ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Monday, November 11, 2013

സഭാപരമായ ന്യൂനപക്ഷപീഢനം ഡല്ഹിയില്‍



ന്യൂനപക്ഷ സംരക്ഷണത്തിനായി നിലകൊള്ളുകയും അതിനായി സമരമാര്‍ഗ്ഗങ്ങള്‍പോലും സ്വീകരിക്കുകയും ചെയ്യുന്ന കത്തോലിക്കാസഭയിലെ ഒരു വിഭാഗമാണ് സീറോമലബാര്‍ സഭ. എന്നാല്‍, ഭാരതത്തിന്റെ സിരാകേന്ദ്രമായ ഡല്‍ഹിയില്‍ ഫരീദാബാദ് കേന്ദ്രമായി ഒരു സീറോമലബാര്‍ രൂപത സ്ഥാപിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ ആ സഭയിലെ ന്യൂനപക്ഷമായ ക്‌നാനായ കത്തോലിക്കര്‍ക്ക് തനതായ അജപാലനസൗകര്യങ്ങളൊന്നും തന്നെ നല്‍കാതെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്ന ദുരനുഭവമാണ് നിലനില്‍ക്കുന്നത്.
           
1940-കള്‍ മുതല്‍ തന്നെ കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും കുടിയേറിയ സുറിയാനിക്കാരില്‍ വടക്കുംഭാഗക്കാരും തെക്കുംഭാഗക്കാരുമുണ്ടായിരുന്നു. ഡല്‍ഹിയിലും പരിസരങ്ങളിലുമുള്ള എല്ലാ ക്രൈസ്തവരെയും മാമോദീസാ മുക്കി സഭയിലേക്കു ചേര്‍ക്കാം എന്ന ലക്ഷ്യവുമായിട്ടായിരുന്നില്ല അവര്‍ അവിടെ എത്തിയത്. അതായിരുന്നു ലക്ഷ്യമെങ്കില്‍ അതിനായി ഡല്‍ഹിയില്‍ ലത്തീന്‍ സഭയും സഭാസംവിധാനങ്ങളുമുണ്ടായിരുന്നുവല്ലോ. ജീവസന്ധാരണം എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവരുടെ മുന്‍പില്‍ ഉണ്ടായിരുന്നുള്ളൂ. വിശ്വാസികള്‍ ഒരുമിച്ച് കൂടുന്നിടത്ത് അവരുടെ പൈതൃകത്തിനും സംസ്‌ക്കാരത്തിനും അനുയോജ്യമായ അജപാലന ശുശ്രൂഷ ഒരുക്കേണ്ടത് സഭയുടെ ദൗത്യമാണ്.
           
ഡല്‍ഹിയിലെത്തിയ ഇവര്‍ ആരാധനയ്ക്കും മറ്റ് ശുശ്രൂഷകള്‍ക്കുമായും ലത്തീന്‍ ദേവാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇതിനിടയില്‍ സ്വന്തമായി സീറോമലബാര്‍ ഇടവകകളും ഭരണസംവിധാനങ്ങളും ഉണ്ടാകണമെന്ന് രണ്ട് വിഭാഗം വിശ്വാസികളും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിനെത്തുടര്‍ന്ന് ഡല്‍ഹി ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് 2003ല്‍ ആറ് സീറോമലബാര്‍ വ്യക്തിഗത ഇടവകകള്‍ അനുവദിച്ചു തന്നു. രണ്ടു വിഭാഗങ്ങളുടെയും തുടര്‍പരിശ്രമഫലമായി 2012ല്‍ അത് 23 ഇടവകകളായി വര്‍ദ്ധിച്ചു. അങ്ങനെ തെക്കുംഭാഗക്കാര്‍ക്കും വടക്കുംഭാഗക്കാര്‍ക്കും തങ്ങളുടെ സ്വന്തറീത്തില്‍ തന്നെ സഭാശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്നതിന് വ്യാപകമായ സൗകര്യങ്ങള്‍  ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ചെയ്തു കൊടുത്തു. അതേവര്‍ഷം തന്നെ (2012) ഡല്‍ഹിയില്‍ ഫരീദാബാദ് കേന്ദ്രമാക്കി സീറോ മലബാര്‍ രൂപത മാര്‍പാപ്പ സ്ഥാപിച്ചു.
           
കേരളത്തിലെപ്പോലെ ഈ രൂപതയുടെ കീഴില്‍ വടക്കുംഭാഗക്കാരും തെക്കുംഭാഗക്കാരും മാത്രമേ ഉള്‍പ്പെടുകയുള്ളൂ. കോട്ടയം അതിരൂപതയില്‍ നിന്നും സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്റെ രണ്ടു മഠങ്ങളും പ്രസ്തുത രൂപതയില്‍ സേവനമനുഷ്ഠിക്കുന്നു. എന്നാല്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്‌നാനായ കത്തോലിക്കര്‍ക്കായി ഫരീദാബാദ് മെത്രാന്‍ യാതൊരു അജപാലന സൗകര്യങ്ങളും നല്‍കാന്‍ ഒരുക്കമല്ല. അപേക്ഷകളും, പരാതികളും, ചര്‍ച്ചകളും കൊണ്ട് ഫലമുണ്ടാകുന്നില്ല. സഭാപരമായ അരക്ഷിതാവസ്ഥയെ ഈ ന്യൂനപക്ഷസമുദായം നേരിടുന്നു. രൂപതയുണ്ടാകുന്നതിന് നാളുകള്‍ക്ക് മുമ്പ് 2009-ല്‍ ക്‌നാനായ കത്തോലിക്കര്‍ ഡല്‍ഹി ആര്‍ച്ച് ബിഷപ്പിനു നല്‍കിയ അപേക്ഷ പ്രകാരം മാസത്തില്‍ ഒരു ദിവസം ക്‌നാനായക്കാരനായ വൈദികന് തങ്ങളുടെ സ്വന്ത റീത്തില്‍ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ അനുവാദം നല്‍കിയത് ഇപ്പോഴും തുടരുന്നു.
           
ഫരീദാബാദ് ബിഷപ്പായ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ അഭ്യര്‍ത്ഥനപ്രകാരം കോട്ടയം അതിരൂപത വളരെ സീനിയറായ ഒരു വൈദികനെ ഫരീദാബാദ് രൂപതയിലേക്ക് അയച്ചിരുന്നു. ക്‌നാനായ കോര്‍ഡിനേറ്റര്‍, ക്‌നാനായ ചാപ്‌ളയില്‍ എന്നൊക്കെയാണ് ഫരീദാബാദ് രൂപതയിലെ അദ്ദേഹത്തിന്റെ സ്ഥാനം. എന്നാല്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് ഒരു ഗുണവും ഉണ്ടാകാന്‍ അനുവദിക്കാത്ത വിധത്തില്‍ ഒറ്റ ക്‌നാനായക്കാരന്‍ പോലുമില്ലാത്ത ഒരിടവകയില്‍ അദ്ദേഹത്തെ നിയമിച്ചിരിക്കുന്നു.
           
ഡല്‍ഹിയിലെത്തിയ ഈ രണ്ട് സുറിയാനി വിഭാഗക്കാര്‍ക്കും കേരളത്തില്‍ ഒരേ സഭാഹയരാര്‍ക്കിയും അതിന് ഒരേ തലവനുമാണ് നിലവിലുള്ളത്. അതിനാല്‍ കേരളത്തില്‍ ലഭിക്കുന്ന അജപാലന സൗകര്യങ്ങള്‍ തന്നെ രണ്ടു വിഭാഗക്കാര്‍ക്കും അനുവദിച്ചുകൊടുക്കുവാന്‍ ബിഷപ്പിന് ചുമതലയുണ്ട്.
           
വ്യത്യസ്തങ്ങളായ പാരമ്പര്യങ്ങളും സംസ്‌ക്കാരങ്ങളും പുലര്‍ത്തുന്നവര്‍ക്കായി ഇടവകകളും സഭാസംവിധാനങ്ങളും സ്ഥാപിക്കേണ്ടതാണെന്ന് പൗരസ്ത്യകാനോന്‍ നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുള്ളതിപ്രകാരമാണ്; ദേശീയത, ഭാഷ, ക്രൈസ്തവവിശ്വാസികള്‍ക്ക് മറ്റൊരു സ്വയാധികാര സഭയിലുള്ള അംഗത്വം, വ്യക്തമായും വ്യതിരിക്തമാക്കുന്ന മറ്റെന്തെങ്കിലും ഘടകം എന്നിവയെ അടിസ്ഥാനമാക്കി വ്യക്ത്യാധിഷ്ഠിതമായ (Personal) ഇടവകകള്‍ സ്ഥാപിക്കേണ്ടതാണ് (CCEO 280:1).  ഈ വ്യത്യസ്ത  സംസ്‌ക്കാരവും തനിമയും ആധാരമാക്കിയാണ് ക്‌നാനായ കത്തോലിക്കര്‍ കുടിയേറ്റം നടത്തിയ വടക്കേ അമേരിക്കയില്‍ 2001-ല്‍ സീറോ മലബാര്‍ രൂപത അനുവദിച്ചപ്പോള്‍ ക്‌നാനായ കത്തോലിക്കര്‍ക്കായി പ്രത്യേക വികാരി ജനറാളും തനതായ ഇടവകകളും അനുവദിച്ചത്.
           
കത്തോലിക്കാ സഭയില്‍ ഇടവകകളുടെ സ്ഥാപനത്തിനായി എല്ലാ മെത്രാന്മാര്‍ക്കും ഒരേ നിയമമാണ് പൗരസ്ത്യകനോനിലും ലത്തീന്‍ കാനോനിലും ഉള്ളത്. (CCEO 280, 85:1, CIC. C 374, 518) രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇത് സംബന്ധിച്ച് ശക്തമായ ഭാഷയില്‍ തന്നെ പറയുന്നു; ലോകമാസകലമുള്ള ഓരോ സ്വയാധികാര സഭയെയും സംരക്ഷിക്കാനും വളര്‍ത്താനും ശ്രദ്ധിക്കണം. വിശ്വാസികളുടെ ആദ്ധ്യാത്മിക നന്മയ്ക്കുവേണ്ടി ആവശ്യമാകുന്നിടത്തോളം ഇടവകകളും അവരുടെ സ്വന്തം ഹയരാര്‍ക്കിയും സ്ഥാപിക്കണം (പൗരസ്ത്യ സഭകള്‍-4) സീറോ മലബാര്‍സഭ സ്ഥാപിച്ചതും അത് സ്വയാധികാര സഭയായി ഉയര്‍ത്തിയതും അതിലെ ക്‌നാനായ കത്തോലിക്കര്‍ കൂടി ഉള്‍പ്പെടുന്ന സീറോമലബാര്‍ സഭയ്ക്കാണ്. കേരളത്തിലും അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലും ഇതിന്റെ ഗുണഫലങ്ങള്‍ വടക്കുംഭാഗക്കാരും തെക്കുംഭാഗക്കാരും ഒന്നിച്ചനുഭവിക്കുമ്പോള്‍ ഡല്‍ഹിയില്‍ മാത്രം അനുവദിക്കുകയില്ല എന്ന് ന്യൂനപക്ഷമായ ക്‌നാനായ കത്തോലിക്കരോടു പറയുമ്പോള്‍ അത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ഫരീദാബാദ് ബിഷപ്പ് തന്നെ പറഞ്ഞുതരണം.
           
വടക്കുംഭാഗക്കാരും തെക്കുംഭാഗക്കാരും ഒരേ ആരാധാനാക്രമം ആചരിക്കുന്നവരാണ്. ഒരു ആരാധനക്രമം പാലിക്കുന്നവര്‍ക്ക് ഒരധികാരി എന്ന നിയമം കത്തോലിക്കാസഭയില്‍ ഇല്ല. അത് ഉണ്ടെന്നാണ് ഫരീദാബാദ് ബിഷപ്പ് ക്‌നാനായക്കാരോട് പറഞ്ഞിരിക്കുന്നത്. അതിനാലാണ് അവര്‍ക്കായി പ്രത്യേക ഇടവകകള്‍ അനുവദിക്കാത്തത്. എന്നാല്‍ ആഗോളകത്തോലിക്കാസഭയുടെ പ്രധാനഘടകമായ ബൈസന്റൈന്‍ സഭയില്‍ ഒരേ ആരാധനക്രമം പാലിക്കുന്ന പതിനാല് സ്വയാധികാരസഭകള്‍ തന്നെയുണ്ട്. വംശം, സാംസ്‌ക്കാരിക പൈതൃകം മുതലായവ കണക്കിലെടുത്താണ് പ്രത്യേക സഭയായി ഇവ അനുവദിച്ചിരിക്കുന്നത്. ഓരോ ബൈസന്റൈന്‍ സഭയ്ക്കും തങ്ങളുടെ തലവനെ തിരഞ്ഞെടുക്കാനുളള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. ഈ ചരിത്ര സത്യം നമ്മുടെ കണ്‍മുന്‍പിലുള്ളപ്പോള്‍ ഡല്‍ഹിയിലെ ക്‌നാനായക്കാരുടെ നേര്‍ക്ക് ഇല്ലാത്ത നിയമത്തിന്റെ കാര്‍ക്കശ്യം എന്തിന് പ്രയോഗിക്കുന്നു എന്നറിയില്ല.
           
സീറോമലബാര്‍ സഭയുടെ ആരാധന ഭാഷയായ പൗരസ്ത്യസുറിയാനിയുടെ കേരള പ്രവേശനത്തിന്റെ അവകാശികളും പരിരക്ഷകരും ക്‌നാനായക്കാരാണെന്നത് എല്ലാ ചരിത്രകാരന്മാരും അംഗീകരിക്കുന്നവയാണ്. അത് ഫരീദാബാദ് മെത്രാനുമറിയാം. മേജര്‍ ആര്‍ച്ചുബിഷപ്പായിരുന്ന മാര്‍ വര്‍ക്കി വിതയത്തില്‍ എഴുതുന്നു; പൗരസ്ത്യസുറിയാനി ആരാധനാക്രമം ഭാരതത്തില്‍ വികസിച്ചുവന്നതല്ല. തോമ്മാശ്ലീഹായുടെ മരണത്തിനുമുന്‍പായി അദ്ദേഹം ഏതെങ്കിലും മെത്രാനെ മലങ്കരയില്‍ വാഴിച്ചിരുന്നോ എന്ന് നമുക്കറിഞ്ഞുകൂടാ. ക്‌നായി തൊമ്മനും അദ്ദേഹത്തിന്റെ സമൂഹവും എ.ഡി. 345-ല്‍ ആണ് വന്നത്. അത് അന്ന് ജീവിച്ചിരുന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്ക് ഉണര്‍വ് നല്‍കി. സമൂഹത്തില്‍ നമുക്ക് ഉയര്‍ന്ന പദവിയും കിട്ടി. ആദിമ ക്രിസ്ത്യാനികള്‍ സംസ്‌ക്കാരത്തിന്റെ കാര്യത്തില്‍ ഹൈന്ദവമോ, ഭാരതീയമോ ആയ രീതികള്‍ പുലര്‍ത്തിപ്പോന്നു. എന്നാല്‍ ആരാധന ക്രമത്തിന്റെ കാര്യത്തില്‍ പൗരസ്ത്യ സുറിയാനി ക്‌നായിത്തൊമ്മന്റെ കാലം മുതല്‍ പിന്‍തുടര്‍ന്നു പോന്നു. മദ്ധ്യപൗരസ്ത്യദേശത്തുനിന്നും വന്ന മെത്രാന്മാരാണ് ഈ ആരാധനാക്രമം ഇന്നാട്ടുകാരെ പരിചയപ്പെടുത്തിയത്. (തുറന്ന മനസ്സോടെ പേജ് 98)
           
വര്‍ക്കി പിതാവിന്റെ ഗവേഷണ വിഷയം തന്നെ 'സീറോമലബാര്‍ സഭയുടെ ഉത്ഭവവും വളര്‍ച്ചയും' എന്നതായിരുന്നു. ഈ സുറിയാനി ആരാധനാക്രമം അടിസ്ഥാനമാക്കിയാണ് 1923-ല്‍ സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചതും 1993-ല്‍ ഈ സഭയെ ഒരു സ്വയാധികാരസഭയായി മാര്‍പാപ്പ പ്രഖ്യാപിച്ചതും. സീറോമലബാര്‍ സ്വയാധികാര സഭയിലെ ക്‌നാനായ കത്തോലിക്കരുടെ സാന്നിദ്ധ്യം എന്തുകൊണ്ടാണ് ഫരീദാബാദ് മെത്രാന് ദഹിക്കാതെ പോകുന്നത് എന്നു മനസ്സിലാകുന്നില്ല.
           
ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലുള്ള കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം നടത്തിക്കൊടുക്കുവാന്‍ അവരുടെ മാതാപിതാക്കളും ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ നേതാക്കന്മാരും ഫരീദാബാദ് ബിഷപ്പിനെ ക്ഷണിച്ചിട്ട് അദ്ദേഹം വരുവാന്‍ തയ്യാറല്ലെന്നും അതു നടത്തുവാന്‍ അനുവദിക്കില്ലായെന്നും തീര്‍ത്തുപറഞ്ഞു. വിഷമത്തിലായ അവര്‍ മറ്റൊരു സഭാസംവിധാനത്തെ ആശ്രയിക്കേണ്ടതായിവന്നതിനാല്‍ ഇന്ദിരാപുത്തുള്ള വേളാങ്കണ്ണി മാതാവിന്റെ നാമത്തിലുള്ള കപ്പൂച്ചിന്‍ ആശ്രമദേവാലയത്തിലെ വടക്കുംഭാഗക്കാരനും സീറോമലബാറുകാരനുമായ ഒരു വൈദികന്‍ തന്റെ ദേവാലയത്തില്‍വെച്ച് 09.11.2013 ശനിയാഴ്ച പ്രസ്തുത കൂദാശ നടത്തിക്കൊടുത്തു. ഇതില്‍ നിന്നും എത്ര ദയനീയമാണ് ഫരീദാബാദ് രൂപതയിലെ ക്‌നാനായ കത്തോലിക്കരുടെ സ്ഥിതി എന്ന് മനസ്സിലാക്കാവുന്നതാണ്.
           
ഇതിനിടയില്‍ ഫരീദാബാദ് രൂപതയിലെ കത്തോലിക്കരുടെ അംഗസംഖ്യ പെരുപ്പിച്ചു കാണിച്ചാണ് രൂപത വാങ്ങിയതെന്നുള്ള ഒരു പരാതി ലത്തീന്‍കാര്‍ മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു. 2012 -ലെ സീറോ മലബാര്‍ ഡയറക്ടറി സെന്‍സസ് പ്രകാരം ഫരീദാബാദ് രൂപതയിലെ അംഗസംഖ്യ ഒരു ലക്ഷം ആണ്. എന്നാല്‍ സത്യദീപം 2012 മെയ് 23-ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഒന്നരലക്ഷം എന്നാണ്. 23 ഇടവകകളും 9 കുര്‍ബാന കേന്ദ്രങ്ങളും കൂടി ചേര്‍ന്നാല്‍ ഡയറക്ടറിയില്‍ കാണുന്ന ഒരു ലക്ഷവും സത്യദീപം പറയുന്ന ഒന്നരലക്ഷവും ഉണ്ടാകാനിടയില്ല. രൂപതകളുടെ അതിര്‍ത്തി ജമ്മു-കാശ്മീര്‍ വരെ നീളുന്നതാണ് എന്ന് പറയുമ്പോള്‍പോലും, അവിടെ ഏതാനും മലയാളി മിലിട്ടറി നേഴ്‌സുമാര്‍ മാത്രമാണ് ഉള്ളത് എന്നതാണ് സത്യം. യഥാര്‍ത്ഥ കണക്ക് നല്‍കാന്‍ രൂപതാ നേതൃത്വത്തിന് മാത്രമാണ് കഴിയുക.
           
ഡല്‍ഹിയില്‍ നിന്നുമുള്ള നിഷ്പക്ഷമതികളുടെ അഭിപ്രായത്തില്‍ ആകെ 35000 സീറോ മലബാറുകാര്‍ മാത്രമാണെന്നാണ് പറയുന്നത്. അതില്‍ 8000 ആളുകള്‍ ക്‌നാനായ കത്തോലിക്കരാണ്. ബാക്കി 27000-ല്‍ 17000 ആളുകള്‍ ലത്തീന്‍ ഇടവകകളില്‍ തന്നെയാണ് നില്‍ക്കുന്നത്. ബാക്കി പതിനായിരമാണ് പുതിയ സീറോമലബാര്‍ ഇടവകകളില്‍ സജീവമായി നിലകൊള്ളുന്നത്.
           
കേരളത്തിനു പുറത്തുള്ള സീറോമലബാര്‍ സഭാംഗങ്ങളുടെ കാര്യങ്ങള്‍ അന്വേഷിച്ച് അംഗസംഖ്യ ശേഖരിക്കുന്നതിനായി അപ്പസ്‌തോലിക് വിസിറ്ററായി കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയെ 1978-ല്‍ മാര്‍പാപ്പ ചുമതലപ്പെടുത്തിയിരുന്നു. 1980 ജനുവരി 5 ന് അദ്ദേഹം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതനുസരിച്ച് 1980-ല്‍ ഡല്‍ഹിയില്‍ പതിനായിരമാണ് സീറോമലബാര്‍ അംഗസംഖ്യ. 2012-ലെ സീറോമലബാര്‍ ഡയറക്ടറി പ്രകാരം അതിപ്പോള്‍ ഒരു ലക്ഷമായി നില്‍ക്കുന്നു. അതായത് 32 വര്‍ഷം കൊണ്ട് ഡയറക്ടറി അനുസരിച്ച് തൊണ്ണൂറായിരവും (90000) സത്യദീപം കണക്കനുസരിച്ച് ഒരു ലക്ഷത്തി നാല്‍പതിനായിരവും (140000) ആയി വര്‍ദ്ധിച്ചിരിക്കുന്നു.
           
അതേ സമയം റിപ്പോര്‍ട്ടില്‍ പറയുംപ്രകാരം; 1980-ല്‍ ബോംബെയില്‍ അറുപതിനായിരവും (60000) പൂനായില്‍ പതിനായിരവും (10000) ആണ് സീറോമലബാറുകാര്‍. 1988-ല്‍ ബോംബെ, പൂനാ മുതലായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി കല്യാണ്‍ രൂപത അനുവദിച്ചിരുന്നു. എന്നിട്ടും 2012 ലെ ഡയറക്ടറി അനുസരിച്ച് കല്യാണ്‍ രൂപതയില്‍ എണ്‍പത്തി അയ്യായിരം (85000) മാത്രമാണ് അംഗസംഖ്യ. 32 വര്‍ഷത്തിനുശേഷം വര്‍ദ്ധന പതിനയ്യായിരം (15000) മാത്രം. ഈ കണക്കിന്റെ യുക്തിയില്‍ പന്തികേട് ദര്‍ശിച്ചതിനാലാകണം ഡല്‍ഹിയിലെ ലത്തീന്‍കാര്‍ പരാതിയുമായി വത്തിക്കാനെ സമീപിച്ചിരിക്കുന്നത്.
           
സീറോമലബാര്‍ സഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍ ക്‌നാനായ കത്തോലിക്കരും ഈ ചോദ്യത്തിന് മറുപടി പറയേണ്ടതായി വരുന്നുണ്ട്. അതിനാല്‍ ഇവ സംബന്ധിച്ച യാഥാര്‍ത്ഥ്യം അധികാരികള്‍ വെളിപ്പെടുത്തേണ്ടതായിട്ടുണ്ട്. ഡല്‍ഹിയില്‍ ക്‌നാനായക്കാര്‍ക്കായി സ്വതന്ത്ര ഇടവകകളും പ്രവര്‍ത്തന സ്വാതന്ത്ര്യവും അനുവദിക്കാനുള്ള അധികാരം രൂപതാമെത്രാനില്‍ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്. അതിനുള്ള അംഗസംഖ്യ രൂപതയ്ക്ക് കീഴിലുള്ള ക്‌നാനായ കത്തോലിക്കര്‍ക്കുണ്ട്. രണ്ടായിരത്തിനു താഴെ അംഗസംഖ്യ മാത്രമുള്ള വടക്കേ ഇന്ത്യയിലെ പല പ്രദേശങ്ങളിലും സീറോമലബാര്‍ രൂപതകള്‍ തന്നെ അനുവദിച്ച ചരിത്രം നമുക്കുള്ളപ്പോള്‍ ഈ ന്യൂനപക്ഷ സഹോദരങ്ങളോട് എന്തിനാണീ സഭാപരമായ ക്രൂരത കാണിക്കുന്നത്? ഫരീദാബാദ് മെത്രാന് സീറോമലബാര്‍ സിനഡില്‍ വോട്ടവകാശവുമുണ്ട്. ആവശ്യമെന്നുതോന്നിയാല്‍ ഇക്കാര്യങ്ങള്‍ സിനഡില്‍ അവതരിപ്പിച്ചുപോലും അദ്ദേഹത്തിന് അത് നിര്‍വ്വഹിക്കാം. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഈ ആവശ്യത്തിനുമേല്‍ എതിര് പറയും എന്ന് ആരും പറയുകയില്ല.

റ്റോമി ജോസഫ് കല്ലുപുരയ്ക്കല്‍
ചിങ്ങവനം-686531
Mob. : 944 692 4328

2 comments:

  1. The first leg forward in Delhi to liberate the Knananites from the strangle hold of Syro-Malabar and to be independent, all over the world, started on 9th November 2013 by conducting the First Holy Communion of 12 Knanaya children belonging to the Dilshad Colony and GTB Enclave Koodara Yogams (Dilshad Garden Zone), separately. The Arch Bishop of Faridabad Diocese tried his level best and used all his powers and influences to stop this from happening. The parish priest of Dilshad Garden latin church was forced to cancel the permission given to us for using the church at 3.00 pm on 9th November 2013. Our coordinator(chaplain) was forced to withdraw his promises to conduct the First Holy Communion during the Holy Mass which was allowed to us before the formation of the Faridabad Diocese, by threatening to stop the monthly Holy Mass and not to allow any Kottayam Diocese priest to enter in Delhi. But with God's grace and the support of a loving Latin priest and daring knanaya priests and sisters we celebrated the event in a massive way. Now it is the duty of all the Knananites all over the world and the Kottayam Diocese to keep the momentum going and up the ante to persuade the Faridabad Diocese to allow personal Parishes for the knanaya community.

    Posted on behalf of Jose Joseph

    ReplyDelete
  2. Not to offfend anyone, but one thing I can't understand is that are we all prepared to accept the ecclesiastical identify of Knanaya comunity everywhere as it is, understanding the fact that endogamous nature can't be preserved in the church context? If we are not, then what do we cry for? Is it not better to have it, if we are not prepared and if we have a problem to accept it as it is understanding that church can't preserve the identity in the way how we expect. Less headache for everyone. This was a dilemma when Kottayam tried to elevate the parish in Bangalore and it is the dividing issue in Northern America. Even in Australia or where ever, once the rescript issue is brought up in front of the church authorities, church will always go at par with the decree issued by Biship Angadiath in Chicago last December. There is nothing beyond that our spiritual leaders could achieve for us. That is a reality. It is good to have dreams for a better tomorrow. We all dream for something good for which there is no assurance from the Catholic church. Hence such a thinking is always good....

    ReplyDelete

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.