ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Friday, July 19, 2013

കര്ത്താവിന്റെ പ്രഥമ മലയാളിമണവാട്ടി

തോമാശ്ലീഹയുടെ കാലം തൊട്ടേ കേരളത്തില്‍ കന്യാസ്ത്രീകള്‍ ഉണ്ടായിരുന്നുവെന്നും, ക്നായി തൊമ്മന്റെ കപ്പലില്‍ മരുന്നിനെങ്കിലും ഏതാനും കന്യാസ്ത്രീകള്‍ ഉണ്ടായിരുന്നു എന്നും ആരും പറഞ്ഞു കേട്ടിട്ടില്ലെങ്കിലും, അങ്ങിനെയൊരു ധാരണ പരക്കെയുണ്ട്. എന്നാല്‍ സത്യം ഇതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്.

കേരളത്തില്‍ നിന്നുള്ള ആദ്യ കന്യാസ്ത്രീ കര്‍ത്താവില്‍ നിന്ദ്ര പ്രാപിച്ചിട്ട് വെറും നൂറ് വര്‍ഷമായതെയുള്ളൂ. മദര്‍ ഏലീശ ആയിരുന്നു കേരളത്തില്‍ നിന്നുള്ള ആ സന്യാസിനി.

ഓച്ചന്‍തുരുത്തിലുള്ള വൈപ്പുശ്ശേരി എന്ന “കപ്പിത്താന്‍” കുടുംബത്തില്‍ എട്ടു മക്കളില്‍ മൂത്തവളായി ഇവര്‍ 1831 ഒക്ടോബര്‍ മാസം ജനിച്ചു. സംബന്നകുടുംബാംഗമായിരുന്നതിനാല്‍ ചെറുപ്പത്തില്‍ അല്പം വിദ്യാഭ്യാസം ലഭിച്ചു. പതിനാറാമത്തെ വയസില്‍ ഇവര്‍ കൂനന്മാവിലെ വാകയില്‍ കുടുംബത്തിലെ വറീതിനെ വിവാഹം കഴിച്ചു. ഈ വിവാഹത്തില്‍ അന്ന എന്നൊരു പെണ്‍കുട്ടി ഉണ്ടായി. വിവാഹം കഴിഞ്ഞു നാല് വര്‍ഷങ്ങള്‍ക്കുശേഷം, എലീശാ, തന്റെ ഇരുപതാമത്തെ വയസ്സില്‍, വിധവയായി.


പുനര്‍വിവാഹത്തിന് മുതിരാതെ, ഭര്‍തൃഗൃഹത്തിനടുത്ത് ഓല മേഞ്ഞ കുടില്‍കെട്ടി അവിടെ മകളോടൊപ്പം പ്രാര്‍ഥിച്ചും സാധുക്കളെ സഹായിച്ചും പത്തു വര്‍ഷത്തോളം കഴിഞ്ഞുകൂടി. ഈ കുടില്‍ ഇപ്പോള്‍ പുനര്സൃഷ്ട്ടിച്ചു ഒരു മ്യുസിയം ആക്കിയിട്ടുണ്ട്.

അന്നുവരെ മലയാളികളില്‍ ആരും കന്യാസ്ത്രീകള്‍ ആയി ഉണ്ടായിരുന്നില്ല. സ്പെയിനില്‍നിന്ന് കുറെ കന്യാസ്ത്രീകളെ ദൈവവേലയ്ക്കായി കൊണ്ടുവരാന്‍ സഭ ശ്രമിച്ചുകൊണ്ടിരുന്ന ആ അവസരത്തില്‍ തന്റെ ഇടവക വികാരിയായ ഇറ്റാലിയന്‍ പുരോഹിതന്‍ ഫാ. ലിയോപോള്‍ഡിനെ കന്യാസ്ത്രീ ആകാനുള്ള തന്റെ ആഗ്രഹം എലീശാ അറിയിച്ചു. എലീശായുടെ ആഗ്രഹപ്രകാരം അവര്‍ക്കൊപ്പം അവരുടെ സഹോദരി തെരേസ്യ, മകള്‍ അന്ന എന്നിവര്‍ക്കും സഭ ക്ന്യാസ്ത്രീകളാകാനുള്ള പരിശീലനം നല്‍കി. അങ്ങിനെ 1866-ല്‍ Congregation of Teresian Carmelites (CTC) എന്ന പേരില്‍ കേരളത്തിലെ ആദ്യ സന്യാസിനീസമൂഹം Third Order of the Carmelite Discalced (TOCD) എന്ന പാശ്ചാത്യ സന്യാസിനീ സമൂഹത്തിന്റെ കീഴില്‍ ആരംഭിച്ചു.

ഇവരുടെ ആദ്യ ഉദ്യമം 1868ല്‍ കൂനന്മാവില്‍ ആരംഭിച്ച സെന്റ്‌ ജോസഫ്‌സ് എല്‍.പി. സ്കൂള്‍ ആണ്. തിരുവതാംകൂറിനു വെളിയിലെ ആദ്യത്തെ പെണ്‍വിദ്യാലയമാണ് ഇത്. ലാറ്റിന്‍ സിറിയന്‍ സഭകളുടെ വിഭജനത്തിനു ശേഷം വാരാപ്പുഴയിലും പെണ്‍കുട്ടികള്‍ക്കായി ഒരു വിദ്യാലയം ഇവര്‍ സ്ഥാപിച്ചു. ഈ വിദ്യാലയത്തിനടുത്തുള്ള മഠത്തില്‍ വച്ചാണ് മദര്‍ എലീശാ 1913 ജൂലൈ പതിനെട്ടാം തിയതി അന്ത്യശ്വാസം വലിച്ചത്. അവര്‍ സ്ഥാപിച്ച സന്യാസിനീസമൂഹത്തിനു ഇന്ന് 171 മഠങ്ങളും ഏതാണ്ട് 1,400 സന്യാസിനികളും ഉണ്ട്. വാരാപ്പുഴ സിസ്റ്റേര്‍സിന്റെ വകയായിരുന്നു കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഇന്നത്തെ സെന്റ്‌. ആന്‍സ്‌ സ്കൂള്‍. കോട്ടയം രൂപതയുടെ സ്ഥാപനത്തിന് ശേഷം അവരോടു വിലയ്ക്ക് വാങ്ങിയതാണ് ക്നാനായക്കാരുടെ അഭിമാനമായ ഈ വിദ്യാലയം.

ഇനി, കോട്ടയം അതിരൂപതയിലെ കന്യാസ്ത്രീകളുടെ അല്പം ചരിത്രം.

1892 ജൂണ്‍ 24-ാം തീയതി ഈശോയുടെ തിരുഹൃദയത്തിരുന്നാളില്‍ കൈപ്പുഴയില്‍ വിസിറ്റേഷന്‍ സഭയുടെ ആദ്യഭവനം ലവീഞ്ഞു മെത്രാന്‍ ആശീര്‍വദിക്കുകയും, വിധവകളായ രണ്ടു സന്യാസാര്‍ത്ഥിനികള്‍ക്ക് സഭാവസ്ത്രം നല്‍കുകയും ചെയ്തു. സമുദായത്തിലെ സ്ത്രീജനങ്ങള്‍ക്കായി ഒരു സന്യാസിനി സഭ സ്ഥാപിക്കണമെന്ന അന്നത്തെ വികാരി ജനറാളായിരുന്ന മാക്കീല്‍ പിതാവിന്റെ ചിരകാല ആഗ്രഹത്തിന്റെ സഫലീകരണമായിരുന്നു അത്.

മോണ്‍. മത്തായി മാക്കീലും അദ്ദേഹത്തിന്റെ പിതൃസഹോദരപുത്രന്‍, ലൂക്കാ കത്തനാരും, തറയില്‍ തൊമ്മിയും കണ്ടാരപ്പള്ളിയില്‍ തൊമ്മിയും ചേര്‍ന്ന് ദാനമായി വിട്ടുകൊടുത്ത സ്ഥലത്ത് വികാരി ജനറാളുടെ ചുമതലയില്‍ മഠംപണി നിശ്ചിത തീയതിക്കകം പൂര്‍ത്തിയാക്കി വെഞ്ചരിപ്പും സഭാവസ്ത്ര സ്വീകരണവും നടത്തുകയായിരുന്നു.

കുന്നശ്ശേരില്‍ ഏലീശാ (സി. ഏലി), മഴുവഞ്ചേരില്‍ മറിയം (സി. മാര്‍ഗ്ഗരറ്റ്) എന്നിവരാണ് വിസിറ്റേഷന്‍ സഭയില്‍ ചേര്‍ന്ന് ആദ്യമായി സഭാവസ്ത്രം സ്വീകരിച്ചവര്‍. തറയില്‍ തെക്കേതില്‍ ഏലീശാ, മലയില്‍ അന്ന, കുന്നശ്ശേരില്‍ മറിയം, തറയില്‍ വടക്കേതില്‍ അന്ന എന്നിവരെ അര്‍ത്ഥിനിമാരായും സഭയില്‍ സ്വീകരിച്ചു.

താമസിയാതെ മഠത്തോടു അനുബന്ധിച്ച് ഒരു ബാലികാ വിദ്യാലയവും ആരംഭിച്ചു.

ഈ വിദ്യാലയമാണ് ഇന്നത്തെ കൈപ്പുഴ സെന്റ്‌ മാര്‍ഗരറ്റ് സ്കൂള്‍.

അലക്സ്‌ കണിയാംപറമ്പില്‍

(മദര്‍ എലീശായെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഹിന്ദു പത്രത്തില്‍ വന്ന ലേഖനത്തോടു കടപ്പാട്)

1 comment:

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.