ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Wednesday, December 11, 2013

ഫ്രാന്സീസ് മാര്പാപ്പ ആധുനിക സഭയുടെ അപ്പസ്‌തോലന്‍ - ഡോമിനിക്ക്‌ സാവിയോ

“ഭക്തിപ്രസ്ഥാനങ്ങള്‍ അതിരുവിട്ടാല്‍ യേശുവിലേക്കുള്ള യാത്രയ്ക്ക് തടസ്സവും ക്രിസ്തുവിന്റെ മുഖം മറയുകയും ചെയ്യും.”

ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആദ്യത്തെ ശ്ലൈഹിക പ്രബോധനം പുറത്തുവന്നിരിക്കുകയാണ്. കത്തോലിക്കാനേതൃത്വത്തിന് പ്രസ്തുത പ്രബോധനം സഭയുടെ നവീകരണത്തിന് ഫലപ്രദമായി വിനിയോഗിക്കാവുന്നതാണ്. സര്‍വ്വമാനരംഗത്തുനിന്നും ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്ന മുതലാളിത്തത്തിന്റെ പുതിയ മുഖം പാപ്പ തുറന്നു കാണിച്ചിരിക്കുന്നു. സഭയുടെ സേവനമേഖലകളില്‍ അതിസമര്‍ത്ഥന്മാരായ വൈദികരെ പ്രതിഷ്ഠിച്ചുകൊണ്ട് ലാഭം നേടുകയും ലാഭത്തിന്റെ ചെറിയ ശതമാനം ചാരിറ്റിയായി വകകൊള്ളിക്കുകയും, കൊടുക്കുന്ന ചാരിറ്റി ഇഷ്ടക്കാര്‍ക്കു മാത്രമായി നല്‍കി അവരെ ഒരു ചരടില്‍ തളച്ചിടുകയും ചെയ്യുന്ന മുതലാളിത്തത്തിന്റെ പുതിയമുഖം പ്രാദേശിക സഭയുടെ പല ഘടകങ്ങളിലും ഇന്ന് കാണാവുന്നതാണ്. നന്നായി പണമുണ്ടാക്കാന്‍ കഴിയുന്നവരെ കോണ്‍ഗ്രിഗേഷനുകളുടെയും മറ്റും താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കുന്നു. വൈദികരുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ വിയാനി അച്ചന്റെ പിന്‍ഗാമികള്‍ക്ക് ഒരിടത്തും സ്ഥാനമില്ലാതായിരിക്കുന്നു. ഇത് സഭയിലെ മുതലാളിത്തത്തിന്റെ ക്രിസ്ത്യന്‍ മുഖമാണ് പ്രകടമാക്കുന്നത്.
   
സഭയിലെ രാജകുമാരന്മാരായ കര്‍ദ്ദിനാളന്മാരെയും അവരുടെ പിന്നില്‍ നില്ക്കുന്ന മെത്രാന്മാരായ പ്രഭുക്കന്മാരെയും മാടമ്പിമാരായ വൈദികരെയുമൊക്കെ മനംതിരിച്ച് ക്രിസ്തുവിന്റെ സഹനത്തിലും സ്‌നേഹത്തിലും ഭാഗഭാക്കുകളാക്കുകയെന്ന ദൗത്യം പുതിയ മാര്‍പാപ്പ ഏറ്റെടുത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ പ്രബോധനങ്ങളില്‍ നിന്നും വ്യക്തമാണ്. അദ്ദേഹം പാപ്പാ സ്ഥാനം ഏറ്റെടുത്തുകൊണ്ട് വിശ്വാസികളെ ആശീര്‍വദിക്കാന്‍ വന്നപ്പോള്‍ അവിടെ കൂടിയിരുന്ന ലക്ഷകണക്കായ ജനങ്ങളുടെ മുന്നില്‍ കുനിഞ്ഞുനിന്ന് അവരില്‍നിന്നും ആദ്യം ആശീര്‍വാദം വാങ്ങിയിരുന്നു. അതിനുശേഷം ഇന്നുവരെ മാര്‍പാപ്പ പറഞ്ഞതെല്ലാം അധികാരശ്രേണിയിലുള്ള സഹപ്രവര്‍ത്തകരായ നേതാക്കളുടെ അറിവിലേക്കുള്ളതുമാത്രമാണ്. സുവിശേഷാധിഷ്ഠിതമായ ശൈലി സഭയില്‍ ഉണ്ടാകണമെന്നു പ്രബോധിപ്പിക്കുമ്പോള്‍ സഭയില്‍ ഇപ്പോള്‍ ഫ്യൂഡലിസത്തിന്റെ അലകളടിക്കുന്നുണ്ടെന്നുതന്നെയാണ് മാര്‍പാപ്പ ചൂണ്ടികാണിക്കുന്നത്.
   
കമ്പോള സര്‍വ്വാധിപത്യത്തെ തള്ളിപറയുന്ന പാപ്പ കേരളകത്തോലിക്കാ നേതൃത്വത്തിനു നേരെയും വിരല്‍ ചൂണ്ടുന്നുണ്ടെന്ന് നമ്മള്‍ കാണണം. സാധാരണകാര്‍ക്കു കടന്നു ചെല്ലാനാകാത്ത തരം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും മറ്റ് ഹൈടക്ക് വിദ്യാഭ്യാസ അനുബന്ധ സ്ഥാപനങ്ങളും ആരംഭിച്ച് പണമുണ്ടാക്കുന്ന സന്യാസീസന്യാസിനീ സഭകള്‍ കമ്പോള സര്‍വ്വാധിപത്യത്തിന്റ വക്താക്കളായിട്ടാണ് ഇവിടെ പെരുമാറുന്നത്. സ്‌നേഹവും സഹിഷ്ണുതയും ക്ഷമയും സുതാര്യതയും ലാളിത്യവും ഒക്കെ കൈവെടിഞ്ഞ ഇവരില്‍ പണത്തിന്റെ ഹുങ്കാണ് എല്ലായിടത്തും മുറ്റിനില്‍ക്കുന്നത്. വിദ്യാഭ്യാസകമ്പോളത്തില്‍ സ്വതന്ത്ര വിപണി നിലനിര്‍ത്തുവാന്‍ ന്യൂനപക്ഷാവകാശത്തെകൂടി ദുരുപയോഗിച്ചിരിക്കുകയാണ് ചില മാനേജുമെന്റുകള്‍. ഈ ദുര്‍മാതൃക കണ്ടുകൊണ്ട് ക്രൈസ്തവേതര വിഭാഗങ്ങളും ഈ കമ്പോളത്തില്‍ കാലുറപ്പിച്ചിരിക്കുന്നു. ദൈവജനത്തിനുവേണ്ടി സുവിശേഷ വയലില്‍ കലപ്പ പിടിക്കാന്‍ പോയവര്‍ അതില്‍ നിന്നും കൈവിട്ട് ലാഭേച്ഛയുടെ കപ്പലോടിക്കുകയാണ്. ധനസ്ഥാപന വ്യഗ്രതയാണെല്ലായിടത്തും. ക്രൂശിതനായ ക്രിസ്തു ഇവിടെ അപ്രസക്തനായിരിക്കുന്നു. ദൈവവിളി സ്വീകരിച്ചുകൊണ്ട് പ്രതീക്ഷയോടെ ഈശോയുടെ ശിക്ഷ്യരാകാന്‍ വരുന്ന പിന്‍ഗാമികളുടെ വഴിമുടക്കുകകൂടിയാണ് സമ്പത്ത് കൂട്ടിവെച്ചിരിക്കുന്ന സന്യാസികള്‍. അമിതമായ ഈ സമ്പത്ത് കണ്ട് അവിടെയ്ക്ക് ആകര്‍ഷിക്കുന്നവരും കൂടിവരുന്നു. സ്വതന്ത്ര വിപണി നല്‍കുന്ന സാമ്പത്തിക വളര്‍ച്ച താഴേക്ക് ഒലിച്ചിറങ്ങുകയില്ലന്ന് പഠിപ്പിക്കുന്ന പാപ്പ പ്രവാചക ദൗത്യത്തോടെയാണ് സംസാരിക്കുന്നത്. പാപ്പായുടെ ശ്ലൈഹികപ്രബോധനം ക്രിസ്ത്യാനിറ്റിയെ കച്ചവടമാക്കുന്നവരുടെയും കണ്ണില്‍ എണ്ണ ഒഴിയ്ക്കുന്നുണ്ട്.
   
തെരുവിലിറങ്ങിയതിനാല്‍ ക്ഷീണിച്ചു അഴുക്കുപറ്റിയ സഭയെയാണ്, സ്വന്തം സുരക്ഷയെ കെട്ടിപ്പിടിച്ചിരുന്നു ദുര്‍ബലമാകുന്ന സഭയെക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നതെന്നു പ്രഖ്യാപിക്കുന്ന പാപ്പ സഭയെ നവീകരിക്കാന്‍ നിയോഗിക്കപ്പെട്ട അപ്പസ്‌തോലന്‍തന്നെ. സഭയെ നവീകരിക്കാന്‍ പുറപ്പെടുന്നവര്‍ ക്ഷീണിച്ച് അഴുക്കുപറ്റും ചിലപ്പോള്‍ മരണപ്പെടും എന്നത് ചരിത്ര വസ്തുതയാണ്. തെരുവിലേതിനെക്കാള്‍ അഴുക്ക് സഭയില്‍ തന്നെ ഉണ്ടിന്ന്. ജോണ്‍പോള്‍ ഒന്നാമന്റെ ആകസ്മിക മരണവും, ആര്‍ച്ച് ബിഷപ്പ് കാട്ടുമനയുടെ സംശയസ്പദമായ മരണവും, ഗോവയില്‍വെച്ച് പഴമാങ്ങ തിന്ന് പനിപിടിച്ചു മരിച്ചു എന്നു പറയുന്ന ജോസഫ് കരിയാറ്റി മെത്രാപോലീത്തായുടെ മരണവും ദുരൂഹമായി നിലനില്‍ക്കുകയാണ്. പ്രഗല്‍ഭനായ ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയുടെ രാജി അത്ര സുഖമുള്ള വാര്‍ത്തയായല്ല പ്രചരിക്കുന്നത്. “പ്രവാചകന്മാരെ കൊല്ലുന്നവളേ” എന്നുള്ള യേശുവിന്റെ വാക്കുകള്‍ സഭയില്‍ ഇന്നും നിലനില്‍ക്കുന്നുവോ? ഏതെങ്കിലുമൊരു വിശ്വാസിയോട് ഒരു മെത്രാനോ വൈദികനോ തോന്നുന്ന ഇഷ്ടക്കേട് അവരുടെ മരണം വരെ കാത്തുസൂക്ഷിക്കുന്നു എന്ന യാഥാര്‍ത്ഥ്യവും ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
   
അമിതമായ കേന്ദ്രീകരണം സഭയുടെ ജീവിതത്തെയും പ്രേഷിത ദൗത്യത്തെയും സങ്കീര്‍ണ്ണമാക്കുന്നു എന്നും പാപ്പ എഴുതുന്നു. കേരളസഭയെ സംബന്ധിച്ചിടത്തോളം അധികാരകേന്ദ്രീകരണം വലിയ തോതിലുണ്ട്. സഭയുടെ ഔദ്യോഗിക കൗണ്‍സിലുകളിലെല്ലാം ഉപജാപസമര്‍ത്ഥരെയും ആര്‍ക്കും എതിരാവില്ലന്ന് ഉറപ്പുള്ളവരെയുമാണ് നിയമിക്കുന്നത്. ഏകാഭിപ്രായം ഉള്ള സംഘത്തില്‍നിന്നും പുതുതായതൊന്നും പുറത്തുവരില്ല. വ്യത്യസ്തമായ ആഭിപ്രായമുള്ളവരായിരിക്കണം രൂപതാസമിതികളില്‍ വരേണ്ടത് അവിടെനിന്നാണ് പുതിയ ആശയങ്ങള്‍ ഉരുത്തിരിയുന്നത്. മെത്രാന്റെ അഭിപ്രായത്തിനു മേല്‍ മറ്റൊരഭിപ്രായം പറയാതാകുമ്പോള്‍ അദ്ദേഹം വിചാരിക്കും എന്റെ അഭിപ്രായം തന്നെയാണ് എല്ലാവര്‍ക്കും; കമ്മറ്റികൂടി വെറുതെ സമയം കളയുന്നതെന്തിന്? കമ്മിറ്റിക്കാര്‍ വിചാരിക്കുന്നത്, എന്തായാലും മെത്രാന്‍ പറയുന്നതേ നടപ്പിലാകു വെറുതെ മെനക്കെടുന്നതെന്തിന്? വല്ലതും പറഞ്ഞ് അപ്രീതി സമ്പാദിക്കുന്നതെന്തിന്? ഓരോ സമിതികളും പിരിയുമ്പോള്‍ മെത്രാന്‍ ഒന്നിന്നൊന്ന് ഏകാധിപതിയായി മാറുന്നു. മാര്‍ക്‌സിറ്റ് പാര്‍ട്ടിയുടെ പ്ലിനംപോലെ യോഗം തീരുമ്പോള്‍ നോതൃത്വം കൂടുതല്‍ ശക്തമാകുന്നു, കരുണ ഇല്ലാതാകുന്നു, യോഗക്കാര്‍ ദുര്‍ബലരാകുന്നു. സുവിശേഷം തരുന്ന സ്വാതന്ത്ര്യവും തുറവിയും ഒരിടത്തും കാണാനില്ല. വിശ്വാസികള്‍ യോഗം ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിലൂടെ ഒരു മെത്രാനെ നീക്കാന്‍ കഴിയാതിരിക്കെ മെത്രാന് വിശ്വാസികളോട് തുറന്ന സമീപനം സ്വീകരിക്കാനാകാത്തതെന്താണെന്നോ, വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആകാത്തതെന്താണെന്നോ മനസിലാകുന്നില്ല.
    
മൂന്നാം സഹസ്രാബ്ദത്തില്‍ അല്മായര്‍ സഭയെ നയിക്കുമെന്നൊക്കെയുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പ്രവചനം നടപ്പിലാക്കുമോയെന്ന് കണ്ടറിയണം. അല്മായരുടെ അഭിപ്രായങ്ങള്‍ക്ക് സഭാസമിതികളിലോ, എഴുതി തുടങ്ങുന്നവരുടെ ലേഖനങ്ങള്‍ക്ക് സഭയുടെ പത്രങ്ങളിലോ ഇടംലഭിക്കാറില്ല.
   
സുവിശേഷത്തിന്റെ ഹൃദയവുമായി നേരിട്ടു ബന്ധമില്ലാത്ത ആചാരാനുഷ്ഠാനങ്ങളെ അവയ്ക്ക് എത്ര ആഴമായ ചരിത്ര പാരമ്പര്യമുണ്ടായാലും പുന:പരിശോധിക്കണമെന്നു പഠിപ്പിക്കുന്ന പാപ്പായുടെ പ്രബോധനത്തിന്റെ വെളിച്ചത്തില്‍ കേരളത്തില്‍ നടക്കുന്ന ഭക്തിപ്രസ്ഥാനങ്ങളെയൊക്കെ വിലയിരുത്തി നിയന്ത്രിക്കേണ്ടത് ഉടന്‍ ചെയ്യേണ്ട കാര്യമാണ്. ഭക്തിപ്രസ്ഥാനങ്ങള്‍ അതിരുവിട്ടാല്‍ യേശുവിലേക്കുള്ള യാത്രയ്ക്ക് തടസ്സവും ക്രിസ്തുവിന്റെ മുഖം മറയുകയും ചെയ്യും. മാര്‍പാപ്പയുടെ ശ്ലൈഹിക പ്രബോധനം സഭയുടെ ബൗധിക തലങ്ങളിലെങ്കിലും ആത്മാര്‍ത്ഥമായി ചര്‍ച്ച ചെയ്യപ്പെട്ടാല്‍ നന്നായിരുന്നു. അത് സഭയുടെ നവീകരണത്തിനുള്ള വലിയ സംരംഭവമായി മാറുകതന്നെ ചെയ്യും.
   
ആകെകൂടെ നോക്കിയാല്‍ ഫ്രാന്‍സിസ് പാപ്പായിലൂടെ കത്തോലിക്കാസഭ അതിന്റെ തനിമയില്‍ പ്രകാശിക്കുമെന്നുതന്നെ പ്രത്യാശിക്കാം. 

ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍,

ഫോണ്‍ - 944 614 0026

1 comment:

  1. Eradicate the weeds from Kottayam first and then Chicago. Let us do this together...

    ReplyDelete

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.