടമ്പത്ത് ആരംഭിച്ച സ്‌കൂളില്‍ പടേട്ട്
ചാക്കോസാറും, പയ്യാവൂരില്‍ എസ്തപ്പാന്‍സാറും
അധ്യാപകരായിരുന്നു. മടമ്പത്ത് പിന്നീട് മഠം ആരംഭിച്ചതിനാല്‍ അധ്യാപകരായി
കന്യാസ്ത്രീകളും നിയമിതരായി. പയ്യാവൂര്‍ സ്‌കൂളിന് 1948 ലാണ് തുടക്കം കുറിച്ചത്.
അവിടെ എസ്തപ്പാന്‍സാറും ദാറൂട്ടിമാസ്റ്ററും കുമാരന്‍ മാസ്റ്ററും ദീര്‍ഘകാലം അധ്യാപകരായിരുന്നു.
മടമ്പത്തും പയ്യാവൂരും സ്‌കൂളുകള്‍
ആരംഭിച്ചപ്പോള്‍ തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന് ജനങ്ങള്‍ക്ക്
ആശയും ആവേശവും ഉണ്ടായത് സ്വഭാവികമാണ്. പയ്യാവൂരു നിന്ന് മടമ്പത്ത് സ്‌കൂളില്‍ ദിനംപ്രതി
നടന്നുവന്ന് എട്ടാം ക്ലാസ് പാസായ കുട്ടികളുണ്ടായിരുന്നു. അവരിലൊരാളാണ്, പയ്യാവൂര്‍ സ്‌കൂളില്‍ ദീര്‍ഘകാലം പ്യൂണായിരുന്ന കളപ്പുരയ്ക്കല്‍ ജോണ്‍.
മടമ്പത്തും
പയ്യാവൂരുമുണ്ടായ വിദ്യാഭ്യാസസ്ഥാപനങ്ങളെപ്പറ്റി ഒരു പ്രത്യേകാധ്യായത്തില്‍ പരാമര്‍ശിക്കപ്പെടും.
സാമ്പത്തിക സ്ഥിതി.
മുന്‍പു സൂചിപ്പിച്ചതുപോലെ, സാമ്പത്തിക സ്ഥിതിക്ക് അനുകൂലമായ ഘടകങ്ങള്‍ ഭക്ഷ്യവസ്തുക്കളുടെയും
നാണ്യവിളകളുടെയും കൃഷി, തൊഴിലവസരങ്ങള്‍,
ക്രയവിക്രയത്തിനുപകരിക്കുന്ന ഗതാഗതസൗകര്യങ്ങള്‍, ആരോഗ്യം എന്നിവയൊക്കെ ആണ്.
അതോടൊപ്പം തന്നെ ക്രിയാത്മകവും ശക്തവും ബുദ്ധിപരവുമായ നേതൃത്വവും പ്രധാനമാണ്.
സാമ്പത്തികമായി
താഴേക്കിടയില്‍ ആയിരുന്നവരാണല്ലോ കുടിയേറ്റത്തിനു മുതിര്‍ന്ന് മുമ്പോട്ടു വന്നത്.
വന്നെത്തിയവരൊക്കെ ആവേശത്തോടെ തങ്ങളുടെ സ്വപ്നഭൂമിയില്‍ കൃഷിയിറക്കി. അവ
തഴച്ചുവളരുന്നത് അവര്‍ കണ്‍കുളിര്‍ക്കെ കണ്ടു.
പക്ഷേ, അവരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. നേരം വെളുത്തുണരുമ്പോള്‍ അവര്‍ കണ്ടത്
തങ്ങളുടെ പ്രിയപ്പെട്ട കൃഷികള്‍ കാട്ടുമൃഗങ്ങള്‍ നശിപ്പിച്ചിട്ടിരിക്കുന്ന
കാഴ്ചയാണ്.
കടുത്ത കാലവര്‍ഷവും
പേമാരിയും ആഞ്ഞടിച്ച കൊടുങ്കാറ്റും ശേഷിച്ച കൃഷികളും നിലം പരിശാക്കി.
പഞ്ഞമാസങ്ങളിലും ഉള്ള വിളവെടുപ്പു വരെയും പിടിച്ചു നില്ക്കാനാവാതെ അവര്‍ വലഞ്ഞു.
നാട്ടില്‍ നിന്നു പോരുമ്പോള്‍ ഉണ്ടായിരുന്ന കരുതല്‍ധനമൊക്കെ തീര്‍ന്നു.
പിന്നെയുള്ള വഴി കൂലിപ്പണിയാണ്. അതിനു പണിയെവിടെ? കുടിയേറ്റത്തിനൊരുങ്ങുന്ന
കാലത്ത് ജോസഫ് ചാഴികാടന്‍ ക്‌നാനായ മഹാജനസഭയില്‍ വച്ച നിര്‍ദ്ദേശം ഇപ്പോള്‍
പ്രസക്തമായി. കുടിയേറ്റക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കുവാന്‍ സാമ്പത്തികശേഷിയുള്ള
കുറച്ചുപേരെങ്കിലും സ്ഥലം വാങ്ങി എസ്റ്റേറ്റുകള്‍ പിടിപ്പിക്കണമെന്നായിരുന്നു
ജോസഫ് ചാഴികാടന്റെ നിര്‍ദ്ദേശം. അന്നു മുന്നോട്ടുവന്ന രണ്ടു വ്യക്തികളെ ലേഖകന്‍
ഓര്‍ക്കുന്നു കൈപ്പുഴക്കാരായ പതിയില്‍ അബ്രാഹംസാറും എലയ്ക്കാട്ട് കുഞ്ഞേപ്പു
ചേട്ടനും. അവര്‍ അന്ന് അന്‍പതേക്കര്‍ സ്ഥലം വാങ്ങുകയും ചെയ്തു. മടമ്പം പള്ളിയുടെ
തൊട്ടുകിഴക്കുവശത്ത് ആയിരുന്നു കുറച്ചു സ്ഥലം. അവിടെ റബ്ബര്‍കുഴി ഉണ്ടാക്കുവാനും
റബര്‍ വയ്ക്കുവാനുമുള്ള സംരംഭത്തില്‍ കുറേപ്പേര്‍ക്ക് കുറച്ചു തൊഴിലവസരങ്ങള്‍
കിട്ടി. പ്രസ്തുത റബര്‍ പില്ക്കാലത്ത് പള്ളി വാങ്ങുകയാണുണ്ടായത്. തൊഴില്‍ തേടി
ആളുകള്‍ മറ്റിടങ്ങളിലേക്കു തിരിഞ്ഞു. കുട്ടമുറിക്കുന്ന ജോലിയായിരുന്നു പ്രധാനം.
വളപട്ടണത്തു നിന്ന് മാപ്പിളമാര്‍ തടിക്കച്ചവടത്തിനും വിറകുകച്ചവടത്തിനും
കോളനിയിലെത്തി. കോളനിക്കാര്‍ എല്ലാവരും തന്നെ തങ്ങളുടെ പുരയിടങ്ങളില്‍
സുലഭമായിരുന്ന മരുതു, പുന്ന, ഇരൂള്‍, പാല തുടങ്ങിയ മരങ്ങള്‍ അവര്‍ക്കു വിറ്റു. അവ
മുറിച്ച് മൂന്നു നാലടി നീളത്തിലുള്ള കുട്ടകളാക്കി കാളവണ്ടിയില്‍ ആറ്റുതീരത്തിറക്കി
ചീനവഴി വളപട്ടണത്ത് എത്തിച്ചിരുന്നു. അതുകൊണ്ട് കുട്ടമുറി വ്യാപകമായ ഒരു
തൊഴിലായിരുന്നു. മടമ്പത്തു നിന്ന് ചെമ്പേരി,
ചെമ്പന്തൊട്ടി, പൈസക്കരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുട്ടമുറിക്കാന്‍ പോയിരുന്നു. ഒരാഴ്ച
അവിടങ്ങളില്‍ താമസിച്ച് ശനിയാഴ്ച വൈകുന്നേരങ്ങളിലായിരുന്നു അവര്‍
തിരിച്ചെത്തിയിരുന്നത്.
തുടരും....
(എബ്രഹാം നെടുങ്ങാട്ട് എഴുതിയ കാണാപ്പുറത്തേക്ക് ഒരു പ്രയാണം
എന്ന പുസ്തകത്തില്‍ നിന്ന്)
No comments:
Post a Comment
അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.