ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Thursday, July 25, 2013

കാണാപ്പുറത്തേക്ക് ഒരു പ്രയാണം (അദ്ധ്യായം 12.4)




മടമ്പം-പയ്യാവൂര്‍ അനൈക്യത്തിന്റെ പാത തുടരുന്നു

മടമ്പം-പയ്യാവൂര്‍ ഇടവകകള്‍ തമ്മില്‍ കാഞ്ഞിരത്തുങ്കലച്ചന്റെ കാലത്ത് ആരംഭംകുറിച്ച ശീതസമരം അവസാനിക്കുകയോ, രണ്ടിടവകകളിലെയും ജനങ്ങള്‍ കോളനിയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഒരു വേദിയോ സംരംഭമോ ഒരിക്കലും പിന്നീട് സംജാതമായില്ല. അതോടെ രണ്ടിടവകകളും രണ്ടു ദിശകളിലേക്കുള്ള പ്രയാണം തുടരുകയാണുണ്ടായത്.

മുതുകാട്ടില്‍-കുപ്ലിക്കാട്ട് ശീതസമരത്തിന്റെ തുടര്‍ക്കഥ

പൂഴിക്കാലായിലച്ചന്റെ കാലത്ത് പയ്യാവൂര്‍ക്കുള്ള അമേരിക്കന്‍ ഭക്ഷ്യവസ്തുക്കള്‍ നിര്‍ത്തിലാക്കിയ കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ. കാഞ്ഞിരത്തിങ്കലച്ചന്റെ ഭാഗത്തുണ്ടായ അനധികൃത ക്രിയവിക്രയങ്ങള്‍ CRS ന്റെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് വിതരണ സെന്റര്‍ നിര്‍ത്തലാക്കിയതും. പക്ഷേ, മോണ്‍ മറ്റത്തില്‍ ഇടപെടുകയും മടമ്പത്തിനുള്ള അലോട്ട്‌മെന്റിന്റെ പകുതി പയ്യാവൂരേക്കു നല്‍കുവാന്‍ ഒരു കത്തിലൂടെ നിര്‍ദ്ദേശിക്കുകയും ചെയ്തു. അങ്ങനെ വിതരണം തുടര്‍ന്നു. മുതുകാട്ടിലച്ചന്‍ മടമ്പത്തു വന്നശേഷം, മേല്പറഞ്ഞ കത്ത് തനിക്കുള്ളതല്ലെന്നുള്ള കാരണം പറഞ്ഞ് അലോട്ട്‌മെന്റ് പയ്യാവൂരേക്ക് നല്കിയില്ല. മാത്രവുമല്ല, ഭക്ഷ്യവസ്തുക്കള്‍ വില്ക്കുന്നതിന് കടുത്ത എതിര്‍പ്പുണ്ടായിരുന്ന മുതുകാട്ടിലച്ചന്‍ മടമ്പത്ത് പാല്‍പ്പൊടി കലക്കി പാലായിട്ടാണ് വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വിതരണം പിന്നീട് പൊടിയായിത്തന്നെ തുടരുകയും ചെയ്തു. മടമ്പത്ത് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുകയും തങ്ങള്‍ക്ക് അത് ലഭിക്കാതെ വരികയും ചെയ്തത് പയ്യാവൂര്‍ ഇടവകക്കാരെ അസംതൃപ്തരാക്കി. കുപ്ലിക്കാട്ടച്ചന്‍ മടമ്പത്തു വന്ന് മുതുക്കാട്ടിലച്ചനുമായി സംസാരിച്ചെങ്കിലും നിര്‍ത്തലാക്കിയ സെന്ററിലേക്ക് വിതരണത്തിന് ഭക്ഷ്യവസ്തുക്കള്‍ നല്കില്ല എന്ന നിലപാടില്‍ മുതുകാട്ടിലച്ചന്‍ ഉറച്ചുനിന്നു. അതോടെ അവര്‍ തമ്മിലും ഇടവകക്കാര്‍ തമ്മിലുമുള്ള അകല്‍ച്ച വര്‍ദ്ധമാനമായി. തുടര്‍ന്ന് വീണ്ടും മറ്റത്തിലച്ചന്‍ ഇടപെട്ട് പഴയതു പോലെ തന്നെ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും പ്രശ്‌നം അങ്ങനെ പരിഹൃതമാവുകയും ചെയ്തു.

എന്തായാലും, പയ്യാവൂര്‍ വിടുന്നതിനു മുമ്പ് കൂപ്ലിക്കാട്ടച്ചന്‍ തന്റെ മധുരപ്രതികാരം ചെയ്തു. മുതുകാട്ടിലച്ചന്റെ സ്വപ്നപദ്ധതിയായിരുന്ന "ഇരുഡ് പദ്ധതതി"ക്കു തുരങ്കം വച്ചാണ് കൂപ്ലിക്കാട്ടച്ചന്‍ പകരം വീട്ടിയത്. കോളനിക്കാര്‍ക്ക് മുഴുവന്‍ ഗുണകരമാകുമായിരുന്ന പ്രസ്തുത പദ്ധതിയെപ്പറ്റി മറ്റൊരധ്യായത്തില്‍ വിവരിക്കുന്നതാണ്.

ഒരു ഹൈസ്‌കൂള്‍ ഉണ്ടാക്കുന്നതിനെപ്പറ്റി ആയിരുന്നു മറ്റൊരു തര്‍ക്കം. മുതുകാട്ടിലച്ചനും കൂപ്ലിക്കാട്ടച്ചനും സ്വന്തം പരിശ്രമത്തിലൂടെ മടമ്പത്തും പയ്യാവൂരും ഹൈസ്‌കൂള്‍ അനുവദിപ്പിക്കുവാന്‍ ശ്രമിച്ചു. രണ്ടുപേരും ശരിക്കും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. സംയുക്തമായി ശ്രമിച്ചിരുന്നെങ്കില്‍ ഒരിടത്ത് ഹൈസ്‌കൂള്‍ ലഭിക്കുമായിരുന്നു. ഫലമോ? ശ്രീകണ്ടഠാപുരത്ത് ഒരു ഗവണ്‍മെന്റ് സ്‌കൂള്‍ ഉണ്ടായി.

കുപ്ലിക്കാട്ടച്ചന്റെ പരിശ്രമഫലമായി 1962ല്‍ പയ്യാവൂരില്‍ ഹൈസ്‌കൂള്‍ അനുവദിക്കപ്പെട്ടുവെന്നുള്ള വസ്തുത അനുസ്മരിക്കട്ടെ. പയ്യാവൂരു നിന്നും മാത്രമല്ല, പൈസക്കരി, നുച്ചിയാട്, ചമതച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുപോലും വിദ്യര്‍ത്ഥികള്‍ കാല്‍നടയായി വന്ന് പയ്യാവൂര്‍ സ്‌കൂളില്‍ പഠിച്ചിരുന്നു. മടമ്പത്തു നിന്നുള്ള വിദ്യാര്‍ത്ഥികളും അവിടെ പഠിക്കാനെത്തിയിരുന്നു എന്നു പറയേണ്ടതില്ലല്ലോ.

1943ല്‍ കുടിയേറ്റത്തിന് ഇറങ്ങിപ്പുറപ്പെട്ട് മടമ്പം അലക്‌സ് നഗര്‍ കോളനിയില്‍ എത്തി കഷ്ടപ്പാടുകളിലും കടുത്ത ദാരിദ്ര്യത്തിലും പ്രതികൂല സാഹചര്യങ്ങളിലും ഒത്തൊരുമയോടെ എല്ലാ പ്രതിസന്ധികളേയും നേരിട്ട കുടിയേറ്റക്കാര്‍, രണ്ടിടവകളിലായി പൊതുവായ ലക്ഷ്യം മറന്ന് വ്യത്യസ്ഥ ദിശകളിലേക്ക് നീങ്ങിത്തുടങ്ങിയ കാലഘട്ടമായിരുന്നു ആയിരത്തിതൊള്ളായിരത്തി അറുപതുകള്‍ എന്നു പറയുന്നതില്‍ അതിശയോക്തി ഇല്ല.

തുടരും....

(എബ്രഹാം നെടുങ്ങാട്ട് എഴുതിയ കാണാപ്പുറത്തേക്ക് ഒരു പ്രയാണം എന്ന പുസ്തകത്തില്‍ നിന്ന്)

Wednesday, July 24, 2013

കാണാപ്പുറത്തേക്ക് ഒരു പ്രയാണം (അദ്ധ്യായം 12.3)



പൂഴിക്കാലായില്‍ ജോസഫച്ചനും മടമ്പവും

1958 ലാണ് പൂഴിക്കാലായിലച്ചന്‍ മടമ്പം വികാരി ആയി എത്തിയത്. യുവവൈദികനെ മടമ്പംകാര്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ വരവോടെ മടമ്പം ഇടവകകയ്ക്ക് ഒരു നവോന്‍മേഷം കൈവന്നുവെന്നു പറയുന്നതില്‍ തെറ്റില്ല. പള്ളിക്കാര്യങ്ങളില്‍ വളരെ നിഷ്ഠയും കാര്‍ക്കശ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. പള്ളിക്ക് കാര്യമായ വരുമാനമുണ്ടാക്കുവാന്‍ വേണ്ടി, അക്കാലത്ത് സുലഭമായി ലഭിച്ചിരുന്ന അമേരിക്കന്‍ ഭക്ഷ്യ-വിഭവങ്ങള്‍ നാനാജാതിമതസ്ഥര്‍ക്ക് വിതരണം ചെയ്യു ന്നതോടൊപ്പം വില്ക്കുകയും ചെയ്തു. അങ്ങനെ ലഭിച്ച പണം പള്ളിക്ക് സിമന്റിടുവാനും മറ്റു മരാമത്തുപണികള്‍ നടത്തുവാനും അദ്ദേഹം വിനിയോഗിച്ചു. മാത്രമല്ല, പള്ളിയുടെ തൊട്ടടുത്തുണ്ടായിരുന്ന റബര്‍ തോട്ടം വാങ്ങിച്ച് പള്ളിക്ക് സ്ഥിരമായ ഒരാദായ മാര്‍ഗ്ഗം അദ്ദേഹം ഉണ്ടാക്കുകയും ചെയ്തു. പള്ളിസ്ഥലം കയ്യാല വച്ച് അടവാക്കിയതും അദ്ദേഹത്തിന്റെ കാലത്താണ്. സര്‍വ്വോപരി, തുമ്പേനി എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മടമ്പം കവലയില്‍, പ്ലാക്കാട്ട് കുഞ്ഞ് സംഭാവന ചെയ്ത സ്ഥലത്ത് ഇരിക്കൂര്‍-ശ്രീകണ്ഠപുരം റോഡില്‍ ഒരു കുരിശുപള്ളിയും അദ്ദേഹം പണിയിക്കുകയുണ്ടായി.

സാമൂഹിക രംഗത്ത്, NES ബ്ലോക്കിന്റെ സഹായത്തോടെ മടമ്പത്ത് ഒരു പൊതുകിണറും, സൗജന്യ ബ്ലോക്കിലേക്കു പ്രവേശിക്കുന്ന പാലവും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് തീര്‍ത്തത്. മടമ്പത്തെ യുവതലമുറയുടെ കലാപരവും സാംസ്‌കാരികവും കായികവും, ബുദ്ധിപരവുമായ പുരോഗമനത്തിനു വേണ്ടി 1958ല്‍ അദ്ദേഹം മുന്‍കയ്യെടുത്ത് ആരംഭിച്ച ബി.സി.എം. ക്ലബ് & ലൈബ്രറി ഇന്നും വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

1959ല്‍ നടന്ന വിമോചനസമരത്തില്‍ മടമ്പം ഇടവകയിലെ ജനങ്ങളെ പൂഴിക്കാലായിലച്ചന്‍ അണിനിരത്തുകയും ക്രിസ്റ്റഫര്‍ സംഘടനയ്ക്ക് രൂപം നല്കുകയും ചെയ്തു. സമരത്തോടനുബന്ധിച്ച് നിരവധി പേര്‍ അറസ്റ്റു വരിക്കയും ജയിലില്‍ പോവുകയും ചെയ്തിട്ടുണ്ട്.

1961 ല്‍ അദ്ദേഹം മടമ്പത്ത് നിന്ന് സ്ഥലം മാറി പോകുമ്പോള്‍ പള്ളിയുടെ സാമ്പത്തിക സ്ഥിതി വളരെ ഭദ്രമാക്കിയിരുന്നു. നല്ലൊരു ബാലന്‍സും പള്ളിക്കുണ്ടായിരുന്നു.

എങ്കിലും മടമ്പം ഇടവകക്കാരുടെ സാമ്പത്തിക അഭിവൃദ്ധിക്കും സുസ്ഥിരതയ്ക്കും എന്തെങ്കിലും കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിക്കുവാന്‍ പൂഴിക്കാലായിച്ചനും കഴിഞ്ഞില്ല. അതിന് അദ്ദേഹത്തിന്റെ പിന്‍ഗാമി മുതുകാട്ടിലച്ചന്‍ മടമ്പത്തു എത്തുന്നതുവരെ കാഞ്ഞിരിക്കേണ്ടി വന്നു.

പയ്യാവൂര്‍ ഇടവകയിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. കൂപ്ലിക്കാട്ടച്ചനും പിന്നാലെ വന്ന എടത്തിപ്പറമ്പിലച്ചനും, ജനങ്ങളുടെ ആത്മീയാഭിവൃദ്ധിയിലും പള്ളിയുടെ സാമ്പത്തിക ഭദ്രതയിലും വരുമാനമാര്‍ഗ്ഗങ്ങളിലുമായിരുന്നു ശ്രദ്ധപതിപ്പിച്ചത്. ഇടവകയുടെ സ്വത്ത് ഇടവക ജനങ്ങളാണെന്നും അവരുടെ സാമ്പത്തികാഭിവൃദ്ധി ഇടവകപ്പള്ളിയുടേയും സാമ്പത്തികനില വര്‍ദ്ധിപ്പിക്കുമെന്നുമുള്ള തിരിച്ചറിവ് ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. തന്റെ പ്രബോധനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്ന ശ്രോതാക്കളുടെ വിശപ്പറിഞ്ഞ് അപ്പം വര്‍ദ്ധിപ്പിച്ചു തീറ്റിപ്പോറ്റിയ യേശുവിന്റെ മാതൃക വൈദികര്‍ അനുസരിച്ചേ മതിയാവൂ. ആത്മീയ ജീവന്റെ നിലനില്പിന് ശാരീരികജീവനും ആവശ്യമാണല്ലോ. അതുകൊണ്ട് ജനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയും ഇടവകയുടെ പ്രവര്‍ത്തനപരിപാടികളില്‍ ഒന്നായിരിക്കണമെന്നു തോന്നുന്നു. വൈദികരുടെയിടയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു തെറ്റായ പ്രവണത ഇത്തരത്തില്‍ ചൂണ്ടിക്കാട്ടുകയാണ്. ഇടവകയിലെ ജനങ്ങളുടെ സാമ്പത്തികനിലയോ സ്രോതസ്സുകളോ വിലയിരുത്താതെ, കോടികളുടെ പള്ളികളും പാരിഷ് ഹാളുകളും പണിയാന്‍ മുന്നിട്ടിറങ്ങുന്ന ഇന്നത്തെ വൈദികരുടെ പ്രവണതകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നും. നിര്‍ബന്ധ പിരിവുകളിലൂടെ ഇടവക ജനങ്ങളെ ഞെക്കിപ്പിഴിയുവാന്‍ അവര്‍ക്ക് മടിയൊട്ടില്ലതാനും. ഇടവക ജനങ്ങളുടെ ജീവിത നിലവാരത്തിന് അനുസൃതമായ പള്ളികളും പള്ളിമുറികളുമല്ലേ അഭികാമ്യം? ഇത്തരം 'കോടി'പ്പള്ളികള്‍ നിര്‍മ്മിക്കുന്നതിന് അനുവാദം നല്കുന്ന രൂപതാധികാരികളുടേയും മനോഭാവവും വ്യത്യസ്ഥമല്ലതാനും. ആഡംബരപള്ളികള്‍ ഉണ്ടാക്കുന്നതിനു പകരം ആരാധനയ്ക്കുതകുന്ന ദൈവാലയങ്ങളാണ് വേണ്ടതെന്ന് പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

വികസനം വഴിമുട്ടിയ കോളനി

മടമ്പം, പയ്യാവൂര്‍ ഇടവകകള്‍ ഉള്‍പ്പെടുന്ന അലക്‌സ്‌നഗര്‍ കോളനിയുടെ വികസനവും വളര്‍ച്ചയും പ്രഥമവും പ്രധാനവുമായി രണ്ടിടവകകളിലും നിയമിതരാകുന്ന വികാരിമാരെ ആശ്രയിച്ചാണിരുന്നത് എന്നു പറയുന്നതില്‍ അതിശയോക്തി ഒട്ടുമില്ല. കാരണം, കോളനിയില്‍ നേതൃത്വം നല്കുന്നതിന് വേറാരും ഇല്ലായിരുന്നല്ലോ. ഏതു കാര്യത്തിനും മുന്നിട്ടിറങ്ങുവാന്‍ വിദ്യാഭ്യാസം, നേതൃത്വപാടവം, സാമ്പത്തികശേഷി എന്നിവ അനിവാര്യമാണ്. ഇതെല്ലാം ഉണ്ടായിരുന്നത് ആരംഭം കാലം മുതല്‍ പള്ളികളിലെ വികാരിമാര്‍ക്ക് മാത്രവുമായിരുന്നു.

1953 മുതല്‍ 1961 വരെ പയ്യാവൂര്‍ വികാരി ആയിരുന്ന കാഞ്ഞിരത്തുങ്കലച്ചനും 1958 മുതല്‍ 1961 വരെ മടമ്പം വികാരി ആയിരുന്ന പൂഴിക്കാലായിച്ചനും പ്രാപ്തന്മാരും, ഊര്‍ജ്ജസ്വലരുമായ യുവവൈദികരായിരുന്നു. നേതൃത്വപാടവവും ഏറെയുള്ളവര്‍. ഗവണ്‍മെന്റുതലത്തിലും ജനങ്ങളുടെ ഇടയിലും സ്വാധീനം ചെലുത്താനും കടന്നുചെല്ലാനും കഴിവുള്ളവര്‍. അമേരിക്കന്‍ ഭക്ഷ്യധാന്യങ്ങള്‍ വിറ്റുണ്ടാക്കിയ പണം ഇഷ്ടം പോലെ. പക്ഷെ, തങ്ങളുടെ കഴിവുകള്‍ ജനക്ഷേമകരവും വികസനപരവുമായ ദിശകളിലേക്കു തിരിച്ചു വിടുന്നതിനു പകരം അക്ഷന്തവ്യമായ ശീതസമരത്തിലേക്ക് പോകുന്നതാണ് കണ്ടത്. അതിന്റെ ഫലമായി, രണ്ടിടവകകളിലേയും ജനങ്ങള്‍ തമ്മിലകലാനും കോളനിയുടെ വളര്‍ച്ച മുരടിക്കാനും ഇടയായി. ബാലാരിഷ്ടതകള്‍ ഒട്ടൊക്കെമാറി, ജനങ്ങള്‍ കുറച്ചൊക്കെ സ്വയം പര്യാപ്തയില്‍ എത്തിത്തുടങ്ങിയ ആ കാലഘട്ടത്തില്‍, ജനങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവും, സാമൂഹികവുമായ പുരോഗതിക്ക് ആവശ്യമായ പദ്ധതികളും പരിപാടികളും ആവിഷ്‌ക്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും വളരെയേറെ സാധ്യതകള്‍ ഉണ്ടായിരുന്നു, സംയുക്തമായി ഒത്തുശ്രമിച്ചിരുന്നെങ്കില്‍, പക്ഷേ, രണ്ടുപേരും അതിനൊന്നും വലിയ പ്രാധാന്യം കൊടുത്തുമില്ല. സാമൂഹികരംഗത്ത് രണ്ടിടവകകളിലും അല്പം പുരോഗതിയ്ക്ക് ആരംഭം കുറിച്ചു എന്നു സമ്മതിക്കാം. മടമ്പത്തും പയ്യാവൂരും റിക്രിയേഷന്‍ ക്ലബുകളും ലൈബ്രറികളും, മഹിളാ സമാജങ്ങളുമൊക്കെ ആരംഭിച്ചു. എന്നാല്‍, കോളനിയുടെ വളര്‍ച്ചയുടേയും വികസനത്തിന്റെയും നട്ടെല്ലാകേണ്ടിയിരുന്ന ശ്രീകണ്ഠപുരം മടമ്പം പയ്യാവൂര്‍ റോഡ് വികസിപ്പിക്കുവാന്‍ രണ്ടു വൈദികരും തയ്യാറായില്ല എന്നത് ഒരു ദുഃഖസത്യമായി അവശേഷീക്കുന്നു. പൊടിക്കളത്തു നിന്ന് മടമ്പം വഴി പയ്യാവൂരേക്കുള്ള റോഡ് 1953ല്‍ വെട്ടിത്തെളിച്ചതാണ്. മണ്ണാത്തുമാക്കീലച്ചന്റെ കാലത്ത് അത് കുറച്ചു കൂടി വിപുലീകരിച്ച് ലോറി ഗതാഗതം ആരംഭിച്ചതുമാണ്. പ്രസ്തുത റോഡ് വികസിപ്പിച്ച് അതിലൂടെ ബസ് സര്‍വ്വീസ് ആരംഭിച്ചിരുന്നുവെങ്കില്‍ കോളനിയുടെ സ്ഥിതി എന്താകുമായിരുന്നു!

അതുപോലെ തന്നെ കോളനിയിലെ വളരുന്ന തലമുറയുടെ ഹൈസ്‌കൂള്‍ പഠനത്തിനുപകരിക്കുന്ന ഒരു ഹൈസ്‌കൂളിനു വേണ്ടി സംയുക്തമായി യത്‌നിക്കുവാനും അവര്‍ രണ്ടുപേരും മുമ്പോട്ടു വന്നില്ലെന്നുള്ളതും നിരാശാജനകമാണ്. അതിനുവേണ്ടി രൂപതാധികാരവും വലിയ താല്പര്യം കാട്ടിയതുമില്ല.

മലബാര്‍ കോളനികളെക്കുറിച്ചു പറയുമ്പോള്‍ എടുത്തുപറയേണ്ട ഒരു വലിയ സത്യമുണ്ട്. കോട്ടയം രൂപതയിലെ വൈദികര്‍ക്കും അധ്യാപകര്‍ക്കും മലബാര്‍ കോളനികള്‍ അവരുടെ ''ആന്‍ഡമന്‍ ദ്വീപ്'' ആണ്. വ്യക്തമായി പറഞ്ഞാല്‍, കോട്ടയം മെത്രാന്‍ ശിക്ഷിച്ച് നാടുകടത്തുന്ന സ്ഥലങ്ങളായിരുന്നു രണ്ടു കോളനികളും. അങ്ങനെ വരുമ്പോള്‍, അവിടെ എത്തിപ്പെടുന്ന വൈദികരുടേയും അധ്യാപകരുടേയും ആത്മാര്‍ത്ഥയും സേവനത്തിലുള്ള പ്രതിബദ്ധതയും ഊഹിക്കാവുന്നതേയുള്ളൂ.

മലബാറിലേക്കു വികാരിമാരായി പോകുവാന്‍ വൈദികര്‍ക്ക് താല്പര്യമില്ലായിരുന്നു എന്നതും വാസ്തവമാണ് അതുകൊണ്ട്. അങ്ങോട്ട് പോകേണ്ടി വന്നാല്‍, എങ്ങിനെയെങ്കിലും കാലാവധി തികച്ച് തിരിച്ചു പോവുക എന്നതായിരുന്നു മിക്കവരുടേയും മനോഭാവം. അപവാദങ്ങള്‍ ഉണ്ടായിരുന്നു എന്നു സമ്മതിക്കുന്നു. അതിനാല്‍, പുതിയ പരിപാടികളോ പ്രസ്ഥാനങ്ങളോ ആരംഭിക്കുവാന്‍ അവര്‍ക്കു താല്പര്യവും ഉണ്ടാവില്ലല്ലോ. ഫലത്തില്‍, കോളനികളുടെ വികസനത്തേയും പുരോഗതിയേയും ആയിരുന്നു ഈ സാഹചര്യം ബാധിച്ചിരുന്നത്.

മറ്റൊന്നു കൂടിയുണ്ട്. മലബാറിലിരിക്കുന്ന വികാരിമാര്‍ക്ക് കോട്ടയത്തുള്ള മെത്രാന്റെ താല്പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ചു മാത്രമല്ലെ പ്രവര്‍ത്തിക്കുവാന്‍ കഴിയൂ. അതുകൊണ്ട് മെത്രാന് അഹിതമായതൊന്നിലും അവര്‍ ഏര്‍പ്പെടുകയുമില്ല. അതുകൊണ്ട് കോളനികളുടെ പുരോഗതിയും അധോഗതിയും മെത്രാനെ ആശ്രയിച്ചാണ് മിക്കവാറും ഉണ്ടായത്. കോട്ടയത്തുള്ള ഒരു യുവവൈദികന്‍ പറഞ്ഞത് ഇവിടെ അര്‍ത്ഥവത്താണ്. ''മലബാറിലേ ഒരു ഫോറോനാ പള്ളിയെക്കാള്‍ കോട്ടയത്ത് ഒരു കുരിശുപള്ളിയില്‍ ഇരിക്കുന്നതാണ് എനിക്ക് അഭികാമ്യം''.

മേല്പ്പറഞ്ഞ ശീതസമരങ്ങളുടെ കൂടുതല്‍ വ്യക്തമായ വിവരണം മറ്റൊരാധ്യായത്തിലുണ്ട്. 1961ല്‍ കാഞ്ഞിരത്തുങ്കലച്ചനും പൂഴിക്കാലായിലച്ചനും സ്ഥലം മാറിപ്പോയി. മടമ്പത്ത് മുതുകാട്ടില്‍ സ്റ്റീഫനച്ചനും, പയ്യാവൂര്‍പള്ളിയില്‍ കുപ്ലിക്കാട്ട് സിറിയക്കച്ചനും, വികാരിമാരായി. പുതിയ വികാരിമാരുടെ വരവോടെ രണ്ടിടവകകള്‍ തമ്മില്‍ കൂടുതല്‍ സഹകരണവും സഹവര്‍ത്തിത്തവും സംസ്ഥാപിതമാകുമെന്നും അതുവഴി കോളനിക്ക് വളര്‍ച്ചയും പുരോഗതിയും കൂടുതലുണ്ടാവുമെന്നും എല്ലാവരും  ആഗ്രഹിച്ചു, പ്രതീക്ഷിച്ചു. പക്ഷേ, അത്തരം പ്രതീക്ഷകള്‍ ഫലമണിഞ്ഞില്ലെന്ന് പില്ക്കാല ചരിത്രം സാക്ഷിക്കുന്നു. അക്കാര്യങ്ങള്‍ ഈ അധ്യായത്തിന്റെ ആരംഭത്തില്‍ കാണാം.

പൂഴിക്കാലായിലച്ചന്റെ കാലത്താണ് മടമ്പം പള്ളിക്ക് മണിയും മണിമാളികയും ഉണ്ടായത് എന്ന കാര്യം ഓര്‍മ്മിക്കുന്നു.

തുടരും....

(എബ്രഹാം നെടുങ്ങാട്ട് എഴുതിയ കാണാപ്പുറത്തേക്ക് ഒരു പ്രയാണം എന്ന പുസ്തകത്തില്‍ നിന്ന്)

Tuesday, July 23, 2013

കാണാപ്പുറത്തേക്ക് ഒരു പ്രയാണം (അദ്ധ്യായം 12.2)



കാഞ്ഞിരത്തുങ്കലച്ചനും പയ്യാവൂരും

കാഞ്ഞിരത്തുങ്കലച്ചന്‍ പയ്യാവൂര്‍ ഇടവകയില്‍ 1953 മുതല്‍ 1961 വരെ എട്ടു വര്‍ഷം വികാരി ആയി സേവനം അനുഷ്ഠിച്ചു. അദ്ദേഹം പയ്യാവൂരിനു വേണ്ടി ചെയ്ത സേവനങ്ങളും നല്ല കാര്യങ്ങളുമൊക്കെ മുമ്പ് വിശദമാക്കിയിട്ടുണ്ട്. പയ്യാവൂരിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍, പള്ളി, പയ്യാവൂര്‍ ടൗണിലെ പീടികകെട്ടിടം, സ്ഥലം, തുടങ്ങിയവയൊക്കെ അദ്ദേഹം നേതൃത്വം കൊടുത്ത് ഉണ്ടാക്കിയവയാണ്. പയ്യാവൂരിനെ ഉള്‍പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പല റോഡുകളും കാഞ്ഞിരത്തിങ്കലച്ചന്റെ നേതൃത്വത്തിലാണ് വെട്ടിത്തുറന്നത്. 1959ല്‍ പയ്യാവൂരില്‍ വിസിറ്റേഷന്‍ മഠം സ്ഥാപിച്ച്, സ്‌കൂളില്‍ കന്യാസ്ത്രീകളുടെ സേവനം ലഭ്യമാക്കിയതും കാഞ്ഞിരത്തുങ്കലച്ചനാണ്. കണ്ടകശ്ശേരില്‍  ഒരാശുപത്രി ഉണ്ടാകണമെന്ന് ആഗ്രഹിച്ച് അവിടെ തറക്കില്ലിടുന്നതിനും കാഞ്ഞിരത്തുങ്കലച്ചന്‍ മുന്‍കയ്യെടുത്തു. പയ്യാവൂരിന്റെ സാമൂഹിക പുരോഗതിക്ക് വളരെയധികം അധ്വാനിച്ചയാളാണ് അദ്ദേഹം.

കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനെതിരെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധമാണ്. കേരള നിയമസഭയില്‍ പോലും കാഞ്ഞിരത്തുങ്കലച്ചന്റെ കമ്മ്യൂണിസ്റ്റു വിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി പരാമര്‍ശനമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് പയ്യാവൂരില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായിരുന്നു. പയ്യാവൂര്‍ ഇടവകക്കാരില്‍ കുറേപ്പേര്‍ അതിന്റെ സഹകാരികളുമായിരുന്നു. അവരോട് അതികര്‍ശനവും വിട്ടുവീഴ്ചയില്ലാത്തതുമായ ഒരു നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ന്യൂനപക്ഷമായിരുന്ന പ്രസ്തുത കുടംബക്കാര്‍ക്കെതിരെ ഭൂരിപക്ഷം ഇടവകക്കാരേയും അദ്ദേഹം അണിനിരത്തി. അവര്‍ക്കെതിരെ പള്ളിയില്‍ അതിനിശിതമായ ഭാഷയില്‍ അദ്ദേഹം പ്രസംഗിച്ചു. കമ്മ്യൂണിസ്റ്റുകാരായ ഇടവകക്കാര്‍ക്ക് അദ്ദേഹം കൂദാശകള്‍ നിഷേധിച്ചു. ബലപ്രയോഗത്തിനും ചിലപ്പോള്‍ അദ്ദേഹവും കൂടെനിന്നവരും മടിച്ചില്ല. കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുവാനും കരിങ്കൊടികാട്ടുവാനും അദ്ദേഹത്തിനും മടിയില്ലായിരുന്നു. കമ്മ്യൂണിസ്റ്റ് സഹയാത്രികരായിരുന്ന ഇടവകക്കാര്‍ക്കെതിരെ അദ്ദേഹമെടുത്ത നടപടികള്‍ പലതും ക്രൈസ്തവസ്‌നേഹത്തിനു പൊരുത്തപ്പെടാത്തവയായിരുന്നു എന്നു പറയാതിരിക്കാന്‍ വയ്യ. ക്രൈസ്തവ വിശ്വാസത്തിനും, സഭയുടെ പഠനങ്ങള്‍ക്കും നിരക്കാത്തതെന്ന് അദ്ദേഹം സുദൃഢമായി വിശ്വസിച്ച കമ്മ്യൂണിസ്റ്റ് തത്വസംഹിതയുടെ സഹയാത്രികര്‍ എന്നു മുദ്രകുത്തി, ഇടവക സമൂഹത്തിന്റെ പിന്തുണയോടെ ഒറ്റപ്പെടുത്തിയതിന്റെ ഫലമായി പതിനെട്ടോളം കുടുംബങ്ങള്‍ നാടുവിട്ട് മൈസൂറിലേക്കു പോകേണ്ടി വന്നു. നല്ല സംഘാടകനും, വാഗ്മിയുമൊക്കെ ആയിരുന്ന കാഞ്ഞിരത്തുങ്കലച്ചന്‍, ക്രിസ്തുവിന്റെ ശാന്തവും ശാലീനവുമായ സ്‌നേഹത്തിലൂടെ പ്രസ്തുത കുടുംബങ്ങളെ ക്രൈസ്തവ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ല എന്നത് ഈ ലേഖകനുള്‍പ്പെടെ അദ്ദേഹത്തോട് വളരെ അടുപ്പമുണ്ടായിരുന്ന വളരെപ്പേര്‍ക്ക് അജ്ഞാതമാണ്. പില്ക്കാലത്ത്, കുമരകം, കരിങ്കുന്നം വികാരി ആയിരുന്നപ്പോള്‍ പലപ്പോഴും അദ്ദേഹത്തിന്റെ ആഥിത്യം സ്വീകരിച്ച് ഒപ്പം താമസിക്കുകയും ഇടവക പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും ചെയ്തപ്പോള്‍, ഈ ലേഖകന്‍ പയ്യാവൂര്‍ കാലഘട്ടത്തെപ്പറ്റി സംസാരിക്കുക പതിവായിരുന്നു. അപ്പോഴൊക്കെ അദ്ദേഹം പറഞ്ഞത്. ''ഇന്നായിരുന്നുവെങ്കില്‍ സമീപനം അന്നത്തേത് ആയിരിക്കില്ല'' എന്നാണ്. ഒരു പക്ഷേ, അദ്ദേഹത്തിന്റെ പയ്യാവൂര്‍ ഭരണകാലത്ത് അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്കും  പ്രവര്‍ത്തനങ്ങള്‍ക്കും എതിരുനില്ക്കുവാന്‍ തക്ക പ്രാഗത്ഭ്യമോ വിദ്യാഭ്യാസമോ ചിന്താശക്തിയോ ഉള്ളവര്‍ ആരും അന്നു കോളനിയില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. കാഞ്ഞിരത്തിങ്കലച്ചന്‍ തന്റെ സമീപനത്തിലൂടെ ശത്രുക്കളേയും അതിലുപരി അനേകം സ്‌നേഹിതരേയും സമ്പാദിച്ചു. കമ്മ്യൂണിസത്തിനെതിരായ അദ്ദേഹത്തിന്റെ ശക്തമായ നിലപാടിലൂടെ അദ്ദേഹത്തിന്റെ ജീവനു പോലും ഭീഷണി ഉണ്ടായിട്ടുണ്ട്. അക്കാലത്ത് ഒരു രാത്രിയില്‍ ഇടവകക്കാരനായ ഒരാള്‍, കാഞ്ഞിരത്തിങ്കലച്ചനെ ഉപദ്രവിക്കാന്‍ പള്ളിമുറിയില്‍ വന്നുവെന്നും, തിരിച്ചുപോയ അയാള്‍ ഭാര്യയെ മാരകമായി മുറിവേല്പിക്കുകയും രണ്ടു വയസ്സുള്ള സ്വന്തം കുഞ്ഞിനെ കാലില്‍ പിടിച്ച് നിലത്തടിച്ചു കൊലപ്പെടുത്തുകയും ചെയ്ത ഒരു സംഭവം ഉണ്ടായതായി കേട്ടിട്ടുണ്ട് സംഭവത്തിന്റെ അടിസ്ഥാനകാരണം ഇന്നും അജ്ഞാതമാണ്.

പയ്യാവൂര്‍ ഇടവക മുന്നോട്ട്

കാഞ്ഞിരത്തുങ്കലച്ചന്റെ കാലത്ത് 1959ല്‍ പയ്യാവൂരില്‍ വിസിറ്റേഷന്‍ മഠം ആരംഭിക്കുകയുണ്ടായി. പയ്യാവൂര്‍ ഇടവകയില്‍ നിന്നുണ്ടായ ആദ്യത്തെ അധ്യാപിക കുഴിവേലില്‍ ചിന്നമ്മ ആയിരുന്നു. ചിന്നമ്മ മടമ്പം സ്‌കൂളില്‍ നിന്ന് ആദ്യ ബാച്ചില്‍ ഇ.എസ്.എല്‍.സി പാസായ ശേഷം 2 വര്‍ഷത്തെ അധ്യാപന പരിശീലനം നേടിയ ശേഷമാണ് പയ്യാവൂര്‍ സ്‌കൂളില്‍ നിയമനം ലഭിച്ചത്. ഏതാണ്ട് ആ കാലയളവില്‍ തന്നെ ചമതച്ചാലില്‍ താമസിച്ചിരുന്ന പടിയാനിക്കല്‍ അന്നമ്മ റ്റീച്ചറും പയ്യാവൂര്‍ സ്‌കൂളില്‍ നിയമിക്കപ്പെട്ടിരുന്നു.. കാഞ്ഞിരത്തിങ്കലച്ചന്റെ കാലത്തു തന്നെ പയ്യാവൂര്‍ ഹയര്‍ എലിമെന്ററി സ്‌കൂള്‍ ആയി ഉയര്‍ത്തിയിരുന്നു.

വികസനത്തില്‍ വളര്‍ച്ച, ആധ്യാത്മികതയില്‍ തളര്‍ച്ച

കാഞ്ഞിരത്തിങ്കലച്ചന്‍ പയ്യാവൂര്‍ ഇടവകയുടെ നാനാവിധ വികസനത്തിന് വളരെയേറെ സംഭാവനകള്‍ നല്കിയ വ്യക്തിയാണ്. പള്ളി, മഠം, സ്‌കൂള്‍, കുരിശുപള്ളികള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, റോഡുകള്‍, തുടങ്ങിയ ഒട്ടേറെ നേട്ടങ്ങള്‍ പയ്യാവൂരിന് ഉണ്ടാക്കിയത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാരായി പുലിക്കൂട്ടില്‍ അബ്രഹാം അച്ചന്‍, കരിപ്പറമ്പില്‍ ലൂക്കാച്ചന്‍, എന്നിവര്‍ കുറഞ്ഞൊരു കാലഘട്ടത്തില്‍ പയ്യാവൂര്‍ ഇടവകയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോളനിയുടെ പുരോഗതിയില്‍, ഇടവക വികാരിമാര്‍ ആദ്യകാലങ്ങളില്‍ അവിഭാജ്യഘടകങ്ങള്‍ ആയിരുന്നുവെന്നതില്‍ ഒരു തര്‍ക്കവുമില്ല. അത് അത്യാവശ്യവുമായിരുന്നു. എന്നാല്‍, സാമൂഹിക-സാമ്പത്തിക പുരോഗതിക്കു വേണ്ടി ഇടവക വികാരിമാര്‍ അഹോരാത്രം പരിശ്രമിക്കുമ്പോള്‍ തന്നെ ഇടവക ജനങ്ങളുടെ ആധ്യാത്മികവും സാന്മാര്‍ഗികവുമായ തലങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടത് വളരെ ആവശ്യകമാണ്. ഇടവകയിലെ മതപഠനക്ലാസ്സുകള്‍, കുട്ടികള്‍ക്കു വേണ്ടിയുള്ള ഭക്തസംഘടനകള്‍, വാര്‍ഷികധ്യാനങ്ങള്‍, ഭവന സന്ദര്‍നങ്ങള്‍, ജനങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കം എന്നിവയിലൂടെയാണല്ലോ വികാരിമാര്‍ ഇടവകയുടെ ആധ്യാത്മിക-സാന്മാര്‍ഗീക തലങ്ങളെ സ്വാധീനിക്കുകയും വളര്‍ത്തുകയും ചെയ്യുന്നത്. പയ്യാവൂരിന്റെ സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ നിരന്തര ശ്രദ്ധയും അതീവ താല്പര്യവും പ്രകടിപ്പിച്ചപ്പോള്‍ കാഞ്ഞിരത്തുങ്കലച്ചന്റെ ശ്രദ്ധ ഇടവക ജനങ്ങളുടെ ആധ്യാത്മിക സാന്മാര്‍ഗിക രംഗങ്ങളില്‍ വേണ്ട വിധം പതിഞ്ഞില്ല. തല്‍ഫലമായി പ്രസ്തുത രംഗങ്ങളില്‍ പോരായ്മകള്‍ വളരെയുണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് യുവതലമുറയില്‍.

എങ്കിലും, അദ്ദേഹത്തിന്റെ പിന്‍ഗാമികളായി വന്ന കൂപ്ലിക്കാട്ടച്ചനും, എടത്തിപ്പറമ്പില്‍ സൈമണച്ചനും പയ്യാവൂര്‍ ഇടവകയുടെ ആധ്യാത്മിക-സന്‍മാര്‍ഗിക-സാമൂഹ്യ രംഗങ്ങളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്കിയവരാണ്. ശരിയായ ദിശയിലേക്ക് വളരുന്ന തലമുറയെ നയിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. ലേഖകന്‍ ആലുവാ സെമിനാരിയില്‍ പഠിക്കുന്ന കാലത്ത് അവധിക്കാലങ്ങളില്‍ പയ്യാവൂര്‍ പള്ളിയില്‍ പത്തു ദിവസത്തെ മതപഠനക്ലാസ്സുകള്‍ എടുക്കുവാന്‍ രണ്ടു വൈദികരും ആവശ്യപ്പെട്ടതനുസരിച്ച് അവിടെ പോയിരുന്നത് ഓര്‍മ്മിക്കുന്നു.

കാരാപ്പള്ളിലച്ചന്‍ ചമതച്ചാലില്‍ നിര്‍മ്മിച്ച ഷെഡ് കാറ്റില്‍ തകര്‍ന്നെങ്കിലും 1953ല്‍ കാഞ്ഞിരത്തിങ്കലച്ചന്റെ കാലത്ത് കുരിശുപള്ളി വീണ്ടും പണിയിച്ചു. മാസത്തിലൊരിക്കല്‍ അവിടെ കുര്‍ബാനയും ആരംഭിച്ചു. കൂപ്ലിക്കാട്ടച്ചന്‍ കുരിശുപള്ളി വിപുലീകരിക്കുകയും മാസത്തിലൊരിക്കലും വിശേഷദിവസങ്ങളിലും ചമതച്ചാലില്‍ കുര്‍ബാന ചൊല്ലുകയും ചെയ്തിരുന്നു.

എടത്തിപ്പറമ്പില്‍ സൈമണച്ചന്റെ കാലത്ത് 1967 നവംബര്‍ 1-ാം തീയതി ചമതച്ചാല്‍ ഒരു സ്വതന്ത്ര ഇടവകയായി ഉയര്‍ത്തുകയുണ്ടായി. 1968 മാര്‍ച്ച് ഒന്നാം തീയതി മുതല്‍ കോളനിയില്‍ പഠിച്ച് ആദ്യം വൈദികനായ അബ്രഹാം നെടുങ്ങാട്ട് ചമതച്ചാലില്‍ വികാരിയായി നിയമിതനാവുകയും അവിടെ സ്ഥിരതാമസം തുടങ്ങുകയും ചെയ്തു എന്ന കാര്യം സന്ദര്‍ഭവശാല്‍ ഓര്‍മ്മിച്ചു പോവുന്നു.

തുടരും....

(എബ്രഹാം നെടുങ്ങാട്ട് എഴുതിയ കാണാപ്പുറത്തേക്ക് ഒരു പ്രയാണം എന്ന പുസ്തകത്തില്‍ നിന്ന്)