ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Monday, October 7, 2013

ക്‌നാനായക്കാരെ സ്വര്ഗ്ഗത്തില്‍ കയറ്റാന്‍ പാടുപെടുന്നവര്‍. – ഡോമിനിക് സാവിയോ



ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നാം തീയതി അമേരിക്കയില്‍ നിന്നിറങ്ങിയ ആഴ്ച്ചവട്ടം വാരികയില്‍ ഓപ്പണ്‍ഫോറം എന്ന പംക്തിയില്‍ റെജി ലൂക്കോസ് കുറുമുള്ളൂര്‍ എന്ന വ്യക്തി ക്‌നാനായ സമുദായത്തെ ആക്ഷേപിച്ചും പുഛിച്ചും ഒരു ലേഖനം എഴുതിയിരിക്കുന്നതായി കണ്ടു. ചെറുപ്പക്കാരനായ അദ്ദേഹം ഇപ്പോള്‍ സമുദായ അംഗം അല്ലാതായി എന്ന് അതില്‍ നിന്നും വ്യക്തമായിരിക്കുന്നു. കാരണം സമുദായത്തിനു പുറത്തുനിന്നും വിവാഹം കഴിക്കുന്നതുവഴി സമുദായ അംഗം അല്ലാതായി തീരുന്ന വ്യക്തികള്‍ നാളുകളായി നടത്തുന്ന നാവാട്ടമാണ് റെജിയും ഇവിടെ നടത്തിയിരിക്കുന്നത്. മിശ്രവിവാഹിതരാകുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളോടുള്ള വ്യക്തികളുടെ അരിശവും ദേഷ്യവും തത്വചിന്ത എന്നതുപോലെ ശ്രീമാന്‍ റെജിയും ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. അതിനുവേണ്ടി അവര്‍ ബൈബിള്‍ വായിക്കും, ഇന്‍ഡ്യന്‍ ഭരണഘടനാഗ്രന്ഥം വാങ്ങും, സാമാന്യമര്യാദയുടെ പുസ്തകം തുറന്നുവെയ്ക്കും - ഒക്കെ ചെയ്യും; എന്നാല്‍ ഇഷ്ടപ്പെട്ട പെണ്ണിനെ, അല്ലെങ്കില്‍ അബദ്ധത്തില്‍ കെട്ടേണ്ടിവന്ന പെണ്ണിനെപ്പോറ്റി മാന്യമായ ജീവിതത്തിനു തയാറാകാതെ പോന്നിടത്തേക്കു തിരികെ പ്രവേശിക്കുവാനുള്ള ആക്രാന്തമാണ് കാണിക്കുന്നത്. ഈ ആവേശത്തില്‍ വേണ്ടതും വേണ്ടാത്തതും പരസ്പരവിരുദ്ധവും കാര്യവിവരമില്ലായ്മയും പ്രസ്തുത ലേഖനത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.
  
അദ്ദേഹം ബൈബിളിലെ ഒരു വാക്യം വ്യഖ്യാനിക്കുന്നതിങ്ങനെയാണ്. യേശു ഒരു സമരിയാക്കാരി സ്ത്രീയില്‍ നിന്നും വെള്ളം വാങ്ങിക്കുടിച്ചതില്‍ നിന്നും മനുഷ്യരെല്ലാം ഒന്നാണെന്നു കാണിക്കുന്നു എന്ന്. അങ്ങനെ ചിന്തിക്കാം; ഞാന്‍ മറ്റൊരുകാര്യം പറയാം, കാനാന്‍കാരിയായ ഒരു സ്ത്രീ വന്ന് യേശുവിനോട് പറഞ്ഞു എന്റെ മകളെ പിശാച് ക്രൂരമായി പീഡിപ്പിക്കുന്നു രക്ഷിക്കണമേയെന്ന്; യേശു അവളോട് പറഞ്ഞു; ഇസ്രയേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കാണ് ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്; മക്കളുടെ അപ്പം എടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ശരിയല്ല (മത്തായി: 15/21-26) ശ്രീമാന്‍ റെജി ഇത് എങ്ങനെ വ്യാഖ്യാനിക്കും?

മിശ്രവിവാഹം കഴിക്കുന്ന ക്‌നാനായ്ക്കാരന് ഊരുവിലക്ക് പ്രഖ്യാപിക്കുന്നു എന്ന് റെജി പറഞ്ഞിരിക്കുന്നു. ഊരുവിലക്ക് എന്നു പറഞ്ഞാല്‍, ഊരുകളില്‍ അതായത് ചെറിയ സമൂഹമായി ഒരു പ്രദേശത്ത് താമസിക്കുന്ന ആദിവാസികളും മറ്റും ഊരുനിയമങ്ങള്‍ പാലിക്കാത്ത വ്യക്തികളേയും കുടുംബങ്ങളേയും  സമൂഹ അംഗമായി അംഗീകരിക്കാതെ അവരുടെ കാര്യങ്ങളില്‍ സഹകരിക്കാതെ ഇരിക്കുന്നു എന്നാണ്. ഇവിടെ സമുദായത്തിനു പുറത്തുനിന്നും വിവാഹം കഴിക്കുന്ന ക്‌നാനായക്കാര്‍ക്ക് സമുദായത്തിനുള്ളില്‍ യാതൊരു പ്രശ്‌നവും ഇല്ല. ക്‌നാനായക്കാര്‍ക്ക് വേണ്ടി തന്നിരിക്കുന്ന പള്ളികളില്‍ അംഗത്വം കൊടുക്കാന്‍ നിയമപരമായി സാധിക്കില്ല എന്നതു മാത്രമാണ്. ഇതിനെ ഊരുവിലക്കെന്നു പറഞ്ഞാല്‍ എങ്ങനാ ശരിയാകുക. 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ’ എന്നു പറയുന്നതു പോലെയേയുള്ളു ഇത്'.

റെജി പറയുന്നു AD 345ല്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയിട്ട് 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്താണ് ക്‌നാനായക്കാരെക്കുറിച്ച് സമൂഹം അറിയുന്നതെന്ന്. എന്തുചെയ്യാം റെജി, ഒരു പുരുഷായുസ് അറുപതോ എഴുപതോ മാത്രമാണ്. കണ്ടറിയുന്നതുമാത്രമേ വിശ്വസിക്കുകയുള്ളു എന്നാണെങ്കില്‍ റെജി കൂടുതില്‍ കാര്യങ്ങള്‍ ഇനി അറിയാന്‍ സാദ്ധ്യതയില്ല. സത്യം അറിയണം എന്നുള്ളവര്‍ക്കുള്ളതാണ് ചരിത്ര പുസ്തകങ്ങള്‍ ക്‌നാനായക്കാരെക്കുറിച്ച് എഴുപതോളം പുസ്തകങ്ങള്‍ നിലവിലുണ്ടെന്നാണ് സമുദായത്തെക്കുറിച്ച് പഠിക്കുന്ന ക്‌നാനായക്കാരനല്ലാത്ത ഒരു വ്യക്തി പറഞ്ഞിരിക്കുന്നത്.
  
സമുദായത്തിന് ഉള്ളില്‍ നിന്നുംതന്നെ വിവാഹം കഴിക്കുന്നതിനാല്‍ മാനസിക വിഭ്രാന്തിയുള്ളവരും  ത്വക്ക്‌രോഗം ഉള്ളവരും ഒക്കെ ക്‌നാനായക്കാരില്‍ ഉണ്ടെന്നാണ് റെജി ലൂക്കോസ് പറയുന്നത്. റജിയുടെ ലേഖനം വായിച്ചിട്ട് എനിക്കും തോന്നുന്നു അത്തരക്കാര്‍ ഈ സമൂഹത്തിലും ഉണ്ടായിരുന്നെന്ന്. മിശ്രവിവാഹം കഴിക്കുന്നതുവഴി അവര്‍ക്കാ പ്രശ്‌നങ്ങള്‍ മാറിക്കിട്ടുമെങ്കില്‍ നല്ലകാര്യം തന്നെ.
  
പൗലോസ് ശ്ലീഹാ കൊറിന്ത്യര്‍ക്കെഴുതിയ ലേഖനത്തില്‍ പറയുന്നതായി റെജി മറ്റൊരുകാര്യവും പറയുന്നു; നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നവരില്‍ നിന്നും മാത്രമേ വിവാഹം കഴിക്കാവു എന്നാണ് പൗലോസ് ശ്ലീഹാ പറഞ്ഞിട്ടുണ്ടെന്ന്. ശരിയാണ്, നിങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തില്‍ നിന്നും മാത്രമേ വിവാഹം കഴിക്കാവു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്. അതു പോലെ ക്‌നാനായ വിഭാഗത്തില്‍ നിന്നും മാത്രമേ വിവാഹം കഴിക്കാവു എന്നു പറയുന്നതില്‍ എന്താണ് തെറ്റ്? കല്യാണം ആണും പെണ്ണും തമ്മില്‍ മാത്രമാണെങ്കില്‍ വി. പൗലോസ് അങ്ങനെ എന്തുകൊണ്ട് പറഞ്ഞു എന്ന് താങ്കള്‍ ചിന്തിക്കുന്നില്ല, ശ്രീമാന്‍ റെജി ലൂക്കോസ്! ക്‌നാനായ്ക്കാരില്‍ നിന്നും മാത്രമേ വിവാഹം കഴിക്കാവു എന്നു പറയുന്നതില്‍ ഇവിടെ തെറ്റില്ലല്ലോ!

ദൈവം ജാതിയും മതവും സൃഷ്ടിച്ചില്ല എന്ന റജിയുടെ കണ്ടെത്തല്‍ ബൈബിള്‍ ശരിയായി മനസിലാക്കാത്തകുകൊണ്ടാണ്. യഹൂദ ജനതയേയും ക്രിസ്തുമാര്‍ഗ്ഗത്തെയും (മതത്തെയും) സൃഷ്ടിച്ചത് ദൈവമാണ്. യഹൂദ ജനതയിലൂടെയാണ് ദൈവം മനുഷ്യസമൂഹത്തില്‍ ഇടപെട്ടത്. അതുപോലെ ക്‌നാനായ കുടിയേറ്റസമൂഹത്തിലൂടെ മലങ്കരയില്‍ ദൈവം പ്രവര്‍ത്തിക്കുകയായിരുന്നു!
    
സീറോമലബാര്‍ ക്‌നാനായക്കാര്‍, മലങ്കര ക്‌നാനായക്കാര്‍, യാക്കോബായ ക്‌നാനായക്കാര്‍ ഇവരൊക്കെ എങ്ങനെ ഉണ്ടായി എന്ന റെജിയുടെ നിഷ്‌ക്കളങ്കമായ ചോദ്യവും സംശയവും കൂടുതല്‍ അറിയാന്‍ പോകുന്നു എന്നതിന്റെ ആരംഭമായിട്ടാണ് ഈയുള്ളോന്‍ കാണുന്നത്. ക്‌നാനായക്കാര്‍ക്കായി സ്വര്‍ഗ്ഗത്തില്‍ പ്രത്യേകസ്ഥലം ഇല്ലാത്തതുകൊണ്ട് ഭൂമിയിലെ ഈ ആചാരങ്ങള്‍ ഉപേക്ഷിക്കണമെന്നും റെജിമോന്‍ ഉപദേശിക്കുന്നുണ്ട്. സ്വര്‍ഗമാണ് മനുഷ്യന്റെ ലക്ഷ്യമെങ്കില്‍ ഭൂമിയിലേക്ക്‌ വരാതെ ജനിച്ച ഉടന്‍ നേരെ സ്വര്‍ഗ്ഗത്തിലേക്ക് പോയാല്‍ പോരായിരുന്നോ എന്ന ചോദ്യവും ഉടലെടുക്കുന്നു.

ക്‌നാനായ സമൂഹത്തോടോ അതിലെ ആളുകളോടോ എതിര്‍പ്പില്ലെന്നു പറഞ്ഞുകൊണ്ടാണ് റെജി ലേഖനം അവസാനിപ്പിക്കുന്നത്. ഈ സമൂഹം നിലനില്‍ക്കണമെങ്കില്‍ സ്വവംശവിവാഹം നിലനില്‍ക്കണം എന്ന വസ്തുത അദ്ദേഹം അറിയുന്നില്ല. ബൈബിളിലെ വാക്യങ്ങള്‍ മുറിച്ചെടുത്ത് തന്നിഷ്ടം പോലെയാണ് അദ്ദേഹം വ്യാഖ്യാനിച്ച് ക്‌നാനായക്കാരെ ആക്ഷേപിക്കുന്നത്. ഇതുപോലെ ഒരു വ്യാഖ്യാനം ഇപ്പോള്‍ ഞാന്‍ നടത്തിക്കാണിക്കാം. 'എദന്‍ തോട്ടത്തില്‍ ദൈവത്തോടു കൂടിയായിരുന്ന ആദത്തിനും ഹവ്വയ്ക്കും വസ്ത്രം ഇല്ലായിരുന്നു. നാണം എന്തെന്ന് അവര്‍ അറിഞ്ഞില്ല. അവര്‍ പാപം ചെയ്ത് ദൈവത്തില്‍ നിന്നും അകന്നു. ദൈവം തോട്ടത്തില്‍ ഉലാത്താന്‍ വന്നപ്പോള്‍ ആദവും ഹവ്വയും ഒളിച്ചിരുന്നു അവര്‍ക്ക് നാണം തോന്നി തോലുകൊണ്ട് ഉടയാട ഉണ്ടാക്കി അവര്‍ നാണം മറച്ചു. ഉല്പത്തി മൂന്നാം അദ്ധ്യായത്തിന്റെ ചുരുക്കമാണ് മേല്‍ ഉദ്ധരിച്ചത് ഇത് വായിച്ചിട്ട് ഞാന്‍ പറയുകയാണ്, 'നാണം മറച്ചു നടക്കുന്ന, വസ്ത്രം ഉടുക്കുന്ന മനുഷ്യരെല്ലാം പാപികളാണ് ദൈവത്തില്‍ നിന്നും അകന്നവരാണ്'. റെജി, എങ്ങനുണ്ട് വ്യാഖ്യാനം?
  
കുറുമുള്ളൂകാരന്‍ റെജി ജോസഫ്! താങ്കള്‍ക്ക് എന്താണ് വേണ്ടത്? സമുദായം ഉപേക്ഷിച്ചുപോയ താങ്കള്‍ക്ക് തിരികെ വരണമെന്നുണ്ടോ? സമുദായം ഉപേക്ഷിച്ചു പോയപ്പോഴല്ലേ സമുദായത്തിന്റെ വില അറിഞ്ഞത്. വസ്തുക്കളെയും മനുഷ്യരെയും ഇപ്പോള്‍ സമുദായത്തിന്റേയും ഒക്കെ വില അറിയുന്നത് നാമത് ഉപേക്ഷിച്ചു കളയുമ്പോഴാണ്. താങ്കള്‍ക്ക് ഇനി മഹത്തായ ഒരു ദൗത്യമുണ്ട് ക്‌നാനായ തനിമയും സംസ്‌ക്കാരവും ആമുഖമില്ലാത്ത ഇടപെടലും, പരസ്‌നേഹവും, പരസ്പര ബഹുമാനവും, കൈ അയച്ച സഹായവും, ആതിഥ്യമര്യാദയും, ഉത്തമ വിശ്വാസവും, നേതൃത്വഗുണവും ഒക്കെ താങ്കള്‍ ചെന്നു ചേര്‍ന്ന സമൂഹത്തിലും കരുപിടിപ്പിക്കുക. ക്‌നായിത്തൊമ്മന്റെ ദൗത്യം അങ്ങിലൂടെ അങ്ങനെ അവിടെയും പ്രചരിക്കട്ടെ.

സ്‌നേഹപൂര്‍വ്വം,

ഡോമിനിക്ക് സാവിയോ
വാച്ചാച്ചിറയില്‍, പനച്ചിക്കാട്
കുഴിമറ്റം പി.ഒ-686533
Mob-9446140026
Email-pulimavu@gmail.com

1 comment:

  1. ഈ ഡോമിനിക്കിനെയാണോ , ഡാളസിലെ ക്നാനായപ്പല്ലിയില്‍ നിന്നും ,അവിടെ നട്ടെല്ലുള്ള വികാരി ശൌരിയാമ്മാക്കല്‍ അച്ചന്‍ കഴിഞ്ഞയാഴ്ച പുറത്താക്കിയത്?

    ഏതായാലും ഒരു ഡൊമിനിക്ക് എന്ന കനാനയക്കാരനെ കഴിഞ്ഞ ഞായര്‍ പള്ളിയില്‍ നിന്നും പുറത്താക്കി കല്‍പ്പന ഇറക്കി. പള്ളിയുടെ പരിസരത്തു എങ്ങാനും കണ്ടാല്‍ അവിടുത്തെ പോലീസ് അപ്പോഴേ പോക്കാന്‍ നോക്കിയിരിക്കുന്നു. അസാമാന്യ ക്നാനയക്കാരന്‍ ആയ ഒരു ഡൊമിനിക്ക്.

    ReplyDelete

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.